ആരോഗ്യം

കാന്‍സര്‍ രോഗത്തെക്കുറിച്ചും ചികില്‍സയെക്കുറിച്ചും യു.കെ.യിലെ മലയാളി ഓങ്കോളജിസ്റ്റ് ഡോ. അബിദ് എഴുതുന്ന കോളം ഇന്നു മുതല്‍ എല്ലാ ആഴ്ചയും

കാന്‍സര്‍ ലോകത്തെയാകെ ഭയപ്പെടുത്തുകയാണ്. കാന്‍സറിനെതിരേയുള്ള പോരാട്ടത്തില്‍ മെഡിക്കല്‍ലോകം പൂര്‍ണമായും വിജയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കാന്‍സര്‍മൂലമുള്ള മരണങ്ങള്‍ നിത്യസംഭവമായി മാറുന്നു. കാന്‍സര്‍ സംബന്ധിച്ച ഒരു അവബോധം വായനക്കാരില്‍ ഉണ്ടാക്കുന്നതിനാണ് ഈ കോളത്തിലൂടെ ശ്രമിക്കുന്നത്. കുട്ടികളിലെ കാന്‍സറിനെക്കുറിച്ചും ചികില്‍സകളെക്കുറിച്ചുമാണ് ഇവിടെ പ്രധാനമായും പ്രതിപാദിക്കുക.
കാന്‍സര്‍ ചികിത്സ ബുദ്ധിമുട്ടേറിയ ഒരു യാത്രയാണ്. രോഗത്തെക്കുറിച്ച് അറിയുകയും കാന്‍സര്‍ ചികിത്സ ചെയ്യുമ്പോള്‍ നാം നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ചികിത്സാഫലം കൂടുതല്‍ നന്നാവുന്നു.
ഈ കോളത്തിലൂടെ കുട്ടികളുടെ കാന്‍സറിനെ കുറിച്ച് പൊതുവായും വളരെ സാധാരണയായി കുട്ടികളില്‍ കാണുന്ന ചില കാന്‍സറിനെകുറിച്ച് വിശദമായുമുള്ള വിവരണം നല്‍കാം. അതിന് പുറമെ, കാന്‍സര്‍ മരുന്ന് കഴിക്കുമ്പോള്‍ ഉണ്ടാകുന്ന പാര്‍ശ്വ ഫലങ്ങളെക്കുറിച്ചും പ്രതിപാദിക്കും. പാര്‍ശ്വഫലങ്ങള്‍ ഇല്ലായ്മ ചെയ്യാനും, ഉണ്ടാവുകയാണെങ്കില്‍ തരണം ചെയ്യാനുമുള്ള കാര്യങ്ങള്‍ സാധാരണ രക്ഷിതാക്കള്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ പ്രതിപാദിക്കാന്‍ ശ്രമിക്കാം. അപ്രതീക്ഷിതമായി കുട്ടികളില്‍ കാന്‍സര്‍ രോഗം കണ്ടെത്തുമ്പോള്‍ മാതാപിതാക്കള്‍ക്കും കുടുംബത്തിലെ മറ്റു അംഗങ്ങള്‍ക്കും ഉണ്ടായേക്കാവുന്ന മാനസികാവസ്ഥയെക്കുറിച്ചും അതിനെ നേരിടേണ്ടതെങ്ങിനെയെന്നും വിശദീകരിക്കാം?
