ഇന്റര്‍വ്യൂ

കഴിഞ്ഞ കുറേ വര്‍ഷമായി മീഡിയ എന്നെ വേട്ടയാടുന്നു- ഉര്‍വശി

അടുത്തിടെ ഒരു പൊതു പരിപാടിയില്‍ ഉര്‍വശി മദ്യപിച്ചു എത്തി എന്ന വാര്‍ത്ത വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഈ വിഷയം സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചു ഉര്‍വശി ആക്രമിച്ചു. ഇതിനിടെയാണ് കമല്‍ഹാസനോപ്പമുള്ള ചിത്രമായ ഉത്തമവില്ലന്‍ റിലീസാവുന്നത്. ഉത്തമവില്ലനില്‍ കമലിന്റെ നായികയാണ് ഉര്‍വശി. വിജയത്തെക്കുറിച്ചും വിവാദത്തെക്കുറിച്ചുമെല്ലാം ഉര്‍വശി മനസ്സു തുറക്കുന്നു.


വിജയങ്ങള്‍ക്കിടയിലും വിവാദങ്ങളും സോഷ്യല്‍മീഡിയ ആക്രമണവും വിടാതെ പിന്തുടരുന്നത് വേദനിപ്പിക്കുന്നുണ്ടോ?

അതിനെക്കുറിച്ചൊന്നും പറയാതിരിക്കുകയാണ് കുഞ്ഞേ ഭേദം. കഴിഞ്ഞ കുറേ വര്‍ഷമായി മീഡിയ എന്നെ വേട്ടയാടുന്നു എന്ന് തോന്നിയിട്ടുണ്ട്. എത്രയോ നാളായി മാധ്യമങ്ങളുടെ കണ്‍വെട്ടത്ത് ജീവിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നിട്ടും നമ്മുടെ വ്യക്തിപരമായ കാര്യങ്ങളെ ആവശ്യമില്ലാതെ സോഷ്യല്‍മീഡിയയും മറ്റും ചര്‍ച്ചയാക്കുന്നുണ്ട്.

ആശുപത്രിയില്‍ കാന്‍സര്‍ബാധിച്ച് കിടന്ന ജിഷ്ണുവിന്റെ ഫോട്ടോവരെ സോഷ്യല്‍മീഡിയയിലിട്ട് ആനന്ദം കണ്ടെത്തിയവരാണ് ഈ സമൂഹത്തിലുള്ളത്. അതൊക്കെ വെച്ച് നോക്കുമ്പോള്‍ എന്റെ നേര്‍ക്കുള്ള ആക്രമണം ഒന്നുമല്ല. പിന്നെ ഇതൊക്കെ ഓരോരുത്തരുടെ സാഡിസ്റ്റ് സ്വഭാവത്തിന്റെ പ്രതിഫലനമാണ്. നമ്മുടെ നാട്ടിലിത് വളരെ കൂടുതലാണെന്ന് തോന്നിയിട്ടുണ്ട്.


വീണ്ടും കമല്‍ഹസനോടൊപ്പം തമിഴില്‍. അതിനെക്കുറിച്ച്?

കമല്‍ സാറിന്റെ സെറ്റ് എനിക്ക് അപരിചിതമല്ലല്ലോ. ഇതിനു മുമ്പും അദ്ദേഹത്തോടൊപ്പം സിനിമ ചെയ്തിട്ടുണ്ട്. പിന്നെ ഇത്തവണ കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് അഭിനയിച്ചത്. ആ പ്രത്യേകതയുണ്ട്.


ഉത്തമവില്ലനിലെ വരലക്ഷ്മി അല്‍പ്പം ഒരു വില്ലത്തിയാണല്ലോ?

കമല്‍ഹാസന്റെ നായികയായിട്ടുള്ള മറ്റു കഥാപാത്രങ്ങളില്‍ അല്‍പ്പം കോമഡിയുടെ അംശം ഉണ്ടായിട്ടുണ്ട്. എന്നാല്‍ വീണ്ടും ഒന്നിക്കുമ്പോള്‍ അതില്‍ നിന്നൊരു മാറ്റം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് വരലക്ഷ്മി അല്‍പ്പം വില്ലത്തിയായത്. പ്രേക്ഷകര്‍ അത് തീരെ പ്രതീക്ഷിച്ചിരുന്നില്ല. കുറച്ചു വില്ലത്തരവും കുശുമ്പുമുള്ള ആ ഭാര്യാവേഷം ഞാന്‍ നന്നായി ആസ്വദിച്ചാണ് ചെയ്തത്. പക്ഷെ ഇതുവരെ എനിക്ക് സിനിമ കാണാന്‍ സാധിച്ചിട്ടില്ല. കണ്ടവരെല്ലാം നന്നായിട്ടുണ്ടെന്ന് വിളിച്ചു പറയുന്നതില്‍ സന്തോഷമുണ്ട്.


സൂപ്പര്‍സ്റ്റാറിന്റെ നായികയാവാന്‍ പ്രായം പ്രശ്നമല്ല എന്ന് തെളിയിച്ചിരിക്കുകയാണോ ഉത്തമവില്ലനിലൂടെ?

പ്രായം നോക്കി നായികയെ നിശ്ചയിക്കുന്ന ആളെ അല്ല കമല്‍ഹാസന്‍. അഭിനയിക്കാനുള്ള കഴിവാണ് അദ്ദേഹത്തിന് പ്രധാനം. 1995 ല്‍ ഇറങ്ങിയ സിനിമയാണ് സതീലീലാവതി. അതില്‍ കമലിന്റെ നായികയായ കോവൈ സരള കോമഡി ആര്‍ട്ടിസ്റ്റായിരുന്നു. 95 എന്നൊക്കെ പറയുന്നത് കമല്‍ഹാസന്റെ സുവര്‍ണ്ണകാലമായിരുന്നു. അന്ന് പോലും ഒരു കോമഡി ആര്‍ട്ടിസ്റ്റിനെ തന്റെ നായികയാക്കാന്‍ മടികാണിക്കാതിരുന്ന വ്യക്തിയാണ് അദ്ദേഹം.


മലയാളത്തില്‍ ഇന്നും പ്രായം കുറഞ്ഞ നായികമാരാണ് സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം കൂടുതലും അഭിനയിക്കുന്നത്. അതിനൊരു മാറ്റം വരണമെന്ന് തോന്നിയിട്ടില്ലേ?

മലയാളസിനിമയില്‍ വ്യത്യസ്തത എവിടെയാണ്. സൂപ്പര്‍സ്റ്റാറുകള്‍ക്ക് വേണ്ടി തയ്യാറാക്കുന്നത് ഒരേ രീതിയിലുള്ള കഥകളല്ലേ? എത്ര കഴിവുള്ള കലാകാരന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം. അവരുടെ ടാലന്റ് വേണ്ടരീതിയില്‍ ഉപയോഗിക്കുന്ന കഥകള്‍ വന്നാല്‍ അല്ലേ അവര്‍ക്കും ഈ വട്ടത്തില്‍ കിടന്നുള്ള ചുറ്റലില്‍ നിന്ന് മാറ്റമുണ്ടാകൂ.


ഈ വ്യത്യസ്ത ഇല്ലായ്മയാണോ ഉര്‍വശിയെ മലയാളത്തില്‍ നിന്ന് അകറ്റുന്നത്?

അച്ചുവിന്റെ അമ്മയും മമ്മീ ആന്‍ഡ് മീയും കഴിഞ്ഞ് എന്നേ തേടി വന്നതെല്ലാം അത്തരം കഥാപാത്രങ്ങളാണ്. ഒരേ ടൈപ്പിലുള്ള കഥാപാത്രങ്ങളില്‍ എന്നും എന്നെ കണ്ടാല്‍ ആള്‍ക്കാര്‍ തന്നെ പറയില്ലേ ഇവര്‍ക്ക് വേറെ പണിയില്ലേ? ഇതിലും ഭേദം അഭിനയിക്കാതെ ഇരിക്കുന്നതല്ലേ എന്ന്? ഓടുന്ന സിനിമയില്‍ മുഖം കാണിക്കുന്നതിലും എനിക്ക് ഇഷ്ടം ഞാനും ആ സിനിമ ഓടാന്‍ കാരണമായല്ലോ എന്ന് സ്വയം തോന്നിപ്പിക്കുന്ന സിനിമകളില്‍ അഭിനയിക്കാനാണ്. വേഷം വലുതായാലോ ചെറുതായാല്ലോ വില്ലത്തിയായാല്ലോ അമ്മയായാല്ലോ ഒന്നും പ്രശ്നമില്ല, പക്ഷെ വ്യത്യസ്തതയുള്ള വേഷമായിരിക്കണം എന്നുണ്ട്.

മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ പ്രതിഫലമല്ല വിഷയം. സ്വന്തം ഭാഷയില്‍ നല്ല കഥയുള്ള ഒരു സിനിമയില്‍ അഭിനയിക്കുന്നതിന്റെ സുഖം ഒന്നുവേറെയാണ്. പിന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ മലയാളത്തില്‍ 40-45 ദിവസം അടുപ്പിച്ച് ഡേറ്റ് കൊടുക്കാന്‍ പറ്റില്ല. ചെറിയ മോനുണ്ട്. അവനെ ഇട്ടിട്ട് ഇത്ര ദിവസം മാറി നില്‍ക്കാന്‍ ഒന്നും പറ്റില്ല. തമിഴിലോ തെലുങ്കിലോ ആണെങ്കില്‍ അഞ്ചോ ആറോ ദിവസത്തെ ഡേറ്റ് മതി. അവിടെ സിനിമയുടെ ഷൂട്ടിങ്ങ് തീരാന്‍ തന്നെ ഒരു മാസത്തില്‍ കൂടുതല്‍ എടുക്കും. അതിനിടയ്ക്ക് ഇടയ്ക്ക് നമ്മള്‍ പോയി അഭിനയിച്ചാല്‍ മതിയാകും.


വീണ്ടും അമ്മയായതിന്റെ ത്രില്ലിലാണോ?

കുഞ്ഞാറ്റ ഉണ്ടായപ്പോള്‍ എനിക്കും പ്രായകുറവായിരുന്നു. ഇപ്പോള്‍ ഈ പ്രായത്തില്‍ മകനുണ്ടായപ്പോള്‍ അതിന്റേതായ പക്വത വന്നിട്ടുണ്ട്. ഇപ്പോള്‍ എവിടെ ഷൂട്ടിങ്ങിന് പോയാലും മോനേം കൊണ്ടേ പോകാറൊള്ളൂ. മോളെ എങ്ങനെ നോക്കണം എങ്ങനെ കുളിപ്പിക്കണം എന്നൊന്നു ആ പ്രായത്തില്‍ എനിക്കും അത്ര അറിയില്ലായിരുന്നു. പക്ഷെ മോനേ കുറച്ചു കൂടി പക്വതയോടെ നോക്കാന്‍ സാധിക്കുന്നുണ്ട്. മോള്‍ക്ക് ഇപ്പോള്‍ 15 വയസ്സായി. അവളാണെങ്കിലും ഒരു അമ്മയുടെ സ്നേഹവും കരുതലുമൊക്കെയാണ് മോനോട് കാണിക്കുന്നത്.



ഏതെല്ലാമാണ് പുതിയ സിനിമകള്‍?

മലയാളത്തില്‍ ഒന്നുമില്ല. ഏകദേശം നാലു വര്‍ഷത്തോളമായി മലയാളത്തില്‍ അഭിനയിച്ചിട്ട്. ഇപ്പോള്‍ അഭിനയിക്കുന്നത് ആര്യയും അനുഷ്കയും നായികാനായകന്മാരായ സൈസ് സീറോയിലാണ്. അതു കഴിഞ്ഞുള്ളത് തെലുങ്കിലും തമിഴിലുമായി ഒരു സസ്പvസ് ത്രില്ലറും കോമഡി ത്രില്ലറുമാണ്.

(കടപ്പാട്- മനോരമ)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions