സഹനടനായും വില്ലനായും ഹാസ്യതാരമായും മലയാള സിനിമയില്‍ കഴിഞ്ഞ 37 വര്‍ഷമായി നിറഞ്ഞുനില്ക്കുകയാണ് പിറവത്ത് കാരുടെ സ്വന്തം ലാലു അലക്സ്. നാടിനെയും നാട്ടുകാരെയും ഏറെ ഇഷ്ടപ്പെടുന്നതുകൊണ്ടുതന്നെ പിറവത്ത് തന്നെ ജീവിക്കാനാണ് ലാലുവിന്റെ ആഗ്രഹം. കൃഷിയെയും കാര്‍ഷിക വൃത്തിയെയും ഇഷ്ടപ്പെടുകയും നാടിന്റെ വികസനം കൊതിയ്ക്കുകയും ചെയ്യുന്ന സിനിമാക്കാരിലെ വ്യത്യസ്തനാണ് ലാലു. ലാലു അലക്സ് ബിജെപിയില്‍ ചേരുന്നു എന്ന് അടുത്തിടെ ചില പ്രചാരണങ്ങളും ഉണ്ടായിരുന്നു.
സിനിമാക്കാരനായിട്ടും, എറണാകുളത്തെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് പിറവത്തെ സ്വന്തം വീട്ടില്‍ താമസം?
ഈ നാട്ടിന്‍പുറത്തെ ജീവിതത്തെയും താമസത്തെയും ആണ് ഞാനേറെ സ്‌നേഹിക്കുന്നത്. എന്നുവച്ച് എറണാകുളത്തെ ജീവിതമോ, അതിന്റെ പ്രാന്തപ്രദേശങ്ങളോ ഇഷ്‌ടമല്ല എന്നല്ല.എനിക്ക് സ്‌നേഹക്കൂടുതല്‍ നാടിനോടാണ് എന്നു മാത്രം. ഇവിടെയാകുമ്പോള്‍ എന്റെ കുടുംബം, കുടുംബക്കാര്‍, കൂടെ പഠിച്ചവര്‍, സുഹൃത്തുക്കള്‍, ഇടവക, പള്ളി, പാലം, പുഴ, അങ്ങനെ എല്ലാം എന്റേതെന്നു എനിക്ക് ധൈര്യമായി പറയാം. കൊച്ചിയിലെ തിരക്കുകളില്‍ അലിഞ്ഞുചേര്‍ന്നാല്‍ അങ്ങനെ പറയാന്‍ കഴിയില്ല.
പിന്നെ സിനിമാക്കാരനാകുന്നതിന് മുന്‍പ് തന്നെ ലാലു എന്ന എന്നെ പിറവത്തുകാര്‍ക്ക് അറിയാം. ഞാന്‍ ഇവിടെത്തന്നെ ജനിച്ച്, ഇവിടെ പഠിച്ച് ഈ നാട്ടില്‍ ജോലി ചെയ്‌തിരുന്നവനാണ്. പണ്ടുമുതലേ ഞാന്‍ കാണുന്ന മുഖങ്ങള്‍. അവരെ എപ്പോഴും കണ്ടോണ്ടിരിക്കുന്നത് ഒരു സുഖമുള്ള, സന്തോഷമുള്ള കാര്യമാണ്. പിറവിയുടെ സ്വന്തം നാടായ പിറവത്ത് പൗരാണികതയുണ്ട്.
പൂജ്യരാജാക്കന്‍മാരുടെ നാടാണ് പിറവം. അതുകൊണ്ടൊക്കെ പിറവം എന്നും എന്റെ ഹൃദയത്തിന്റെ ഭാഗമാണ്. പിന്നെ എറണാകുളം എന്നു പറയുന്നത് വലിയ ദൂരമൊന്നും അല്ലല്ലോ. ഇവിടുന്ന് വെറും 45 കിലോമീറ്റര്‍ ദൂരമല്ലേയുള്ളൂ. ഇപ്പോഴത്തെ ട്രാഫിക് ബ്ലോക്കില്‍ ദൂരം കൂടുന്നതായി നമുക്ക് തോന്നുന്നതല്ലേ.
പക്ഷേ അതുമൂലം സിനിമയില്‍ അവസരങ്ങള്‍ കുറയുന്നില്ലേ?
ഉണ്ടായിരിക്കാം. പക്ഷേ അതെന്നെ ബാധിക്കുന്ന കാര്യമല്ല. കാരണം ഓടിനടന്ന് സിനിമയില്‍ അഭിനയിക്കുന്ന ഒരു വ്യക്‌തിയല്ല ഞാന്‍. ആഴ്‌ചകളില്‍ ഇറങ്ങുന്ന എല്ലാ പടങ്ങളിലും അഭിനയിക്കുന്ന ഒരാളായിരുന്നുവെങ്കില്‍ ഒരു പക്ഷേ എന്നേ എറണാകുളത്തേയ്‌ക്ക് താമസം മാറിയേനെ.
എനിക്ക് അതിനോട് താത്‌പര്യമില്ല. ഒരൊറ്റ ജീവിതമേയുള്ളൂ. അത് നന്നായി ആസ്വദിക്കുക. അല്ലാതെ പണമുണ്ടാക്കാന്‍ മാത്രം ഓടിനടക്കുന്നതിനോട് എനിക്ക് താത്‌പര്യമില്ല. അങ്ങനെയുള്ളവര്‍ ആയിരിക്കും സിനിമ ഇന്‍ഡസ്‌ട്രിയില്‍ കൂടുതലും. പക്ഷേ എന്റെ പോളിസി ഇതാണ്.
ഒരു പക്ഷേ ഞാന്‍ എറണാകുളത്ത് ആയിരുന്നുവെങ്കില്‍ ദിവസവും സിനിമ കിട്ടിയേനെ. കൂടുതല്‍ സിനിമാ ചര്‍ച്ചകളില്‍ ഭാഗമാകാനും കൂടുതല്‍ എക്‌സ്പോഷര്‍ ഉണ്ടാക്കാനും സാധിച്ചേനെ. എന്നാല്‍ എനിക്കത് വേണ്ട. എന്റെ പ്രതിപത്തി നാടിനോടാണ്. ഇവിടുത്തെ ശാന്തത, ഇവിടുത്തെ ശുദ്ധജലം, മലിനീകരണക്കുറവ്, എനിക്ക് വേണ്ടത് ഇതൊക്കെയാണ്.
താങ്കള്‍ സെലക്‌ടീവാണോ?
ഒരിക്കലുമല്ല. എന്നെപ്പോലെ ഒരു നടനെ സംബന്ധിച്ച് ഒരിക്കലും ഉപയോഗിക്കാന്‍പോലും കഴിയാത്ത ഒരു വാക്കാണ് അത്. കാരണം ഞാന്‍ ഒരിക്കലും ഒരു വലിയ നടനല്ല. സിനിമയില്‍ നിന്നും കാര്യമായ സമ്പാദ്യവും ഉണ്ടാക്കിയിട്ടില്ല. പിന്നെന്താ ഒതുങ്ങി ജീവിക്കുന്നതെന്നു ചോദിച്ചാല്‍ ഞാന്‍ ഇങ്ങനെയൊക്കെയാണ് എന്നാണെന്റെ ഉത്തരം, അല്ലാതെ സെലക്‌ടീവായിട്ടൊന്നുമല്ല.നല്ല കഥാപാത്രങ്ങള്‍ കിട്ടണം, കൂടുതല്‍ നന്നായി അഭിനയിക്കണം. പേരുണ്ടാക്കണം. ഇങ്ങനത്തെ ആഗ്രഹങ്ങള്‍ എനിക്കുമുണ്ട്. പക്ഷേ അതിനുവേണ്ടി ആരുടെയടുത്തും അവസരം ചോദിച്ച് പോകാന്‍ ഒരുക്കമല്ല.
സിനിമയിലെ ആദ്യകാലത്ത് ഒരുപാട് സംവിധായകരെയും നിര്‍മ്മാതാക്കളെയും, എഴുത്തുകാരെയും നേരില്‍പോയി കണ്ട് ചാന്‍സ് ചോദിച്ചിട്ടുണ്ട്. അവരുടെ സിനിമയില്‍ എന്നെ സഹകരിപ്പിക്കണം എന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ അതിന്റെ ആവശ്യമില്ല.
ഒരു സിനിമയിലെ കഥാപാത്രത്തിന് എന്നെ ആവശ്യമാണെങ്കില്‍ ആ വേഷം എന്നെത്തന്നെ തേടിവരും എന്നാണെന്റെ വിശ്വാസം. എന്തായാലും മലയാള സിനിമയും നല്ല പ്രേക്ഷകരും ഉള്ളടത്തോളം കാലം ഇടയ്‌ക്കിടെ അഭ്രപാളിയില്‍ ഞാനുമുണ്ടാവും.
നാട്ടുകാര്‍ക്കിടയില്‍ ലാലു എങ്ങനെയാണ്?
അത് വളരെ പേഴ്‌സണല്‍ ആണ്. എങ്കിലും പറയാം. നാട്ടുകാര്‍ക്ക് എന്നെ വലിയ ഇഷ്‌ടമാണ്. അത് സിനിമാക്കാരനായതുകൊണ്ടല്ല. വേളയിലെ ലാലു ആയതുകൊണ്ടാണ്. നാട്ടുകാര്‍ക്കിടയില്‍ എന്നെപ്പറ്റി യാതൊരുവിധ മോശം അഭിപ്രായവും ഇല്ല. എന്നെക്കൊണ്ട് അവര്‍ക്കോ, അവരെക്കൊണ്ട് എനിക്കോ യാതൊരുവിധ ഉപദ്രവവും ഇല്ല. എല്ലാവരുമായി നല്ല സഹകരണമാണ്. പിന്നെ എന്റെ കഴിവിനെ അംഗീകരിക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരുമാണ് എന്റെ നാട്ടുകാര്‍. ഒരു നടനെ സംബന്ധിച്ച് നാട്ടുകാര്‍ക്കിടയില്‍ കിട്ടുന്ന അംഗീകാരത്തേക്കാള്‍ വലുതായി എന്താണുള്ളത്.
എവിടെ ഒരു മിമിക്രി വേദി ഉണ്ടോ, അവിടെ താങ്കളുടെ ശബ്‌ദാനുകരണം ഉറപ്പാണ്. എങ്ങനെയാണ് മിമിക്രിക്കാര്‍ക്ക് താങ്കളോടുള്ള പ്രിയം?
സത്യത്തില്‍ പലരും പറഞ്ഞ് ഞാനും ഇത് കേട്ടിട്ടുണ്ട്. ഒരു മിമിക്രി വേദിയില്‍ എന്റെ ശബ്‌ദാനുകരണം ഇല്ലാതെ പോകുന്നത് അപൂര്‍വ്വമാണ്. എന്താ അതിന്റെ കാരണം എന്നറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്. എന്നെ അനുകരിക്കുന്ന കലാകാരന്‍മാര്‍ക്ക് അതുകൊണ്ട് എന്തോ ഒരു പ്ലസ് ഉണ്ട്. ഒരു പക്ഷേ എന്റെ ശബ്‌ദംവച്ച് അവര്‍ക്ക് നന്നായി ഷൈന്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടാവാം. പിന്നെ എന്റെ ശബ്‌ദം അനുകരിക്കാനും എളുപ്പമായിരിക്കാം.
എന്തായാലും ആ കാര്യത്തില്‍ ഞാന്‍ വളരെ ഹാപ്പിയാണ്.വി.എസ്. അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ശബ്‌ദം അനുകരിക്കുന്ന വേദിയില്‍ ആണ് എന്റെ ശബ്‌ദവും അനുകരിക്കുന്നത്. അത് എന്നെപ്പോലെ ഒരു എളിയ കലാകാരന്റെ ഭാഗ്യമല്ലേ.
മിമിക്രി എന്നത് വലിയ ഒരു കലയാണ്. മിമിക്രി വേദിയിലൂടെ എത്തിയ പലരുമാണ് ഇന്ന് മലയാള സിനിമയിലെ മുടിചൂടാമന്നന്‍മാര്‍. അവര്‍ക്കിടയില്‍ എനിക്കുള്ള സ്‌ഥാനം തീര്‍ച്ചയായും അംഗീകാരമാണ്. പിന്നെ പൊതുവെ മിമിക്രി കലാകാരന്‍മാരോട് ഞാനും, തിരിച്ച് അവര്‍ എന്നോടും കൂടുതല്‍ അടുപ്പം കാണിക്കാറുണ്ട്.
കൃഷിയോടുള്ള താങ്കളുടെ താത്‌പര്യം എങ്ങനെയാണ്?
എന്റെ പ്രാണനാണ് കൃഷി. ഞങ്ങളുടെ കുടുംബം പാരമ്പര്യമായി കൃഷിക്കാരാണ്. അത് അനുവര്‍ത്തിച്ചുപോകുന്നതിന്റെ ഫലമായാണ് എന്റെ പറമ്പില്‍ കാണുന്ന ഈ പച്ചപ്പ്. വളരെ ചെറുപ്പത്തില്‍ത്തന്നെ പാടത്ത് കാളപൂട്ടാന്‍ എനിക്കറിയാമായിരുന്നു. പാടം ഉഴുതുമറിച്ച് ഞവിരി പിടിച്ച് ഞാറുനട്ട് വെള്ളം ഇറക്കി വറ്റിച്ചെടുക്കാന്‍ ഭയങ്കര ഇഷ്‌ടമായിരുന്നു. എങ്കിലും ചെറുക്കന്‍ കറുത്തുപോകുമെന്ന് പറഞ്ഞ് അപ്പനും വല്യപ്പന്‍മാരുമൊന്നും അതിന് സമ്മതിക്കില്ലായിരുന്നു. എന്നാലും തരംകിട്ടുമ്പോള്‍ ഞാന്‍ ഇതൊക്കെ ചെയ്യുമായിരുന്നു. സ്‌കൂള്‍ കാലയളവില്‍ കാളയെ കുളിപ്പിച്ച് തൊഴുത്ത് വൃത്തിയാക്കുന്നതൊക്കെ വലിയ ഹരമായിരുന്നു. എന്നെ സംബന്ധിച്ച് പണ്ടും ഇപ്പോഴും മഞ്ഞള്‍, ഇഞ്ചി, കപ്പക്കൃഷി എന്നിവ വലിയ ഇഷ്‌ടമാണ്.
പക്ഷേ ഇപ്പോള്‍ കേരളത്തിലെ കൃഷി വിസ്‌മൃതിയിലാണ്?
നമ്മുടെ കൊച്ചു കേരളത്തിന്റെ ഏറ്റവും വലിയ ദുരന്തമാണ് അത്. ഇടക്കാലത്ത് കേരളത്തില്‍ കൃഷി വ്യാപകമായി അപ്രത്യക്ഷമായിരുന്നു. കര്‍ഷകരുടെ ആത്മാഹൂതിയും ഒരു വാര്‍ത്തയായിരുന്നു. ആഗോളവത്‌ക്കരണം വരുത്തിവച്ച വിപത്തുകളായിട്ടാണ് എനിക്ക് ഇവയെ തോന്നിയിട്ടുള്ളത്.
ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്നത് കര്‍ഷകരെയാണ്. അവരുടെ അധ്വാനമാണ് നമ്മുടെ ജീവിതം. പക്ഷേ ഈയിടെയായി അതിന് കുറെ മാറ്റം വന്നിട്ടുണ്ട്. കൃഷി തിരിച്ചുകൊണ്ടുവരാനുള്ള ചില ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. മലയാളത്തിലെ ചില താരങ്ങളും കൃഷി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
പിന്നെ മോഡി സര്‍ക്കാര്‍ വലിയൊരു പ്രതീക്ഷയാണ്. കൃഷിക്കാര്‍ക്ക് വേണ്ടിയുള്ള പുതിയ ചില പദ്ധതികള്‍ അവര്‍ നടപ്പിലാക്കുന്നുണ്ട്. കേരളസര്‍ക്കാരും ചില നല്ല പദ്ധതികള്‍ കൊണ്ട് വരുന്നുണ്ട്.കൃഷിക്കാര്‍ക്ക് അത് വളരെ ഗുണകരമായി തീര്‍ന്നേക്കാം. പിന്നെ വെള്ളം, വൈദ്യുതി, മാലിന്യ നിര്‍മ്മാര്‍ജ്‌ജനം ഇവ കൂടി സമ്പൂര്‍ണ്ണമാക്കിയാല്‍ കേരളം ശരിക്കും ദൈവത്തിന്റെ സ്വന്തം നാടായി മാറും.
സാമൂഹിക വിഷയങ്ങളില്‍ താങ്കള്‍ വളരെ തത്‌പരനാണ്. പുതിയ മദ്യനയത്തെ പറ്റി എന്താണ് അഭിപ്രായം?
എനിക്ക് അതിനെപ്പറ്റി അഭിപ്രായം ഇല്ല. ആദ്യം പറഞ്ഞു നിരോധനമുണ്ടെന്ന്. ഇപ്പോള്‍ പറയുന്നു അതിന് പുതിയ മാനദണ്ഡങ്ങള്‍ വരാന്‍ പോകുന്നു എന്ന്. എനിക്കറിയാന്‍പാടില്ല ഈ പറയുന്നത് എന്താണെന്ന്. 'ഒരാള്‍' ഒന്നു പറയുന്നു. 'മറ്റൊരാള്‍' വേറൊന്നു പറയുന്നു.
ആദ്യം പറയുന്നു എല്ലാം അടച്ചുപൂട്ടിയെന്ന്. പിന്നെ പറയുന്നു എല്ലാം തുറന്നുവെന്ന്. എന്താ ഇതിങ്ങനെ? ഞാനിപ്പോള്‍ ഒരു തെറ്റുചെയ്യുന്നു. അതിനെന്നെ ശിക്ഷിക്കുന്നു. കുറച്ച് കഴിയുമ്പോള്‍ പറയുന്നു ഞാന്‍ ചെയ്‌തതില്‍ തെറ്റുണ്ടോ എന്ന് വീണ്ടും ആലോചിക്കണം എന്ന്. അപ്പോള്‍ പിന്നെ നേരത്തെ ആലോചിച്ചിട്ട് വേണ്ടേ ശിക്ഷ തരാന്‍? ഇതുപോലെയാണ് സര്‍ക്കാരിന്റെ പുതിയ മദ്യനയവും.
താങ്കള്‍ ആത്മീയതയുടെയും ഭക്‌തിയുടെയും ഉറവിടമാണെന്ന് കേള്‍ക്കുന്നു?
അത് ആള്‍ക്കാര്‍ വെറുതെ പറയുന്നതാണ്. അത്രയ്‌ക്ക് വലിയ ഭക്‌തിയുള്ള ആളൊന്നുമല്ല ഞാന്‍. എന്റെ അഭിപ്രായത്തില്‍ മലയാളസിനിമയിലെ ഏറ്റവും വലിയ ഭക്‌തന്‍ അഞ്ചുനേരവും നിസ്‌കരിക്കുന്ന മമ്മൂട്ടിയാണ്. എന്നെപ്പറ്റി എങ്ങനെയാണ് ഇങ്ങനെയൊരു വാര്‍ത്ത പരന്നത് എന്ന് അറിയില്ല.
കേരളത്തിലെ ഒട്ടുമിക്ക പള്ളികളിലും ഞാന്‍ പോകാറുണ്ട്. അവിടെല്ലാം വച്ച് എന്നെ കാണുന്നവരായിരിക്കാം ഇങ്ങനെ ഒരു കഥ ഉണ്ടാക്കിയത്. എന്തായാലും അവര്‍ തന്ന ഇമേജില്‍ ഞാന്‍ സന്തുഷ്‌ടനാണ്. അവര്‍ക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട്.
ഇത് വായിക്കുന്നവര്‍ ഒന്നറിയുക. കര്‍ത്താവായ യേശുക്രിസ്‌തുവില്‍ വിശ്വസിക്കുന്ന ഞാന്‍ ഒരു മതത്തിന്റെയും പ്രതിനിധി അല്ല.
ജനങ്ങളുടെ പ്രതിനിധിയാണ് ഞാന്‍. അവരാണ് എന്നെ ഇവിടെവരെ എത്തിച്ചത്. അതില്‍ ഹിന്ദുവുണ്ട്, മുസ്ലീമുണ്ട്, ക്രൈസ്‌തവരുണ്ട്. അച്‌ഛനും അമ്മയും പറഞ്ഞുതന്ന മാര്‍ഗത്തില്‍ വിശ്വസിച്ചാണ് ഞാന്‍ മുന്‍പോട്ടു പോകുന്നത്. ദൈവം സര്‍വശക്‌തനാണ്.
എന്റെ ദൈവം എന്നെ കൈവിടില്ല. അത് ഭക്‌തി കൂടിയതുകൊണ്ടല്ല, ഭക്‌തിക്കും ആത്മീയതയ്‌ക്കും അപ്പുറം എന്റെ വിശ്വാസം ഇങ്ങനെയാണ്. ''മനുഷ്യജീവിതം പുല്‍ക്കൊടിക്ക് തുല്യമാണ്. അത് വയലിലെ പുഷ്‌പങ്ങള്‍പോലെ വിടരുന്നു. ചൂടുകാറ്റ് അടിക്കുമ്പോള്‍ അത് തളര്‍ന്നുവീഴുന്നു. അതുനിന്ന സ്‌ഥലവും അജ്‌ഞാതമായിത്തീരുന്നു.''
വായന, എഴുത്ത്?
ചെറുപ്പം മുതലേ വായനയോട് വളരെ താത്‌പര്യം ഉള്ള ഒരാളാണ്. ആ താത്‌പര്യത്തിലേക്ക് എന്നെ നയിച്ചത് എം.ടി.യുടെ 'കാഥികന്റെ പണിപ്പുര' എന്ന പുസ്‌തകമാണ്. പിന്നീട് ഇരുട്ടിന്റെ ആത്മാവ്, അമ്മ, ഖസാക്കിന്റെ ഇതിഹാസം ഇതൊക്കെ വായിച്ചതോടെ വായനയോടുള്ള താത്‌പര്യം ഏറി.
പിന്നെ കുറച്ച് കഴിഞ്ഞപ്പോള്‍ വായനയില്‍ ഇംഗ്ലീഷ് സാഹിത്യവും എന്നെ കീഴ്‌പ്പെടുത്തി. ഇപ്പോള്‍ എഴുതാനുള്ള ശ്രമത്തിലാണ്. ഏറെ താമസിയാതെ അതുണ്ടാവും. ഒരു പക്ഷേ ഒരു പുതിയ മലയാളസിനിമയുടെ പിറവി ആ എഴുത്തിന്റെ ബാക്കിപാത്രമായിട്ടായിരിക്കാം.
(കടപ്പാട്-മംഗളം)