ഇന്റര്‍വ്യൂ

കൂടുതല്‍ വിശ്വസിക്കാന്‍ കഴിയുന്നത് ആണുങ്ങളെ-ദേവി അജിത്ത്


ഗോസിപ്പുകള്‍ നിറഞ്ഞതാണ് നടി ദേവി അജിത്തിന്റെ ജീവിതം. സിനിമയിലെ ബോള്‍ഡ് കഥാപാത്രവും ആണ്‍തുണയില്ലാത്ത ജീവിതവും അതിനു ആക്കം കൂട്ടി. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയില്‍ മദ്യപിച്ച് എത്തുന്ന സറീന എന്ന കഥാപാത്രം കൂടിയായതോടെ പറയാനുമില്ല. മലയാളി സമൂഹത്തിന്റെ പതിവ് കാഴ്ചപ്പാടുകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു അത്. ദേവി അജിത്ത് ബോള്‍ഡാണ്, ഇംഗ്ലീഷ് മാത്രമേ സംസാരിക്കു തുടങ്ങി മദ്യപിക്കുമെന്നുവരെ ഗോസിപ്പുകള്‍ . എന്നാല്‍ പറഞ്ഞുകേള്‍ക്കുന്ന ഗോസിപ്പുകളില്‍ കാര്യമില്ലെന്ന് ആണ് ദേവി അജിത്തിന്റെ മറുപടി.

ദേവി അജിത്ത് സംസാരിക്കുന്നു...

"സത്യത്തില്‍ ഞാനൊട്ടും ബോള്‍ഡല്ല എന്നതാണ് യാഥാര്‍ഥ്യം. 18 വയസില്‍ എന്റെ വിവാഹം കഴിഞ്ഞു. ആറു വര്‍ഷം ഞങ്ങള്‍ ഒരുമിച്ചു ജീവിച്ചു. 24-ാം വയസില്‍ ഭര്‍ത്താവ് മരണപ്പെട്ടു. ചെറുപ്രായത്തില്‍ തനിച്ചായി പോകുന്ന ഒരു പെണ്‍കുട്ടിയുടെ സാഹചര്യം ഊഹിക്കാമല്ലോ. എന്റെ കാര്യങ്ങള്‍ ഞാന്‍ തന്നെ ചെയ്യണം. ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടണം. കോംപയറിംഗും അഭിനയവുമായിരുന്നു എന്റെ മേഖല. വളരെ കഷ്ടപ്പെട്ട് തന്നെയാണ് ഞാന്‍ സമ്പാദിച്ചതും ജീവിതം മുമ്പോട്ടു കൊണ്ടുപോയതും. അങ്ങനെയൊക്കെയാണെങ്കിലും ഞാന്‍ അത്രയൊന്നും ധൈര്യശാലിയാണെന്ന് കരുതുന്നില്ല. ഒറ്റയ്ക്കു യാത്ര ചെയ്യുന്നതാണ് ഞാന്‍ കാണിക്കുന്ന ഏറ്റവും ധൈര്യമുള്ള കാര്യം.

പിന്നെ ആളുകള്‍ കരുതുന്നത്, ഞാന്‍ ജീന്‍സും ടോപ്പുമിടുന്നതുകൊണ്ടാവും. സത്യത്തില്‍ കുട്ടിക്കാലം മുതല്‍ ജീന്‍സ് ഉപയോഗിച്ച് ശീലിച്ചതാണ്. എനിക്ക് കംഫര്‍ട്ടബിളായ വേഷം ഞാന്‍ ധരിക്കുന്നു എന്നുമാത്രം"


ഒട്ടും മോഡേണല്ല എന്നാണോ?

വസ്ത്രത്തിന്റെ കാര്യമൊഴിച്ചാല്‍ ഞാന്‍ മോഡേണാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ ഒരു പക്കാ മലയാളി തന്നെയാണ്. എനിക്കിഷ്ടം മലയാളം പാട്ടുകള്‍ കേള്‍ക്കാനും മലയാളം സിനിമ കാണാനുമൊക്കെയാണ്. ഞാന്‍ ഇന്നുവരെ കണ്ടിട്ടുള്ളത് രണ്ട് ഇംഗ്ലീഷ് സിനിമകള്‍ മാത്രമാണ്. ടൈറ്റാനിക്കും, ജുറാസിക് പാര്‍ക്കും. അത്രയും മാത്രമാണ് ഈ കെട്ടുകാഴ്ചകള്‍ നിറഞ്ഞ കാര്യങ്ങളില്‍ എന്റെ പരിചയം. അതിനപ്പുറത്ത് ഞാന്‍ തനി നാടന്‍ മലയാളി തന്നെയാണ്.

പിന്നെ ആളുകള്‍ പറയാറുണ്ട് ഞാന്‍ തന്റേടിയാണെന്നൊക്കെ. സത്യത്തില്‍ ഞാന്‍ വളരെ സെന്‍സിറ്റീവും, ഇമോഷണലുമാണ്. പെട്ടെന്നു സങ്കടപ്പെടുകയും കരയുകയും ചെയ്യുന്നതാണ് എന്റെ പ്രകൃതം.


ട്രിവാന്‍ഡ്രം ലോഡ്ജിലെ സെറീന, അതായത് മദ്യപിക്കുന്ന വീട്ടമ്മയുടെ റോള്‍, അതല്പം നെഗറ്റീവ് ഇമേജ് നല്‍കിയില്ലേ?

ആളുകളുടെ കാഴ്ചപ്പാടാണ് അതൊക്കെ. എന്നോട് ആരും ചോദിച്ചിട്ടില്ല എന്തുകൊണ്ട് അങ്ങനെയൊരു വേഷം ചെയ്തുവെന്ന്. എന്റെ കുടുംബം ഒരിക്കലും ചോദിച്ചിട്ടില്ല.


സിനിമയില്‍ വീണ്ടും സജീവമായപ്പോള്‍ കുടുംബത്തില്‍ നിന്ന് ലഭിക്കുന്ന സപ്പോര്‍ട്ട് എത്രമാത്രമാണ്?

എന്റെ കുടുംബമാണ് സത്യത്തില്‍ എനിക്ക് കരുത്തായത്. അച്ഛനും അമ്മയും എന്നും വലിയ സപ്പോര്‍ട്ടായിരുന്നു. ഇടയ്ക്കു യാദൃച്ഛികമായി എന്റെ ലൈഫില്‍ ഒരു ദുഃഖകരമായ സംഭവമുണ്ടായി. ഞാന്‍ ചെയ്യാത്ത ഒരു കാര്യം ഞാന്‍ ചെയ്തുവെന്നു പറഞ്ഞ് വിവാദമായപ്പോള്‍ ഞാന്‍ വളരെ സങ്കടപ്പെട്ടു.

അപ്പോഴാണ് മാട്രിമോണിയല്‍ വഴി അശോകിന്റെ വിവാഹ ആലോചന എത്തുന്നത്. അശോക് ആര്‍മിയിലാണ്. അദ്ദേഹത്തിന് ഒരു മകളുണ്ട്. ഞാന്‍ ഇനിയൊരു വിവാഹം വേണെ്ടന്നു വച്ചിരിക്കുകയായിരുന്നു. പക്ഷെ എന്റെ സങ്കടങ്ങളില്‍ അശോക് എന്നെ ഏറെ ആശ്വസിപ്പിച്ചു. ഞങ്ങള്‍ വിവാഹിതരായിട്ട് ഇപ്പോള്‍ അഞ്ചു വര്‍ഷമായി. ഞങ്ങള്‍ കുടുംബമായി ചെന്നൈയിലാണ്.


വിവാഹശേഷം ജീവിതവും സിനിമയും എങ്ങനെ പോകുന്നു?

വിവാഹത്തിന് ശേഷം ഒരു വര്‍ഷം ഞാന്‍ പൂര്‍ണമായും വീട്ടമ്മ മാത്രമായിരുന്നു. എന്നാല്‍ അശോകും മക്കളുമാണ് വീണ്ടും സിനിമയിലേക്ക് വരാന്‍ എന്നെ നിര്‍ബന്ധിച്ചത്. എന്റെ ആഗ്രഹവുമായിരുന്നു സിനിമയിലേക്ക് തിരിച്ചെത്തുക എന്നത്. കുടുംബവും പിന്തുണ തന്നപ്പോള്‍ ധൈര്യമായി. പക്ഷെ സീരിയലുകള്‍ ഒരുപാട് കണ്ട മുഖമായതുകൊണ്ടാവും സംവിധായകര്‍ അത്രവേഗമൊന്നും എന്നെ പരിഗണിച്ചില്ല. പക്ഷെ ഞാന്‍ സ്ഥിരമായി കേരളത്തിലേക്ക് എത്തും. ചെന്നൈ മെയില്‍ ഒരു സമയത്ത് എന്റെ വീടുപോലെയായിരുന്നു. ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് സ്ഥിരമായി യാത്ര തന്നെയായിരുന്നു. ട്രിവാ ന്‍ഡ്രം ലോഡ്ജ് എന്ന സിനിമ ലഭിച്ചതോടെ എനിക്ക് വീണ്ടും സിനിമകള്‍ വരാന്‍ തുടങ്ങി.


സിനിമയില്‍ മുമ്പോട്ടുള്ള കരിയര്‍ എങ്ങനെയാണ് കാണുന്നത്?

സിനിമയെന്നത് ഒരു ലക്കാണ്. എന്റെ വളരെ ചെറിയ ആഗ്രഹമാണ് ഒരു ഗാനരംഗത്തില്‍ അഭിനയിക്കുക എന്നതൊക്കെ. 'ഇവര്‍' എന്ന സിനിമയിലാണ് ഞാനൊരു ഗാനരംഗത്തില്‍ അഭിനയിച്ചിട്ടുള്ളത്. ഞാന്‍ വളരെ പ്രൂവ് ചെയ്തിട്ടുള്ളത് കോമ്പയറിംഗിലാണ്. വീണ്ടും കോമ്പയറിംഗിലേക്ക് വരണമെന്ന് ആഗ്രഹമുണ്ട്. ആദ്യകാലത്ത് കോമ്പയറിംഗില്‍ ഞാനും രാജശ്രീ വാര്യരും. പാര്‍വ്വതിയും സനല്‍പോറ്റിയുമൊക്കെയായിരുന്നു. ഇപ്പോള്‍ ഒരുപാട് പുതിയ ആളുകളൊക്കെ വന്നു. ഇനി നല്ലൊരു ഷോ കോമ്പയര്‍ ചെയ്യണമെന്നുണ്ട്.

അതുപോലെ തന്നെയാണ് ക്ലാസിക്കല്‍ ഡാന്‍സിന്റെ കാര്യവും. മുന്നാം ക്ലാസ് മുതല്‍ ക്ലാസിക്കല്‍ ഡാന്‍സ് പഠിക്കുന്നതാണ്. ജീവിതത്തില്‍ പല പ്രതിസന്ധികളും വന്നപ്പോള്‍ നൃത്തം കൈവിട്ടു പോയി. നൃത്തത്തിലേക്ക് ഉടന്‍ തന്നെ ഞാന്‍ തിരിച്ചുവരും.


ഗോസിപ്പുകള്‍ പലപ്പോഴും കേള്‍ക്കേണ്ടി വന്നിട്ടുണ്ടല്ലോ. എങ്ങനെയാണ് അതൊക്കെ മറികടന്നത്?

ഞാന്‍ ആളുകളുമായി വളരെ വേഗം സൗഹൃദത്തിലാകും. അവരെ വിശ്വസിക്കാമോ ഇല്ലയോ എന്നൊന്നും ചിന്തിക്കില്ല. സുഹൃത്തുക്കളില്‍ നിന്ന് ചിലപ്പോള്‍ തിരിച്ചടികളും കിട്ടും. എനിക്ക് പെണ്‍സുഹൃത്തുക്കള്‍ ഇപ്പോള്‍ വളരെ കുറവാണ്. ആണ്‍ സുഹൃത്തുക്കളാണ് കൂടുതലും. ആണുങ്ങളെയാണ് കൂടുതല്‍ വിശ്വസിക്കാന്‍ കഴിയുന്നത്. അത് അനുഭവത്തില്‍ നിന്ന് മനസിലാക്കിയതാണ്.


ആണ്‍സുഹൃത്തുക്കളുള്ള സ്ത്രീയെ മോശമായി കാണുന്ന പ്രവണത സമൂഹത്തിനുണ്ട്?

ഇന്നത്തെ തലമുറയില്‍ ആണ്‍കുട്ടികളുടെ മനോഭാവം മാറിക്കഴിഞ്ഞു. പഴയതുപോലെയുള്ള ഇടുങ്ങിയ ചിന്താഗതി ഇന്നത്തെ തലമുറയ്ക്കില്ല. ആണ്‍ പെണ്‍ സൗഹൃദം വളരെ മാറിക്കഴിഞ്ഞു. മുമ്പ് ആണ്‍ പെണ്‍ സൗഹൃദത്തെ ഫിസിക്കല്‍ റിലേഷന്‍ഷിപ്പ് എന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാലത് മാറി ഇപ്പോള്‍. സ്ത്രീ പുരുഷ ബന്ധങ്ങള്‍ വളരെ ആരോഗ്യകരമാണ്.


ജീവിതത്തില്‍ എന്താണ് സ്വപ്നങ്ങള്‍?

എന്റെ സ്വപ്നങ്ങള്‍ വളരെ ചെറുതാണ്. എനിക്കൊരു ഹോണ്ടാ കാര്‍ വാങ്ങണം. പിന്നെ യാത്ര ചെയ്യാന്‍ ഇഷ്ടമാണ്. യൂറോപ്പ് മുഴുവന്‍ ചുറ്റിക്കറങ്ങണമെന്ന് ആഗ്രഹമുണ്ട്. പിന്നെ എല്ലാവരും ഓര്‍ത്തിരിക്കുന്ന കുറച്ച് നല്ല സിനിമകള്‍ ചെയ്യണം.


പുതിയ സിനിമകള്‍?

ദീപേഷ് സംവിധാനം ചെയ്യുന്ന വെയില്‍ തിന്നുന്ന പക്ഷി, പൃഥ്വിരാജ് ചിത്രം എന്നു നിന്റെ മൊയ്തീന്‍, ജയിംസ് ആല്‍ബര്‍ട്ടിന്റെ മറിയം മുക്ക്.

(കടപ്പാട്-രാഷ്ട്രദീപിക)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions