ഇന്റര്‍വ്യൂ

പ്രണയവും വിവാഹവുമൊന്നും ഇപ്പോള്‍ മനസിലില്ല- ശ്രീലക്ഷ്മി

മലയാളത്തിലെ മഹാനടനായ ജഗതി എന്ന പപ്പയുടെ പ്രിയപ്പെട്ട ലച്ചുവായ ശ്രീലക്ഷ്മി ഇപ്പോള്‍ നായികാനിരയിലേയ്ക്കുള്ള ചുവടുവയ്പ്പിലാണ്. ജീവിതത്തിലെ ശക്തിയായ പപ്പ തിരിച്ചുവരുന്നതിന്റെ സന്തോഷവും പപ്പയെ കാണാന്‍ പറ്റാത്തതിലുള്ള ദുഃഖവും ശ്രീലക്ഷ്മിയുടെ മുഖത്തുണ്ട്‌.

പുതു വര്‍ഷത്തോടൊപ്പം പുതിയ സിനിമയേയും കൂടി സ്വീകരിച്ചിരിക്കുകയാണ് ശ്രീലക്ഷ്മി. 'ക്രാന്തി' എന്നാണ് ചിത്രത്തിന്റെ പേര്. ലെനിന്‍ ബാലകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖങ്ങളാണ് ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരുമെല്ലാം. കോട്ടയത്തും എറണാകുളത്തുമായിട്ടാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.


കാരണവര്‍ ബ്രേക്കായി
ക്രിസ്മസ്രിലീസായിരുന്നു 'കാരണവര്‍' എന്ന സിനിമ. അത്യാവശ്യം നല്ല റെസ്പോന്‍സ് തന്നെ സിനിമയ്ക്ക് കിട്ടി. നാലു തലമുറയില്‍ പെട്ടവര്‍ ഒന്നിച്ച സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതുപോലെ തന്നെ ഇതിലെ മിക്കവരും സിനിമാ ബാക്ഗ്രൗണ്ടില്‍ നിന്നുള്ളവരാണ്. പാരമ്പര്യം ഞങ്ങളെ എല്ലാവരെയും സഹായിച്ചുവെന്ന് തന്നെ പറയാം. വളരെ പെട്ടെന്ന് എല്ലാവരുമായി ഇടപഴകാന്‍ പറ്റി. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് എന്നെ അതിലേക്ക് ക്ഷണിക്കുന്നത്. പിന്നെ, കാളിദാസ ഫിലിംസ് കൂടിയാതു കൊണ്ട് മറിച്ചെന്നും ചിന്തിക്കേണ്ടി വന്നില്ല.


ആങ്കറിംഗ് തുറന്ന വഴി
ആങ്കറിംഗ് വിട്ടിട്ടൊന്നുമില്ല. ഔട്ട്‌സൈഡ് ഇവന്റൊക്കെ ഇപ്പോഴും ചെയ്യുന്നുണ്ട്. പപ്പ വഴിയാണ് ഞാന്‍ ആങ്കറിംഗിലേക്ക് തിരിയുന്നത്. അന്ന് എനിക്ക് പതിനാറ് വയസ്സാണ്. ആദ്യമൊക്കെ അല്പം ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് ഞാന്‍ അതുമായി പൊരുത്തപ്പെട്ടു. ലൈവായി ചെയ്യേണ്ടി വരുമ്പോള്‍ ശരിക്കും എന്‍ജോയ് ചെയ്ത് തന്നെയാണ് അവതരിപ്പിക്കുന്നത്. അവിടെ ടെന്‍ഷന്‍ അടിച്ചാല്‍ പിന്നെ പ്രോഗ്രാം മൊത്തത്തില്‍ നാശമാകും. കുഞ്ഞുന്നാള്‍ മുതലേ എനിക്ക് സംസാരിക്കാന്‍ ഇഷ്ടമായിരുന്നതു കൊണ്ട് ഈ പ്രൊഫഷന്‍ നന്നായി എനിക്ക് ചെയ്യാന്‍ പറ്റുന്നുണ്ട്. ഇപ്പോള്‍ സിനിമ കൂടി ആയതോടെ പുറത്തു നിന്നുള്ള ഇവന്റ്‌സ് ആണ് കൂടുതലും ചെയ്യുന്നത്.


