ഒരു കുടുംബത്തില്‍ ഒരു കുട്ടിക്ക് അപ്രതീക്ഷിതമായി കാന്‍സര്‍ നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ അത് കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളെയും പ്രത്യേകിച്ച് രക്ഷിതാക്കളെയും സഹോദരി സഹോദരന്മാരെയും അഗാധമായ ദുഃഖത്തിലാഴ്ത്തുന്നു. പല രക്ഷിതാക്കളും ഈ നിമിഷത്തോട് പ്രതികരിക്കുന്നത് വിവിധ തരത്തിലായിരിക്കും. ഒരു രക്ഷിതാവും തന്റെ കുട്ടിയുടെ അസുഖം കാന്‍സറാണെന്ന് അറിയുവാന്‍ താല്‍പര്യപ്പെടുന്നില്ല. ആദ്യമായി രോഗവിവരം അറിയുമ്പോള്‍ ചില രക്ഷിതാക്കള്‍ക്ക് ആധി മൂലം സാഹചര്യത്തോട് പെട്ടെന്ന് പൊരുത്തപ്പെടാനാകാതെ വന്നേക്കാം. ഒന്നും പറയാനോ കേള്‍ക്കാനോ ചിന്തിക്കാനോ സാധിക്കാത്ത അവസ്ഥയോ സ്വയം ബോധം നഷ്ടപ്പെട്ടപോലെയോ ഉള്ള മാനസികാവസ്ഥയിലേക്കെത്താം. ഇങ്ങനെയൊരവസ്ഥയില്‍ അടുത്ത ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വിവരം അറിയിക്കുകയും കുട്ടിയുടെ ചികിത്സയ്ക്കുള്ള വിവിധ മാര്‍ഗങ്ങളെക്കുറിച്ച് അവരുമായി ചര്‍ച്ച ചെയ്യുന്നതും ഉപദേശങ്ങള്‍ സ്വീകരിക്കുന്നതും ആത്മവിശ്വാസം ലഭിക്കാനും ശരിയായ തീരുമാനങ്ങള്‍ എടുക്കുവാനും രക്ഷിതാക്കളെ പ്രാപ്തരാക്കും.
പലപ്പോഴും രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടി രോഗബാധിതനാണ് എന്നത് വിശ്വസിക്കാനും അംഗീകരിക്കാനും ബുദ്ധിമുട്ടുണ്ടാകുന്നതായി കണ്ടുവരാറുണ്ട്. ടെസ്റ്റ് ചെയ്ത ലാബിന്റെ കുഴപ്പമാണെന്നോ ഡോക്ടര്‍ക്ക് തെറ്റുപറ്റിയാണെന്നോ വരെ ഇവര്‍ ചിന്തിച്ചെന്നുവരാം. ഈ അവസ്ഥകളൊക്കെ സ്വാഭാവികമാണ്. പക്ഷെ ഇതുമൂലം കുട്ടിയുടെ അസുഖത്തിന് ചികിത്സ തുടങ്ങാന്‍ കാലതാമസം വരുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ പോകരുത്. രണ്ടാമത് അഭിപ്രായം തേടുകയോ ഒന്നുകൂടി ടെസ്റ്റ് നടത്തി നോക്കുകയോ ചെയ്യാവുന്നതാണ്. പക്ഷേ എത്രയും വേഗം ചെയ്യണം. ഒട്ടും താമസിക്കരുത്.
രോഗവിവരം അറിയുമ്പോള്‍ ഭയവും അസ്വസ്ഥതകളും ഉണ്ടാവുക സാധാരണമാണ്. അതീവ മാനസിക പിരിമുറുക്കവും ഇതുമൂലം ഉണ്ടാകാറുണ്ട്. കാന്‍സര്‍ ബാധിച്ച പലരുടെയും കഥകള്‍ കേള്‍ക്കുന്നതും അസ്വാസ്ഥ്യങ്ങള്‍ കൂട്ടാന്‍ കാരണമാകാറുണ്ട്. ഒരു ഡോക്ടര്‍ക്കും നിങ്ങളുടെ കുട്ടിയുടെ കാന്‍സര്‍ പൂര്‍ണ്ണമായി ഭേദപ്പെടും എന്ന് ഉറപ്പു പറയാന്‍ സാധിക്കില്ല. നിങ്ങളുടെ കുട്ടിയുടെ കാന്‍സര്‍ ചിലപ്പോള്‍ ചികിത്സിച്ചാല്‍ ഭേദമാകുന്ന ഒന്നാവാം. ഈ സമയത്ത് അസുഖത്തെക്കുറിച്ച് കൃത്യമായ അറിവുകള്‍ നേടാനാണ് ശ്രമിക്കേണ്ടത്.
ചികിത്സിക്കുന്ന ഡോക്ടറില്‍ വിശ്വാസം ഉണ്ടാക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ അസ്വസ്ഥതയും സംശയങ്ങളും ഡോക്ടറോട് തുറന്ന് സംസാരിക്കണം. കാന്‍സര്‍ ബാധിച്ച് ഭേദമായ കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിക്കുന്നതും അവര്‍ ഈ അവസ്ഥ എങ്ങനെയാണ് തരണം ചെയ്തതെന്നു മനസ്സിലാക്കുന്നതും നിങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും ധൈര്യവും ലഭിക്കാന്‍ സഹായിക്കും. ജീവിതത്തില്‍ പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തില്‍ ആയിരിക്കില്ല എന്ന യാഥാര്‍ഥ്യം നാം ഉള്‍ക്കൊള്ളണം.
തന്റെ കുട്ടിക്ക് കാന്‍സര്‍ ആണെന്ന് നിര്‍ണ്ണയിക്കപ്പെട്ടു കഴിയുമ്പോള്‍ പല രക്ഷിതാക്കളിലും പലതരം കുറ്റബോധങ്ങള്‍ ഉണ്ടാകുന്നതായി കാണാറുണ്ട്. താന്‍ മുമ്പു ചെയ്ത പാപങ്ങളുടെ ഫലമായിരിക്കും ഈ അവസ്ഥ തങ്ങള്‍ക്കു വരാന്‍ കാരണം എന്നു ചിന്തിക്കുന്നവരുണ്ട്. കുട്ടിയെ വളര്‍ത്തിയതിലുള്ള ശ്രദ്ധക്കുറവാണോ കുട്ടിക്ക് കൊടുക്കുന്ന ഭക്ഷണരീതിയിലെ പാളിച്ചകളാണോ രോഗം ഉണ്ടാകാന്‍ കാരണം എന്നും അവര്‍ ആശങ്കപ്പെടും. ചിലര്‍ ഇത് തങ്ങള്‍ക്ക് ലഭിച്ച ദൈവശിക്ഷയാണെന്ന് സ്വയം കുറ്റപ്പെടുത്തുന്നു. ശാസ്ത്രത്തിനുപോലും പല കാന്‍സര്‍ രോഗങ്ങളും എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് കണ്ടുപിടിക്കാനായിട്ടില്ല. അതുകൊണ്ടു തന്നെ ഇങ്ങനെയുള്ള സ്വയം പഴിക്കലുകള്‍ക്കൊന്നും ഒരര്‍ഥവുമില്ല.
താന്‍ വളര്‍ത്തിക്കൊണ്ടു വന്ന സ്വപ്നങ്ങളൊക്കെ തകര്‍ന്നു എന്ന ചിന്ത പല രക്ഷിതാക്കളെയും വിഷാദരോഗത്തിലേക്കു നയിക്കുന്നതായി കണ്ടുവരാറുണ്ട്. ഭക്ഷണം കഴിക്കാനും ഉറങ്ങാനും അവര്‍ക്ക് സാധിക്കാതെ വരുന്നു. ഈ സന്ദര്‍ഭത്തില്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ആശ്വാസവാക്കുകളും ഉപദേശങ്ങളും ഈ ചികിത്സയെക്കുറിച്ച് അറിവുള്ളവരുടെ നിര്‍ദേശങ്ങളും രോഗത്തെ അതിജീവിച്ച കുടുംബങ്ങളുമായുള്ള സൗഹാര്‍ദ്ദവും നിങ്ങളെ യാഥാര്‍ഥ്യം മനസ്സിലാക്കാനും അവസ്ഥയെ നേരിടാനും വളരെ സഹായിക്കും. തങ്ങളുടെ കുട്ടിക്ക് എങ്ങനെ ഏറ്റവും നല്ല ചികിത്സകള്‍ ലഭ്യമാക്കാം എന്നു മാത്രമാണ് ഈ അവസരത്തില്‍ ചിന്തിക്കേണ്ടത്.
ദേഷ്യം
രോഗവിവരം അറിയുമ്പോള്‍ ചില രക്ഷിതാക്കള്‍ വലിയ ദേഷ്യം പ്രകടിപ്പിക്കുന്നതായി കണ്ടുവരാറുണ്ട്. ചിലപ്പോള്‍ ഈ ദേഷ്യം രോഗം കണ്ടുപിടിച്ച ഡോക്ടറോടായിരിക്കും. കുടുംബാംഗങ്ങളുടെ അശ്രദ്ധയാണ് ഈ രോഗത്തിന് കാരണം എന്ന് ചിന്തിച്ച് അവരോടായിരിക്കും ചിലര്‍ ദേഷ്യം പ്രകടിപ്പിക്കുക. തങ്ങള്‍ ആഗ്രഹിക്കുന്ന രൂപത്തില്‍ സഹായിക്കാന്‍ കഴിയാത്ത ബന്ധുക്കളോടോ സുഹൃത്തുക്കളോടോ ആവാം ചിലരുടെ വിദ്വേഷം. ഇതൊക്കെ ഒരുപരിധിവരെ സ്വാഭാവികമാണ്. ഇത്തരത്തിലുള്ള വികാരങ്ങള്‍ ഏറ്റവും അടുത്തവരോട് തുറന്ന് ചര്‍ച്ച ചെയ്യുന്നത് ഗുണകരമായിരിക്കും.
കാന്‍സര്‍ രോഗം നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ രക്ഷിതാക്കളിലുണ്ടാകുന്ന വിവിധ വികാരപ്രകടനങ്ങളും അസ്വസ്ഥതകളുമാണ് നാം ചര്‍ച്ചചെയ്തത്. വികാര പ്രകടനമല്ല വിവേകം പ്രകടിപ്പിക്കുകയാണ് ഈ അവസരത്തില്‍ നാം ചെയ്യേണ്ടത്. രോഗിയായ കുട്ടിക്ക് കൂടുതല്‍ ആത്മവിശ്വാസവും സന്തോഷവും നല്‍കാന്‍ നാം ശ്രദ്ധിക്കണം. രക്ഷിതാക്കള്‍ക്ക് തങ്ങളുടെ മുഖത്ത് ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ കുട്ടികള്‍ക്ക് എങ്ങനെ അത് പകര്‍ന്നുനല്‍കാന്‍ കഴിയും?
കുട്ടിയുടെ ഭക്ഷണകാര്യത്തിലും ഉറക്കത്തിലും രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ഭക്ഷണവും മരുന്നുകളും കൃത്യമായിത്തന്നെ നല്‍കണം. കുട്ടിയുടെ ഭയാശങ്കകളെല്ലാം മാറ്റി അവര്‍ക്ക് പ്രതീക്ഷകളും സന്തോഷവും നല്‍കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണം. അതോടൊപ്പം രക്ഷിതാക്കളും കൃത്യമായി ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യേണ്ടതുണ്ട്. കാരണം നിങ്ങളുടെ കുട്ടിയുടെ കൃത്യമായ പരിചരണം സാധ്യമാക്കേണ്ടതിന് നിങ്ങളുടെ മാനസികവും ശാരീരികവുമായി ആരോഗ്യം വളരെ പ്രധാനമാണ്.