ന്യൂയോര്‍ക്ക്: വ്യക്തികളെ മാനസികവും ശാരീരികവുമായ പ്രയസങ്ങളിലെയ്ക്ക് തള്ളിവിടുന്ന പൊണ്ണത്തടിയ്ക്ക് ശാശ്വതപരിഹാരമാകുന്നു. പൊണ്ണത്തടിക്ക് കാരണക്കാരനായ ജീനിനെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയാതോടെയാണിത്. ഈ ജീനിനെ നിയന്ത്രിക്കാവുന്ന മരുന്നുകള്‍ പ്രയോഗിച്ചാല്‍ പൊണ്ണത്തടി ഇല്ലാതാക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
എലികളില്‍ നടത്തിയ ഗവേഷണത്തില്‍ നിന്നാണ് പുതിയ നിഗമനത്തില്‍ എത്തിയത്. എലികളില്‍ കാണപ്പെടുന്ന ഐആര്‍എക്‌സ്3 എന്ന ജീന്‍ ഇല്ലാത്ത എലികള്‍ക്ക് ഈ ജീനുള്ള എലികളെക്കാള്‍ മൂന്നിരട്ടി ഭാരക്കുറവ് ഉണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ഈ ജീനിന് സമാനമായ ജീന്‍ മനുഷ്യരിലും ഉണ്ടെന്നും ഈ ജീനിന്റെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ എന്തുകൊണ്ടാണ്, ചിലര്‍ മാത്രം പൊണ്ണത്തടിയന്‍മാരാവുന്നതെന്നതിന് ഉത്തരം കണ്ടെത്താനാവുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ഐആര്‍എക്‌സ്3 ജീന്‍ ശരീരഭാരത്തെയും ശരീര ഘടനയെയും നിയന്ത്രിക്കുന്നെന്ന് തെളിയിക്കുന്നതാണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരങ്ങളെന്ന് പഠന സംഘത്തിന്റെ തലവനായിരുന്ന ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ മാര്‍സലോ നോബ്രഗ പറഞ്ഞു. ശരീരത്തിലെ ഉപാപചയം നിയന്ത്രിച്ചാണ് ജീന്‍ ശരീരഭാരം നിയന്ത്രിക്കുന്നതെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി. നേച്ചര്‍ മാഗസിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പൊണ്ണത്തടി മൂലം പ്രതിവര്‍ഷം 28 ലക്ഷം ആളുകളാണ് മരിക്കുന്നത്.