ഇന്റര്‍വ്യൂ

വിവാദങ്ങളെ ഭയമില്ല; ഇനിയും ചുംബനസമരം നടത്തും- നടി അരുന്ധതി

ഹൈദരാബാദ്: കൊച്ചിയില്‍ നടന്ന ചുംബന സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സുഹൃത്തുക്കളുമായി പരസ്യ ചുംബനം നടത്തിയതിനു ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥിയായ മലയാളി നടിയും അവതാരകയുമായ അരുന്ധതിക്കെതിരെ പോലീസ്കേസെടുത്തിരിക്കുകയാണ്. വിഷയം മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും ചൂടാൻ വിഷയവുമാണ്. ചുംബനസമരത്തെക്കുറിച്ചും ഹൈദരാബാദില്‍ നടന്ന സംഭവത്തെക്കുറിച്ചും തന്റെ നിലപാട് അരുന്ധതി വ്യക്തമാക്കുന്നു.

ചുബന സമരം നടത്തിയതിന് പോലീസ് കേസെടുത്ത നടപടിയോട് എങ്ങനെ പ്രതികരിക്കുന്നു?
പ്രധാനമായിട്ടും യൂണിവേഴ്‌സിറ്റിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം. യൂണിവേഴ്‌സിറ്റി പരാതി കൊടുത്തു എന്നറിഞ്ഞപ്പോള്‍ മുതല്‍ ഞങ്ങള്‍ 12 മണിക്കൂര്‍ സമരം ഇവിടെ സംഘടിപ്പിച്ചിരുന്നു. പരാതിയുടെ പേരില്‍ പോലീസിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടാവില്ലെന്ന് പ്രൊ വൈസ്ചാന്‍സിലര്‍ ഞങ്ങള്‍ക്ക് ഉറപ്പു തന്നിരുന്നു.
പുറത്തു നിന്നും വന്ന ബി.ജെ.വൈ.എം, എ.ബി.വി.പി പ്രവര്‍ത്തകര്‍ ഞങ്ങളെ ആക്രമിച്ചിരുന്നു. ഔട്ട്‌സൈഡേര്‍സ് എങ്ങനെ അകത്തെത്തി എന്ന ചോദ്യത്തിന് ഉത്തരം പോലും തരാതെയാണ് യൂണിവേഴ്‌സിറ്റി സമരം നടത്തിയ ഞങ്ങള്‍ക്കെതിരെ മാത്രം പരാതി നല്‍കിയത്. അത് ഞങ്ങള്‍ ചോദ്യം ചെയ്തപ്പോഴാണ് ഞങ്ങള്‍ക്കെതിരെ നടപടിയൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പു നല്‍കിയത്. ദ ഹിന്ദുവിന്റെ റിപ്പോര്‍ട്ട് പ്രകാരം അവര്‍ പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ പ്രൊ വൈസ് ചാന്‍സിലറുടെ പരാതി പ്രകാരമാണ് കേസ് എന്നാണ് പറഞ്ഞത്. യൂണിവേഴ്‌സിറ്റി ഞങ്ങളോട് കാണിച്ചിട്ടുള്ള വഞ്ചനയാണിത്.


സമരത്തിന് നേരെയുണ്ടായ ആക്രമണം?

