മലയാളഗാനത്തിന് വിരഹത്തിന്റേയും പ്രണയത്തിന്‍േറയും ഭാവമേകിയ സംഗീതകാരന്‍ ഹരിഹരന്‍ ഷഷ്ടിപൂര്‍ത്തിയുടെ നിറവില്‍.
ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങള്‍ എങ്ങനെയുണ്ടായിരുന്നു?
ആഘോഷമൊക്കെ വളരെ നന്നായിരുന്നു. വീട്ടില്‍ പൂജ വച്ചിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ പോലെ ചെറിയ സദ്യയെല്ലാമുണ്ടായിരുന്നു.
കേരളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് എന്താണ്?
ഇവിടെ പാട്ടുകേള്‍ക്കാന്‍ താല്പര്യമുള്ള നല്ല പ്രേക്ഷകരുണ്ട്. അതുപോലെ ഇവിടുത്തെ അമ്പലങ്ങളും എനിക്ക് ഒരുപാട് ഇഷ്ടമാണ്. എല്ലാ നല്ല അമ്പലങ്ങളും നിങ്ങള്‍ക്കിവിടെയുണ്ട്. അവിടെ പോകാന്‍ എനിക്ക് വലിയ ഇഷ്ടമാണ്. അവിടെ നിന്നും ലഭിക്കുന്ന പോസറ്റീവ് എനര്‍ജി വളരെ വലുതാണ്.
സംഗീതത്തോടൊപ്പം പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ് താങ്കളുടെ ലുക്ക്. വളരെ ഫാഷനബിളായാണ് താങ്കളെ വേദികളില്‍ കാണാറുള്ളത്. ഫാഷന്‍ കൃത്യമായി ഫോളോ ചെയ്യുന്ന ഒരാളാണോ?
ഇത് ഫാഷനൊന്നുമല്ല. ഇത് ഞാനാണ്. എനിക്കിത്തരത്തിലുള്ള ആക്‌സസറീസ് ഒക്കെ അണിയാന്‍ വലിയ ഇഷ്ടമാണ്, പുതിയ ഹെയര്‍സ്റ്റൈലുകള്‍ പരീക്ഷിക്കാന്‍ താല്പര്യമാണ്. എനിക്ക് വേണ്ടി ഒരു ഡിസൈനര്‍ ഉണ്ട്. i love to be like this.
സംഗീതലോകത്തെത്തിയിട്ട് 38 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. സംഗീത ജീവിതത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ദൈവം എന്നോട് കനിവുള്ളവനായിരുന്നു. പ്രയാസങ്ങള്‍ക്കൊപ്പം എനിക്ക് വിജയങ്ങളും അദ്ദേഹം നല്‍കി. ഒരിക്കലും സെയ്ഫ് മോഡില്‍ കാര്യങ്ങള്‍ നീക്കിയിരുന്ന ഒരാളല്ല ഞാന്‍. പിന്നണി ഗാനാലാപനത്തില്‍ മാത്രമൊതുങ്ങി നില്‍ക്കാതെ എനിക്കറിയാവുന്ന സംഗീതത്തില്‍ നിരവധി പരീക്ഷണങ്ങള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. ഗസലില്‍ ഇനിയും വളരെ ദൂരം എനിക്ക് പോകാനുണ്ട്. ഇനിയും വളരെയധികം പഠിക്കാനുണ്ട്. അതിന് ഒരുപാട് സമയമെടുക്കും. ഞാനിപ്പോഴും അതിന് വേണ്ടിയുള്ള ശ്രമത്തിലാണ്. സംഗീതത്തില്‍ ഞാനിപ്പോഴും ഒരു വിദ്യാര്‍ത്ഥിയാണ്.
ഗസല്‍ കണ്‍സേര്‍ട്ടുകള്‍ ചെയ്യുമ്പോഴാണോ അതോ സിനിമാഗാനങ്ങള്‍ പാടുമ്പോഴാണോ ഒരു ഗായകന്‍ എന്ന നിലയില്‍ കൂടുതല്‍ സംതൃപ്തി ലഭിക്കുന്നത്?
അതെല്ലാത്തിലും ഒരു രസമുണ്ട്. സദ്യയില്‍ നമ്മള്‍ ഈ വിഭവമാണോ ആ വിഭവമാണോ കൂടുതല്‍ ഇഷ്ടം എന്നു നോക്കാറില്ലല്ലോ. എല്ലാ വിഭവങ്ങള്‍ക്കും ഒരു രസമില്ലേ. അതുപോലെ സംഗീതത്തിലും അത് അങ്ങനെതന്നെയാണ്. വിവിധ കാര്യങ്ങളില്‍ നിന്നും നമുക്ക് ലഭിക്കുന്ന അനുഭവങ്ങളില്‍ തീര്‍ച്ചയായും വ്യത്യാസമുണ്ടാകും എന്നുള്ളത് ശരിയാണ്. അത്തരം അനുഭവങ്ങള്‍ വിസ്മയജനകമാണ്.
സിനിമാ പിന്നണിഗാനങ്ങളെ ഇപ്പോള്‍ പഴയഗാനങ്ങള്‍ പുതിയഗാനങ്ങള്‍ എന്നു വേര്‍തിരിച്ച് പറയുന്നുണ്ടല്ലോ. ഇതിനു രണ്ടിനുമിടയിലാണ് താങ്കളുടെ സ്ഥാനം. കാരണം രണ്ടു തലമുറകള്‍ക്കൊപ്പവും പ്രവര്‍ത്തിക്കാനുള്ള അവസരം താങ്കള്‍ക്കുണ്ടായിട്ടുണ്ട്. എന്താണ് അതേ കുറിച്ചുള്ള അഭിപ്രായം?
അത് വളരെ ശരിയാണ് രണ്ടുകൂട്ടര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. പക്ഷേ പഴയ പാട്ടുകള്‍, പുതിയ പാട്ടുകള്‍, ഇന്നത്തെ പാട്ട്, നാളത്തെ പാട്ട് അങ്ങനെയൊന്നുമില്ല. നല്ല പാട്ട്, ഓകെ പാട്ട് അങ്ങനെ രണ്ട് വിഭാഗമേയുള്ളൂ (ചിരിക്കുന്നു). തീര്‍ച്ചയായും പഴയ പാട്ടുകള്‍ വരികള്‍ക്കും മെലഡിക്കും പ്രാധാന്യം നല്‍കുന്ന പാട്ടുകളായിരുന്നു. അന്നത്തെ ആള്‍ക്കാരും അതുപോലെ സാധുക്കളായിരുന്നു. ഇപ്പോള്‍ എല്ലാവരും സ്മാര്‍ട്ട് ആയില്ലേ. നമ്മുടെ കൈയിലെ മൊബൈല്‍ ഫോണ്‍ വരെ സ്മാര്‍ട്ട് ആയില്ലേ. അതുകൊണ്ട് പണ്ടുകാലത്തുണ്ടായിരുന്ന നിഷ്‌കളങ്കത ഇന്നുള്ള ആളുകള്‍ക്കില്ല. ജീവിതത്തില്‍ വരെ അത് നഷ്ടപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ ഇന്നസെന്‍സിനല്ല ഇന്‍ഫര്‍മേഷനാണ് വില. അത് സംഗീതത്തേയും ബാധിച്ചു.
സാങ്കേതികത സംഗീതത്തെ ഇല്ലാതാക്കുന്നു എന്നൊരു പ്രവണത ഇപ്പോഴില്ലേ?
ജീവിതം മാറിയില്ലേ. അഞ്ച് വയസ്സുള്ളപ്പോള്‍ അറിയുന്നതും മനസ്സിലാക്കുന്നതുമല്ലല്ലോ പതിനഞ്ചുവയസ്സുള്ളപ്പോള്‍ ഒരു കുട്ടി അറിയുന്നതും മനസ്സിലാക്കുന്നതും. മാനവരാശി തന്നെ മാറിക്കഴിഞ്ഞില്ലേ. അതുപോലെ സംസ്‌ക്കാരവും മാറുകയാണ്. സമൂഹത്തിനുണ്ടാകുന്ന മാറ്റമാണ് നമ്മുടെ സംസ്‌കാരത്തില്‍ പ്രതിഫലിക്കുന്നത്. സമൂഹത്തിന്റെ ഒരു ഭാഗമാണ് സംഗീതവും. ഒരു ആര്‍ട്ട് ഫോം എന്നതിലുപരി അതൊരു കമ്മോഡിറ്റി ആയി മാറിക്കഴിഞ്ഞു. ഫിലിം മ്യൂസിക്ക് ഒരു കോമേഷ്യല്‍ ആര്‍ട്ടായി മാറിയിരിക്കുകയാണ് ഇപ്പോള്‍.
ദേവരാജന്‍ മാഷോടൊപ്പം സ്വത്ത് എന്നൊരു ചിത്രത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ടല്ലോ. അദ്ദേഹവുമൊത്തുള്ള സംഗീതാനുഭവങ്ങള്‍ പങ്കുവക്കാമോ?
അത് വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു. സാറിന് എന്റെ ഗസലെല്ലാം ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ പാട്ടുപാടുമ്പോള്‍ വളരെ ശ്രമിച്ചാണ് ഞാന്‍ പാടിയത്. കാരണം ഉച്ചാരണത്തിന്റെ കാര്യത്തില്‍ അദ്ദേഹം വളരെ നിര്‍ബന്ധബുദ്ധിയുള്ള ആളായിരുന്നു. എതായാലും അദ്ദേഹത്തെ കാണാന്‍ സാധിച്ചതും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതും എന്റെ ഭാഗ്യമായി ഞാന്‍ കാണുന്നു.
ഇത്തവണത്തെ ദേശീയ അവാര്‍ഡ് ലഭിച്ച ഗായിക ഉത്തര ഉണ്ണികൃഷ്ണന്‍ ഒരു എട്ടുവയസ്സുകാരിയാണ്. ഇതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. താങ്കള്‍ എങ്ങനെ ഇതിനെ നോക്കിക്കാണുന്നു?
അത് വളരെ നല്ല കാര്യമാണ്. പക്ഷേ ആ കുട്ടിക്ക് ജീവിതത്തില്‍ ഇനിയും മുന്നോട്ടുപോകാനുണ്ട്. ഒരുപാട് പഠിക്കാനുണ്ട്. ഉസ്താദ് ആയിട്ടില്ല. ഇനിയുമേറെ പഠിക്കാനുണ്ട്. അത് മനസ്സിലാക്കണം. ആ കുട്ടിയുടെ മാതാപിതാക്കളും അത് മനസ്സിലാക്കണം.
മൂത്തമകന്‍ അക്ഷയ് അച്ഛന്റെ പാത പിന്തുടര്‍ന്ന് സംഗീതത്തിലേക്ക് എത്തിയിട്ടുണ്ടല്ലോ. അവര്‍ കൊണ്ടുവരുന്ന പുതിയ മാറ്റങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
അക്ഷയ് ഒരു മ്യൂസിക് ഡയറക്ടറാണ്. ഒരു മറാത്തി ഫിലിമിനും ഹിന്ദി ഫിലിമിനും സംഗീതം നല്‍കിക്കഴിഞ്ഞു. കൂടാതെ ഒരു പുതിയ ആല്‍ബവും അക്ഷയ് ചെയ്യുന്നുണ്ട്. ഇളയമകന്‍ ഡല്‍ഹിയില്‍ ഒരു ആക്ടിംഗ് കോഴ്‌സ് ചെയ്തു കഴിഞ്ഞു. അവര്‍ക്ക് എന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ ഞാനത് തീര്‍ച്ചയായും നല്‍കും. പക്ഷേ അവര്‍ ഇന്നത്തെ തലമുറയാണ്. അവര്‍ എന്നപ്പോലെയല്ല ചിന്തിക്കുന്നത്. വ്യത്യസ്ത തലമുറകള്‍ വ്യത്യസ്ത രീതീയിലാണ് ചിന്തിക്കുന്നത്. അത് വളരെ പ്രധാനമാണ്. നമ്മളെ പോലെ തന്നെ അവരും ചെയ്താല്‍ ഒരു കാര്യവുമില്ല. അല്ലേ? അവര്‍ ചെയ്യുന്നതില്‍ ഒരു പുതുമ ഉണ്ട് ഞാനതില്‍ സന്തുഷ്ടനാണ്.
ഉയരങ്ങള്‍ ഏറെ കീഴടക്കിയെങ്കിലും താനിപ്പോഴും ഒരു സംഗീതവിദ്യാര്‍ത്ഥിയാണെന്ന് പറയാനാണ് ഹരിഹരന് ഇഷ്ടം.
(കടപ്പാട് -മാതൃഭൂമി)