കുട്ടികളുടെ കാന്‍സര്‍ വളരെ അസാധാരണമായ (Rare) രോഗമാണ്. യു.കെ.യില്‍ 15 വയസ്സില്‍ താഴെയുള്ള 500 കുട്ടികളില്‍ ഒരു കുട്ടിക്ക് കാന്‍സര്‍ കണ്ടെത്തുന്നു. വലിയവരില്‍ കാണുന്ന കാന്‍സറില്‍ നിന്നും വിഭിന്നമാണ് കുട്ടികളില്‍ കാണുന്ന കാന്‍സര്‍. വലിയവരില്‍ കാണുന്ന കാന്‍സറിനെക്കാള്‍ കുട്ടികളിലെ കാന്‍സര്‍ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ എളുപ്പമാണ്. യു.കെ. ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളില്‍ കഴിഞ്ഞ 20 വര്‍ഷങ്ങള്‍കൊണ്ട് കാന്‍സര്‍ ചികില്‍സയില്‍ ഒട്ടേറെ പുരോഗതി ഉണ്ടായിട്ടുണ്ട്. കുട്ടികളില്‍ ഏറ്റവും കൂടുതല്‍ കാണുന്ന കാന്‍സറാണ് Acute Lymphoblastic Leukemia. . ഇത് ഒരുതരത്തിലുള്ള ബ്ലഡ് കാന്‍സര്‍ ആണ്. ഏറ്റവും പുതിയ കണക്ക് പ്രകാരം രോഗം ബാധിച്ച 90 ശതമാനം കുട്ടികളെയും ചികിത്സിച്ച് ഭേദപ്പെടുത്താന്‍ സാധിക്കും. അതായത് പത്തില്‍ ഒമ്പതുപേരെയും പരിപൂര്‍ണ്ണമായി സുഖപ്പെടുത്താന്‍ സാധിക്കും.
ആധുനിക രീതിയിലുള്ള ചികിത്സ നടക്കുമ്പോള്‍ മരുന്ന് കൃത്യമായി നല്‍കുകയും മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ വളരെ സൂക്ഷിച്ച് രക്ഷിതാക്കളും ഡോക്ടര്‍മാരും കൈകാര്യം ചെയ്യുകയും ചെയ്യുന്നതുകൊണ്ടാണ് ഈ മഹത്തായ പുരോഗതി കാന്‍സര്‍ ചികിത്സയില്‍ നേടാന്‍ സാധിച്ചത്. പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലും, കേരളത്തിലും അസുഖം ഭേദമാകുന്നതിന്റെ ശതമാനം കുറവാണ്. കൂട്ടായ പരിശ്രമങ്ങളിലൂടെ കേരളത്തിലും ഇന്ത്യയില്‍ത്തന്നെയുമുള്ള ചികിത്സ മെച്ചപ്പെടുത്താന്‍ സാധിക്കുന്നതാണ്.
എന്താണ് കാന്‍സര്‍
നമ്മുടെ ശരീരം നിര്‍മ്മിച്ചിരിക്കുന്നത് അനേകലക്ഷം കോശങ്ങള്‍ കൊണ്ടാണ്. ശരീരത്തില്‍ പഴയ കോശങ്ങള്‍ ഇല്ലാതാവുന്നതിനനുസരിച്ച് പുതിയ കോശങ്ങള്‍ ഉണ്ടാകുന്നു. പുതിയ കോശങ്ങളുടെ വികാസവും പഴയ കോശങ്ങളുടെ ഇല്ലായ്മ ചെയ്യലും (Destruction) അതി സങ്കീര്‍ണമായ നിയന്ത്രണത്തിലാണ് സംഭവിക്കുന്നത്. കൃത്യമായി അറിയാന്‍ പാടില്ലാത്ത പല കാരണങ്ങള്‍ കൊണ്ട് ശരീരത്തിന് ഈ നിയന്ത്രണം നഷ്ടപ്പെടുമ്പോള്‍, കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്നു. വളരെ ലളിതമായി പറഞ്ഞാല്‍ ഇങ്ങനെയാണ് കാന്‍സര്‍ ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള കാന്‍സര്‍ ശരീരത്തിന്റെ ഏത് ഭാഗത്തും ഏതു അവയവത്തിലും പ്രത്യക്ഷപ്പെടാം.
ശരീരത്തിന്റെ ഒരു ഭാഗത്ത് തുടങ്ങുന്ന കാന്‍സര്‍, അനിയന്ത്രിതമായി വളര്‍ന്ന് ശരീരത്തിന്റെ മറ്റ് അവയവങ്ങളിലേക്ക് വ്യാപിക്കുന്നു. തലച്ചോറ്, കരള്‍, ശ്വാസകോശം, അസ്ഥി എന്നിവയെയാണ് പ്രധാനമായും ബാധിക്കുന്നത്. അങ്ങനെ ഒടുവില്‍ അത് ശരീരത്തിലെ പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു. അത് മരണത്തിലേക്ക് നയിക്കുന്നു. അവസാന ഘട്ടത്തില്‍ രോഗികള്‍ക്ക് കഠിനമായ വേദനയും അനുഭവപ്പെടുന്നു.
എന്താണ് ട്യൂമര്‍
അനിയന്ത്രിതമായി വളരുന്ന കോശങ്ങള്‍ ഒരു മുഴപോലെ ശരീരത്തിന്റെ ഭാഗത്ത് രൂപപ്പെടുന്നു. ഇതിനെ ട്യൂമര്‍ എന്നു പറയും. എല്ലാ ട്യൂമറും കാന്‍സര്‍ അല്ല. ചില ട്യൂമര്‍
ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കടക്കാതെ , ശരീരത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതെ നിലകൊള്ളുന്നു. ഇതിനെ Benign Tumour എന്നു പറയും. ഇത്തരം ട്യൂമറിനെ കാന്‍സര്‍ എന്നുപറയില്ല.ചില ട്യൂമര്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വളര്‍ന്ന് പന്തലിച്ച്, മറ്റ് അവയവങ്ങളെ ബാധിച്ച് മരണത്തിലേക്ക് നയിക്കുന്നു. ഇതിനെ malignant tumour എന്ന് പറയുന്നു. ഇത് കാന്‍സര്‍ ആണ്.ശരീരത്തിന്റെ ഒരു ഭാഗത്ത് തുടങ്ങുന്ന കാന്‍സര്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ വ്യാപിക്കുന്നതിനെ metastasis എന്ന് പറയും. ചില കാന്‍സര്‍ തുടക്കത്തില്‍ അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുത്താതെ, നിശബ്ദമായി മറ്റു ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. വൈകി കണ്ടുപിടിക്കപ്പെടുന്ന ഇത്തരം കാന്‍സര്‍ ചികിത്സിച്ച് ഭേദമാക്കാനും ബുദ്ധിമുട്ടാണ്.
കുട്ടികളില്‍ കാന്‍സര്‍ ഉണ്ടാകുന്നതെങ്ങനെ?
കുട്ടികളിലെ കാന്‍സര്‍ എങ്ങിനെയാണ് ഉണ്ടാകുന്നത് എന്നത് ഇതുവരെ കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല.പലതരത്തിലുള്ള അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ രോഗം പിടിപെടുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ശാസ്ത്രജ്ഞര്‍ ചര്‍ച്ചകളും പരീക്ഷണങ്ങളും നടത്തിവരുന്നുണ്ട്.
വലിയവരില്‍ പലപ്പോഴും പുകവലി, മദ്യപാനം, ചില അണുബാധ തുടങ്ങിയവ കാന്‍സര്‍ ഉണ്ടാക്കാന്‍ കാരണമായേക്കാം. പഷേ കുട്ടികളില്‍ മറിച്ചാണ്. വളരെ ചെറുപ്പത്തില്‍, ചിലപ്പോള്‍ ജനിക്കുന്നതിന് മുമ്പ തന്നെ കോശങ്ങളുടെ വളര്‍ച്ചയുടെ നിയന്ത്രണം തകരാറിലാക്കുന്ന അവസ്ഥ ഉടലെടുക്കുന്നു. ഇത് പിന്നീട് കാന്‍സറായി മാറുന്നു.ഇതിന്റെ കാരണം മെഡിക്കല്‍ ശാസ്ത്രത്തിന് കണ്ടുപിടിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
കുട്ടികളിലെ കാന്‍സര്‍ ചികില്‍സിച്ചാല്‍ ഭേദമാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല കാന്‍സര്‍ ചികില്‍സയുടെ പാര്‍ശ്വഫലങ്ങള്‍ തരണം ചെയ്യാനുള്ള കഴിവ് കുട്ടികളുടെ ശരീരത്തിന് വലിയവരേക്കാള്‍ കൂടുതലുണ്ട്.
കാന്‍സറുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ രക്ഷിതാക്കള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഒരു കുടുംബത്തില്‍ ഒരു കുട്ടി കാന്‍സര്‍ ബാധിതനാണെന്ന് നിര്‍ണ്ണയിക്കപ്പെട്ടാല്‍ അത് ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ടോ ചിലവ ചെയ്യാത്തതുകൊണ്ടോ അല്ലെങ്കില്‍ ഭക്ഷണരീതിയിലുള്ള മാറ്റം കൊണ്ടോ ഒക്കെയാവും രോഗം ഉണ്ടായത് എന്ന കുറ്റബോധം ചില രക്ഷിതാക്കളെ അലട്ടുന്നതായി കണ്ടുവരാറുണ്ട്. ഇതില്‍ വാസ്തവമില്ല എന്നതിനാല്‍ തന്നെ സ്വയം കുറ്റം ആരോപിക്കേണ്ട കാര്യമില്ല.
കാന്‍സര്‍ ഒരു പകര്‍ച്ച വ്യാധിയല്ലാത്തതിനാല്‍ മറ്റുള്ളവരിലേക്ക് പകരുമെന്ന് ഭയക്കേണ്ടതില്ല. കുട്ടികളില്‍ കാണുന്ന ഭൂരിപക്ഷം കാന്‍സറും പാരമ്പര്യമായി ഉണ്ടാകുന്നതല്ല. അതുകൊണ്ടുതന്നെ കുട്ടിക്ക് കാന്‍സര്‍ നിര്‍ണ്ണയിക്കപ്പെട്ടതുകൊണ്ട് അടുത്ത കുട്ടിക്കോ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കോ കാന്‍സര്‍ പിടിപെടണമെന്നില്ല.
കുട്ടികളില്‍ കാണപ്പെടുന്ന വിവിധ തരത്തിലുള്ള കാന്‍സര്‍
കുട്ടികളില്‍ പ്രധാനമായും 10 തരത്തിലുള്ള കാന്‍സര്‍ കാണപ്പെടുന്നു. അതില്‍ ഏറ്റവും കൂടുതല്‍ കാണുന്നത് ബ്ലഡ് കാന്‍സറാണ് (31%) രണ്ടാമതായി ബ്രെയിന്‍ ട്യൂമര്‍. അതുകഴിഞ്ഞാല്‍ ലിംഫോമ
1. Blood Cancer- 31%
2. Brain Cancer- 26%
3. Lyuphoma - 10%
4. Soft Tissue Sarcane - 7%
5. Neuroblastoma - 6%
6. Kidney Cancer - 5%
7. Bone Cancer - 4
8. Gemcell Tumour - 3%
9. Retina Blastoma 3%
10. Liver Cancer 2%
വിവിധ തരത്തിലുള്ള കാന്‍സര്‍ കുട്ടികളില്‍ പ്രത്യക്ഷപ്പെടുന്നത് വ്യത്യസ്ത രൂപത്തിലാണ്. കാന്‍സറുകള്‍ കണ്ടുപിടിക്കാനുള്ള ടെസ്റ്റുകളും വ്യത്യസ്തമാണ്. ഓരോ കാന്‍സറിനും വ്യത്യസ്തമായ ചികില്‍സാ രീതികളാണ് ഉള്ളത്. അതുപോലെ തന്നെ ചികില്‍സാ ഫലങ്ങളും വ്യത്യസ്തമായിരിക്കും.
വിവിധ തരം കാന്‍സറുകളെക്കുറിച്ച് അടുത്തയാഴ്ച

  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions