ഇന്റര്‍വ്യൂ

അപ്രീക്ഷിതമായെത്തിയ വില്ലനെ പമ്പ കടത്തി- നന്ദിനി ഇനി അഭിനയിക്കും


മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെതടക്കം നായികയായി ചുവടുറപ്പിച്ച നന്ദിനിയെ സമീപകാലത്ത് സിനിമ-സീരില്‍ രംഗത്ത്‌ കാണാനുണ്ടായിരുന്നില്ല. അപ്രീക്ഷിതമായി ഒരു വില്ലന്റെ രംഗപ്രവേശമാണ് അതിനു കാരണം. ഹോര്‍മോണ്‍ വ്യതിയാനം ആയിരുന്നു അതിനു കാരണം. നീണ്ടുമെലിഞ്ഞ തനി നാടന്‍ പെണ്‍കുട്ടിയായി മലയാള സിനിമയില്‍ ചുവടുവച്ച നന്ദിനിയുടെ ശരീരഭാരം നൂറു കിലോഗ്രാമും കഴിഞ്ഞ്‌ കുതിച്ചപ്പോഴാണ്‌ വില്ലന്‍ മറനീക്കി പുറത്തുവന്നത്‌. ഹോര്‍മോണിന്റെ ചില ക്രൂര വിനോദങ്ങള്‍. പ്രവര്‍ത്തനത്തില്‍ താളംപിഴച്ച ഹോര്‍മോണ്‍ നന്ദിനിയെ അപ്പോഴേക്കും അടിമുടി മാറ്റിയിരുന്നു.മാനസികമായി ആകെ തളര്‍ന്നു. സൗന്ദര്യം നഷ്‌ടമായി. ചിരിയഴകു മാഞ്ഞു. സദാ ക്ഷീണം. സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും വിട്ടുനിന്നു. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അകന്നു. വീട്ടിലേക്കും പിന്നെ സ്വന്തം മുറിയിലേക്കും നന്ദിനി ഒതുങ്ങിക്കൂടി.

തോറ്റു പിന്‍വാങ്ങാന്‍ നന്ദിനി ഒരുക്കമായിരുന്നില്ല. ഹോര്‍മോണിനെ വരുതിയിലാക്കാനുള്ള വഴികളെക്കുറിച്ച്‌ ആലോചിച്ചു.
ഡോക്‌ടര്‍മാരുമായി വിഷയം ചര്‍ച്ച ചെയ്‌തു. യോഗാചാര്യന്മാരെ നേരില്‍ കണ്ടു. ഒടുവില്‍ വ്യായാമം, യോഗ, ആഹാര നിയന്ത്രണം ഇവ ഏകോപിപ്പിച്ചുകൊണ്ട്‌ സ്വയം ചിട്ടപ്പെടുത്തിയ ജീവിതക്രമത്തിലൂടെ നന്ദിനി പ്രതിരോധത്തിന്റെ സ്വന്തം വഴി സ്വീകരിച്ചു. അങ്ങനെ ഒരു വര്‍ഷംകൊണ്ട്‌ നന്ദിനി ലക്ഷ്യത്തിലെത്തി. ഹോര്‍മോണ്‍ സന്തുലനാവസ്‌ഥ വീണ്ടെടുത്തു. ഭാരം എഴുപതു കിലോ ഗ്രാമായി അലിഞ്ഞുതീര്‍ന്നു. ഇടവേളയ്‌ക്കു ശേഷം വീണ്ടും വെള്ളിത്തരയില്‍ സജീവമാകാനൊരുങ്ങുകയാണ്‌ നന്ദിനി.


