കുട്ടികളില്‍ കാന്‍സര്‍ തുടക്കത്തിലേ കണ്ടുപിടിക്കാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടാണ്. സാധാരണ വരുന്ന മറ്റ് അസുഖങ്ങളുടെ ലക്ഷണങ്ങള്‍ തന്നെയാണ് കാന്‍സറിനും.സാധാരണ ഉണ്ടാകുന്ന രോഗങ്ങളുടെ അടയാളങ്ങള്‍ കൂടുതല്‍ ദിവസങ്ങള്‍ കുട്ടികളില്‍ വിട്ടുമാറാതെ നിലനില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ കാണിച്ച് അടിസ്ഥാനപരമായ ടെസ്റ്റുകള്‍ നടത്തി എല്ലാം നോര്‍മല്‍ ആണെന്ന് ഉറപ്പു വരുത്തണം.
കുട്ടികളില്‍ കാന്‍സര്‍ പ്രത്യക്ഷപ്പെടുന്നത് വിവിധ രീതികളിലാണ്.
താഴെ പറയുന്ന അടയാളങ്ങള്‍ കുട്ടികളില്‍ കൂടുതല്‍ ദിവസങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍ അത് കാന്‍സര്‍ മൂലമല്ല എന്ന് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും. കുട്ടികളില്‍ കാന്‍സര്‍ വളരെ അസാധാരണമാണ്. അതുകൊണ്ടുതന്നെ ഇതൊക്കെ കാന്‍സര്‍ ആകാനുള്ള സാധ്യത വളരെ കുറവുമാണ്. എങ്കിലും ഉറപ്പുവരുത്തുന്നത് നല്ലതാണ്.
1) അസാധാരണമായ മുഴ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നു. അത് വേഗത്തില്‍ വളരുന്നു.
2) കുട്ടികളില്‍ പെട്ടെന്ന് വിരള്‍ച്ച കാണുന്നു.
3) തൊലിപ്പുറത്ത് രക്തം കട്ടപിടിക്കുക, മൂക്കിലൂടെയോ വായിലോ പെട്ടെന്ന് ബ്ലീഡിംഗ് കാണുക.
4) അസ്ഥികളിലോ സന്ധികളിലോ അസാധാരണമായ വേദനയോ, അതുമൂലം നടക്കാന്‍ പറ്റാത്ത അവസ്ഥയോ സംജാതമാവുക.
5) സാധാരണ വൈറല്‍ പനിക്കപ്പുറം മറ്റു കാരണങ്ങളൊന്നും ഇല്ലാതെ കൂടുതല്‍ ദിവസം കുട്ടിക്ക് പനി അനുഭവപ്പെടുക.
6) പെട്ടെന്ന് പ്രത്യേക കാരണമില്ലാതെ ശരീരഭാരം കുറയുക
7) വിട്ടുമാറാത്ത ഛര്‍ദ്ദി, പ്രത്യേകിച്ചും രാവിലെകളില്‍.
8) വിട്ടുമാറാത്ത തലവേദന
9) പെട്ടെന്ന് കാഴ്ചശക്തി കുറയുക.
10) നടക്കുമ്പോള്‍ പേശിയെ നിയന്ത്രിക്കാന്‍ പറ്റാതെ കാലിടറി നടക്കുക.
11) സ്വഭാവത്തില്‍ പെട്ടെന്ന് മാറ്റം കാണുക.
12) ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ പേശികള്‍ക്ക് തളര്‍ച്ച അനുഭവപ്പെടുക.
പ്രത്യേകം ശ്രദ്ധിക്കേണ്ടത്, ഗൗരവമല്ലാത്ത മറ്റ് പല അസുഖങ്ങള്‍ക്കും ഉണ്ടാവാറുള്ള അടയാളങ്ങളാണ്. കുട്ടികളില്‍ ഈ പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ കാന്‍സറാണെന്നു കരുതി അസ്വസ്ഥമാകരുത്. എന്നിരുന്നാലും ഡോക്ടറെ കാണിച്ച് പരിശോധന നടത്തുന്നത് നന്നായിരിക്കും.
കാന്‍സര്‍ കണ്ടുപിടിക്കാനുള്ള ടെസ്റ്റുകള്‍ എന്തൊക്കെ?
വിവിധതരം കാന്‍സറുകള്‍ കണ്ടുപിടിക്കാന്‍ പലതരം ടെസ്റ്റുകള്‍ ആവശ്യമായി വരും. കാന്‍സര്‍ ബാധിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള ടെസ്റ്റിനെ ബയോപ്‌സി (Biopsy) എന്നാണ് പറയുന്നത്.
അനിയന്ത്രിതമായി വളര്‍ന്ന ശരീരത്തിന്റെ ഭാഗങ്ങള്‍; അത് പുറമെ കാണുന്ന മുഴയായിരിക്കാം ചിലപ്പോള്‍ ശരീരത്തിനകത്ത് രൂപപ്പെട്ട മുഴയുമാവാം. ചെറിയ ഓപ്പറേഷനിലൂടെ മുഴകളുടെ ചെറിയ ഭാഗം കുത്തിയെടുത്ത് മൈക്രോസ്‌കോപ്പിലൂടെ നോക്കി കാന്‍സറാണോ ആണെങ്കില്‍ അത് ഏത് തരത്തിലുള്ള കാന്‍സറാണ് എന്ന് കണ്ടുപിടിക്കാന്‍ സാധിക്കും. ബ്ലഡ് കാന്‍സര്‍ കണ്ടുപിടിക്കാന്‍ എല്ലിന് (Bone) അകത്തുള്ള മജ്ജയുടെ വളരെ ചെറിയ ഭാഗം എടുത്ത് മൈക്രോസ്‌കോപ്പിലൂടെ പരിശോധിക്കുന്നു. കാന്‍സര്‍ സാധ്യതയുണ്ടോ എന്നു മനസ്സിലാക്കാന്‍ വളരെ ലളിതമായ ടെസ്റ്റുകളും ലഭ്യമാണ്. കുട്ടികള്‍ക്ക് ബ്ലഡ് കാന്‍സര്‍ ഉണ്ടോ എന്ന് സംശയിക്കുന്നുണ്ടെങ്കില്‍ എഫ് ബി.സി. (Full Blood Count) ചെയ്താല്‍ ബ്ലഡ് കാന്‍സര്‍ ഉണ്ടോ എന്നതിനെക്കുറിച്ചു ഡോക്ടര്‍ക്ക് പറയാന്‍ സാധിക്കും.
കുട്ടിക്ക് ബ്രെയിന്‍ കാന്‍സര്‍ സംശയിക്കുന്നുണ്ടെങ്കില്‍ തലച്ചോറിന്റെ സ്‌കാന്‍ ചെയ്താല്‍ അത് കണ്ടെത്താന്‍ കഴിയുന്നു. വയറിനകത്തോ, നെഞ്ചിനകത്തോ കാന്‍സര്‍ മുഴകള്‍ സംശയിക്കുന്നുണ്ടെങ്കിലും, അസ്ഥികൂടത്തില്‍ കാന്‍സര്‍ സംശയിക്കുന്നുണ്ടെങ്കിലും സ്‌കാനിംഗിലൂടെ രോഗ നിര്‍ണയം നടത്താന്‍ പൊതുവേ സാധിക്കാറുണ്ട്.