ഇന്റര്‍വ്യൂ

ഒരു പ്രത്യേക പരിധിക്കുള്ളില്‍ ജീവിക്കാന്‍ പറ്റുന്ന ആളല്ല ഞാന്‍ - നവ്യാനായര്‍

വിവാഹശേഷം മുംബൈക്കാരി വീട്ടമ്മയുടെ റോള്‍ കൂടി വിജയകരമായി ചെയ്തുവരുകയാണ് നവ്യാനായര്‍. അഞ്ചുവര്‍ഷമായി ഭര്‍ത്താവിന്റെ ജോലിസംബന്ധമായി മുംബൈയിലെ ഫ്ലാറ്റിലാണ്‌ താമസം. തനി ഗ്രാമീണ പെണ്‍കുട്ടിയില്‍ നിന്ന്‌ മുംബൈ ജീവിതത്തിന്റെ ആഘോഷങ്ങളിലേക്ക്‌ മാറിയിരിക്കുന്നു നവ്യ. നഗരവാസം നവ്യയുടെ ജീവിതത്തിലും മാറ്റങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട്‌.

മുംബൈ ജീവിതം എങ്ങനെ പോകുന്നു?
ഓരോ സ്‌ഥലങ്ങളിലും അവരുടേതായ ചില രീതികളുണ്ട്‌. ഞാന്‍ ജീവിച്ചുശീലിച്ച ശൈലിയല്ല മുംബൈയിലേത്‌. നാട്ടിന്‍പുറത്ത്‌ ജനിച്ചുവളര്‍ന്ന എനിക്ക്‌ തന്നെ എന്റെ മാറ്റങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്നുണ്ട്‌. സ്വഭാവത്തിലും ജീവിതത്തിലും എല്ലാം അത്‌ ബാധിച്ചിട്ടുണ്ട്‌.
പണ്ടൊക്കെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട്‌ മുംബൈ അടക്കം പല നഗരങ്ങളിലും താമസിച്ചിട്ടുണ്ട്‌. പക്ഷേ അന്ന്‌ ഇത്രയും ഉത്തരവാദിത്വങ്ങളില്ലായിരുന്നു. ഇപ്പോള്‍ ഭര്‍ത്താവ്‌, കുഞ്ഞ്‌, കുടുംബം അതെല്ലാം നന്നായി നോക്കണം.

നഗരജീവിതമാണോ ഗ്രാമജീവിതമാണോ കൂടുതലിഷ്‌ടം?
നഗരവും ഗ്രാമവും തമ്മില്‍ ഒരുപാട്‌ വ്യത്യാസങ്ങളുണ്ട്‌. നഗരമാകുമ്പോള്‍ നമുക്ക്‌ കൂടുതല്‍ അവൈലബിലിറ്റിയുണ്ട്‌. ഒന്നിനേയും തേടിപ്പോകേണ്ട കാര്യമില്ല. എല്ലാം നമ്മുടെ കൈയെത്തും ദൂരത്തുണ്ട്‌. എന്നാല്‍ ഗ്രാമത്തിലെപ്പോലെ പ്രകൃതിഭംഗി തുളുമ്പുന്ന നെല്‍പ്പാടങ്ങളോ പുഴകളോ ഒന്നും നഗരത്തില്‍ കാണാറില്ല.
നഗരത്തില്‍ നിന്നും വ്യത്യസ്‌തമാണ്‌ ഗ്രാമം. അവിടെ പൂക്കളും പുഴകളും കണ്ണിനു കുളിര്‍മയേറുന്ന ഒരുപാട്‌ കാഴ്‌ചകളുണ്ട്‌. പക്ഷേ ജീവിതസൗകര്യങ്ങള്‍ കുറവാണ്‌.

വിവാഹശേഷം സൗന്ദര്യത്തിന്‌ ഒരുപാട്‌ പ്രാധാന്യം കൊടുക്കുന്നുണ്ടല്ലോ?
തീര്‍ച്ചയായിട്ടും. എനിക്കും അങ്ങനെ തോന്നുന്നുണ്ട്‌. സിനിമയില്‍ സജീവമായിരുന്നകാലത്ത്‌ സൗന്ദര്യത്തിന്‌ ഞാന്‍ ഇത്രയധികം പ്രാധാന്യം നല്‍കിയിട്ടില്ല. അത്‌ മുംബൈ ജീവിതം സൃഷ്‌ടിച്ച മാറ്റമാണ്‌. കാരണം നാട്ടിലാണെങ്കില്‍ ഒരു ബ്യൂട്ടിപാര്‍ലറില്‍ പോകണമെങ്കില്‍ വണ്ടിയെടുത്ത്‌ രണ്ടരകിലോമീറ്റര്‍ യാത്രചെയ്യണം.
അതുപോലെ ജിമ്മില്‍ പോകണമെങ്കില്‍ ഒരു നിശ്‌ചിതസമയംവച്ച്‌ പോയി ജിം ഉപയോഗിക്കണം. മുംബൈയില്‍ നമ്മുടെ അടുത്ത്‌ ഒരുപാട്‌ ബ്യൂട്ടിപാര്‍ലറുകളുണ്ട്‌. ഞങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റില്‍ സ്വന്തമായി ജിമ്മുണ്ട്‌. ഏതു സമയത്തും ജിം ഉപയോഗിക്കാം. ഞാന്‍ സ്‌ഥിരമായി ജിമ്മില്‍ പോകാറുണ്ട്‌. സ്വന്തമായിട്ട്‌ ജിമ്മില്‍ ഞാനൊരു ട്രെയിനറെയും വച്ചിട്ടുണ്ട്‌.

വിവാഹം കഴിഞ്ഞ്‌ പോയ നടികളെല്ലാം സിനിമയില്‍ തിരിച്ചെത്തുന്നുണ്ട്‌?
ഞാന്‍ പൂര്‍ണ്ണമായും സിനിമയില്‍ നിന്നും വിട്ടുപോയിട്ടില്ല. കഴിഞ്ഞവര്‍ഷം ദൃശ്യം എന്ന സിനിമയുടെ കന്നഡപതിപ്പില്‍ അഭിനയിച്ചിരുന്നു. പിന്നെ സായിക്ക്‌ അവന്റെ അച്‌ഛനേക്കാള്‍ കുറച്ചുകൂടി അടുപ്പം എന്നോടാണ്‌. എന്നെ വിട്ട്‌ അവനെങ്ങും നില്‍ക്കില്ല. അതുകൊണ്ട്‌ ഫുള്‍ടൈം സിനിമയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ താല്‌പര്യമില്ല. നല്ല കഥകള്‍ കിട്ടിയാല്‍ വര്‍ഷത്തില്‍ ഒരു പടമൊക്കെ ചെയ്യും. അതാകുമ്പോള്‍ സായിയെ കാര്യമായി വിട്ടുനില്‍ക്കേണ്ടിവരില്ല.


ജീവിതത്തിലെ അമ്മയുടെ റോള്‍ ആസ്വദിക്കുന്നുണ്ടോ?
ഞാന്‍ ഇന്നുവരെ സായിയെ പിരിഞ്ഞുനിന്നിട്ടില്ല. അവനെ ഒറ്റയ്‌ക്കാക്കി എവിടെയും പോകാറില്ല. എത്ര ബിസിയാണെങ്കിലും അവന്റെ എല്ലാ കാര്യങ്ങളും ഞാന്‍ തന്നെ നോക്കും. അതൊക്കെ ഒരു അമ്മയെന്ന നിലയില്‍ സന്തോഷവും സംതൃപ്‌തിയും നല്‍കുന്ന കാര്യമാണ്‌. പിന്നെ പ്രോഗ്രാമുകള്‍ കമ്മിറ്റ്‌ ചെയ്‌താലും ശനി, ഞായര്‍ ദിവസങ്ങളിലെ ചെയ്യാറുള്ളൂ. അപ്പോള്‍ കുഞ്ഞുമായി പ്രോഗ്രാമിനു പോകാന്‍ സാധിക്കും.
എനിക്ക്‌ എത്ര വയ്യാണ്ടിരിക്കുന്ന സമയങ്ങളില്‍പ്പോലും അവന്റെ കാര്യങ്ങള്‍ എനിക്കു തന്നെ ചെയ്യണം അതൊക്കെ ഞങ്ങള്‍ക്കിടയില്‍ ഒരു അടുപ്പം സൃഷ്‌ടിച്ചിട്ടുണ്ട്‌. എന്റെ മനസിലെപ്പോഴും കുഞ്ഞിന്റെ കാര്യമാണ്‌. ഒരു പക്ഷേ സന്തോഷേട്ടന്റെ കാര്യത്തില്‍ പോലും അത്ര ശ്രദ്ധകൊടുക്കാറില്ല.
കാരണം ഏട്ടന്‍ മുതിര്‍ന്ന ആളാണെന്നറിയാം. ഭക്ഷണം കഴിക്കണം, സ്വന്തം കാര്യങ്ങള്‍ നോക്കണം എന്നൊക്കെ ഏട്ടനറിയാം. പക്ഷേ മോന്‍ അങ്ങനെയല്ല. അവനൊരു കൊച്ചുകുട്ടിയാണ്‌. അവനറിയില്ല അവന്‌ എന്തൊക്കെ വേണം, ചെയ്യണം എന്നൊന്നും. അവന്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍ എന്റെത്രേം വിഷമം ആര്‍ക്കും ഉണ്ടാകില്ലല്ലോ. അതുകൊണ്ട്‌ അവന്‌ ആവശ്യങ്ങള്‍ ചോദിച്ചുവാങ്ങാന്‍ പ്രാപ്‌തിവരുന്നതുവരെ എല്ലാ കാര്യങ്ങളും നോക്കണം എന്നാണെന്റെ ആഗ്രഹം.


ഒരമ്മ എന്ന നിലയില്‍ മകനെപ്പറ്റിയുള്ള സ്വപ്‌നം?
ഞാന്‍ പ്രതീക്ഷിക്കാത്ത സമയത്ത്‌ സംഭവിച്ചുപോയതാണ്‌ സിനിമയിലേക്കുള്ള വരവ്‌. പക്ഷേ കലാകാരിയാകണം എന്നൊരാഗ്രഹം എനിക്കുണ്ടായിരുന്നു. അതുപോലെ മകനെയും ഒരു കലാകാരനാക്കണമെന്നുണ്ട്‌. അതിനായി പ്രാര്‍ത്ഥിക്കുന്നുമുണ്ട്‌.


സെലിബ്രിറ്റി ലൈഫാണോ വീട്ടമ്മയുടെ ജീവിതമാണോ കൂടുതല്‍ താത്‌പര്യം?
സെലിബ്രിറ്റി തന്നെയാണ്‌. കാരണം ഒരു സാധാരണ പെണ്‍കുട്ടിയായിരുന്ന എനിക്ക്‌ ഇത്രയധികം പേരും പ്രശസ്‌തിയും നേടിത്തന്നത്‌ സിനിമയാണ്‌. അതുകൊണ്ട്‌ എനിക്ക്‌ എന്റെ തൊഴില്‍ വലുതാണ്‌. വീട്ടമ്മയായിരിക്കാന്‍ എനിക്കിഷ്‌ടമാണ്‌. പക്ഷേ ഒരു പ്രത്യേക പരിധിക്കുള്ളില്‍ ജീവിക്കാന്‍ പറ്റുന്ന ആളല്ല ഞാന്‍. എനിക്ക്‌ വൈവിധ്യം വേണം. അങ്ങനെ ഒരു ജീവിതമേ പറ്റൂ. എനിക്കെപ്പോഴും എന്തെങ്കിലും ചെയ്‌തുകൊണ്ടിരിക്കണം. ഡാന്‍സ്‌ പഠിക്കണം, എന്തെങ്കിലും ജോലി ചെയ്യണം അങ്ങനെ എന്തെങ്കിലുമൊന്ന്‌ ചെയ്‌തുകൊണ്ടിരിക്കണം. ജീവിതത്തില്‍ എത്ര ബുദ്ധിമുട്ടാനും റിസ്‌ക്കെടുക്കാനും തയ്യാറാണ്‌. പക്ഷേ ഒരു സെക്കന്റുപോലും വെറുതെയിരിക്കാന്‍ ആഗ്രഹിക്കാത്ത ആളാണ്‌.

ഭര്‍ത്താവിന്റെ പ്രതികരണം?
സന്തോഷേട്ടന്‍ യോജിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ക്കെല്ലാം സപ്പോര്‍ട്ടാണ്‌. അഭിനയിക്കാന്‍ പോകുന്നതിനോട്‌ ഏട്ടന്‌ വിരോധമൊന്നുമില്ല. പക്ഷേ വാരിവലിച്ച്‌ പടങ്ങള്‍ ചെയ്യുന്നതില്‍ താല്‌പര്യമില്ല. അത്‌ എനിക്കും താല്‌പര്യമില്ലാത്തതുകൊണ്ട്‌ ഞങ്ങള്‍ തമ്മില്‍ വിയോജിപ്പില്ല. എന്നുവച്ച്‌ ഞങ്ങള്‍ മെയ്‌ഡ് ഫോര്‍ ഈച്ച്‌ അദര്‍ എന്നൊന്നും പറയാന്‍ പറ്റില്ല. പരസ്‌പരം മനസിലാക്കി മുന്നോട്ടു പോവുന്നു എന്നേ പറയാന്‍ പറ്റൂ. ഞാന്‍ നൃത്തം പഠിക്കുന്നതിനോ ചെയ്യുന്നതിനോ ഒന്നിനും വിരോധമില്ല. പിന്നെ ഏട്ടനെന്തെങ്കിലും എതിര്‍പ്പ്‌ പറയുകയാണെങ്കില്‍ കഴിവതും ഞാനത്‌ ഒഴിവാക്കും. അദ്ദേഹം നമ്മളെ സപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ നമ്മള്‍ തിരിച്ചും വിട്ടുവീഴ്‌ചകള്‍ ചെയ്യണം. ഏട്ടന്റെ പ്രൊഫഷണല്‍ കാര്യങ്ങളില്‍ ഞാന്‍ ഇടപെടാറില്ല. പിന്നെ ഏട്ടനൊരു പുതിയ കാര്യം തുടങ്ങണം എന്നു പറഞ്ഞാല്‍ പരമാവധി ഞാനതിനെ സപ്പോര്‍ട്ട്‌ ചെയ്യും.


നവ്യ പ്രണയത്തെക്കുറിച്ച്‌ വാചാലയാവാറുണ്ട്‌. ഇക്കുറി വാലന്റൈന്‍സ്‌ ഡേ ആഘോഷിച്ചുവോ?
ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക, പ്രണയിക്കുക, പ്രണയിക്കാന്‍ അനുവദിക്കുക. പ്രണയം വളരെ സുഖമുള്ളൊരു അനുഭൂതിയാണ്‌. അത്‌ ജീവിതത്തിന്‌ ഒരു ഇന്‍സ്‌പിരേഷന്‍ നല്‍കുന്ന ഒന്നാണ്‌. അതുകൊണ്ട്‌ പ്രണയിക്കുക. അതോടൊപ്പം മറ്റുള്ളവരെ പ്രണയിക്കാന്‍ അനുവദിക്കുക. പ്രണയത്തെക്കുറിച്ച്‌ എന്റെ സങ്കല്‍പ്പം ഇതാണ്‌.

(കടപ്പാട്- മംഗളം)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions