മലയാള സിനിമയിലെ ഭാഗ്യദേവതയെന്നാണ് അന്യഭാഷക്കാരിയായ നിക്കി ഗില്‍റാണി അറിയപ്പെടുന്നത്. ഈ നടി ചെയ്യുന്ന സിനിമകളെല്ലാം ഹിറ്റ് ആവുകയാണ് ...1983, വെള്ളിമൂങ്ങ, ഓംശാന്തി ഒശാന,ഇപ്പോഴിതാ മര്യാദ രാമനും. നിക്കിയുണ്ടെങ്കില്‍ സിനിമ ഹിറ്റാകുമെന്ന വിശ്വാസം തന്നെ സിനിമാ പ്രവര്‍ത്തകരുടെയിടയില്‍ പറന്നു കഴിഞ്ഞു. പക്ഷേ അതൊന്നുമല്ല നിക്കിയെ സന്തോഷിപ്പിക്കുന്നത്. ബെംഗളൂരുകാരിയായ നിക്കിയ്ക്കും കേരളവും മലയാള സിനിമയും നന്നായി പിടിച്ചു.
നിക്കി മലയാളസിനിമയുടെ ഭാഗ്യമാണോ?
വളരെ സന്തോഷമുണ്ട് എന്നെ അങ്ങനെ കാണുന്നതില്‍. 1983 ചെയ്യും മുന്‍പ് ഞാന്‍ മലയാള സിനിമയ്‌ക്ക് അപരിചിതയായിരുന്നല്ലോ. അതിന് ശേഷം ഓരോരുത്തരും എന്നെ കാണുന്നത് സ്വന്തം കുട്ടിയെപ്പോലെയാണ്. വളരെക്കാലമായി പരിചയമുള്ള ആളിനോടെന്നപോലെയാണ് എല്ലാവരും പെരുമാറുന്നത്.
ഈ നാട്ടിലുള്ളവര്‍ എന്നെ ഇവിടുത്തെ അംഗമാക്കിക്കഴിഞ്ഞു.. സിനിമാരംഗത്തെ ഏറ്റവും ഡിമാന്‍ഡുള്ള താരം എന്നൊക്കെ പറയുമ്പോള്‍ പേടിയും സന്തോഷവുമുണ്ട്. ഒപ്പം ഉത്തരവാദിത്തം കൂടിയോ എന്നൊരു സംശയവും.
ചേച്ചിയാണോ സിനിമയിലേക്കുള്ള പ്രചോദനം?
ചേച്ചി സഞ്‌ജന മോഡലും നടിയുമൊക്കെയാണ്. എട്ട് വര്‍ഷത്തോളമായി ഈ രംഗത്തുണ്ട്. പക്ഷേ ചേച്ചി അഭിനേത്രിയായിരുന്നതുകൊണ്ട് എനിക്ക് ആക്‌ടിങിനോട് പ്രത്യേകിച്ച് താല്‍പര്യമൊന്നും തോന്നിയിട്ടില്ല. ക്യാമറയോട് ചെറുപ്പത്തിലേ പേടിയായിരുന്നു.
പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിരുന്നപ്പോള്‍ പലരും സഞ്‌ജനയോട് 'അനിയത്തിക്ക് മോഡലിംഗില്‍ താല്‍പര്യമുണ്ടോ?'എന്ന് ചോദിച്ചിരുന്നു. അങ്ങനെയാണ് അവസരങ്ങള്‍ കിട്ടിത്തുടങ്ങിയത്. 10 മാസംകൊണ്ട് 50 പരസ്യമൊക്കെ ചെയ്‌തിട്ടുണ്ട് ഞാന്‍.
ഞാനും ചേച്ചിയും അടുത്ത സുഹൃത്തുക്കളെപ്പോലെയാണ്. ഏറ്റവും സപ്പോര്‍ട്ട് ചെയ്യുന്നത് ചേച്ചിയാണ്. ഞാന്‍ സ്‌കൂളില്‍ ആരോടെങ്കിലും വഴക്കിട്ടാലും അതൊക്കെ പരിഹരിച്ചിരുന്നത് ചേച്ചിയാണ്. സിനിമയുടെ ഓഫര്‍ വന്നാല്‍ ആദ്യം ചേച്ചിയെയാണ് വിളിക്കുന്നത്.
സഞ്‌ജനയോട് ആലോചിച്ച ശേഷമാണ് അത്തരം കാര്യങ്ങളൊക്കെ ചെയ്യുന്നത്. ഞാന്‍ സിനിമയില്‍ വന്നിട്ട് ഒന്നര വര്‍ഷമായി. 12 സിനിമ ചെയ്‌തു.
1983ലെ മഞ്‌ജുള ശശിധരനെക്കുറിച്ച്?
ഒര പരസ്യ ചിത്രത്തിന് വേണ്ടി കേരളത്തില്‍ വന്നപ്പോഴാണ് 1983 ലേക്ക് ഷൈന്‍ സാര്‍ വിളിക്കുന്നത്. എന്റെ സ്വപ്‌നത്തില്‍ അങ്ങനെയൊരു പെണ്‍കുട്ടി ഉണ്ടായിരുന്നു. സാരിയും ദാവണിയും ഒക്കെ ഉടുത്ത് നടക്കുന്ന ഗ്രാമീണപെണ്‍കുട്ടി.
ഇടയ്‌ക്കിടയ്‌ക്ക് ആ വേഷത്തില്‍ ഞാന്‍ ജീവിക്കുന്നത് സ്വപ്‌നം കാണാറുണ്ടായിരുന്നു. 1983ലൂടെ ആ ആഗ്രഹം സഫലമായി.1983ലേക്ക് വിളിച്ചപ്പോള്‍ വളരെ എക്‌സൈറ്റഡ് ആയി. മനസില്‍ കണ്ട കഥാപാത്രമാണെന്ന് അറിഞ്ഞപ്പോള്‍ കണ്ണുമടച്ച് സ്വീകരിച്ചു.
ഈ വിജയം സുഹൃത്തുക്കളുമായി പങ്കുവച്ചില്ലേ?
സിനിമാ ഫീല്‍ഡില്‍ എനിക്കങ്ങനെ സുഹൃത്തുക്കളൊന്നും ഇല്ല. സ്‌കൂളിലേയും കോളജിലേയും സുഹൃത്തുക്കള്‍ തന്നെയാണ് ഇപ്പോഴും എന്റെ ഫ്രണ്ട്‌സ്. അവരൊക്കെ അഭിനന്ദിച്ചു. എന്നെക്കാള്‍ സന്തോഷം അവര്‍ക്കായിരുന്നു. ജീവിതത്തിലെ ആദ്യത്തെ റിലീസ് ആയിരുന്നു 1983.
സിനിമാ ജീവിതത്തിലെ എന്റെ തുടക്കമാണല്ലോ അതിന്റെ എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു. ഞാന്‍ ഒരു സ്‌റ്റാറൊന്നും അല്ല. ഒരു നടിയാണ്.അങ്ങനെ അറിയപ്പെടാനാണ് ആഗ്രഹം.
സഹപ്രവര്‍ത്തകരെക്കുറിച്ച്?
ഈ അടുത്ത് സുരേഷ്‌ഗോപി സാറിന്റെയൊപ്പം ഒരു ചിത്രം ചെയ്‌തു, രുദ്രസിംഹാസനം. ഹൈമവതി എന്ന റോളാണ് ചെയ്യുന്നത്. അദ്ദേഹമാണ് കൂടെ അഭിനയിക്കുന്നതെന്നറിഞ്ഞപ്പോള്‍ ടെന്‍ഷനുണ്ടായിരുന്നു. ഇത്രവലിയ ആക്‌ടറല്ലേ നമ്മളോടൊക്കെ എങ്ങനെയാവും പെരുമാറുക എന്നൊക്കെ.
പക്ഷേ സുരേഷ്‌ഗോപി സാര്‍ വളരെ പാവമാണ്. എല്ലാകാര്യങ്ങളും പറഞ്ഞു തരും. മലയാളത്തില്‍ ഞാന്‍ പരിചയപ്പെട്ട എല്ലാ നടീനടന്‍മ്മാരും അങ്ങനെ തന്നെയാണ്. നിവിന്‍ വളരെ ശാന്തനാണ് ,വളരെ ഹെല്‍പ്പ്‌ഫുള്‍ ആണ്. ഭാഷ അറിയാത്തതുകൊണ്ട് ഡയലോഗ് ഒക്കെ മനസിലാക്കിത്തരാന്‍ കുറേ സഹായിച്ചു. ബിജുവേട്ടനും അതുപോലെതന്നെ. തുടക്കത്തിലേ ഇത്രവലിയ ആളുകളോടൊപ്പം ജോലിചെയ്യാന്‍ സാധിച്ചത് ഒരു ഭാഗ്യമായി കാണുന്നു.
ആളുകള്‍ തിരിച്ചറിയുമ്പോള്‍?
വാലന്റൈന്‍സ് ഡേക്ക് ബെംഗളൂരുവിലായിരുന്നു ഞാന്‍. അന്ന് ഒന്നുരണ്ട് സുഹൃത്തുക്കളുടെ കൂടെ കൂടി പുറത്തുപോയി. കുറച്ച് ഷോപ്പിംഗ് നടത്തി, കോഫി ഷോപ്പിലിരുന്ന് ചായ കുടിച്ചു പുറത്തിറങ്ങിയപ്പോള്‍ ഒരു കൂട്ടം മലയാളി ആണ്‍കുട്ടികള്‍ ഞങ്ങളെ വളഞ്ഞു.
ഫോട്ടോ എടുക്കണമെന്നൊക്കെ പറഞ്ഞു. ഞാന്‍ ഒരു പെണ്‍കുട്ടി മാത്രമേയുള്ളൂ. ശരിക്കും പേടിയായി. പക്ഷേ ആളുകള്‍ തിരിച്ചറിയുമ്പോള്‍ ഒരു സന്തോഷമുണ്ട്.
മക്കളുടെ വിജയത്തില്‍ അച്‌ഛനും അമ്മയ്‌ക്കുമുള്ള പങ്ക്?
ചേച്ചി നേരത്തെ അഭിനയ രംഗത്ത് വന്നു. പക്ഷേ എന്നെ ഡോക്‌ടറാക്കണമെന്നായിരുന്നു അച്‌ഛന്‍ മനോഹറിന്റേയും അമ്മ രേഷ്‌മയുടേയും ചേച്ചിയുടേയും ആഗ്രഹം. അതുകൊണ്ടാണ് എന്നെ അവര്‍ ബിഷപ്പ് കോട്ടണ്‍ഹില്‍ കോളജില്‍ സയന്‍സിനു ചേര്‍ത്തത്.
പക്ഷേ ഞാന്‍ ഇങ്ങനെയായിത്തീരണമെന്നായിരുന്നു ദൈവനിയോഗം. അതുകൊണ്ട് അവര്‍ നിരാശരല്ല. ഞങ്ങളുടെ വിജയത്തിന്റെ എല്ലാ അവകാശവും അച്‌ഛനും അമ്മയ്‌ക്കുമാണ്. ഞങ്ങള്‍ക്ക് വേണ്ട എല്ലാ പിന്‍തുണയും നല്‍കുന്നത് അവരാണ്.
ഫാഷന്‍ ഡിസൈനിംഗ് പഠനവും ഷോപ്പിംഗ് ക്രേസും?
ഞാന്‍ ഫാഷന്‍ ഡിസൈനിങ് പഠിച്ചിട്ടുണ്ട്. ഇഷ്‌ടമുള്ള ഹോബികളില്‍ ഒന്നാണത്. പക്ഷേ ഇപ്പോള്‍ ഒന്നിനും സമയം കിട്ടാറില്ല. ഡ്രസുകളോടുള്ള ഇഷ്‌ടംകൊണ്ടുതന്നെ നല്ല ഷോപ്പിംഗ് ക്രേസുളള ആളാണ്. എനിക്ക് കംഫര്‍ട്ടബിള്‍ ആയ ഡ്രസുകള്‍ ധരിക്കാനാണ് താല്‍പര്യം.
മനസിന് യോജിക്കാത്ത വേഷം ധരിക്കാന്‍ ഇഷ്‌ടമല്ല. അതിപ്പോള്‍ സിനിമയിലായാല്‍ക്കൂടി. ഷോപ്പിംഗിന് വേണ്ടി എത്ര സമയം വേണമെങ്കിലും ചിലവഴിക്കാന്‍ തയ്യാറുമാണ്. ഒറ്റയ്‌ക്ക് ഷോപ്പ് ചെയ്യാനാണ് ഇഷ്‌ടം.
വിവാഹത്തെക്കുറിച്ച്?
വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഇപ്പോള്‍ അതിനൊന്നും സമയമില്ല. എന്നെക്കുറിച്ച് ചിന്തിക്കാന്‍ സമയം കിട്ടുമ്പോള്‍ അതൊക്കെ ആലോചിക്കാം. കുറേ നല്ല സിനിമകളിലൂടെ ഭാഗമാകണം. നല്ല വേഷങ്ങള്‍ ചെയ്യണം അതൊക്കെമാത്രമേ ഇപ്പോള്‍ മനസിലുള്ളൂ.
തമിഴില്‍ എന്റെ ഏറ്റവും പുതിയ ചിത്രമാണ് ഡാര്‍ളിംഗ്. അതില്‍ ഒരു പ്രേതമായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ആ വേഷം ചെയ്‌തുകൊണ്ടിരുന്നപ്പോള്‍ മനസുകൊണ്ടും ശരീരംകൊണ്ടും ഇല്ലാതായിപ്പോകുന്നതുപോലെ തോന്നി.
ആ സിനിമ അത്രയും ഒറ്റ ഷെഡ്യൂളിലാണ് ഷൂട്ട് ചെയ്‌ത്. മിക്കതും രാത്രിയില്‍. അത്രയും നാള്‍ സെറ്റിലുണ്ടായിരുന്ന ആളുകളൊന്നും ഉറങ്ങിയിട്ടേയില്ല. ഞാന്‍ സ്‌ഥിരമായി ദുസ്വപ്‌നം കണ്ട് പേടിച്ച നാളുകളായിരുന്നു അത്. പക്ഷേ നല്ല ത്രില്ലിങ്ങായിരുന്നു.
(കടപ്പാട് - കന്യക)