വിവാദങ്ങളുടെ സഹയാത്രികയായിരുന്നു ശ്വേതാ മോനോന്‍. ശ്വേതയുടെ അഭിനയവും വിവാഹവും പ്രസവവുംവരെ മാധ്യമങ്ങള്‍ കൊണ്ടാടിയതാണ്. അങ്ങനെ ശ്വേതയും ശ്രീവത്സന്‍ മേനോനും മകള്‍ സബൈനയും ഏതൊരു മലയാളിക്കും പരിചിതരായി. പ്രതിസന്ധി ഘട്ടങ്ങളില്‍ തനിക്കു തുണയായി നിന്ന് അവയെ തരണം ചെയ്യാന്‍ ശ്രീവത്സന്‍ മേനോന്‍ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് ശ്വേത പറയുന്നു. എന്തെല്ലാം പ്രയാസം വന്നെങ്കിലും അതെല്ലാം നേരിടാനുള്ള ധൈര്യവുമായാണ് ശ്രീവത്സന്‍ എന്ന ഭര്‍ത്താവ് ശ്വേതയെ തന്നോട് ചേര്‍ത്തുനിര്‍ത്തിയത്. ശ്രീവത്സനെക്കുറിച്ച് ശ്വേത തന്നെ പറയുന്നു.
പല പ്രയാസങ്ങളും ജീവിതത്തില്‍ അനുഭവപ്പെട്ടിട്ടുണ്ട്. ആ സമയത്ത് കൂടെയുണ്ടായിരുന്ന ഭര്‍ത്താവിന്റെ മനസില്‍ എന്തെല്ലാമായിരുന്നെന്ന് ചിന്തിച്ചിട്ടുണ്ടോ?
എന്നെപ്പോലെ തന്നെ ശ്രീയും ഏറെ വിഷമിച്ച സമയമായിരുന്നു അതെല്ലാം. ഭര്‍ത്താവ് എന്നതിലുപരി ശ്രീ എന്റെ നല്ലൊരു സുഹൃത്താണ്. മുന്‍പ് വള്ളംകളി ഉത്‌ഘാടനവും, കളിമണ്ണുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും ഒക്കെ നടക്കുന്ന സമയത്ത് നല്ല സുഹൃത്തിനെപ്പോലെ ഒപ്പം ഇരുന്ന് നമുക്ക് എന്ത് തീരുമാനം എടുക്കാം, അല്ലെങ്കില്‍ എന്താണ് പോംവഴി എന്ന് ആലോചിക്കുകയും ഒറ്റപ്പെട്ട് പോകാതിരിക്കാന്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്‌ത വ്യക്‌തി. അദ്ദേഹം ഒരുപാട് കഷ്‌ടപ്പെട്ടിട്ടുമുണ്ട്.
കാരണം ഭാര്യ എന്നതിനേക്കാള്‍ ഞാന്‍ ഒരു നടിയാണ്, അമ്മയാണ്, എന്റെ അച്‌ഛന്റെ മകളാണ്. അങ്ങനെ ഒരുപാട് റോളുകള്‍ കൈകാര്യം ചെയ്യുന്ന ഒരു വ്യക്‌തിയെ ഹാന്‍ഡില്‍ ചെയ്യുക എന്നത് നിസാരമല്ല. എല്ലാത്തിനുമുപരി അദ്ദേഹം ഒരു ജേര്‍ണലിസ്‌റ്റ് ആണ്. അതുകൊണ്ടുതന്നെ ഭാര്യയായ ഞാനും നടിയായ ശ്വേതയും ഒക്കെ ഏതറ്റംവരെ ചിന്തിക്കുമെന്ന് ശ്രീക്ക് അറിയാം. എന്നെ നിയന്ത്രിക്കുന്ന ഒരു ഭര്‍ത്താവല്ല സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ആളാണ് ശ്രീ.
തന്നെക്കാള്‍ പ്രശസ്‌തയായ ഭാര്യ എന്ന ഈഗോ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
ഇല്ല. അത്രയും പൊസസീവായതും ഇടുങ്ങിയ ചിന്താഗതിയുള്ളതുമായ ആളുമൊന്നുമല്ല ശ്രീ. അദ്ദേഹം അറിയപ്പെടുന്ന ഒരു പത്ര പ്രവര്‍ത്തകനാണ്. ജീവിതത്തിലെ എല്ലാവശങ്ങളേയും കുറിച്ച് നല്ല ബോധ്യമുള്ള ആളുമാണ്. ആളുകളെ സ്‌നേഹിക്കുകയല്ലാതെ അവരെ അടക്കിപിടിച്ച് ആജ്‌ഞകള്‍ മാത്രം കൊടുക്കുന്ന ജീവിതം എന്ത് ജീവിതമാണ് എന്നാണ് ശ്രീയുടെ കാഴ്‌ചപ്പാട്.
