കൈരളി ടി.വിയുടെ 'ജീവിതം സാക്ഷി'യെന്ന പരിപാടിയിലൂടെ സാധാരണക്കാരായ മലയാളികള്‍ക്കിടയിലേക്കാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഷീല ഇറങ്ങിവന്നത്. അവര്‍ സാക്ഷിയായത് പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കു മുമ്പിലാണ്. ''പലരും എന്നോടു ചോദിച്ചിട്ടുണ്ട്, ഇത്രമാത്രം സിനിമയില്‍ പബ്ലിസിറ്റി കിട്ടിയ മാഡമെന്തിനാണ് ഒരു ചാനലില്‍ അവതാരകയായി എത്തിയതെന്ന്. അവര്‍ക്കുള്ള മറുപടിയാണ് ഈ ഷോ. മാത്രമല്ല, അവതാരകയാവുന്നത് അത്ര മോശപ്പെട്ട കാര്യമൊന്നുമല്ല. അമിതാഭ് ബച്ചന്‍ 'ക്രോര്‍പതി' അവതരിപ്പിച്ചിട്ടില്ലേ? ഷാരൂഖ്‌ഖാനും അമീര്‍ഖാനുമൊക്കെ ചാനലുകളില്‍ വന്നിട്ടുണ്ടല്ലോ.
എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്ന ഒരു ചെറിയ സഹായമാണ് ഈ അവതാരകവേഷം. ഇതൊരു കോര്‍ട്ടാണ്. രണ്ടു മണിക്കൂര്‍നേരം കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്ന കോടതി. പാവപ്പെട്ട എത്രപേര്‍ക്ക് സാധാരണ കോടതിയില്‍ കയറാന്‍ കഴിയും? വക്കീലിനെ കാണണം. ഫീസ് കൊടുക്കണം. ഒരുപാടു നാള്‍ അതിനു പിന്നാലെ നടക്കണം. ഇവിടെ അത്തരം കാലതാമസമൊന്നുമില്ല.''
സിനിമ മാറ്റിവച്ച് അവതാരകയാവാന്‍ പ്രേരിപ്പിച്ചത്?
നല്ല കഥാപാത്രങ്ങള്‍ കിട്ടാതെ വന്നപ്പോഴാണ് പുതിയൊരു ദൗത്യത്തിനായി ഇറങ്ങിയത്. ഇടക്കാലത്ത് കുറെ പടങ്ങള്‍ വന്നിരുന്നു. അതിലൊന്നും ഒന്നും ചെയ്യാനില്ല. ചിലര്‍ കഥാപാത്രങ്ങളെക്കുറിച്ച് ഫോണില്‍ പറയും. പക്ഷേ ലൊക്കേഷനില്‍ എത്തിക്കഴിഞ്ഞാലാണ് അതില്‍നിന്നൊക്കെ ഏറെ മാറ്റമുണ്ടെന്നറിയുന്നത്. ഒഴിവാക്കി പോരാന്‍ തോന്നിയിട്ടുണ്ട്, പലപ്പോഴും.
'മിസ്‌റ്റര്‍ മരുമകനി'ലെ വേഷം ഒട്ടും ഇഷ്‌ടപ്പെടാതെ ചെയ്‌തതാണ്. അതിനുശേഷം നല്ല വേഷം മാത്രമേ സ്വീകരിക്കാറുള്ളൂ. ഈയടുത്ത് 'ഉത്സാഹക്കമ്മിറ്റി' എന്ന പടത്തില്‍ പ്രധാനപ്പെട്ട റോള്‍ കിട്ടി. നല്ലൊരു ടീമായിരുന്നു ആ സിനിമയുടേത്. അതുപോലുളളവ എപ്പോഴും കിട്ടണമെന്നില്ല.
സത്യം പറഞ്ഞാല്‍ സത്യന്‍ അന്തിക്കാടിനെ പോലുള്ള സംവിധായകരുടെ സിനിമയില്‍ അഭിനയിക്കാനാണ് എനിക്കിഷ്‌ടം. 'ഉത്സാഹക്കമ്മിറ്റി' കഴിഞ്ഞ് വീട്ടിലിരിക്കുമ്പോഴാണ് സ്‌ത്രീകള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയത്. ആ സമയത്താണ് കൈരളി ടി.വിക്കാര്‍ വന്ന് 'ജീവിതം സാക്ഷി'യിലേക്ക് വിളിച്ചതും''
സാധാരണക്കാരുടെ ജീവിതം തൊട്ടറിഞ്ഞപ്പോള്‍ എന്തുതോന്നി?
ഞാന്‍ അഭിനയിച്ച സിനിമകളില്‍ ചിലതൊക്കെ നെഗറ്റീവ് കഥാപാത്രങ്ങളാണ്. എന്‍.എന്‍.പിള്ളയുടെ 'കാപാലിക' സിനിമയായപ്പോള്‍ നായിക ഞാനായിരുന്നു. ഒരു വേശ്യയാണ് അതിലെ പ്രധാന കഥാപാത്രം. പിന്നീടവര്‍ കുറെ പെണ്ണുങ്ങളെവച്ച് വേശ്യാലയം നടത്തി. ഇന്‍കംടാക്‌സ് കൊടുക്കുന്ന വേശ്യ. 'ജീവിതം സാക്ഷി'യില്‍ ചില അനുഭവങ്ങള്‍ കേട്ടപ്പോള്‍ അതൊക്കെ സാധാരണകാര്യമാണെന്ന് മനസിലായി. കേരളത്തില്‍ നടക്കുന്ന ചില കാര്യങ്ങള്‍ കേട്ടപ്പോള്‍, ദൈവമേ ഇതെന്തൊരു ലോകം എന്നു സ്വയം ചോദിച്ചുപോയിട്ടുണ്ട്.
കൈയിലൊരു കൊച്ചുമായാണ് സുന്ദരിയായ ആ പെണ്‍കുട്ടി എന്റെ മുമ്പിലേക്ക് കടന്നുവന്നത്. 21 വയസാണവള്‍ക്ക്. സ്വന്തം അച്‌ഛന്‍ ലൈംഗികമായി പീഡിപ്പിച്ചപ്പോള്‍ ജനിച്ച കുഞ്ഞായിരുന്നു അവളുടെ മടിയിലിരിക്കുന്നതെന്ന് കേട്ടപ്പോള്‍ മനസിലൊരു പിടച്ചില്‍. പീഡിപ്പിക്കാന്‍ അച്‌ഛന് പിന്തുണ കൊടുത്തത് ആരെന്നറിയുമോ. സാക്ഷാല്‍ അമ്മ. ലോകത്തെവിടെയെങ്കിലും നടക്കുന്ന കാര്യമാണോ ഇത്?
അച്‌ഛാ എന്നാണോ അപ്പൂപ്പാ എന്നാണോ ആ കൊച്ച് വിളിക്കേണ്ടത്? അവിടെയും തീര്‍ന്നില്ല പ്രശ്‌നം. ഈ പെണ്‍കുട്ടിക്ക് ഒരനിയത്തിയുണ്ട്. ആറുവയസുകാരി. അവളെയും അച്‌ഛന്‍ വെറുതെവിട്ടില്ല. ആ കൊച്ച് കന്യാസ്‌ത്രീകള്‍ നടത്തുന്ന സ്‌കൂളിലാണ് പഠിക്കുന്നത്. അച്‌ഛന്റെ പീഡനം സഹിക്കാതെ വന്നപ്പോള്‍ ആ പെണ്‍കുട്ടി സ്‌കൂളിലെ ടീച്ചര്‍മാരോട് കാര്യം പറഞ്ഞു.
അവര്‍ ഇടപെട്ട് ആ അച്‌ഛനെയും അമ്മയെയും ജയിലിലടപ്പിച്ചു. പക്ഷേ പറഞ്ഞിട്ടെന്തുകാര്യം? കുറച്ചുദിവസം കഴിഞ്ഞാല്‍ അവര്‍ ജാമ്യത്തിലിറങ്ങും. ഇവിടുത്തെ നിയമങ്ങള്‍ കുറച്ചുകൂടി കര്‍ക്കശമാവേണ്ടതുണ്ട്. കൊച്ചു പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവരെ അവിടെ വച്ചുതന്നെ വെടിവച്ചു കൊല്ലണം. അല്ലെങ്കില്‍ തൂക്കിലിടണം.
സൗദിയിലേതുപോലെ കല്ലെറിഞ്ഞുകൊന്നാലും മതി. അതിനുവേണ്ടി നിയമം തിരുത്തിയെഴുതുകയാണ് വേണ്ടത്. ഇതിനൊന്നും സാക്ഷിമൊഴികള്‍ ആവശ്യമില്ല. തന്നെ പീഡിപ്പിച്ചുവെന്ന് കുട്ടി പറഞ്ഞാല്‍പോരേ? അതിലും വലിയ തെളിവ് വേണ്ടല്ലോ? ആറു വയസുകാരിയായ ആ പെണ്‍കുട്ടിയും പ്രോഗ്രാമിലേക്ക് വരാനിരുന്നതാണ്. പക്ഷേ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പങ്കെടുപ്പിച്ചില്ല. 21കാരി ബന്ധുവായ അമ്മൂമ്മയുടെ വീട്ടിലാണ് കഴിയുന്നത്. കുട്ടിയാകട്ടെ അനാഥാലയത്തിലും.
ഇരുപത്തൊന്നുകാരിയെയും അവളുടെ കൈയിലെ കൊച്ചിനെയും കണ്ടപ്പോള്‍ ഈ പ്രോഗ്രാം ചെയ്യേണ്ടായിരുന്നു എന്നു തോന്നിപ്പോയി. പ്രോഗ്രാം കഴിഞ്ഞയുടന്‍ എനിക്കു തലകറങ്ങി. ഉടന്‍ മുറിയിലേക്ക് പോകണമെന്ന് പ്രൊഡ്യൂസറോട് പറഞ്ഞു. ഒരു സ്‌ത്രീ എന്ന നിലയില്‍ പതറിപ്പോയ നിമിഷമായിരുന്നു അത്.
സ്‌ത്രീകള്‍ മാത്രമല്ല, വേദനിക്കുന്ന പുരുഷന്‍മാരും സമൂഹത്തിലുണ്ട്. അമ്പത്തിയഞ്ചുവയസ്സായ തന്റെ ഭാര്യയുടെ പരാതിയുമായാണ് ഒരു മധ്യവയസ്‌കന്‍ വന്നത്.
എപ്പോളും നന്നായി അണിഞ്ഞൊരുങ്ങി നടക്കാന്‍ ഇഷ്‌ടപ്പെടുന്നതു പോലെ...?
പണ്ടുമുതലേ ആഭരണങ്ങളോട് താല്‍പ്പര്യമില്ല. എന്നാല്‍ ചില ഫംഗ്‌ഷനൊക്കെ പോകുമ്പോള്‍ ഫാഷനബിളായി അണിഞ്ഞൊരുങ്ങും. അതു കാണുമ്പോള്‍ ചിലര്‍ ചോദിക്കും, ഷീല ഒരുങ്ങിയാണല്ലോ വന്നതെന്ന്. നാലാള്‍ കൂടുന്നിടത്തൊക്കെ ദാരിദ്ര്യത്തില്‍ പോകാനൊക്കുമോ? വേറൊരാളുടെ കാശിനല്ലല്ലോ ഞാന്‍ ഒരുങ്ങുന്നത്. എനിക്ക് ചില രീതികളൊക്കെയുണ്ട്. അതൊന്നും മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല.
എവിടെച്ചെന്നാലും കാലിന്‍മേല്‍ കാല്‍ കയറ്റിയേ ഇരിക്കാറുള്ളൂ. മറ്റു രീതിയില്‍ ഇരിക്കാന്‍ എനിക്കു കഴിയില്ല. ഒരിക്കല്‍ ലൊക്കേഷനില്‍ വച്ച് ഒരാള്‍ എന്നോടിക്കാര്യം ചോദിച്ചു.
''എന്റെ കാലിന്റെ മേലെയല്ലേ ഞാന്‍ കാല്‍ വയ്‌ക്കുന്നത്. അതിന് തനിക്കെന്താ കുഴപ്പം?''
തക്ക മറുപടി കിട്ടിയപ്പോള്‍ അവന്‍ ചമ്മി. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ചിന്തിച്ചു തലപുണ്ണാക്കുന്ന ആളല്ല ഞാന്‍. കഴിഞ്ഞത് കഴിഞ്ഞു. ഈ നിമിഷമാണ് നമ്മുടേത്. ചെയ്യുന്ന ജോലി ആത്മാര്‍ഥമായി ചെയ്‌താല്‍ ആരെയും പേടിക്കേണ്ടതില്ല.
എല്ലാ വികാരങ്ങളും എനിക്കു കൂടുതലാണ്. ദേഷ്യം വന്നാല്‍ അമിതമായി ദേഷ്യപ്പെടും. സന്തോഷവും അങ്ങനെതന്നെ. പറയേണ്ടത് ആരുടെ മുഖത്തുനോക്കിയും പറയും. അപ്പോഴാണ് ചിലര്‍ ദേഷ്യക്കാരിയാണെന്ന് മുദ്രകുത്തുന്നത്. എന്നെ മാനിക്കാത്ത ഒരു സ്‌ഥലത്തും ഞാന്‍ നില്‍ക്കാറില്ല. അഭിമാനമാണ് ഏറ്റവും വലുത്.
വേഷത്തിനുവേണ്ടി എന്തു ത്യാഗവും സഹിക്കുമെന്ന് കേട്ടിട്ടുണ്ട്?
ആദ്യമായി വടക്കന്‍പാട്ട് സിനിമയില്‍ അഭിനയിക്കാന്‍ ഡേറ്റ് നല്‍കിയ സമയത്താണ് കുതിരപ്പുറത്ത് കയറുന്ന സീനുണ്ടെന്നറിഞ്ഞത്. പ്രേംനസീറും സത്യനുമാണ് നായകന്മാര്‍. അന്നെനിക്ക് കുതിര, കോഴി, തവള എന്നിവയെ ഭയമാണ്. പേടിച്ചുകൊണ്ട് എങ്ങനെയാണ് കുതിരപ്പുറത്ത് കയറുക? ഒടുവില്‍ തീരുമാനിച്ചു. പഠിക്കുകതന്നെ.
ഷൂട്ടിംഗിന്റെ രണ്ടുദിവസം മുമ്പുതന്നെ ലൊക്കേഷനിലെത്തിയത് കുതിരയുമായി ഇണങ്ങാന്‍ വേണ്ടിയാണ്. അതിരാവിലെ എഴുന്നേറ്റ് കുതിരയ്‌ക്ക് തീറ്റകൊടുത്ത് അതുമായി പരിചയിച്ചു. തൊട്ടുംതലോടിയും കഴിഞ്ഞു. അടുത്ത ദിവസം ധൈര്യത്തോടെ കുതിരപ്പുറത്തു കയറി. പിന്നീട് പേടിയൊന്നും തോന്നിയില്ല. ലൊക്കേഷനിലെത്തിയപ്പോള്‍ കൂളായി കുതിരപ്പുറത്ത് കയറുന്നതു കണ്ടപ്പോള്‍ സംവിധായകനടക്കം എല്ലാവര്‍ക്കും അത്ഭുതം, ഞാനെങ്ങനെ കുതിരയെ മെരുക്കിയെന്നായിരുന്നു അവരുടെ സംശയം.
'അകലെ' എന്ന സിനിമയ്‌ക്കുവേണ്ടി ഒരുരാത്രി മുഴുവന്‍ ഉറക്കമൊഴിച്ചാണ് സൈക്കിള്‍ പഠിച്ചെടുത്തത്. രാത്രി പത്തുമണിക്ക് തുടങ്ങിയ പഠനം അവസാനിക്കുമ്പോള്‍ പുലര്‍ച്ചെ മൂന്നരമണി.
മലയാളത്തിലെ ആദ്യത്തെ സംവിധായികയായിരുന്നു ഷീലാമ്മ. ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ധൈര്യം അന്നെങ്ങനെയുണ്ടായി?
ഓരോ സിനിമയില്‍ അഭിനയിക്കുമ്പോഴും അതിന്റെ കഥയും ഷോട്ടുകളും ശ്രദ്ധിക്കുമായിരുന്നു. എന്റെ പോര്‍ഷന്‍ കഴിഞ്ഞാലും ലൊക്കേഷനില്‍ത്തന്നെ ഇരുന്ന് ഷോട്ടെടുക്കുന്നത് ശ്രദ്ധിക്കും. അതൊന്നും സംവിധായിക ആകാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പായിരുന്നില്ല. ഒരുഘട്ടത്തില്‍ സിനിമ മടുത്തുപോയപ്പോഴാണ് സംവിധാനം ചെയ്‌താലോ എന്നാലോചിച്ചത്. അങ്ങനെയാണ് 1976ല്‍ 'യക്ഷഗാനം' ചെയ്‌തത്. അതില്‍ നായികയും സംവിധായികയും ഞാനാണ്.
ഒരു ഷോട്ട് മൈസൂരിനടുത്തുള്ള മലയിലെ വെള്ളച്ചാട്ടത്തിന്റെ മുകളില്‍വച്ചായിരുന്നു. അന്ന് അവിടേക്കുപോകാന്‍ വഴിയൊന്നുമില്ല. മുണ്ടും നേര്യതുമായിരുന്നു എന്റെ വേഷം. അതുമിട്ടുകൊണ്ട് ഞാന്‍ സ്‌പീഡില്‍ മല കയറി. അഭിനയിക്കുന്നതിന് മുമ്പ് ഷോട്ട് എങ്ങനെയെടുക്കണമെന്ന് നോക്കാന്‍ വേണ്ടിയായിരുന്നു അത്. കാമറാമാനൊന്നും എന്റത്ര സ്‌പീഡില്‍ കയറാന്‍ കഴിഞ്ഞില്ല.
ഞാനെത്തിക്കഴിഞ്ഞ് പത്തുമിനുട്ട് കഴിഞ്ഞശേഷമാണ് കാമറാമാന്‍ കിതച്ചുകൊണ്ടെത്തിയത്.
''മാഡം അയേണ്‍ലേഡിയെപ്പോലെയാണല്ലോ മല കയറിയത്''
എന്നായിരുന്നു അവന്റെ കമന്റ്. മനസില്‍ ഒരു ലക്ഷ്യമുണ്ടെങ്കില്‍ യാത്ര എളുപ്പമാകുമെന്നാണ് ഞാന്‍ അവന് കൊടുത്ത മറുപടി.
1985 മുതല്‍ പതിനെട്ടുവര്‍ഷക്കാലം ഷീലാമ്മ അഭിനയത്തില്‍നിന്നൊഴിഞ്ഞുനിന്നു. എന്തിനുവേണ്ടിയായിരുന്നു ആ അജ്‌ഞാതവാസം?
മകനെ വളര്‍ത്താന്‍വേണ്ടി മനപ്പൂര്‍വമെടുത്ത അവധിയായിരുന്നു അത്. ഇടയ്‌ക്ക് ജയഭാരതിയെ പ്രധാന കഥാപാത്രമാക്കി ഒരു ടെലിഫിലിം ചെയ്‌തു. ദൂരദര്‍ശനുവേണ്ടി. ആ കഥ ദൂരദര്‍ശന്റെ തമിഴ്, മലയാളം കേന്ദ്രങ്ങളില്‍ നല്‍കിയിരുന്നു. തആ വര്‍ഷത്തെ മികച്ച ടെലിഫിലിമിനുള്ള അവാര്‍ഡും ലഭിച്ചു. പിന്നീട് സത്യന്‍ അന്തിക്കാട് വിളിച്ചപ്പോഴാണ് അഭിനയരംഗത്തേക്ക് തിരിച്ചുവന്നത്. 'മനസിനക്കരെ'യിലെ വേഷം അത്രയ്‌ക്ക് മികച്ചതായിരുന്നു.
നരേന്ദ്രമോഡിയുടെ 'ശുചിത്വഭാരത്' പോലുള്ള പരിപാടികളില്‍ കലാകാരന്മാരും സഹകരിക്കുന്നുണ്ട്. അതിനോടുള്ള സമീപനം?
നല്ല കാര്യമാണത്. പക്ഷേ ശുചിത്വം തുടങ്ങേണ്ടത് റോഡരികില്‍ നിന്നല്ല. വീട്ടുമുറ്റത്തുനിന്നാണ്. മാലിന്യം പുറത്തേക്ക് വലിച്ചെറിയുന്ന ശീലം ആദ്യം നിര്‍ത്തണം. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഫാന്‍സ് അസോസിയേഷനുകള്‍ക്ക് ഇക്കാര്യത്തില്‍ ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.
തിയറ്ററില്‍ കയറി കൈയടിക്കുകയും കൂവുകയും ചെയ്യാന്‍ മാത്രമുള്ളതല്ല ഫാന്‍സ് അസോസിയേഷനുകള്‍.
സമൂഹത്തിന് ഗുണകരമായ കാര്യങ്ങള്‍ അവര്‍ ഏറ്റെടുക്കണം. കമലഹാസന്റെ ഫാന്‍സിനെ നോക്കൂ. എന്തൊക്കെ കാര്യങ്ങളാണ് അവര്‍ ചെയ്യുന്നത്. എനിക്ക് ഫാന്‍സ് അസോസിയേഷന്‍ ഇല്ല. ഉണ്ടെങ്കില്‍ ഞാന്‍ നേതൃത്വം നല്‍കുമായിരുന്നു. തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ബാത്ത്‌റൂമിലൊന്ന് കയറിനോക്കുക. ഭീകരമായിരിക്കും അവസ്‌ഥ. അത് ക്ലീന്‍ ചെയ്യിക്കാനുള്ള ശ്രമം നടത്താനെങ്കിലും ഫാന്‍സുകാര്‍ക്ക് കഴിയണം. മമ്മൂട്ടിയും ലാലും സിനിമകളില്‍ അഭിനയിച്ചാല്‍ മാത്രം പോരാ. അവര്‍ പറഞ്ഞാല്‍ നൂറുകണക്കിന് ആരാധകര്‍ എന്തും ചെയ്യും. വെറുതെ ഒന്നു നിന്നുകൊടുത്താല്‍ മതി.
ആത്മാര്‍ഥതയുള്ളവരാണ് പൊതുവെ ആരാധകര്‍. താരത്തിനുവേണ്ടി ജീവന്‍ കൊടുക്കാന്‍ പോലും തയ്യാറുള്ളവര്‍. അവരെ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സന്മനസ്സ് ഇവര്‍ കാണിക്കണം.
(കടപ്പാട്- മംഗളം)