റിയോ ഡി ജനീറോ: 'മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക' എന്ന പഴമൊഴി അന്വര്‍ത്ഥമാക്കി കൊതുകുകള്‍ വഴി പടരുന്ന ഡങ്കിപ്പനിയെ നേരിടാന്‍ കൊതുകുകളെ തന്നെയിറക്കുന്നു. പുതിയ പ്രതിരോധ പരിപാടിയാരംഭിച്ചിരിക്കുകയാണ് ബ്രസീലിയന്‍ ഗവേഷകര്‍ ആണ്. ഡങ്കു വൈറസുകള്‍ പരത്തുന്ന ഈഡിസ് കൊതുകുകളുടെ മേല്‍ ആധിപത്യം സ്ഥാപിച്ച് വൈറസുകള്‍ ഇല്ലാതാക്കാന്‍ കഴിവുള്ള കൊതുകുകളെയാണ് ബ്രസീലിയന്‍ നഗരമായ റിയോ ഡി ജനീറോയില്‍ പുറത്തുവിട്ടത്.
മനുഷ്യരിലേക്ക് പകരാത്ത വോള്‍ബേഷ്യ എന്ന ബാക്ടീരിയയെ പ്രവേശിപ്പിച്ച പ്രത്യേക തരം കൊതുകുകളാണ് ഇവ. ഈ 'നല്ല കൊതുകുകള്‍' മുട്ടയിട്ട് പെരുകി ഡങ്കി വൈറസുകളെ ഇല്ലാതാക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ഡങ്കി വൈറസുകള്‍ ബാധിച്ച കൊതുകുകകളില്‍ ഇവ ഒരു വാക്‌സിന്‍ പോലെ പ്രവര്‍ത്തിക്കും. വൈറസ് ബാധിച്ച കൊതുകുകളുമായി ഇണ ചേര്‍ന്ന് അടുത്ത തലമുറയിലേക്ക് ഡങ്കു വൈറസുകളെ പടര്‍ത്താതിരിക്കാന്‍ വോള്‍ബേഷ്യ സഹായിക്കും. വോള്‍ബേഷ്യ ബാധിച്ച കൊതുകുകളുടെ പുതിയ തലമുറ വരുന്നതോടെ ഡങ്കി വൈറസുകള്‍ ക്രമേണ കൊതുകുകളെ ബാധിക്കാതാകും. കൂടുതല്‍ കൊതുകുകളെ പുറത്തിറക്കിവിടുന്നതോടെ വൈറസ് ബാധിച്ച കൊതുകുകളുടെ എണ്ണം ക്രമേണ കുറയും. ഇങ്ങനെ ഡങ്കിപ്പനി പാടെ നീക്കം ചെയ്യുകയാണ് പദ്ധതി.
2012 ലാണ് ഫിയോക്രൂസിലെ ബ്രസീലിയന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഈ മേഖലയില്‍ ഗവേഷണം തുടങ്ങിയത്. റിയോയില്‍ പുറത്തുവിട്ട കൊതുകുകളെ എല്ലാ ആഴ്ചയും പ്രത്യേക കെണിവെച്ച് പിടിച്ച ശേഷം പരിശോധിച്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്തും. ഇത്തരം പതിനായിരം കൊതുകുകളെ വീതം നാലുമാസമായി പുറത്തുവിടുമെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞന്‍ ലൂസിയാനോ മൊറെയ്‌റ പറഞ്ഞു. ഓസ്‌ട്രേലിയയിലും വിയറ്റ്‌നാമിലും ഇന്‍ഡോനേഷ്യയിലും ഇതിനകം തന്നെ ഈ പരിപാടി ആരംഭിച്ചിട്ടുണ്ട്.