'തകര'യിലൂടെ മൂന്നുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് മലയാളസിനിമയില്‍ ഇരിപ്പിടം നേടിയ സംവിധായകനും നടനുമായ പ്രതാപ് പോത്തന്‍ ഇന്ന് സോഷ്യല്‍ മീഡിയയുടെ പ്രിയ താരമാണ്. ജയറാമിനെ 'പത്മശ്രീ മന്ദബുദ്ധി' എന്ന് വിളിക്കുകയും അത് സ്ഥിരീകരിക്കുകയും ചെയ്ത ഫേസ് ബുക്ക് പോസ്റ്റുകള്‍ അത്രെയേറെ ചര്‍ച്ചാ വിഷയമായിരുന്നു.
'ആരേയും വേദനപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാറില്ല എന്നാല്‍ എന്നെ അപമാനിക്കാനും,എന്റെ പേജില്‍ വന്ന് തെറിവിളിക്കാനും ശ്രമിച്ചാല്‍ തിരിച്ചടിക്കുക തന്നെചെയ്യും' പ്രതാപ് പോത്തന്‍ തന്റെ നിലപാടു വ്യക്തമാക്കുന്നു.
സിനിമയുടെ തിരക്കിനിടയിലും സോഷ്യല്‍ മീഡിയയില്‍ സജ്ജീവമാണല്ലോ?
സോഷ്യല്‍ മീഡിയ പുതിയകാലത്തിന്റെ മാധ്യമമാണ്. ഞാന്‍ ദിവസവും ഏറെ സമയം പേജില്‍ ചിലവഴിക്കാറുണ്ട്. കാറില്‍ സഞ്ചരിക്കുമ്പോള്‍, വിമാനത്താവളത്തില്‍ കാത്തിരിക്കുമ്പോള്‍, ലൊക്കേഷനുകളിലെ ഇടവേളകളിലെല്ലാം. മറുപടി പ്രതീക്ഷിച്ചയക്കുന്ന പലകുറിപ്പുകള്‍ക്കും ഞാന്‍ തിരിച്ചെഴുതാറുണ്ട്.
ആദ്യമെല്ലാം പത്രക്കാരും മാഗസിനെഴുത്തുകാരും നല്‍കുന്ന ചിത്രമായിരുന്നു സിനിമാകാര്‍ക്ക് ജനങ്ങള്‍ക്കിടയിലുണ്ടായിരുന്നത്. ഇന്ന് ഇടനിലക്കാരന്റെ ആവശ്യം കുറവാണ്. എന്നെ അറിയണമെന്നാഗ്രഹിക്കുന്ന പ്രേക്ഷകരുമായി എനിക്ക് നേരില്‍ സംവദിക്കാം. അഭിപ്രയാങ്ങള്‍ അറിയിക്കാന്‍ മറ്റൊരാളുടെ സഹായം തേടി നില്‍ക്കേ. ഐ ലൈക്ക് ഫേസ്ബുക്ക്.
ഫേസ്ബുക്കിലെ ചില കുറിപ്പുകള്‍ കത്തിപടര്‍ന്ന് വിവാദങ്ങളാകുന്നതിനെക്കുറിച്ചെന്തുതോന്നുന്നു?
സിനിമാക്കാരനായതിനാല്‍ ഫേസ്ബുക്കില്‍ എഴുതെരുതെന്ന് നിയമമൊന്നുമില്ല. എന്റെ പല ചിത്രങ്ങളുടേയും പോസ്റ്ററുകളും വിവരങ്ങളും ഞാന്‍ പോസ്റ്റ് ചെയ്യാറുണ്ട്. ചിത്രം ഇറങ്ങുന്നതിനുമുന്‍പ് തന്നെ അവയെ മോശമാക്കി എഴുതുന്നവരോടും മോശം കമന്റുകളിലൂടെ അപമാനിക്കുന്നവരോടും ക്ഷമിക്കാന്‍ കഴിയില്ല അത്തരക്കാര്‍ ശക്തമായ തിരിച്ചടിതന്നെ അര്‍ഹിക്കുന്നുണ്ട്.
ജയറാമിനെതിരായ കുറിപ്പുകള്‍ പിന്നീട് വേണ്ടെന്നു തോന്നിയിരുന്നോ?
ജയറാമിന്റെ പെരുമാറ്റത്തിലുണ്ടായ മാന്യതയില്ലായ്മയാണ് എന്നെ ചൊടിപ്പിച്ചത്, അയാളുടെ മകനെ കുറിച്ച് എനിക്ക് കാര്യമായി അറിയില്ലായിരുന്നു. എന്റെ പുതിയ ചിത്രത്തിലേക്ക് ടീമിലുള്ളവരാണ് കാളിദാസന്‍ എന്ന പേര് നിര്‍ദ്ദേശിച്ചത്. ഞാന്‍ നേരിട്ട് വിളിച്ചു ചോദിച്ചു. മകനോട് ചര്‍ച്ചചെയ്ത വിളിക്കാമെന്ന് പറഞ്ഞ് ജയറാം ഫോണ്‍ വച്ചു. പിന്നീട് തിരിച്ചുവിളിക്കാനുള്ള മാന്യത കാണിച്ചില്ല, ദിവസങ്ങള്‍ക്കുശേഷം വിളിച്ചന്വേഷിച്ചപ്പോള്‍ മകന് 2016 ഒക്ടോബര്‍ വരെ ഡേറ്റില്ലെന്നും, പഴയ സംവിധായകരുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ലെന്നുമെല്ലാം വലിച്ചുനീട്ടി സംസാരിക്കുകയായിരുന്നു.
ജയറാമുമായി സംസാരിക്കുമ്പോള്‍ ഞാന്‍ കമ്പ്യൂട്ടറിനു മുന്നിലിരുന്നായിരുന്നു. അയാളുടെ മാന്യമല്ലാത്ത പെരുമാറ്റം ലോകത്തെ അറിയക്കണമെന്നു തോന്നി അപ്പോള്‍ തന്നെ പ്രതികരിച്ചു അത്രമാത്രം
മന്ദബുദ്ധിയെന്ന പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി മാറി?
ഓണ്‍ലൈന്‍ മാധ്യമങ്ങളും പത്രങ്ങളുമെല്ലാം അവ കാര്യമായി തന്നെ പ്രചരിപ്പിച്ചു. എഴുത്ത് വേണ്ടായിരുന്നു എന്നു പറഞ്ഞവരേക്കാള്‍ കൂടുതല്‍ കുറിപ്പിന് അഭിനന്ദനമറിയച്ചു വിളച്ചവരായിരുന്നു. എന്റെ ജ്യേഷ്ഠന്റെ സിനിമയിലുടെ വെള്ളിത്തിരയിലേക്ക് കയറിയ അയാള്‍ ജ്യേഷ്ഠന്റെ മരണത്തില്‍ പോലും പിന്നീടൊരു അനുശോചനമറിയിച്ചെത്തിയില്ല. ദേഷ്യമെല്ലാം കൂടികനത്തപ്പോള്‍ ഭാഷരൂക്ഷമായി.
മകന് എന്റെ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അതു പറയാമായിരുന്നു. വലുതുചെറുതുമായ എത്രയോ പേര്‍ എന്റെ കഥകേട്ട് പിന്‍മാറിയിട്ടുണ്ട്. അതല്ല പ്രശ്‌നം, മറുപടിപറയാതെ വലിച്ചുനീട്ടി ആളെ അപമാനിക്കുന്നരീതി ശരിയല്ല അത് അനുവദിക്കാനാകില്ല. ജയറാമിനെതിരെ എഴുതിയതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ ഒരു ആരാധകന്‍ പോലും ഇതുവരെ എന്നെ വിളിച്ചിട്ടില്ല.
ജീവിതം പ്രതാപ്‌പോത്തനെ പരുക്കനാക്കിയിട്ടുണ്ടോ?
ഞാനൊരു പരുക്കനായ വ്യക്തിയാണെന്ന് പരിചയപ്പെട്ടയാരും ഇതുവരെ പറഞ്ഞിട്ടില്ല, പ്രവര്‍ത്തിച്ച യൂണിറ്റിലെ ആരോടും ചോദിക്കാം, എന്റെ പെരുമാറ്റത്തിലോ സഹകരണത്തിലോ അവര്‍ക്കാര്‍ക്കും യാതൊരു മോശവും പറയാനുണ്ടാകില്ല. പഴയതലമുറയിലുള്ളവരും-പുതിയതലമുറയിലുള്ളവരുമായി നല്ലബന്ധമാണുള്ളത്. ഞാനൊരിക്കലുമൊരു കുഴപ്പക്കാരനല്ല, എന്നെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ മാത്രം തിരിച്ചു പ്രതികരിച്ചെന്നുവരാം.
ശിവാജി, കമല്‍, ലാല്‍ സൂപ്പര്‍താരങ്ങളെവെച്ച് വലിയ വിജയങ്ങളൊരുക്കിയ സംവിധായകന്‍ പിന്നീട് സിനിമയില്‍ നിന്ന് അപ്രത്യക്ഷനായതെങ്ങനെ?
ഒരു യാത്രാമൊഴിയാണ് അവസാനമായി സംവിധാനം ചെയ്തത്. പിന്നീട്, കുടുംബപരമായ ചിലപ്രശ്‌നങ്ങള്‍ മാനസികമായി പിന്നോക്കം വലിക്കുകയായിരുന്നു. വായനകുറഞ്ഞു, പാട്ടുകേള്‍ക്കാതെയായി. തീര്‍ത്തും ഒരു അനിശ്ചിതാവസ്ഥ. മനസ്സ് അസ്വസ്ഥമായിരുന്നു. അതു സിനിമാജീവിതത്തേയും പ്രതികൂലമായി ബാധിച്ചു.
മലയാളം വീണ്ടും ഇരുകയ്യും നീട്ടി സ്വീകരിച്ചു, കൈനിറയെ ചിത്രങ്ങള്‍, എങ്ങിനെ വിലയിരുത്തുന്നു?
മലയാളത്തിലേക്കൊരു തിരിച്ചുവരവുണ്ടാകുമെന്ന് കരുതിയിരുന്നില്ല. തന്‍മാത്രയിലൂടെ വീണ്ടും മലയാളത്തില്‍ മുഖം കാണിച്ചു. 22 ഫീമെയില്‍ കോട്ടയത്തിലെ വേഷം ശ്രദ്ധേയമായി, ചിത്രത്തിന്റെ നിര്‍മ്മാതാവ് സംവിധായകനില്‍ നിന്നും കഥകേള്‍ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും ചിത്രത്തിലെ വേഷം നടനെന്ന രീതിയില്‍ പെരുമനല്‍കി. ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലെ ഡോക്ടര്‍ സമുവല്‍ കരിയറില്‍ വലിയ മാറ്റം കൊണ്ടുവന്നു. ഇന്ന് വേഷങ്ങള്‍ തേടിവരുന്ന അവസ്ഥയിലേക്കെത്തിയിരിക്കുന്നു കാര്യങ്ങള്‍.
സംവിധായകനാകുമ്പോഴോ നടനാകുമ്പോഴോ കൂടുതല്‍ സംതൃപ്തി?
സംവിധാനം എനിക്ക് എളുപ്പമാണ്. ഋതുഭേദം 18 ദിവസം കൊണ്ടും, ഡെയ്‌സി 17 ദിവസംകൊണ്ടുമാണ് ചിത്രീകരിച്ചത്. നടനാകാന്‍ തയ്യാറെടുപ്പുകള്‍ വേണം. കഥയില്‍ നിന്ന് കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ട്, അങ്ങിനെ വരുമ്പോള്‍ അവനവനായി ചെയ്യാന്‍ കഴിയും. തകരയിലെ വേഷം ചെയ്യുമ്പോള്‍ നടത്തം കൈകാലുകളുടെ ചലനം തുടങ്ങി നിരവധി കാര്യങ്ങള്‍ സൂക്ഷമതയോടെ അവതരിപ്പിക്കാന്‍ ശ്രദ്ധിച്ചിരുന്നു. സംവിധാനം അറിയാമെങ്കിലും മറ്റൊരാളുടെ സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിലിടപെടാറില്ല.
പുതിയചിത്രങ്ങള്‍?
അപ്പവും വീഞ്ഞുമാണ് പ്രദര്‍ശനത്തിനൊരുങ്ങിയ അടുത്ത ചിത്രം, പത്മകുമാര്‍ മോഹന്‍ലാല്‍ ടീമിന്റെ കനലില്‍ അഭിനയിക്കുന്നുണ്ട് .അഞ്ജലിമേനോന്‍ കഥയും തിരക്കഥയും നിര്‍വഹിക്കുന്ന പുതിയചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണിപ്പോള്‍.
(കടപ്പാട്- മാതൃഭൂമി)