ഒരു ചര്‍ച്ചയായിട്ടാണ് ഈ സമരം ഞങ്ങള്‍ ഉദ്ദേശിച്ചത്. സമരം എന്ന വാക്കുപോലുമല്ല ഞങ്ങള്‍ ഉദ്ദേശിച്ചത്. ഇങ്ങനെ ഒരു സമരം കേരളത്തില്‍ നടക്കുന്നുവെന്നറിഞ്ഞപ്പോള്‍ ഞാന്‍ ഫേസ്ബുക്കില്‍ ഒരു പേജ് ക്രീയേറ്റ് ചെയ്തു. 'യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ് എഗൈന്‍സ്റ്റ് മോറല്‍ പോലീസിങ്'എന്നായിരുന്നു പേജിന്റെ പേര്. ഇത് ഒരു സര്‍വകലാശാല ആയതുകൊണ്ട് തന്നെ പലതരത്തിലുള്ള ചര്‍ച്ചകള്‍ നടക്കേണ്ടതാണല്ലോ . അതുകൊണ്ട് തന്നെ പ്രൊഫസര്‍മാരെയടക്കം ഉള്‍പ്പെടുത്തികൊണ്ടാണ് ഞങ്ങള്‍ കുറച്ച് വിദ്യാര്‍ത്ഥികള്‍ പരിപാടി സംഘടിപ്പിച്ചത്.
350 കുട്ടികളാണ് ഈ ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇതില്‍ 50 പേര്‍ മലയാളികളായിരുന്നു. എങ്ങനെയാണ് ഭാഷ, ദേശം, മതം ഇവയൊക്കെ മൊറാലിറ്റിയെ ബാധിക്കുന്നത് എന്ന തരത്തിലുള്ള ചര്‍ച്ചയായിരുന്നു ഉദ്ദേശിച്ചിരുന്നത്.
ഞങ്ങള്‍ വളരെ സമാധാന പരമായി ചര്‍ച്ച തുടങ്ങി 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ ക്യാമ്പസിന് പുറത്തു നിന്നും ബി.ജി.വൈ.എം, എ.വി.ബി.പി പ്രവര്‍ത്തകര്‍ ക്യാമ്പസിനകത്തേക്ക് എത്തുകയും ഇന്ത്യന്‍ കള്‍ച്ചര്‍ അല്ല ഇത്, നാണമില്ലാത്ത നിങ്ങള്‍ ക്യാമ്പസിന് പുറത്ത് പോകണം ഇങ്ങനെയൊരു പരിപാടി ഇവിടെ നടത്താന്‍ സമ്മതിക്കില്ല എന്നു പറഞ്ഞ് വലിയ പ്രശ്‌നമുണ്ടാക്കി. അവസാനം അത് കൈയാങ്കളിയിലെത്തുന്ന സ്ഥലത്താണ് പോലീസ് ഇടപെടുന്നത്.
വളരെ സമാധാന പരമായി സമരം നടത്തുകയായിരുന്ന ഞങ്ങളുടെ കൂടെ നില്‍ക്കാതെ ഞങ്ങളെ എതിര്‍ക്കാന്‍ വന്നവരുടെ ഒപ്പമായിരുന്നു പോലീസ് നിന്നത്. അവര്‍ വളരെക്കുറച്ച് പേരെ ഉണ്ടായിരുന്നുള്ളു. അവരെ വളരെ എളുപ്പത്തില്‍ നിയന്ത്രിക്കാനാകുമായിരുന്നു. പക്ഷേ പോലീസ് ചെയ്തത് ഞങ്ങളോട് പിന്തിരിഞ്ഞ് പോകാനും സമരം അവസാനിപ്പിക്കാനും ആവശ്യപ്പെടുകയായിരുന്നു.സ്വാഭാവികമായും കുട്ടികള്‍ പ്രകോപിതരായി അവര്‍ മോശമായ രീതിയില്‍ പ്രതികരിക്കാനോ തിരിച്ച് വഴക്കുണ്ടാക്കാനോ പോകാതെ അവര്‍ പരസ്പരം കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്തു. അതാണ് സത്യത്തില്‍ സംഭവിച്ചത്.


ഏതെല്ലാം വകുപ്പുകള്‍ അനുസരിച്ചാണ് കേസ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്?
അറിഞ്ഞിരിക്കുന്നതനുസരിച്ച് ഐ.പി.സി 294. എത്രപേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് വ്യക്തമല്ല. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് രണ്ട് പെണ്‍കുട്ടികള്‍ക്കും മൂന്ന് ആണ്‍കുട്ടികള്‍ക്കും എതിരെയാണ് കേസുള്ളത്. വീഡിയോ ഫൂട്ടേജ് അനുസരിച്ച് ഇപ്പോള്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കണ്ടാലറിയുന്നവര്‍ക്കെതിരെയാവും മിക്കവാറും കേസുണ്ടാവുക. സമരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും എതിരെ കേസുണ്ടാകും.

ചുംബന സമരത്തെക്കുറിച്ച്?
ഇതും ഒരു സാംസ്‌കാരിക വിപ്ലവം തന്നെയാണ്. പൊതു സമൂഹം ഈ സമരത്തെ എതിര്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യയിലൊട്ടാകെയുള്ള ചര്‍ച്ചയ്ക്ക് അത് വഴിവച്ചു എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം. ചാനലുകള്‍ ചുംബന സമരം പരാജയപ്പെട്ടു എന്ന് പറയുന്നുണ്ടെങ്കിലും അതിനോട് ഞാന്‍ തീരെ യോജിക്കുന്നില്ല. മോറല്‍ പോലീസിങ് എന്നു പറഞ്ഞാല്‍ കേരളത്തില്‍ മാത്രമുള്ളൊരു പ്രശ്‌നമല്ലല്ലോ, ഇന്ത്യ മുഴുവനും ഈ പ്രശ്‌നമുണ്ട്.
പിന്നെ എന്റെ വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നത് എന്റെ കൂടി കടമയാണ്. അതുകൊണ്ട് ഇന്ത്യമുഴുവനും ഈ സമരത്തോട് അനുകൂലമായ പ്രതികരണം ഉണ്ടായിട്ടുണ്ട്.

ഇന്നലെ പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലും കൊല്‍ക്കത്തയിലെ യാദ്ദാവ്പൂര്‍ യൂണിവേഴ്‌സിയിലും ഈ സമരത്തിന് അനുകൂലമായിട്ട് സമരം നടത്തിയിരുന്നു. ഇത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുക തന്നെ ചെയ്യും.
പൊതുമുതല്‍ നശിപ്പിച്ചും ആക്രമണം നടത്തിയുമാണ് ഇവിടെ സമരങ്ങള്‍ നടക്കുന്നത്. ഒരാളെപ്പോലും ബുദ്ധിമുട്ടിക്കാതെ സ്‌നേഹമാണ് ഇവിടെ പ്രകടിപ്പിക്കുന്നത്. പക്ഷേ അത് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ഒരു അസഹിഷ്ണുതയാണ് നമ്മുടെ സമൂഹം കാണിക്കുന്നത്.
പൊതു സ്ഥലത്ത് മൂത്രം ഒഴിക്കുന്നത് ചോദ്യം ചെയ്യാത്ത മോറലിസ്റ്റുകളാണ് പരസപര സമ്മതത്തോടെ ഉമ്മ വയ്ക്കുന്ന ആണിനെയും പെണ്ണിനെയും എതിര്‍ക്കുന്നത്. ഇത് ഒരു വിരോധാഭാസമാണ്.

കേരളത്തില്‍ ഇനിയും സമരം നടക്കുകയാണെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കും. ഞാന്‍ ഒരാണ്‍കുട്ടിയെ ഉമ്മവയ്ക്കുന്ന ചിത്രം മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വന്നിരുന്നു. ഇതിന്റെ പേരില്‍ എന്റെ സദാചാരത്തെ ധാരാളം പേര്‍ ചോദ്യം ചെയ്യുകയും എന്നെ കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതൊന്നും എന്നെ ബാധിച്ചിട്ടില്ല. ചുംബന സമരത്തിന് ഞാന്‍ പൂര്‍ണ്ണ പിന്തുണ നല്‍കും.

സ്നേഹവീട് എന്ന മോഹന്‍ലാല്‍ ചിത്രത്തിലഭിനയിച്ചിട്ടുള്ള അരുന്ധതി വിവിധ ചാനലുകളില്‍ അവതാരികയായും മലയാളികള്‍ക്ക് സുപരിചിതയാണ്.
(കടപ്പാട്- ഡൂള്‍ന്യൂസ്‌)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions