ആരോഗ്യം

കുട്ടികളില്‍ കാന്‍സര്‍ നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ അവരില്‍ ഉണ്ടാകുന്ന പ്രതികരണം? സഹോദരങ്ങളുടെ പ്രതികരണം, രക്ഷിതാക്കള്‍ അറിയേണ്ടതും ചെയ്യേണ്ടതും

താന്‍ രോഗബാധിതനാണ് എന്നറിയുന്ന ഓരോ കുട്ടിയിലും ഉണ്ടാകുന്ന പ്രതികരണങ്ങള്‍ വ്യത്യസ്തമാണ്. അവരുടെ മാനസിക പക്വതയ്ക്കും വ്യക്തിത്വത്തിനും വയസ്സിനും വളര്‍ച്ചയ്ക്കുമനുസരിച്ച് വ്യത്യസ്തമായിരിക്കും അവരുടെ പ്രതികരണങ്ങളും. തങ്ങളുടെ കുട്ടി ഒരു രോഗിയാണെന്നറിയുമ്പോഴുണ്ടാകുന്ന രക്ഷിതാക്കളുടെ പ്രതികരണവും കുട്ടികളില്‍ സ്വാധീനം ചെലുത്തും.

ചെറിയ കുട്ടികള്‍ക്ക് ഭയം വളരെ കൂടുതലായിരിക്കും. ആശുപത്രിയിലേയ്ക്ക് കൂടെക്കൂടെ പോകേണ്ടിവരുന്നത്, രക്തപരിശോധനയ്ക്കും മറ്റു ടെസ്റ്റുകള്‍ക്കുമിടയില്‍ സൂചിയും മറ്റ് ആശുപത്രി ഉപകരണങ്ങളും കാണേണ്ടിവരുന്നത്, പരിചയമില്ലാത്തവരെ കാണുന്നത് ഇവയെല്ലാം കുട്ടികളില്‍ ഭയവും അസ്വസ്ഥതയും ഉണ്ടാക്കുന്നു. കാന്‍സര്‍ ബാധിച്ച കുട്ടികളുടെ സഹോദരങ്ങളിലും ഇതുപോലുള്ള ദുഃഖവും മാനസിക പിരിമുറുക്കങ്ങളും ദേഷ്യവുമെല്ലാം കാണാറുണ്ട്. രക്ഷിതാക്കളുടെ ശ്രദ്ധ സ്വാഭാവികമായും എപ്പോഴും കാന്‍സര്‍ ബാധിച്ച കുട്ടിയിലായിരിക്കും. സഹോദരങ്ങളുടെ മനസ്സില്‍ തങ്ങള്‍ ഒറ്റപ്പെട്ടുപോയി എന്ന തോന്നലുണ്ടാക്കാനിത് കാരണമാകാറുണ്ട്. ഇത് അവരുടെ ഓര്‍മ്മയെയും പഠനത്തില്‍ ശ്രദ്ധിക്കാനുള്ള കഴിവിനെയും ബാധിക്കാം. ചില കുട്ടികള്‍ ഈ തോന്നലുകളും വിഷമങ്ങളുമെല്ലാം മനസ്സിലൊതുക്കി ജീവിക്കാന്‍ ശ്രമിക്കും.

കുട്ടിയുടെ ശരീരം നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നില്ല അല്ലെങ്കില്‍ കാന്‍സര്‍ ആണ് എന്ന സത്യം അറിയുമ്പോള്‍ രക്ഷിതാക്കളെപ്പോലെ തന്നെ രോഗിയായ കുട്ടിയും സഹോദരങ്ങളുമെല്ലാം മാനസികമായി തളരും. സത്യം രക്ഷിതാക്കള്‍ മറച്ചുവെച്ചാലും മുതിര്‍ന്ന കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളുടെയും മറ്റുള്ളവരുടെയും മുഖത്ത് കാണുന്ന മാറ്റങ്ങളില്‍ നിന്നും മറ്റ് പെരുമാറ്റങ്ങളില്‍ നിന്നുമെല്ലാം കുട്ടിയുടെ രോഗം എന്തോ ഗൗരവമുള്ളതാണെന്ന് മനസ്സിലാക്കും. കാര്യം കൃത്യമായി അറിയാത്തതിന്റെ അനിശ്ചിതത്വത്തില്‍ കൂടുതല്‍ പിരിമുറുക്കവും അവര്‍ക്ക് അനുഭവപ്പെടും.

രോഗബാധിതനായ കുട്ടിക്ക് തന്നെ മറ്റു കുട്ടികള്‍ ഇനി എങ്ങനെ നോക്കിക്കാണും, മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ തന്റെ ശരീര രൂപത്തെ എങ്ങനെ ബാധിക്കും എന്ന ചിന്തകള്‍ അലട്ടുന്നതായി കാണാറുണ്ട്. സഹോദരങ്ങള്‍ക്കും ഇതുപോലെയുള്ള അനുഭവങ്ങള്‍ ഉണ്ടായേക്കാം. തങ്ങള്‍ക്കും കാന്‍സര്‍ പിടിപെടുമോ എന്ന ഭയം അവരിലും കാണാം. പലപ്പോഴും രോഗം എന്താണെന്ന് സഹോദരങ്ങള്‍ക്ക് അറിയില്ലെങ്കിലും രക്ഷിതാക്കളുടെയും മറ്റും പെരുമാറ്റത്തില്‍ നിന്ന് തങ്ങളുടെ കുടുംബത്തില്‍ എന്തോ വലിയൊരപകടം വന്നുപെട്ടിട്ടുണ്ടെന്ന് അവര്‍ ഊഹിച്ചെടുക്കുകയും അഗാധമായി ദുഃഖിക്കുകയും ചെയ്യും.

ദേഷ്യവും കുറ്റബോധവും കാന്‍സര്‍ രോഗിയായ കുട്ടിയിലും അവരുടെ സഹോദരങ്ങളിലും ഈ ആവസ്ഥയില്‍ ഉണ്ടായേക്കാം. എന്തുകൊണ്ട് തങ്ങള്‍ക്കുമാത്രം കാന്‍സര്‍ വിധിക്കപ്പെട്ടു എന്നൊരു ചിന്തയും അവരില്‍ കാണും. മുതിര്‍ന്ന കുട്ടികളില്‍ ചിലതരം കുറ്റബോധങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നു. മുമ്പ് കാലത്ത് അനുസരണയോടെ ജീവിക്കാതിരുന്നതുകൊണ്ടാണ് കാന്‍സര്‍ പിടിപെട്ടത് എന്ന കുറ്റബോധം ചിലരെ ബാധിക്കുന്നു. ഇതേ വികാരങ്ങള്‍ രോഗിയുടെ സഹോദരങ്ങളിലും കാണാറുണ്ട്.

ചില കുട്ടികള്‍ക്ക് തങ്ങളുടെ കളിക്കോപ്പുകളും കളികളും പെട്ടെന്ന് ഇല്ലാതാവുന്നത് വലിയ അസ്വസ്ഥതകളും വിഷമങ്ങളും ഉണ്ടാക്കുന്നു. അവര്‍ അസാധാരണമായി കരഞ്ഞേക്കാം. സ്‌കൂളില്‍ പോയിക്കൊണ്ടിരുന്ന കുട്ടികള്‍ക്ക് പെട്ടെന്ന് സ്‌കൂളില്‍ പോകാന്‍ സാധിക്കാതെ വരുന്നതും സുഹൃത്തുക്കളെ കാണാന്‍ കഴിയാത്തതും അതീവ ദുഃഖത്തിനും ദേഷ്യത്തിനും കാരണമാകാറുണ്ട്. വളരെ മുതിര്‍ന്ന കുട്ടികളാണെങ്കില്‍ കുറച്ചുകൂടി വ്യത്യസ്തമായി പ്രതികരിക്കുന്നു. അവരിലും ദുഃഖം, മാനസിക പിരിമുറുക്കം, കുറ്റബോധം, ദേഷ്യം, സത്യം അംഗീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയൊക്കെ സാധാരണമാണ്.

കാന്‍സര്‍ ബാധിച്ച കുട്ടിയിലും അവരുടെ സഹോദരങ്ങളിലും മുകളില്‍ വിവരിച്ച പോലുള്ള വികാരങ്ങളും വിചാരങ്ങളും സാധാരണയാണ്. ചെറിയ കുട്ടികള്‍ക്കും ഇതൊക്കെ അനുഭവപ്പെടും. പക്ഷെ അത് മാതാപിതാക്കള്‍ക്ക് മനസ്സിലാക്കി തരാനുള്ള അറിവോ കഴിവോ ഉണ്ടാകില്ല. ചില കുട്ടികള്‍ അവരോട് കാര്യം പറഞ്ഞിട്ടില്ലെങ്കിലും രക്ഷിതാക്കളുടെ അടുത്ത ബന്ധുക്കളുടെ പെട്ടെന്നുള്ള സ്വഭാവമാറ്റം, സങ്കടം എന്നിവയില്‍ നിന്ന് കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കും. അവരുടെ ദുഃഖവും വിഷാദവും അസ്വസ്ഥതയും കുറ്റബോധവും ഭയവും ചിലപ്പോള്‍ അവര്‍ക്ക് രക്ഷിതാക്കളോട് പറയാന്‍ കഴിഞ്ഞില്ലെന്ന് വരാം. പക്ഷെ അവരുടെ സ്വഭാവ മാറ്റത്തിലൂടെ അവര്‍ അതറിയിക്കും. പലപ്പോഴും കാന്‍സര്‍ ബാധിച്ച കുട്ടിക്കും അവരുടെ സഹോദരങ്ങള്‍ക്കും ഇതൊക്കെ തരണം ചെയ്യാന്‍ കഴിയുമെങ്കിലും ചിലപ്പോള്‍ മാനസികമായ പിന്തുണയും ആവശ്യമായിവരും. അതിനു കഴിവുള്ള മുതിര്‍ന്നവരില്‍ നിന്നോ കുട്ടികളുടെ മനഃശാസ്ത്രം അറിയാവുന്നവരില്‍ നിന്നോ സഹായം തേടേണ്ടിവരും.

കാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും താഴെ പറയുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ കൂടുതലായി സപ്പോര്‍ട്ട് ചെയ്യേണ്ടിവരും.
1) എല്ലാ സമയത്തും ദുഃഖിതനായി കഴിയുക.
2) ഒരിക്കലും ആശ്വസിക്കാന്‍ കഴിയാതെ വരിക
3) മരിക്കുന്നതാണ് നല്ലതെന്ന് എപ്പോഴും പറയുക.
4) വളരെ പെട്ടെന്ന് കൂടുതലായി ദേഷ്യം ഉണ്ടാവുക.
5) എല്ലാത്തില്‍ നിന്നും വിട്ടുനിന്ന് ഒറ്റയ്ക്കിരിക്കുന്ന ശീലം കാണുക.
6) ഒരു തരത്തിലും മറ്റുള്ള പ്രവര്‍ത്തനങ്ങളില്‍ ഒരു താല്‍പര്യവും കാണിക്കാതിരിക്കുക
7) കൂടുതലായി കരയുക
8) തീരെ ഭക്ഷണം കഴിക്കാതിരിക്കുക.
9) വളരെ കൂടുതലായി ഉറങ്ങുക, ചിലപ്പോള്‍ തീരെ ഉറക്കമില്ലാതി
രിക്കുക.


കാന്‍സര്‍ രോഗം കുട്ടിയില്‍ നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ കുട്ടിക്കും അവരുടെ സഹോദരങ്ങള്‍ക്കും ഉണ്ടാവുന്ന മാനസിക അവസ്ഥ മെച്ചപ്പെടുത്താന്‍ മാതാപിതാക്കള്‍ക്ക് എന്തെല്ലാം ചെയ്യാം?

കഴിയുന്നതും രക്ഷിതാക്കള്‍ തന്നെ അവരുടെ കൂടെ ഉണ്ടാവാന്‍ ശ്രമിക്കുക. പ്രത്യേകിച്ച് ഹോസ്പിറ്റലില്‍ താമസിക്കുമ്പോള്‍. അവര്‍ക്ക് ഇഷ്ടമുള്ള സുഹൃത്തുക്കളും സഹോദരങ്ങളും സന്ദര്‍ശിക്കാന്‍ അവസരം ഉണ്ടാക്കണം. എന്നാല്‍ ഈ സന്ദര്‍ശനങ്ങളെല്ലാം അണുബാധ തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ പാലിച്ചുവേണം. അവര്‍ക്ക് ഇഷ്ടപ്പെട്ട കളിക്കോപ്പ്, കംപ്യൂട്ടര്‍ എന്നിവ ഹോസ്പിറ്റലില്‍ ഉപയോഗിക്കാന്‍ കഴിയുവാനുള്ള സാഹചര്യം ഉണ്ടാക്കുക. അവര്‍ താമസിക്കുന്ന റൂമില്‍ അവര്‍ ഇഷ്ടപ്പെട്ട കളറും, ചിത്രങ്ങളും പതിക്കാന്‍ ശ്രമിക്കുക. കുട്ടിക്ക് അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് സ്മാര്‍ട് ഫോണ്‍, വീഡിയോ ഗെയിം തുടങ്ങിയവ ഉപയോഗിക്കാനുള്ള സാഹചര്യവും ഉണ്ടാക്കിക്കൊടുക്കുക. മുമ്പ് കാന്‍സര്‍ ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിച്ച് അവര്‍ എങ്ങനെയാണ് കുട്ടികളെ ഇത്തരം അവസ്ഥയില്‍ സഹായിച്ചതെന്നു മനസ്സിലാക്കി നടപ്പിലാക്കാന്‍ ശ്രമിക്കുക.

അവര്‍ ദുഃഖിതരായി കാണുമ്പോള്‍ അവരോട് സംസാരിക്കാനും കളിക്കാനും ശ്രമിക്കുക. അവര്‍ എന്തൊക്കെ മനസ്സിലാക്കുന്നു എന്നറിയാന്‍ ശ്രമിക്കുക. അതനുസരിച്ച് അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ഭാഷ ഉപയോഗിച്ച് കാര്യങ്ങള്‍ പറയുന്നത് നന്നായിരിക്കും. മാതാപിതാക്കള്‍ പലതും മറച്ചുവയ്ക്കുന്നു എന്ന തോന്നല്‍ അവരെ കൂടുതല്‍ അസ്വസ്ഥമാക്കും.

രോഗിയായ കുട്ടിക്ക് ദുഃഖവും ദേഷ്യവും കുറ്റബോധവും ഈ അവസ്ഥയില്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് പ്രകടിപ്പിക്കാന്‍ അവരെ അനുവദിക്കണം. അത് അവരുടെ ശരീരത്തിന് തന്നെ അപകടം വരുത്താതെ, ന്യായമായ രീതിയില്‍ പ്രതികരിക്കാന്‍ പഠിപ്പിക്കുകയും അനുവദിക്കുകയും ചെയ്യുക. ഉദാഹരണമായി ചിലപ്പോള്‍ കുട്ടികള്‍ ദേഷ്യം വന്നാല്‍ അവരുടെ തലതന്നെ ചുമരില്‍ തട്ടുന്നു. ചിലപ്പോള്‍ തലയണ വലിച്ചറിയും. ഇതില്‍ തലയണ വലിച്ചെറിഞ്ഞു ദേഷ്യം തീര്‍ക്കുന്ന രീതി അനുവദിക്കുകയും തലയ്ക്ക് ക്ഷതം പറ്റുന്ന രീതി ഒഴിവാക്കാനും പരിശ്രമിക്കുക.

കുട്ടിയുടെ സാധാരണ രീതിയും ഇഷ്ടങ്ങളും ഇഷ്ടമില്ലായ്മയും അവരെ ശുശ്രൂഷിക്കുന്ന ഡോക്ടറോടും നഴ്‌സുമാരോടും പറയുക. രോഗമുള്ള കുട്ടിയെ കൂടുതല്‍ ശ്രദ്ധിച്ച് മറ്റുള്ള കുട്ടികളെ അവഗണിക്കാതിരിക്കുക. അവരോട് അവര്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ കാര്യങ്ങള്‍ പറയുക.

എല്ലാം രഹസ്യമായി വയ്ക്കാന്‍ കഴിയും എന്ന് തെറ്റിദ്ധരിക്കാതിരിക്കുക. മാതാപിതാക്കള്‍ എന്തൊക്കെയോ ഒളിപ്പിച്ചു വയ്ക്കുന്നു എന്ന തോന്നല്‍ രോഗിയായ കുട്ടികള്‍ക്കോ അവരുടെ സഹോദരങ്ങള്‍ക്കോ ഉണ്ടായാല്‍ മാതാപിതാക്കളിലുള്ള വിശ്വാസം നഷ്ടപ്പെടും. മാതാപിതാക്കള്‍ക്ക് ചിലപ്പോള്‍ അവരുടെ മുമ്പില്‍ നിന്നുതന്നെ നിയന്ത്രിക്കാന്‍ പറ്റാത്തവിധം കരഞ്ഞുപോയേക്കാം. കരയാനുണ്ടായ സാഹചര്യം വളരെ ലളിതമായ രീതിയില്‍ അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക.

മുതിര്‍ന്ന കുട്ടികളില്‍ നിന്ന് കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നത് അവരെ കൂടുതല്‍ അസ്വസ്ഥമാക്കും. അവരുടെ വിവിധ തരത്തിലുള്ള ഫീലിംഗ്‌സുകളെക്കുറിച്ച് തുറന്ന് സംസാരിക്കുക. അത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും അവസരവും കൊടുക്കുക. അവരുടെ അടുത്ത സുഹൃത്തുക്കളെയും അധ്യാപകരെയും ഉപയോഗപ്പെടുത്തുക.

അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍, ന്യായമായത് യഥേഷ്ടം ചെയ്യാന്‍ അനുവദിക്കുക. മുതിര്‍ന്നവര്‍ക്ക് മ്യൂസിക് പ്ലെയര്‍, കംപ്യൂട്ടര്‍ മുതലായവ നല്‍കി ന്യായമായി സന്തോഷമുണ്ടാകുന്ന പല കാര്യങ്ങളും ചെയ്യാനനുവദിക്കുക. അവരുടെ ചിന്തകള്‍ മനസ്സിലാക്കാനും അവരുടെ ചിന്തകളും ആവശ്യങ്ങളും ന്യായമാണെന്ന് മാതാപിതാക്കളും അംഗീകരിക്കുന്നു എന്ന് മനസ്സിലാക്കിക്കൊടുക്കാനും കഴിയണം.

ചുരുക്കത്തില്‍ മാതാപിതാക്കള്‍ അനുഭവിക്കുന്ന എല്ലാ വികാരവും രോഗിയായ കുട്ടികളിലും അവരുടെ സഹോദരങ്ങളിലും ഉണ്ടാവും എന്ന യാഥാര്‍ഥ്യം മനസ്സിലാക്കുക. അവര്‍ അത് പ്രകടിപ്പിക്കുന്നതും അതിനോട് പ്രതികരിക്കുന്നതും അവരുടെ വയസ്സിനും വളര്‍ച്ചയ്ക്കും പക്വതയ്ക്കും അനുസരിച്ചായിരിക്കും. സത്യസന്ധമായി കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുക. അപ്രതീക്ഷിതമായ കാന്‍സര്‍ നിര്‍ണയം കുട്ടികളിലും അവരുടെ സഹോദരങ്ങളിലും രക്ഷിതാക്കളിലും ഉണ്ടാക്കുന്ന വ്യത്യസ്ത വികാരങ്ങള്‍, മാനസികാവസ്ഥ എന്നിവ ക്ഷമയോടെ, മറ്റുള്ളവരുടെ സഹായത്തോടെ തരണം ചെയ്യാന്‍ ശ്രമിക്കുക.

(ഡോ. ആബിദ് ഓങ്കോളജിസ്റ്റ് കൊവന്‍ട്രി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍)

  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions