ഈ വര്‍ഷത്തെ അപ്രതീക്ഷിത സൂപ്പര്‍ ഹിറ്റായിരിക്കുകയാണ് ബിജു മേനോന്‍ നായകനായ വെള്ളിമൂങ്ങ. കുഞ്ചാക്കോ ബോബനൊപ്പം തുടരെ ഹിറ്റുകള്‍ ലഭിച്ച ബിജുവിനു വെള്ളിമൂങ്ങ എന്ന ആക്ഷേപഹാസ്യ ചിത്രം കരിയറിലെ വലിയ വഴിത്തിരിവായിരിക്കുകയാണ്. കുഞ്ചാക്കോ ബോബനൊപ്പം നായകജോടിയില്‍ വീണ്ടുമൊരു ചിത്രം കൂടി ബിജുവിന്റെതായി വരികയാണ്. ഒപ്പം ഫഹദ്‌ഫാസില്‍, പൃഥ്വിരാജ് എന്നിവര്‍ക്കൊപ്പം നായക ജോടിയാവുന്നു.
മലയാളത്തിലെ ഏറ്റവും മികച്ച നായകജോടികളായി ബിജുമേനോന്‍- കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ട് മാറി?
വളരെ ശരിയാണ്. ദൈവാനുഗ്രഹത്താല്‍ ഞാനും ചാക്കോയും ജോടികളായി അഭിനയിച്ച എല്ലാ ചിത്രങ്ങളും ഹിറ്റായി. പ്രേക്ഷകര്‍ ഞങ്ങളെ സ്വീകരിച്ചു. അതില്‍ സന്തോഷമുണ്ട്, എല്ലാവരോടും നന്ദിയുമുണ്ട്. ഞങ്ങളെ ഒരുമിപ്പിച്ച സംവിധായകരോടും കടപ്പാടുണ്ട്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്.
ചാക്കോച്ചനുമായുള്ള ആത്മബന്ധം തുടങ്ങുന്നത്..?
ആറുവര്‍ഷം മുമ്പാണ് ഞങ്ങളുടെ ആത്മബന്ധം തുടങ്ങുന്നത്. അതൊരു ചെറിയ കഥയാണ്. എന്റെ ജ്യേഷ്‌ഠന്റെ മോളുടെ സ്‌കൂളില്‍ ഒരു പരിപാടി ഉദ്‌ഘാടനം ചെയ്യാന്‍ ഒരു സിനിമാ നടനെ വേണം. സിനിമാക്കാരനായ നടനെ കണ്ടുപിടിക്കാനുള്ള ചുമതല എന്റെ തലയിലായി. അങ്ങനെ ആ സ്‌കൂളിലെ പരിപാടി ഉദ്‌ഘാടനത്തിന് ക്ഷണിക്കാനാണ് ഞാന്‍ ആദ്യമായി ചാക്കോച്ചനെ ഫോണ്‍ നമ്പര്‍ തിരക്കിപ്പിടിച്ചെടുത്ത് വിളിക്കുന്നത്.
ഞാന്‍ വിളിച്ച ഉടനെ ചാക്കോച്ചന്‍ ഏറ്റു. പരിപാടി ഉദ്‌ഘാടനം ചെയ്‌ത അന്നു തുടങ്ങിയ ബന്ധമാണ് സീനിയേഴ്‌സ് എന്ന ചിത്രത്തിലെത്തിക്കുന്നത്.ആ ചിത്രത്തിലാണ് ഞാനും ചാക്കോച്ചനും ആദ്യമായി നായകജോടികള്‍ ആകുന്നത്. പിന്നീട് സ്‌പാനീഷ്‌മസാല, ഓര്‍ഡിനറി, റോമന്‍സ്, മല്ലുസിംഗ്, ഭയ്യാ ഭയ്യാ തുടങ്ങിയ ചിത്രങ്ങളില്‍ നായക ജോടികളായി.
നിങ്ങളുടെ സൗഹൃദത്തിന്റെ കെട്ടുറപ്പ്?
ഞങ്ങളുടെ ആത്മബന്ധത്തിന്റെ ആദ്യ രഹസ്യമെന്നത് ഞങ്ങളെ ഞങ്ങള്‍ക്ക് നന്നായി അറിയാം എന്നതാണ്. പരസ്‌പരം തിരിച്ചറിയുന്നതാണ് ഏത് സൗഹൃദത്തിന്റെയും വിജയം. പരസ്‌പരം ഈഗോ, അസൂയ ഒന്നുമില്ല. എല്ലാം തുറന്നു പറയുന്നു. ഒന്നും മറച്ചുവയ്‌ക്കില്ല. സംവിധായകരുടെ നിര്‍ദ്ദേശത്തിനനുസരിച്ച് കിട്ടുന്ന വേഷങ്ങള്‍ നന്നായി ചെയ്യുന്നു. എന്റെ കഥാപാത്രമാണ് മികച്ചത്, നിന്റേത് ചെറിയ കഥാപാത്രമാണ് എന്നുള്ള ഒരു കുശുമ്പും കുന്നായ്‌മയും ഞങ്ങള്‍ക്കിടയിലില്ല. ഞങ്ങളുടെ സൗഹൃദം ഞങ്ങളുടെ വീട്ടുകാര്‍ തമ്മിലും ഉണ്ട്. എല്ലാ കാര്യവും ചര്‍ച്ച ചെയ്യാറുണ്ട്. വളരെ സന്തോഷത്തോടെയാണ് രണ്ട് കൂട്ടരും കഴിയുന്നത്. എന്തായാലും ഇതുവരെയുള്ള സൗഹൃദത്തിന് ദൈവാനുഗ്രഹത്താല്‍ മുറിവുകള്‍ ഒന്നും കൂടാതെ ഭംഗിയായി പോകുന്നു.
ചാക്കോച്ചനില്‍ കണ്ട നല്ല ഗുണങ്ങള്‍?
ചാക്കോച്ചന്‍ എനിക്ക് നല്ല സുഹൃത്താണ്. ഞങ്ങള്‍ രണ്ടുപേരും വളരെ ആത്മാര്‍ത്ഥമായി സൗഹൃദം പങ്കിടുന്നു. ചാക്കോച്ചനിലെ നല്ല ഗുണങ്ങളെയും ചീത്തഗുണങ്ങളെയും ഞാന്‍ ഒരുപോലെ സ്വീകരിക്കുന്നു. തിരിച്ചും എന്നിലെ നല്ലതും ചീത്തയും ചാക്കോച്ചനും ഇഷ്‌ടപ്പെടുന്നുണ്ട്. സൗഹൃദത്തിലെ നല്ലതും ചീത്തയും വേര്‍തിരിക്കാന്‍ എനിക്ക് താല്‌പര്യമില്ല.
സുഹൃത്ത് എന്ന നിലയിലുള്ള തമാശകള്‍?
ഞാന്‍ വലിയ പുകവലിക്കാരന്‍, മടിയനുമാണെന്ന് ചാക്കോച്ചന്‍ പറയാറുണ്ട്, ചാക്കോച്ചനാണെങ്കില്‍ ഷൂട്ടിങ്ങ് കഴിഞ്ഞാല്‍ ഹോട്ടല്‍ മുറിയില്‍ വാതിലടച്ച് ഇരിക്കും. എല്ലാ കാര്യത്തിനും വലിയ കൃത്യനിഷ്‌ഠയാണ്. അങ്ങനെ തമാശ പറയാനും കമ്പനി കൂടാനൊന്നും എപ്പോഴും ചാക്കോച്ചനെ കിട്ടില്ല.
സിനിമ കഴിഞ്ഞുള്ള വിനോദങ്ങള്‍..?
സിനിമകള്‍ കാണുന്നതാണ് കൂടുതലും ഇഷ്‌ടം. കഴിവതും കുടുംബവുമായിട്ടാണ് സിനിമ കാണാന്‍ പോകുന്നത്. എല്ലാ സിനിമകളും കാണാറില്ല. നല്ല സിനിമകളെന്ന് സുഹൃത്തുക്കള്‍ പറഞ്ഞാല്‍ പോയി കാണും. പിന്നെ വായനയോട് താല്‌പര്യമുണ്ട്. നല്ല പുസ്‌തകങ്ങള്‍ സുഹൃത്തുക്കള്‍ തരുമ്പോള്‍ വായിക്കാറുണ്ട്. മുഴുവന്‍ വായിച്ചില്ലെങ്കിലും കുറച്ചെങ്കിലും വായിക്കും. യാത്രകളും വളരെ ഇഷ്‌ടമുള്ളതാണ്. അടുത്തിടെയാണ് കുടുംബവുമൊത്ത് രാജസ്‌ഥാന്‍, ജയ്‌പൂര്‍ എന്നിവിടങ്ങളില്‍ പോയത്. പിന്നെ ചില തീര്‍ത്ഥാടനകേന്ദ്രങ്ങളിലും പോകാറുണ്ട്.
