കേപ്ടൗണ്‍: ലോകത്തിലെ വിജയകരമായ ആദ്യ ലിംഗം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ദക്ഷിണാഫ്രിക്കയില്‍. പരമ്പരാഗത പരിഛേദന കര്‍മത്തിനിടെ ലിംഗം വേര്‍പെട്ടു പോയ ഇരുപത്തിയൊന്നുകാരനായ ദക്ഷിണാഫ്രിക്കന്‍ യുവാവിനാണ് വിജയകരമായി ലിംഗം മാറ്റിവച്ചത്. ഒന്‍പതു മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് ലൈംഗികശേഷി പൂര്‍ണമായും വീണ്ടെടുത്തതായി ഡോക്ടര്‍മാര്‍ അവകാശപ്പെട്ടു.
ഗോത്രവര്‍ഗക്കാര്‍ ഏറെയുള്ള ദക്ഷിണാഫ്രിക്കയില്‍ പരമ്പരാഗത പരിഛേദന കര്‍മത്തിനിടെ ലിംഗം നഷ്ടപ്പെട്ടു പോകുന്നത് സാധാരണമാണ്. ഇതിന് പ്രതിവിധി കണ്ടെത്തുന്നതിനായി കേപ്ടൗണിലുള്ള ടൈഗര്‍ബെര്‍ഗ് ആശുപത്രിയും സ്‌റ്റെല്ലന്‍ബോഷ് സര്‍വകലാശാലയും ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ ഭാഗമായിരുന്നു കഴിഞ്ഞ ദിവസം നടന്ന ശസ്ത്രക്രിയ. ഇതു വളരെ ഗൗരവമേറിയൊരു സാഹചര്യമാണ്. 18,19 വയസാകുമ്പോഴേക്കും ലിംഗം നഷ്ടപ്പെട്ടു പോകുന്ന യുവാക്കളുടെ അവസ്ഥ ഭീകരമാണ് - ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ സര്‍വകലാശാല യൂറോളജി വിഭാഗം മേധാവി ആന്‍ഡ്രി വാന്‍ഡര്‍ മെര്‍വ് പറഞ്ഞു. ഏറെ മുന്നൊരുക്കങ്ങളോടെയാണ് ശസ്ത്രക്രിയ നടത്തിയതെന്നും അദേഹം വ്യക്തമാക്കി.
അര്‍ബുദമുള്‍പ്പെടെയുള്ള രോഗങ്ങള്‍ മൂലം പ്രതിസന്ധി നേരിടുന്നവര്‍ക്കും ആശ്വാസമാണ് ഈ വാര്‍ത്ത. മൂന്നു വര്‍ഷം മുന്‍പ് ഗോത്രാചാരപ്രകാരമുള്ള പരിഛേദന കര്‍മത്തിനിടെയുണ്ടായ അപാകതകള്‍ നിമിത്തം ലിംഗം നഷ്ടപ്പെട്ടു പോയ യുവാവിലാണ് ഇത് വച്ചു പിടിപ്പിച്ചത്. ഇതിനായുള്ള ലിംഗം കണ്ടെത്തുകയായിരുന്നു ഗവേഷകര്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. മരണപ്പെട്ട ഒരാളില്‍നിന്നാണ് വച്ചുപിടിപ്പിക്കുന്നതിനുള്ള ലിംഗം കണ്ടെത്തിയതെന്ന് പറഞ്ഞ അധികൃതര്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. ഇനിയും ഒന്‍പതു പേര്‍കൂടി പഠനത്തിന്റെ ഭാഗമായി ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
.