ബിഗ് സ്‌ക്രീനിലേക്ക്
'അയ്യര്‍ ഇന്‍ പാകിസ്ഥാന്‍'എന്ന ചിത്രത്തിലേക്കാണ് ആദ്യ ഓഫര്‍ വന്നത്. പക്ഷേ, ചിത്രം റിലീസായില്ല. 'വണ്‍സ് അപ്പോണ്‍ എ ടൈം ദെയര്‍ വാസ് എ കള്ളന്‍' എന്ന ചിത്രമായിരുന്നു ആദ്യം റിലീസായത്. അതിന് ശേഷമായിരുന്നു 'ഓടും രാജ ആടും റാണി' വന്നത്. അതായിരുന്നു എനിക്ക് ബ്രേക്ക് നല്‍കിയത്. അതിലെ അഭിനയത്തിന് ഒത്തിരി പേര്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. വളരെ ഡിഫറന്റ് ആയിട്ടുള്ള ഒരു കഥാപാത്രത്തെയാണ് ഞാന്‍ അതില്‍ അവതരിപ്പിച്ചത്. ശരിക്കും അതൊരു ചലഞ്ച് തന്നെയായിരുന്നു. ഒരു നാടോടി പെണ്‍കുട്ടിയുടെ വേഷമായിരുന്നു ഞാന്‍ ചെയ്തത്.


വള്‍ഗര്‍ ആകാന്‍ പറ്റില്ല
എനിക്ക് വള്‍ഗര്‍ അല്ല എന്ന് തോന്നുന്ന വസ്ത്രം ധരിക്കുന്നതിലോ അഭിനയിക്കുന്നതിലോ പ്രശ്‌നമില്ല. എക്‌സ്‌പോസ് ചെയ്യാന്‍ ഞാന്‍ തയ്യറല്ല. ഗ്ലാമര്‍ റോളുകള്‍ ചെയ്യുന്നതില്‍ ബുദ്ധിമുട്ടൊന്നുമില്ല. എന്നും ഒരുപോലത്തെ വേഷം ചെയ്യാന്‍ പറ്റില്ലല്ലോ. ഒരു അഭിനേത്രി എന്ന നിലയില്‍ എല്ലാത്തരം വേഷങ്ങളും ചെയ്യണമെന്നാണ് ആഗ്രഹം. എല്ലാത്തിലും എനിക്ക് എന്റേതായ ലിമിറ്റ് ഞാന്‍ വച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് മോശമായി തോന്നുന്ന വേഷങ്ങള്‍ ഞാന്‍ ചെയ്യില്ല.


ക്രാന്തിയില്‍ വയലിനിസ്റ്റ്
ദിവ്യ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഒരു മ്യൂസിക് ബാന്‍ഡിലെ നാലു പേരെ കുറിച്ചിട്ടുള്ള കഥയാണ് ചിത്രം പറയുന്നത് . ഇതിലെ എന്റെ കഥാപാത്രം ഒരു വയലിനിസ്റ്റാണ്. ചിത്രത്തില്‍ ഞാന്‍ മൂന്ന് മേക്കോവറുകളില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്. മുമ്പ് കുറച്ച് നാള്‍ വയലിന്‍ ഞാനും പഠിച്ചിട്ടുണ്ട്. അത് എന്തായാലും ഈ ചിത്രത്തിന് ഉപകരിക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. ചിത്രം ഒരു മ്യൂസിക് ത്രില്ലറാണ്.


പപ്പയുടെ ലച്ചു
പപ്പ തന്നെയാണ് എന്റെ ശക്തി. ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുയാണ്. പപ്പയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ മാത്രമാണ് എന്റെ മനസില്‍. എത്രയും പെട്ടെന്ന് പഴയ പോലെ പപ്പയെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാവരേയും തിരിച്ചറിയാന്‍ ഇപ്പോള്‍ പറ്റുന്നുണ്ട്. സിനിമകളൊക്കെ കാണാറുണ്ട്. കിലുക്കമൊക്കെ കണ്ട് ചിരിക്കാറുണ്ട്. പപ്പയാണ് എനിക്ക് ഈ പേരിട്ടത്. പപ്പയും അമ്മയും ആദ്യം താമസിച്ചിരുന്ന വീടിന്റെ പേര് ലക്ഷ്മിനിവാസ് എന്നാണ്. ഞാന്‍ ജനിച്ചപ്പോള്‍ ശ്രീകുമാറിന്റെ 'ശ്രീ'യും 'ലക്ഷ്മി'യും ചേര്‍ത്താണ് പപ്പ എനിക്ക് ശ്രീലക്ഷ്മിയെന്ന് പേരിട്ടത്.


പഠനം പഠനത്തിന്റെ വഴിയ്ക്ക്
ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. സേക്രട്ട് ഹാര്‍ട്ട് കോളേജിലാണ് പഠിക്കുന്നത്. കോളേജ് നല്‍കുന്ന സപ്പോര്‍ട്ട് തന്നെയാണ് അഭിനയവും പഠനവും ഒരുമിച്ച് കൊണ്ട് പോകാന്‍ സഹായിക്കുന്നത്. രാത്രിവൈകിയാണ് ഷൂട്ട് കഴിയുന്നതെങ്കിലും ഞാന്‍ പിറ്റേ ദിവസവും കോളേജില്‍ എത്താന്‍ ശ്രമിക്കാറുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം ചിലവഴിക്കുമ്പോള്‍ ദു:ഖങ്ങളൊക്കെ മറക്കും. എല്ലാവരും വളരെ സപ്പോര്‍ട്ടീവാണ്.


സിനിമയില്‍ സെലക്ടീവാണ്
അഭിനയത്തില്‍ ഞാന്‍ സെലക്ടീവാണ്. ഒരുപാട് സിനിമകളില്‍ അഭിനയിക്കണമെന്ന താല്‍പര്യമൊന്നുമില്ല. നല്ല വേഷങ്ങള്‍ മാത്രം അഭിനയിക്കണമെന്നേയുള്ളു. വലിയ വലിയ ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊന്നുമില്ല. എല്ലാവരും ഓര്‍ത്തിരിക്കുന്ന കുറച്ച് കഥാപാത്രങ്ങള്‍ ചെയ്യണമെന്നേയുള്ളു. അന്യ ഭാഷകളില്‍ നിന്നൊക്കെ ഓഫറുകള്‍ വരുന്നുണ്ട്. മാര്‍ച്ചില്‍ ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. സ്വപ്ന വേഷമായിട്ടൊന്നുമില്ല. നല്ല സംവിധായകര്‍ക്കും നല്ല തിരക്കഥാകൃത്തുക്കള്‍ക്കുമൊപ്പം വര്‍ക്ക് ചെയ്യണം. അതാണ് സ്വപ്നം. നല്ല കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ കഴിയണം. അതാണ് ആഗ്രഹം.


പ്രണയിക്കാന്‍ സമയമില്ല
പ്രണയവും വിവാഹവുമൊന്നും ഇപ്പോള്‍ മനസിലില്ല. മിനിമം ഇരുപത്തിയഞ്ച് വയസെങ്കിലും ആകാതെ വിവാഹം ഇല്ല. ഈ സമയത്ത് ശരിക്കും അടിച്ചു പൊളിച്ച് നടക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ പ്രണയിക്കാനും സമയമില്ല. ഇപ്പേള്‍ സൗഹൃദത്തിന് തന്നെയാണ് പ്രാധാന്യം.

(കടപ്പാട്- കേരളാ കൗമുദി)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions