ലണ്ടന്‍ : മുലപ്പാലിന്റെയും മൂലയൂട്ടലിന്റെയും മഹത്വം ഇനിയും തിരിച്ചറിയാത്തവര്‍ ഇത് വായിക്കണം. ആരോഗ്യമുള്ള കുഞ്ഞിനും അമ്മയുമായുള്ള ആത്മ ബന്ധത്തിനും മുലപ്പാല്‍ അനിവാര്യമാണെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. എന്നാല്‍ അതിലുപരിയായി മുലപ്പാല്‍ ആസ്ത്മയെ ചെറുക്കാനുള്ള ദിവ്യ ഔഷധം കൂടിയാണ്. സ്ഥിരമായുള്ള മുലയൂട്ടല്‍ മൂന്നു വയസിനു താഴെയുള്ള കുഞ്ഞുങ്ങളില്‍ ആസ്ത്മ 37 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനം പറയുന്നു.
മുലയൂട്ടല്‍ കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന ആസ്ത്മയെ ഒരു പരിധി വരെ തടയുമെന്ന് ആണ് പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നത്. 250,000 കുഞ്ഞുങ്ങളില്‍ 30 വര്‍ഷത്തോളം നടത്തിയ പഠനത്തിനുശേഷമാണ് ഈ കണ്ടെത്തല്‍. ബ്രിട്ടനിലെ സഫോക്ക് യൂണിവേഴ്സിറ്റി ക്യാമ്പസ് തയാറാക്കിയ റിപ്പോര്‍ട്ട് അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് എപിഡമിയോളജിയിലാണ് പബ്ളിഷ് ചെയ്തിരിക്കുന്നത്. അതേ സമയം അമ്മമാര്‍ മുലയൂട്ടാത്ത കുഞ്ഞുങ്ങളില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഏഴു വയസോ അതിനു മുകളിലോ ഉള്ള, മുലപാല്‍ കുടിച്ചിട്ടുള്ള കുട്ടികളില്‍ രോഗം വരുവാനുള്ള സാധ്യത വെറും 17 ശതമാനം മാത്രമേ ഉള്ളു. 117 സയന്റിഫിക് പേപ്പറുകളിലെ വിവരത്തില്‍ 62 എണ്ണം മുലയൂട്ടല്‍ സഹായകരമാണ് എന്ന് ചൂണ്ടിക്കാണിക്കുന്നു. 43 സയന്റിഫിക് പേപ്പറുകളില്‍ ഇത് മൂലം യാതൊരു മെച്ചവുമില്ല എന്ന് പറയുന്നു. മറ്റുള്ളവയില്‍ മറ്റു ചില പ്രധാന ഘടകങ്ങളെ കുറിച്ചാണ് സൂചിപ്പിക്കുന്നത്.
യുകെയില്‍ ഇപ്പോള്‍ 11 ല്‍ ഒരു കുഞ്ഞിനു ആസ്ത്മ ഉള്ളതായാണ് കണക്ക്. 2011 - 12 വര്‍ഷത്തില്‍ ആസ്ത്മ മൂലം 18 ഓളം കുഞ്ഞുങ്ങള്‍ മരണമടഞ്ഞതായാണ് റിപ്പോര്‍ട്ട്. പഠന റിപ്പോര്‍ട്ട് ചാരിറ്റി ആസ്ത്മ യുകെ സ്വാഗതം ചെയ്തു. സൗന്ദര്യ സംരക്ഷണത്തിന്റെ പേരിലും സമയക്കുറവിന്റെ പേരിലും കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ തയാറാകാത്ത അമ്മമാര്‍ ഇത് കണ്ണ് തുറന്നു വായിക്കേണ്ടതാണ് ഈ പഠന റിപ്പോര്‍ട്ട്.