താരദാമ്പത്യങ്ങള്‍ ഉലയുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ കൂടുതാലായുയരുന്നത്. ബിജുമേനോന്‍- സംയുക്‌താവര്‍മ്മ ദാമ്പത്യത്തിന്റെ കെട്ടുറപ്പിന്റെ രഹസ്യം?
ഞങ്ങളുടെ ദാമ്പത്യത്തില്‍ വലിയ രഹസ്യമൊന്നുമില്ല. പരസ്‌പര ധാരണയോടെ വളരെ സന്തോഷത്തോടെ കഴിയുന്നു. പിന്നെ താരങ്ങളുടെ വിവാഹമോചനം കൂടുതലാവുന്നുണ്ട്. അതിനെല്ലാം അതിന്റെതായ കാരണങ്ങളും ഉണ്ടാകാം. എല്ലാം വിധി എന്നു വിശ്വസിക്കാനാണ് ഞാന്‍ ഇഷ്‌ടപ്പെടുന്നത്. മറ്റുള്ളവരുടെ ദാമ്പത്യത്തെക്കുറിച്ച് നമ്മള്‍ അഭിപ്രായം പറയുന്നത് ശരിയല്ല. ഓരോ വ്യക്‌തിയുടെയും ജീവിതത്തില്‍ ശരിയും തെറ്റും ഉണ്ടാകും.
ബിജുമേനോന്‍ എന്ന നടന്റെ വളര്‍ച്ചയില്‍ സംയുക്‌തയുടെ പിന്തുണ?
സംയുക്‌തയുടെ വലിയ പിന്തുണയാണ് എന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം. സംയുക്‌ത നല്ല സപ്പോര്‍ട്ടാണ് എനിക്ക് നല്‌കുന്നത്. സിനിമയിലെ എന്റെ വളര്‍ച്ചയ്‌ക്ക് പ്രധാന കാരണവും ഭാര്യ തന്നെയാണ്. കാരണം വീടിന്റേതായ ഒരുപാട് ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. എന്റെ തിരക്കുമൂലം അതെല്ലാം നിറവേറ്റുന്നത് സംയുകയ്‌തയാണ്.
ഒരു കാര്യത്തിലും എന്നെ വിഷമിപ്പിക്കാതെ വീട്ടിലെ കാര്യങ്ങള്‍ സംയുകത തന്നെയാണ് ചെയ്യുന്നത്. അത് വലിയ അനുഗ്രഹമാണ്.
മകന്റെ പഠനവും എല്ലാം ഭാര്യയാണ് നിറവേറ്റുന്നത്. അതില്‍ സന്തോഷം മാത്രമാണ് എനിക്കുള്ളത്. സംയുക്‌ത നല്‌കുന്ന സപ്പോര്‍ട്ടുകൊണ്ട് മാത്രമാണ് എനിക്ക് സന്തോഷത്തോടെ സിനിമയില്‍ തുടരാനാവുന്നത്.
സംയുക്‌തയുടെ തിരിച്ചുവരവ് മലയാളികള്‍ക്ക് പ്രതീക്ഷിക്കാമോ?
പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. സംയുക്‌ത ഇനി സിനിമയില്‍ അഭിനയിക്കില്ലായെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ല, ശപഥവും ചെയ്‌തിട്ടില്ല. വിവാഹശേഷം സിനിമ വേണ്ട എന്നു തീരുമാനിച്ചത് സംയുക്‌ത തന്നെയാണ്. കുടുംബത്തിന്റെ ഉത്തരവാദിത്വവും മകന്റെ കാര്യങ്ങളും കൂടി വന്നപ്പോഴാണ് സിനിമാ അഭിനയം നിര്‍ത്തിയത്.
മഞ്‌ജുവാര്യര്‍, ശോഭന അങ്ങനെ പലരും തിരിച്ചുവരവ് നടത്തുന്നുണ്ട്. സംയുക്‌തയെ സിനിമയിലേക്ക് വരാന്‍ പ്രോത്സാഹിപ്പിച്ചുകൂടേ?
സംയുക്‌ത സിനിമയില്‍ വരുന്നതില്‍ ഒരിക്കലും ഞാന്‍ എതിര് നിന്നിട്ടില്ല. സംയുക്‌ത തന്നെയാണ് സിനിമ വേണ്ടെന്നുവച്ചത്. ഇനി അവര്‍ക്ക് താല്‌പര്യമുണ്ടെങ്കില്‍ തിരിച്ചുവരാം, അതെല്ലാം സംയുക്‌തയുടെ നിലപാടുകളുടെ ഭാഗമാണ്.
താങ്കള്‍ നല്ല മടിയനാണെന്ന് കേട്ടിട്ടുണ്ട്?
പല സുഹൃത്തുക്കളും അങ്ങനെ പറയാറുണ്ട്. പക്ഷേ എനിക്ക് ഞാനൊരു മടിയനാണെന്ന് തോന്നിയിട്ടില്ല. പിന്നെ പൊതുവേ എല്ലാത്തില്‍നിന്നും ഒഴിഞ്ഞുമാറി നടക്കുന്ന ശീലം എനിക്കുണ്ട്. അതുകൊണ്ടാവും എല്ലാവരും എന്നെ മടിയനെന്ന് വിളിക്കുന്നത്.
താങ്കള്‍ ചെയ്യേണ്ടിയിരുന്ന ആ വേഷത്തിനാണ് സുരാജിന് ദേശീയപുരസ്‌കാരം ലഭിച്ചത്?
അതിന് എനിക്ക് നിരാശയില്ല. വിഷമവുമില്ല. എനിക്ക് കിട്ടാനുള്ളത് എനിക്ക് കിട്ടും എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ആരെല്ലാം തടഞ്ഞുവച്ചാലും എനിക്ക് ലഭിക്കേണ്ട കഥാപാത്രം എന്നെ തേടിയെത്തും. പിന്നെ സുരാജിന് ആ വേഷം നന്നായി ചെയ്യാന്‍ കഴിഞ്ഞു. ദേശീയ അംഗീകാരവും ലഭിച്ചു. അതില്‍ എനിക്ക് സന്തോഷം മാത്രമേയുള്ളൂ.
ഒരുപാട് നായികമാരുടെ കൂടെ അഭിനയിച്ചു. എങ്കിലും ഇഷ്‌ട നായിക?
മലയാളത്തിലെ പ്രധാന നായികമാരുടെ കൂടെ അഭിനയിക്കാന്‍ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ വളരെ ടാലന്റുള്ള നായികമാര്‍ വരുന്നുണ്ട്. എല്ലാവരും വളരെ കഴിവുള്ളവരും മിടുക്കികളുമാണ്. എങ്കിലും എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട നായിക ഉര്‍വ്വശിച്ചേച്ചിയാണ്. ഉര്‍വ്വശിച്ചേച്ചിയുടെ അഭിനയം അപാരമാണ്. ഞാന്‍ എന്നും ആരാധിക്കുന്ന നായിക ഉര്‍വ്വശിച്ചേച്ചിയാണ്.
മലയാള സിനിമയില്‍ വിസ്‌മയിപ്പിച്ച നടന്മാര്‍ ആരെല്ലാമാണ്?
മലയാള സിനിമയിലെ വിസ്‌മയതാരങ്ങള്‍ മമ്മുക്കയും ലാലേട്ടനുമാണ്. അവരെയാണ് ഞാന്‍ എന്നും ആരാധനയോടെ നോക്കുന്നത്. എന്നാല്‍ തിലകന്‍ചേട്ടന്‍, ശങ്കരാടി തുടങ്ങിയ മഹാനടന്മാരെയും ഇഷ്‌ടമാണ്. ഭരത്‌ഗോപിച്ചേട്ടനെയാണ് ഞാന്‍ എല്ലാക്കാലവും ആദരവോടെ നോക്കിയിട്ടുള്ളത്. എന്റെ ഏറ്റവും ഇഷ്‌ടപ്പെട്ട നടനും ഗോപിച്ചേട്ടനാണ്.
പാട്ടുകാരോട് ഇഷ്‌ടമാണെന്ന് കേട്ടിട്ടുണ്ട്?
എല്ലാ പാട്ടുകളോടും എനിക്ക് വളരെ ഇഷ്‌ടമാണ്. സമയം കിട്ടുമ്പോഴൊക്കെ പാട്ടു കേള്‍ക്കും. ഇന്നത്തെ സിനിമയില്‍ പല പാട്ടുകളും കര്‍ണ്ണകഠോരമാണ്. കാലത്തിനനുസരിച്ച് സിനിമ മാറിയതോടെ സിനിമാ സംഗീതവും മാറി. അതോടെ നല്ല പാട്ടുകളും നമുക്ക് നഷ്‌ടമായെന്ന് തോന്നാറുണ്ട്.
(കടപ്പാട്-മംഗളം)