ഒരുവര്‍ഷം കൊണ്ട്‌ നൂറുകിലോ
തമിഴ്‌ സിനിമയിലും സീരിയല്‍രംഗത്തും സജീവമായിരുന്ന സമയത്താണ്‌ എനിക്ക്‌ ശരീരഭാരം പെട്ടെന്നു കൂടാന്‍ തുടങ്ങിയത്‌. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന്‌ പല നല്ല റോളുകളും വേണ്ടെന്നു വയ്‌ക്കേണ്ടിവന്നു. ആഹാരം പരമാവധി നിയന്ത്രിച്ചിട്ടും ഭാരം കൂടിക്കൊണ്ടിരുന്നു. അതോടെ നടുവേദന പോലുള്ള മറ്റ്‌ ബുദ്ധിമുട്ടുകളും ആരംഭിച്ചു. ശരീരഭാരം നൂറു കിലോയിലും കൂടാന്‍ തുടങ്ങിയപ്പോള്‍ ശരിക്കും ബുദ്ധിമുട്ടായി. ജീവിതത്തിലെ വളരെ നിര്‍ണായകമായ ഒരു അവസ്‌ഥയായിരുന്നു അത്‌. ശാരീരിക പ്രശ്‌നങ്ങള്‍ക്കൊപ്പം സിനിമയില്‍നിന്നുവരുന്ന ഓഫറുകള്‍ സ്വീകരിക്കാനാവാത്തതും പ്രയാസമായിരുന്നു.
കരിയര്‍ തന്നെ അവസാനിക്കുകയാണോ എന്നു തോന്നിപ്പോയി. എനിക്ക്‌ വസ്‌ത്രങ്ങള്‍ ധരിക്കാന്‍ കഴിയാതെയായി. തടിച്ച ശരീരം കണ്ട്‌ എല്ലാവരും കാരണം തിരക്കാന്‍ തുടങ്ങി. അവര്‍ക്ക്‌ മറുപടി പറയാനാവാതെ ഞാന്‍ കുഴങ്ങി. നാലാള്‍ കൂടുന്നിടത്തു നിന്നും മനഃപൂര്‍വം വിട്ടുനിന്നു. ആഘോഷങ്ങള്‍ക്കും വിവാഹം പോലുള്ള മറ്റ്‌ ചടങ്ങുകള്‍ക്കും പോകാന്‍ കഴിയാതെയായി. എനിക്ക്‌ എന്തൊക്കൊയോ സംഭവിക്കുന്നുണ്ടെന്ന്‌ അറിയാമായിരുന്നു. വീട്ടില്‍ എല്ലാവര്‍ക്കും എന്നെക്കുറിച്ചോര്‍ത്ത്‌ സങ്കടമായിരുന്നു. എന്തുചെയ്യുമെന്നറിയാതെ ഞാനും.


വില്ലന്‍ ഹോര്‍മോണ്‍
വണ്ണം കൂടിത്തുടങ്ങിയപ്പോള്‍ ആഹാരനിയന്ത്രണം, വ്യായാമം അങ്ങനെ പലതും പരീക്ഷിച്ചു. പലരും പല മാര്‍ഗങ്ങള്‍ പറഞ്ഞുതന്നു. ഫലമില്ലാതെ വന്നതോടെ കൂടുതല്‍ പരിശോധനകള്‍ നടത്തി. അപ്പോഴാണ്‌ ശരിക്കുമുള്ള വില്ലന്‍ ഹോര്‍മോണ്‍ വ്യതിയാനമാണെന്ന്‌ കണ്ടെത്തിയത്‌. അപ്പോഴേക്കും ഭാരം 105 കിലോയിലെത്തിയിരുന്നു.
ഹോര്‍മോണ്‍ വേരിയേഷന്‍ എന്നത്‌ അത്ര വലിയ ഒരു പ്രശ്‌നമല്ലെന്ന്‌ ഡോക്‌ടര്‍ പറഞ്ഞു. പക്ഷേ, അതുമൂലം ശരീരഭാരം കൂടിയതാണ്‌ എനിക്കു വിനയായത്‌. അതേത്തുടര്‍ന്നാണ്‌ നടുവേദനയും മറ്റു പ്രശ്‌നങ്ങളും തുടങ്ങിയത്‌. വീട്ടുകാരും സുഹൃത്തുക്കളും എന്നെ സമാധാനിപ്പിച്ചു. അവരുടെ പിന്തുണ എനിക്ക്‌ ധൈര്യം തന്നു.
ചിട്ടയായ വ്യായാമവും ജീവിത ക്രമവുമുണ്ടെങ്കില്‍ ഹോര്‍മോണ്‍നില സാധാരണ നിലയിലാക്കാമെന്ന്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞു. പിന്നെ അതിനായി ശ്രമം. എന്നാല്‍ ഭക്ഷണനിയന്ത്രണംകൊണ്ടു മാത്രം മാറ്റം ഉണ്ടാവില്ലെന്ന്‌ എനിക്ക്‌ ഇതിനോടകം മനസിലായിരുന്നു.


ആശ്വാസവുമായി ഹോമിയോ
എല്ലാ പ്രശ്‌നങ്ങളെയും അനായാസം നേരിടാന്‍ കഴിയും എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. പതിവായി ധ്യാനിക്കുന്നതുകൊണ്ടാവണം അങ്ങനെ ഒരു ധൈര്യം എനിക്കു കിട്ടിയത്‌. പല ചികിത്സയും ചെയ്‌തെങ്കിലും ഹോമിയോപ്പതിയിലാണ്‌ എനിക്ക്‌ ആശ്വാസം കിട്ടിയത്‌. ഹോമിയോ മരുന്ന്‌ കഴിക്കുന്നതിനൊപ്പം യോഗയും ധ്യാനവുംകൂടി പരിശീലിച്ചു.
അതോടൊപ്പം ശരീരഭാരം കുറയ്‌ക്കാനുള്ള വ്യായാമവും ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ ഹോമിയോ - യോഗ - വ്യായാമം ഇവ ചേര്‍ന്നുള്ള ജീവിതശൈലിയാണ്‌ എനിക്ക്‌ ആശ്വാസമായത്‌. ആഹാരം നിയന്ത്രിക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'ആര്‍ട്ടിസ്‌റ്റിക്‌ യോഗ' എന്ന സംഘടനയില്‍നിന്നാണ്‌ ഞാന്‍ യോഗ അഭ്യസിച്ചത്‌. യോഗാചാര്യന്‍ ശ്രീ ഭരത്‌ ഠാക്കൂര്‍ ആണ്‌ എന്റെ ഗുരു. യോഗാ പരിശീലനം ആരംഭിച്ചതോടെ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ആത്മവിശ്വാസം വര്‍ധിച്ചു. ക്ഷീണം മാറി. ഏകാഗ്രത ശക്‌തമായി. ലക്ഷ്യം മുന്നില്‍ക്കാണാന്‍ കഴിഞ്ഞു. യോഗാചാര്യന്റെ വാക്കുകള്‍ എനിക്ക്‌ കരുത്തായി.


നൂറില്‍നിന്ന്‌ എഴുപതിലേക്ക്‌
ആത്മവിശ്വാസത്തോടെയുള്ള ജീവിതചര്യകളാണ്‌ ഭാരം കുറയ്‌ക്കാന്‍ സഹായകമായി. രാവിലെ അഞ്ച്‌ മണിക്ക്‌ ഉണരും. ഒരു ഗ്ലാസ്‌ പാല്‍ അല്ലെങ്കില്‍ ഒരു ഏത്തപ്പഴം കഴിച്ചശേഷം ഒരു മണിക്കൂര്‍ ട്രെഡ്‌മില്‍ ചെയ്യും. അതു കഴിഞ്ഞ്‌ അരമണിക്കൂര്‍ ജോഗിംഗ്‌. ധാരാളം വെള്ളം കുടിക്കും. ഒന്നിടവിട്ട ദിവസങ്ങളിലാണ്‌ ജോഗിംഗ്‌.
ട്രെഡ്‌മില്‍ വ്യായാമം കഴിഞ്ഞ്‌ അല്‍പ്പം വിശ്രമം. ശേഷം അരമണിക്കൂര്‍ പ്രാണായാമം. ഒരു വെജിറ്റബിള്‍ സാന്‍വിച്ച്‌ അല്ലെങ്കില്‍ ഒരു സ്‌കൂപ്പ്‌ കോണ്‍ ഫ്‌ളെക്‌സാണ്‌ പ്രാതലിന്‌ കഴിക്കുക. ഒപ്പം പഴങ്ങള്‍ ധാരാളം കഴിക്കും. ഉച്ചയ്‌ക്ക് ഒന്നരക്കപ്പ്‌ കുത്തരിച്ചോറ്‌. ഒപ്പം സാമ്പാറും വെജിറ്റബിള്‍ സലാഡും. ചായയോ, കാപ്പിയോ പതിവില്ല. വൈകിട്ട്‌ കൊഴുപ്പു നീക്കിയ പാലും രണ്ടു ഫൈബര്‍ ബിസ്‌ക്കറ്റും കഴിക്കും. അത്താഴത്തിന്‌ ഒന്നര ചപ്പാത്തിയും വെജിറ്റബിള്‍ കറിയും. ക്രമേണ ശരീരഭാരം കുറഞ്ഞു. 105 ല്‍ നിന്നും 75 ലേക്ക്‌ കുറഞ്ഞു. പഴയ രൂപത്തിലേക്ക്‌ മടങ്ങിവന്നുകൊണ്ടിരിക്കുന്നു. ഭാരം കുറഞ്ഞിട്ടും ചിട്ടകളിലൊന്നും കാര്യമായ മാറ്റം വരുത്തിയിട്ടില്ല.


വെല്ലുവിളി
ആഹാര നിയന്ത്രണത്തിലൂടെ ഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ മുന്നിലെത്തുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്‌ ഇഷ്‌ട ആഹാരങ്ങള്‍. അവ ഇടയ്‌ക്ക് മനസിന്റെ ശക്‌തി പരീക്ഷിക്കും. അങ്ങനെ തോന്നുമ്പോള്‍ അവ പൂര്‍ണമായും ഒഴിവാക്കുന്നത്‌ വിപരീത ഫലം ചെയ്യും. എന്റെ വീക്‌നസ്‌ ഐസ്‌ക്രീമാണ്‌. ഐസ്‌ക്രീം കഴിക്കണമെന്നു തോന്നുമ്പോള്‍ ഒന്നോ, രണ്ടോ സ്‌പൂണ്‍ മാത്രം കഴിക്കും. അതോടെ ആ കൊതിയങ്ങ്‌ തീരും. ഡയറ്റ്‌ നിയന്ത്രിക്കുമ്പോള്‍ ഇഷ്‌ട ആഹാരം കഴിക്കാന്‍ തോന്നിയാല്‍ വളരെ ചെറിയ അളവില്‍ കഴിക്കും. അതോടെ പ്രശ്‌നം തീരും.
ഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആഹാരം കഴിക്കുമ്പോള്‍ മിണ്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. സംസാരിച്ചുകൊണ്ട്‌ ആഹാരം കഴിച്ചാല്‍ ഉള്ളില്‍ എത്തുന്ന ആഹാരത്തിന്റെ അളവ്‌ കൂടുതലായിരിക്കും. ആഹാരം കഴിക്കുമ്പോള്‍ അതില്‍മാത്രം ശ്രദ്ധിക്കുക. ആഹാരം കഴിക്കുന്നതിനൊപ്പം ടിവി കാണുന്നതും സംസാരവും വായനയും ഒന്നും വേണ്ട. ധാരാളം സമയമെടുത്ത്‌ നന്നായി ചവച്ചരച്ച്‌ ആഹാരം കഴിക്കുക.
(കടപ്പാട്- മംഗളം)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions