മലയാളത്തിന്റെ ചോക്ലേറ്റ് ബോയ് ആയിരുന്ന കുഞ്ചാക്കോ ബോബന്‍ സിനിമയിലേക്കുള്ള തന്റെ രണ്ടാം വരവിന് ശേഷം വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിച്ച് ഇമേജ് മാറ്റിയെടുത്തു. സിനിമയില്‍ ഇടയ്ക്കൊരു ഇടവേള നല്ലതാണെന്നാണ് താരത്തിന്റെ അഭിപ്രായം.
സിനിമ ഒരു കൂട്ടം ആളുകളുടെ അദ്ധ്വാനത്തിന്റെ ഫലമാണ്. ഒരു അഭിനേതാവെന്ന നിലയില്‍ നാം നൂറ് ശതമാനം നല്‍കിയാലും ആ ചിത്രം ഹിറ്റ് ആകണമെന്നില്ല. നമ്മള്‍ നന്നായി അഭിനയിച്ചിട്ടും ചിത്രം വിജയിക്കാതെ പോയാല്‍ അത് നമ്മെ വല്ലാതെ വിഷമിപ്പിക്കും, അപ്പോള്‍ ഒരു ചെറിയ ഇടവേളയെടുക്കുന്നതും എവിടെയാണ് നമുക്ക് തെറ്റ് പറ്റിയതെന്ന് പുനരാലോചന നടത്തുന്നതും നല്ലതായിരിക്കും- കുഞ്ചാക്കോ പറയുന്നു.
പുതിയ സംവിധായകരുടെ പരീക്ഷണ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ സിനിമാ നിര്‍മ്മാണത്തില്‍ വ്യത്യസ്തവും നവീനവുമായ ആശയങ്ങളുമാണ് കൊണ്ടു വരുന്നതെന്നും എന്നാല്‍ അവ എല്ലായ്പ്പോഴും വിജയിക്കണമെന്നില്ലെന്നും കുഞ്ചാക്കോ പറഞ്ഞു. ട്രാഫിക് ഒരു പരീക്ഷണ ചിത്രമായിരുന്നു. എന്നാല്‍ ഇനിയും അത്തരമൊരു ചിത്രം വന്നാല്‍ അത് വിജയകരമായിരിക്കുമെന്ന് നമുക്ക് ഉറപ്പ് പറയാനാകില്ല. പുതിയ സമീപനങ്ങളെ എല്ലായ്പ്പോഴും സ്വാഗതം ചെയ്യുന്നു. ഈയിടെയായി സിനിമയ്ക്ക് സാറ്റലൈറ്റ് അധികാരം ലഭിക്കാനുള്ള ബുദ്ധിമുട്ടിനെപ്പറ്റി നാം കേള്‍ക്കാറുണ്ടെന്നും എന്നുകരുതി അത് ഇവിടെ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ എണ്ണത്തെ തടസപ്പെടുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിരവധി സിനിമകളിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് ചാക്കോച്ചന്‍ പ്രത്യക്ഷപ്പെടുക. ഇതൊരു പരീക്ഷണ ചിത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും നവാഗതരാണെന്നും അവരുടെ ചിന്താഗതി പൂർണമായും നവീനമാണെന്നും താരം പറയുന്നു. വളരെ വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്. ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും റിമാ കല്ലിങ്കലും നായികാ നായകന്മാരായി അഭിനയിക്കുന്നത്.
ഓര്‍ഡിനറി ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്ന മധുര നാരങ്ങ എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ബിജു മേനോനോടൊപ്പമുള്ള ഒരു ടാക്സി ഡ്രൈവറിന്റെ വേഷമാണ് ചാക്കോച്ചന്‍ കൈകാര്യം ചെയ്യുന്നത്. ദുബായിലും ശ്രീലങ്കയിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. വളരെ വ്യത്യസ്തമായൊരു വിഷയമാണിതെന്നും ഇതൊരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി തയ്യാറാക്കുന്ന ചിത്രമാണെന്നും താരം പറഞ്ഞു. അന്തരിച്ച സിനിമാ താരം രതീഷിന്റെ മകള്‍ പാര്‍വ്വതി രതീഷ് ചിത്രത്തിലൂടെ ആദ്യമായി വെള്ളിവെളിച്ചത്തിലെത്തുകയാണ്. വളരെ പ്രാധാന്യമുള്ളൊരു വേഷമാണ് പാര്‍വ്വതി അവതരിപ്പിക്കുന്നത്. വളരെ വലിയൊരു ഉത്തരവാദിത്തമാണ് തന്റെ ചുമലിലുള്ളതെങ്കിലും അതെല്ലാം വളരെ കൂളായാണ് പാര്‍വ്വതി ചെയ്യുന്നതെന്ന് കുഞ്ചാക്കോ പറഞ്ഞു. തന്റെ വേഷത്തോട് അവര്‍ ഇതു വരെ നീതി പുലര്‍ത്തിയിട്ടുണ്ടെന്നും അഭിനയം അവശുടെ രക്തത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്റോസള്‍ഫാന്‍ ബാധിതരെപ്പറ്റിയുള്ള വലിയ ചിറകുള്ള പക്ഷികള്‍ എന്ന ചിത്രത്തിലും കുഞ്ചാക്കോയാണ് നായകന്‍. എന്റോസള്‍ഫാന്‍ ബാധിത മേഖലകളില്‍ പോയാല്‍ നമ്മള്‍ നടത്തിയ ഗവേഷണങ്ങളില്‍ നിന്നും വളരെ വിഭിന്നമാണ് അവിടുത്തെ അവസ്ഥയെന്ന് മനസിലാകും. അവരുടെ അവസ്ഥ നേരിട്ട് കാണുന്പോള്‍ അഭിനയം സ്വാഭാവികമായി വരും. സ്വതവേ ഭക്ഷണപ്രിയനായ തനിക്ക് അവരുടെ അവസ്ഥ കണ്ടപ്പോള്‍ രണ്ട് ദിവസത്തോളം ഭക്ഷണം കഴിക്കാനായില്ലെന്നും കുഞ്ചാക്കോ പറഞ്ഞു.
ഇതൊരു ഗൗരവമേറിയ വിഷയമായതിനാല്‍ ഇന്ത്യയില്‍ മാത്രമല്ല, ലോകത്തില്‍ പല സ്ഥലങ്ങളിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് താരം പറഞ്ഞു. ഇത് പല അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലും പ്രദര്‍ശിപ്പിക്കാം. ചിത്രം വളരെ ദൂരം സഞ്ചരിക്കും. അങ്ങനെ ചിന്തിക്കുന്പോള്‍ ഒരു സാധാരണ കൊമേര്‍ഷ്യല്‍ ചിത്രത്തിന്റെ ഭാഗമാകുന്നതിലും വലിയൊരു സംഭവമായിരിക്കും അത്. ഈ ചിത്രത്തിന് വേണ്ടി താന്‍ തന്റെ സുരക്ഷിത താവളത്തില്‍നിന്നും പുറത്തു വന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ഓര്‍ഡിനറിയില്‍ ബസ് കണ്ടക്ടറും മധുര നാരങ്ങയില്‍ ടാക്സി ഡ്രൈവറും വലിയ ചിറകുള്ള പക്ഷികളില്‍ ഫോട്ടോ ജേണലിസ്റ്റായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന താന്‍, ജമുനാപ്യാരി എന്ന അടുത്ത ചിത്രത്തില്‍ ഓട്ടോ ഡ്രൈവറിന്റെ വേഷമാകും അവതരിപ്പിക്കുക എന്നും ചാക്കോച്ചന്‍ പറഞ്ഞു. തന്റെ സ്കൂള്‍ കാലഘട്ടങ്ങളില്‍ താന്‍ ഓട്ടോ റിക്ഷയിലാണ് യാത്ര ചെയ്തിരുന്നത്. അന്ന് ഓട്ടോറിക്ഷ ഓടിക്കാനൊരു ശ്രമമൊക്കെ നടത്തിയിരുന്നെന്നും അതിനാല്‍ ഇപ്പോള്‍ സിനിമയില്‍ ഓട്ടോ ഓടിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും ചിരിച്ചു കൊണ്ട് താരം പറഞ്ഞു.ഒരു യാത്രയുടെ കഥയാണ് ജമുനാപ്യാരി. ജമുനാപ്യാരി എന്ന പ്രത്യേക ഇനത്തിലുള്ള ഒരു ആടും ചിത്രത്തില്‍ പ്രാധാന്യമുള്ളൊരു വേഷം അവതരിപ്പിക്കുന്നുണ്ട്.
ഈ വര്‍ഷം പ്രതീക്ഷിച്ചതിലും മികച്ച വേഷങ്ങളാണ് ലഭിച്ചിരിക്കുന്നതെന്ന് കുഞ്ചോക്കോ പറഞ്ഞു. അതില്‍ ചിലത് തമാശയാണ്, മറ്റ് ചിലത് വ്യത്യസ്തവും ബോള്‍ഡുമായ വിഷയങ്ങളുള്ളവയാണ്. വളരെ ആകാംഷാഭരിതമായി തോന്നുന്ന ഈ കഥാപാത്രങ്ങളെ ജനങ്ങളിലേക്കും എത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.
(കടപ്പാട്- കേരളാ കൗമുദി)