ഞങ്ങളുടെ വിവാഹത്തിന്റന്നുതന്നെയാണ് രതിനിര്‍വ്വേദം സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ നടന്നത്. ശ്രീ അതിന്റെ സംഘാടകരെ വിളിച്ചുപറഞ്ഞത് "വിവാഹമാണെന്നുകരുതി നിങ്ങള്‍ ഒന്നും മുടക്കേണ്ട. നിങ്ങള്‍ ജോലി ചെയ്‌തോളൂ." എന്നാണ്. എനിക്ക് അഭിമാനിക്കാവുന്ന ഒരു സുഹൃത്താണ് ശ്രീ. എന്റെ നെഗറ്റീവും പോസിറ്റീവുമായ വശങ്ങള്‍ എല്ലാം അദ്ദേഹത്തിനറിയാം.
ഒരു നടിയെ വിവാഹം കഴിക്കുമ്പോള്‍ പല ഘടകങ്ങളും ഒരാളെ സ്വാധീനിക്കും എന്താണ് അദ്ദേഹത്തെ സ്വാധീനിച്ചിരുന്നത്?
സിനിമാ നടിയെ വിവാഹം കഴിക്കുന്നത് അവരുടെ പണം, പ്രശസ്‌തി, സൗന്ദര്യം ഇതൊക്കെ കണ്ടിട്ടാണ് എന്നാണ് മിക്കവരുടേയും ധാരണ. വിവാഹത്തിന് മുന്‍പേ ഞങ്ങള്‍ പരസ്‌പരം മനസിലാക്കിയിരുന്നു. പരിചയപ്പെടുമ്പോഴേ ഞാന്‍ എസ്‌റ്റാബ്ലിഷായ വ്യക്‌തിയാണ്.
നിങ്ങള്‍ കാണുന്ന ശ്വേതയല്ല ശ്രീയുടെ അമ്മു. എന്റെ ഭര്‍ത്താവ് ഒരു നടിയായി എന്നെ കണ്ടിട്ടില്ല. എന്ത് സൗന്ദര്യമുണ്ടായാലും എങ്ങനെയൊക്കെ കാശുണ്ടായാലും ഒരു പെണ്ണെന്നത് മറക്കാതെ ജീവിക്കുക. ഞാന്‍ ഇന്നയാളുടെ ഭാര്യയാണ്, ഒരു വീട്ടമ്മയാണ് ഇതൊന്നും മറക്കരുത്.
അഭിനയം എന്റെ തൊഴിലാണ്. അതുകൊണ്ടുതന്നെ മേയ്‌ക്കപ്പിട്ടുകഴിഞ്ഞാല്‍ മറ്റൊരാളാണ്. ശരിക്കും ഒരു മുഖംമൂടി അണിയുന്നതുപോലെ. അല്ലാത്തപ്പോള്‍ ശരിക്കും ഒരു വീട്ടമ്മയും. എന്നിലെ സാധാരണക്കാരിയായ സ്‌ത്രീയെയാണ് അദ്ദേഹം സ്‌നേഹിച്ചതും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതും.
വീട്ടമ്മയായി ഒതുങ്ങാതിരിക്കാനും സഹായിച്ചിട്ടുണ്ട്?
വിവാഹശേഷം അഭിനയത്തില്‍ നിന്ന് പി ന്‍മാറി, കുട്ടികളുണ്ടായ ശേഷം അഭിനയിക്കുന്നില്ല അങ്ങനെയുള്ള വാദത്തിനൊന്നും ഒരു പ്രസക്‌തിയും ഇല്ല. അഭിനയം മാത്രമല്ലല്ലോ മറ്റ് മേഖലകളില്‍ ജോലിചെയ്യുന്ന സ്‌ത്രീകളും വിവാഹശേഷവും കുട്ടികളുണ്ടായശേഷവും ജോലിക്ക് പോകുന്നുണ്ട്. പ്രസവിച്ച് കഴിഞ്ഞ് 56 ദിവസം കഴിഞ്ഞ് കുഞ്ഞിനെ ഇട്ട് ജോലി ചെയ്യുന്നവരുണ്ട്.
ഇതൊക്കെ നമ്മുടെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളാണ്. എല്ലാം എല്ലാവരുടേയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്. ചിലര്‍ വിവാഹം കഴിഞ്ഞും കുട്ടികളുണ്ടായ ശേഷവും ജോലി ചെയ്യുന്നില്ല. അത് അവരുടെ താല്‍പര്യം. എന്നെ സംബന്ധിച്ചിടത്തോളം വെറുതെ വീട്ടിലിരുന്ന് ബോറടിക്കുന്നതിനോട് താല്‍പര്യമില്ല.
മകള്‍ വളര്‍ന്നുവരുമ്പോള്‍ അവള്‍ക്ക് ഒരു മാതൃകയാവാനാണ് എനിക്കിഷ്‌ടം ആക്‌ടീവായ അമ്മയാകണം. അവള്‍ക്ക് അറിവാകുമ്പോള്‍ എന്നെ മടി പിടിച്ചിരിക്കുന്ന ആളായി അവള്‍ കാണേണ്ട. തന്നെയുമല്ല അങ്ങനെ ഒതുങ്ങി കൂടുന്നതിനോട് താല്‍പര്യവും ഇല്ല. എന്റെ ഭര്‍ത്താവും ഇതേ കാഴ്‌ചപ്പാടുള്ള ആളാണ്. എന്നെ വീട്ടിലിരുത്തണമെന്നോ, ഭാര്യ പ്രശസ്‌തയായാല്‍ സഹിക്കാന്‍ കഴിയാത്ത ആളോ അല്ല അദ്ദേഹം.
ഒരു കാലത്ത് മകളെ സിനിമയില്‍ കൊണ്ടുവരാന്‍ അച്‌ഛന് സമ്മതമാണോ?
തീര്‍ച്ചയായും ഞങ്ങള്‍ അതിനോട് യോജിക്കുന്നു. അവള്‍ക്ക് അവളുടേതായ തീരുമാനങ്ങള്‍ എടുക്കാന്‍ സ്വാതന്ത്രമുണ്ട്. ഞാന്‍ ഏറെ സ്‌നേഹിക്കുന്ന ഫീല്‍ഡിലേക്ക് മകള്‍ വരുന്നത് സന്തോഷമുള്ള കാര്യമാണല്ലോ. ഇപ്പോള്‍ അവള്‍ക്ക് രണ്ട് വയസും രണ്ട് മാസവുമായി. ചൈല്‍ഡ് ആര്‍ട്ടിസ്‌റ്റായി ഇപ്പോള്‍ അവസരം കിട്ടിയാലും ഞങ്ങള്‍ക്ക് സമ്മതം. എല്ലാം ആഗ്രഹിക്കാം. ഭാവി എന്നുപറയുമ്പോള്‍ എല്ലാം കുട്ടികളുടെ വിധിയാണ്. അവിടെ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല.
ഇന്ന് വിവാഹമോചനം ഒരു ട്രെന്‍ഡാണ് എങ്ങനെ കാണുന്നു?
ഒന്നാമത് ഇക്കാര്യത്തിലൊന്നും അഭിപ്രായം പറയാന്‍ നമുക്കാവില്ല. അത് വ്യക്‌തിപരമായ കാരണങ്ങളും തീരുമാനങ്ങളുമാണ്. രണ്ടുപേര്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വേര്‍പിരിയുക അതാണ് നല്ല തീരുമാനം. എല്ലാം സഹിച്ച് ജീവിക്കേണ്ടതില്ല. ഇപ്പോഴത്തെ കുട്ടികള്‍ വിവാഹമോചനം നേടുന്നതിന്റെ കാരണങ്ങള്‍ അതിശയവും എത്ര വിവേകശൂന്യവുമാണ്
ഒരിക്കല്‍ കൊച്ചിന്‍ ഫാമിലികോര്‍ട്ടില്‍ പോകേണ്ട ആവശ്യമുണ്ടായി. അവിടെ ചെന്നപ്പോള്‍ ഒരു കേസ്. ഭര്‍ത്താവിന്റെ കൂര്‍ക്കംവലി സഹിക്കാന്‍ പറ്റാത്തതുകൊണ്ട് പെണ്‍കുട്ടിക്ക് വിവാഹമോചനം വേണമത്രേ. ഇത്തരം ബുദ്ധിശൂന്യമായ കാരണങ്ങളല്ലാതെ യഥാര്‍ഥമായ കാരണങ്ങള്‍കൊണ്ട് അതായത് രണ്ട് ആളുകള്‍ക്ക് ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയാത്ത സാഹചര്യങ്ങളുണ്ടെങ്കില്‍ പിരിയുക എന്നല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല.
കുട്ടികള്‍ ഉണ്ടെങ്കില്‍ ഈ അടിപിടികള്‍ക്കിടയില്‍ അവരുടെ ജീവിതവും നശിക്കും. മറ്റൊന്ന് കുട്ടികളുടെ മുന്നില്‍ പരസ്‌പരം കുറ്റപ്പെടുത്തും. അവര്‍ക്ക് അച്‌ഛനമ്മമാരോടുളള എല്ലാ ബഹുമാനവും ഇല്ലാതാകും. അച്‌ഛനും അമ്മയും ഇങ്ങനെയൊക്കെയാണ് എന്നാല്‍പിന്നെ എനിക്ക് ഇഷ്‌ടംപോലെ ജീവിച്ചാലെന്താ എന്ന് തോന്നിതുടങ്ങും.
(കടപ്പാട്-കന്യക)