ഇന്റര്‍വ്യൂ

നല്ല ചിത്രങ്ങള്‍ക്ക് ഒരു ന്യൂണ്‍ ഷോ പോലും കിട്ടാത്ത അവസ്ഥ- ജയരാജ്‌

ഒറ്റാല്‍ എന്ന ചിത്രത്തിലൂടെ ജയരാജ്‌ വീണ്ടും മലയാളത്തിലേയ്ക്ക് ദേശീയ അംഗീകാരം കൊണ്ടുവന്നിരിക്കുന്നു. കുട്ടനാടിന്റെ പാശ്ചാത്തലത്തിലുള്ള ചിത്രം മികച്ച പരിസ്ഥിതി ചിത്രമായി. എന്നാല്‍ ഒറ്റാല്‍ ഒരു പരിസ്ഥിതി ചിത്രമായല്ല ഒരുക്കിയതെന്നും ഏറെ കാലികപ്രാധാന്യമുള്ള ബാലവേലയായിരുന്നു ചിത്രത്തിന്റെ വിഷയമെന്നും ജയരാജ്‌ പറയുന്നു.

ഒറ്റാല്‍ വെറും അവാര്‍ഡ് ചിത്രല്ല. ദേശാടനംപോലെ ഹൃദയസ്പര്‍ശിയായ കഥാന്തരീക്ഷത്തിലൂടെ ഒഴുകുന്ന സാമൂഹികപ്രസക്തിയുള്ള ചിത്രമാണ്. ഇവിടെ ഞെട്ടിക്കുന്ന ജീവിത സത്യങ്ങളും വിസ്മയിപ്പിക്കുന്ന പ്രകൃതിഭംഗിയും തനിമയാര്‍ന്ന സംഗീതവും ഇഴചേര്‍ന്നിട്ടുണ്ട്. ഏറെക്കാലത്തിനുശേഷം സാമൂഹിക പ്രസക്തിയും കലാമേന്മയും ഉള്ള ഒരു ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഞാന്‍. ഇതൊരു തുടക്കം മാത്രം. ഇതിലും വലിയ അംഗീകാരങ്ങള്‍ ഈ ചിത്രത്തെ തേടിവരും.- ജയരാജ്‌ പറയുന്നു.


ഈ ചിത്രത്തിന്റെ കഥ വന്ന വഴി...?

പത്ത് വര്‍ഷം മുമ്പ് ഒരു സുഹൃത്തിന്റെ നിര്‍ബന്ധത്താലാണ് ആന്റണ്‍ ചെക്കോവിന്റെ 'വാങ്കേ' എന്ന കഥ ഞാന്‍ വായിച്ചത്. നഗരത്തില്‍ ജോലിക്ക് വന്ന കുട്ടി, അവന്റെ ദയനീയമായ ജീവിതാവസ്ഥ മുത്തച്ഛനെ കത്തിലൂടെ അറിയിക്കുന്നതിന്റെ ഹൃദയസ്പര്‍ശിയായ ആവിഷ്‌കാരമായിരുന്നു അത്. ഒരു മുഴുനീള ചിത്രത്തിനുവേണ്ട കഥാന്തരീക്ഷം ആ ചെറുകഥയ്ക്ക് ഉണ്ടായിരുന്നില്ല. അത് നമ്മുടെ സാമൂഹികാന്തരീക്ഷത്തിലേക്ക് പറിച്ചു നടുന്നതിന്റെ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. അതുകൊണ്ട് ആ പ്രമേയം വര്‍ഷങ്ങളോളം ഞാന്‍ മാറ്റിവെച്ചു. കഴിഞ്ഞ സപ്തംബറില്‍ ആസാമിലെ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള ചിത്രം ഒരു ഇംഗ്ലീഷ് പത്രത്തില്‍ വന്നു. ഒരു കൊച്ചു കുട്ടി വാഴപ്പിണ്ടികള്‍ ചേര്‍ത്ത് കെട്ടിയ ചങ്ങാടത്തില്‍ രണ്ടു മൂന്ന് ആട്ടിന്‍ കുട്ടികളുമായി തുഴഞ്ഞ് പോകുന്നതായിരുന്നു ആ ചിത്രം. ആ കുട്ടിയുടെ ദൈന്യതയും വാങ്കേയും കുട്ടനാടന്‍ ഭൂപ്രകൃതിയും ചേര്‍ത്ത് വെച്ചപ്പോള്‍ 'ഒറ്റാല്‍' എന്ന ചിത്രം പിറന്നു.


ഒറ്റാലിന്റെ കഥാന്തരീക്ഷം...?
കൊയ്ത്ത് കഴിഞ്ഞ കുട്ടനാടന്‍ പാടത്ത് ആയിരക്കണക്കിന് താറാവുകളുമായി എത്തിയ കുട്ടപ്പായി എന്ന ബാലന്റെയും വല്യുപ്പയായ മുത്തച്ഛന്റെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ ശിവകാശിയിലെ പടക്കക്കമ്പനിയില്‍ ജോലിക്ക് പോകുന്ന കുട്ടപ്പായിയുടെ നൊസ്റ്റാള്‍ജിയ നിറഞ്ഞചിന്തകളാണ് ചിത്രത്തെ നയിക്കുന്നത്. നൊമ്പരമുണര്‍ത്തുന്ന, കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു ചിത്രമാണിത്. അതില്‍ അര്‍ഥവ്യാപ്തിയുള്ള പ്രകൃതിദൃശ്യങ്ങളും സമന്വയിപ്പിച്ചപ്പോള്‍ അതൊരു മികച്ച പരിസ്ഥിതി ചലച്ചിത്രവുമായി.

ലൈവ് സൗണ്ടിലാണ് ചിത്രം ചിത്രീകരിച്ചത്. കുട്ടനാട്ടിലെ ആര്‍ ബ്ലോക്കായിരുന്നു ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. രാവും പകലും മാറിമാറിവന്ന പ്രകൃതിയുടെ വിസ്മയങ്ങള്‍ ഒരു കഥാപാത്രത്തെപ്പോലെ ഈ ചിത്രത്തിന് ഗുണം ചെയ്തു. ചിത്രത്തിന് വേണ്ടി ഒരു ഏറുമാടം ഞങ്ങള്‍ സെറ്റിട്ടിരുന്നു. അടുത്ത ദിവസം ചിത്രീകരണത്തിനായി സെറ്റിലെത്തിയപ്പോള്‍ ആയിരക്കണക്കിന് കൊറ്റികള്‍ ആ ഏറുമാടത്തില്‍ അഭയാര്‍ഥികളായി എത്തിയിരുന്നു. കായലിലെ ചുവപ്പും വെള്ളയും കലര്‍ന്ന ആമ്പല്‍പ്പൂക്കളും ദേശാടനക്കിളികളും അരയന്നങ്ങളും എല്ലാം ഞങ്ങള്‍ക്ക് കഥാപാത്രങ്ങളാക്കാന്‍ കഴിഞ്ഞു.


ചിത്രത്തിന്റെ പ്രധാന താരങ്ങളെല്ലാം പുതുമുഖങ്ങളാണല്ലോ?
ഈ സിനിമ ഒരു നിയോഗംപോലെ സംഭവിച്ചതാണ്. ഈ കഥ സിനിമയാക്കുമ്പോള്‍ അതിലെ കഥാപാത്രങ്ങളെല്ലാം ഇങ്ങോട്ട് വരുമെന്ന് എന്റെ മനസ്സ് പറഞ്ഞിരുന്നു. ചിത്രത്തിന്റെ ലൊക്കേഷന്‍ തേടി കുട്ടനാട്ടില്‍ പോയപ്പോഴാണ് മുത്തച്ഛനെ അവതരിപ്പിച്ച വാസവനെ കണ്ടുമുട്ടിയത്. അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ 'പണം കിട്ടിയാല്‍ എന്തും ചെയ്യും' എന്നായിരുന്നു മറുപടി. ഈ ചിത്രത്തിന് ഏറ്റവും അനുയോജ്യമായ നടന്‍ അദ്ദേഹമായിരുന്നെന്ന് ചിത്രം കണ്ടാല്‍ മനസ്സിലാകും. രാവും പകലും കായലില്‍ ജോലി ചെയ്ത വാസവന് എന്റെ കഥാപാനത്രത്തിലേക്കിറങ്ങാന്‍ പെട്ടെന്ന് കഴിഞ്ഞു. അദ്ദേഹത്തെ ഞാന്‍ അഭിനയിപ്പിച്ചില്ല. ആ പെരുമാറ്റത്തില്‍ നിന്ന് വേണ്ടത് മാത്രം ഞാന്‍ എടുത്തു. അങ്ങനെ കാരിക്കേച്ചറുപോലെ ഒത്തിരി മുഖങ്ങളുണ്ട്. ദേവലോകം ഗോപി, വാവച്ചന്‍, തോമസ്. ആന്റണി, എന്നിവര്‍ക്കൊപ്പം സബിത, ഷൈന്‍ടോം ചാക്കോ എന്നിവരും ഈ ചിത്രത്തിലുണ്ട്.


കമേഴ്‌സ്യല്‍ ചിത്രങ്ങള്‍ക്ക് മാത്രം മുതല്‍മുടക്കാന്‍ നിര്‍മാതാക്കളുള്ള ഈ കാലത്ത്, ഇത്തരം സിനിമ ഒരുക്കാന്‍ ഒരു പ്രൊഡ്യൂസറെ തേടേണ്ടി വന്നോ?
ഒരിക്കലുമില്ല. ഈ ചിത്രത്തിന്റെ പ്രമേയംപോലും ചര്‍ച്ച ചെയ്യാതെയാണ് നിര്‍മാതാവ് സെവന്‍ ആര്‍ട്‌സ് മോഹനനും വിനോദ് വിജയനും ഈ ചിത്രത്തിന്റ നിര്‍മാതാവായത്. ചിത്രത്തിന്റെ ടെക്‌നീഷ്യന്മാരും നടന്മാരും ഈ കൂട്ടായ്മയിലേക്ക് വന്നുചേരുകയായിരുന്നു. നേരിന്റെയും നന്മയുടെയും ശക്തിയുള്ള ഒരു പ്രമേയമാണ് ഈ ചിത്രത്തിന്റെ കരുത്ത്. സത്യമുള്ള ചിത്രമാണിത്.


നാഷണല്‍ അവാര്‍ഡില്‍ 'ഒറ്റാല്‍' ഒതുക്കപ്പെട്ടുപോയി എന്ന് തോന്നിയിരുന്നോ?
ഒറ്റാല്‍ ഒരു പരിസ്ഥിതി ചിത്രമായല്ല ഞങ്ങള്‍ ഒരുക്കിയത്. ഏറെ കാലികപ്രാധാന്യമുള്ള ബാലവേലയായിരുന്നു ചിത്രത്തിന്റെ വിഷയം. ഭരണകൂടത്തിന്റെ ഒത്താശയിലാണ് ശിവകാശിയിലെ പടക്കക്കമ്പനികള്‍ നടത്തുന്നത്. ആയിരക്കണക്കിന് കുട്ടികള്‍ അവിടെ ജോലി ചെയ്യുന്നുണ്ട്. അത് വലിയ കെണിയാണ്. അതില്‍ അകപ്പെട്ടാല്‍ അവിടെ നിന്ന് രക്ഷപ്പെട്ട് പോകാന്‍ കഴിയില്ല. അത്തരം ലോകത്താണ് ഒറ്റാലിലെ കുട്ടപ്പായി എന്ന ബാലനും പെട്ടുപോകുന്നത്. അവന്റെ നഷ്ടമായ ജീവിതാന്തരീക്ഷത്തിന്റെ പ്രകൃതി ഭംഗിയാണ് ഞങ്ങള്‍ കാണിച്ചത്. രണ്ട് ഡയമെന്‍ഷന്‍ ഈ ചിത്രത്തിനുണ്ട്. എം.ജെ. രാധാകൃഷ്ണന്റെ ഛായാഗ്രഹണത്തിനും കാവാലത്തിന്റെ സംഗീതത്തിനും അംഗീകാരങ്ങള്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നു.


ജയരാജ് പ്രേക്ഷകര്‍ ആഘോഷമാക്കിയ കമേഴ്‌സ്യല്‍ ചിത്രങ്ങളും നിരവധി അംഗീകാരങ്ങള്‍ നേടിയ കലാമൂല്യങ്ങളുള്ള ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. സംതൃപ്തി തരുന്നത് ഏത് തരം ചിത്രങ്ങളാണ്?

ഇത്തരം പരീക്ഷണാത്മക ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ കിട്ടുന്ന സംതൃപ്തി മറ്റൊരിടത്തു നിന്നും കിട്ടില്ല. കാരണം ഇത്തരം സമീപനങ്ങള്‍ കാലത്തെ അതിജീവിയ്ക്കും. കമേഴ്‌സ്യല്‍ ചിത്രങ്ങള്‍ സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും കാലത്തെ അതിജീവിക്കില്ല. നവരസങ്ങളില്‍ കരുണം, ശാന്തം, ബീഭത്സം, എന്നിവ ഒരുക്കി, ഇനി വീരമാണ്. അതിന്റെ അണിയറ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.


ഈ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ്ക്കാനുള്ള പരിപാടികള്‍?
വിഷുകഴിഞ്ഞ് ചിത്രം തിയേറ്ററിലെത്തിക്കാനാണ് പ്ലാന്‍. പരീക്ഷണാത്മക ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് ഇവിടെ സര്‍ക്കാര്‍ തിയേറ്ററുകള്‍ നിര്‍മിച്ചത്. പിന്നീട് വന്നവന്‍ അതിനെ കച്ചവടത്തിനായി മാത്രം ഉപയോഗിച്ചു. നല്ല ചിത്രങ്ങള്‍ക്ക് ഒരു ന്യൂണ്‍ ഷോ പോലും കിട്ടാത്ത അവസ്ഥയായിരുന്നു. അതില്‍ നിന്ന് മാറ്റം ഉണ്ടാകുമെന്നാണ് പുതിയ കെ. എസ്. എഫ്.ഡി.സി. ചെയര്‍മാന്‍ പറഞ്ഞത്.
പരീക്ഷണാത്മക ചിത്രങ്ങള്‍ക്കുള്ള സബ്‌സിഡി ഉയര്‍ത്തുകയും, ഇത്തരം ചിത്രങ്ങള്‍ക്ക് സ്ഥിരമായി ഒരു സര്‍ക്കാര്‍ തിയേറ്റര്‍ അനുവദിക്കുകയും ചെയ്താല്‍ ഇവിടെ കലാമൂല്യമുള്ള നല്ല ചിത്രങ്ങള്‍ ഇനിയും വരും.

(കടപ്പാട്-മാതൃഭൂമി)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions