ഇന്റര്‍വ്യൂ

മുടിയൊക്കെ പഴയരീതിയില്‍ ആയശേഷം സിനിമകള്‍ ചെയ്യണമെന്നുണ്ട്‌- ദീപ്തി സതി

മലയാളസിനിമാലോകത്തെ സംസാര വിഷയമാണ് ദീപ്തി സതി. ഈ പേരിനെക്കാള്‍ ആളുകള്ക്ക് പരിചയം 'നീന' എന്ന് പറയുമ്പോള്‍ ആയിരിക്കും. ലാല്‍ ജോസ്‌ ചിത്രമായ 'നീന'യുടെ ടൈറ്റില്‍ കാഥാപാത്രം ചെയ്ത്‌ മലയാളത്തില്‍ അരങ്ങേറിയ ദീപ്തി സതി മുന്‍ മിസ്‌ കേരള കൂടിയാണ്. 2012 ല്‍ മിസ്‌ കേരളകിരീടം അണിഞ്ഞു നിന്ന നീണ്ട മുടിയുള്ള സുന്ദരിക്കുട്ടിയല്ല 'നീന' യായത്‌. മുടിയൊക്കെ മുറിച്ചു ചുള്ളന്‍ സ്റ്റൈല്‍. ആ സ്റ്റൈലും ഇപ്പോള്‍ തരംഗമാണ്.
പ്രതീക്ഷിക്കാതെ വന്ന സെലിബ്രറ്റി കിരീടം ആസ്വദിക്കുന്ന സന്തോഷത്തിലാണ്‌ പാതി മലയാളിയായ ദീപ്‌തിയിപ്പോള്‍. മുംബൈ മഹാനഗരത്തില്‍ പഠനത്തെയും മോഡലിംഗിനെയും പാഷനായി കണ്ട പെണ്‍കുട്ടിയില്‍ നായികയായി മാറിയ ദീപ്‌തി മനസ് തുറക്കുന്നു.


ലാല്‍ജോസിന്റെ ഭാഗ്യ നായികമാരിലേക്ക്‌ വീണ്ടുമൊരാള്‍കൂടി?
സന്തോഷം. ലാല്‍സാറിനെപോലെ ആരാധ്യനായ ഒരു സംവിധായകനോടൊപ്പം ആദ്യം സിനിമ ചെയ്യാന്‍ സാധിച്ചതില്‍ വളരെ സന്തോഷം.
അഭിനയവുമായി ഒരു ബന്ധവും ഇല്ലാതിരുന്നിട്ടും ആദ്യ സിനിമയില്‍ നായികയാകാന്‍ അവസരം കിട്ടി, വലിയൊരു ടീമിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു, എല്ലാറ്റിനുമുപരി നീനയായി മലയാളികളെന്നെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇതിലേറെ ഭാഗ്യം മറ്റൊന്നുമില്ല.


സിനിമാലോകം, സെലിബ്രറ്റി സ്‌റ്റാറ്റസ്‌... ദീപ്‌തിയുടെ സ്വപ്‌നങ്ങളില്‍ ഇവയൊക്കെ?
സത്യം പറഞ്ഞാല്‍ ഇവയൊന്നും എന്റെ അംബീഷന്‍സിലോ സ്വപ്‌നങ്ങളിലോ ഒരിക്കലും കടന്നുവന്നിട്ടില്ല. മുംബൈയില്‍ ജനിച്ചുവളര്‍ന്നയാളാണ്‌ ഞാന്‍. പഠനം, ശേഷം നല്ലയൊരു പ്രൊഫഷന്‍... ഒരു കാലത്ത്‌ ഈ സ്വപ്‌നങ്ങള്‍ക്കപ്പുറം ഒന്നുമില്ലായിരുന്നു.


പിന്നീടെങ്ങനെയാണ്‌ മിസ്‌ കേരള മത്സരത്തിലേക്കെത്തിയത്‌?
എന്റെ ലൈഫിലെ ഏറ്റവും വലിയ ടേണിങ്‌ പോയിന്റ്‌ മിസ്‌ കേരള മത്സരമായിരുന്നു. മമ്മിയാണ്‌ അപേക്ഷിച്ചതൊക്കെ. കിട്ടുമെന്ന്‌ പ്രതീക്ഷിച്ചോ മോഡലിങ്‌ ഫീല്‍ഡിലേക്ക്‌ കടന്നുവരാനോ വേണ്ടിയല്ല മത്സരിച്ചത്‌.എന്നാല്‍ ഓരോ സ്‌റ്റേജുകളും തന്ന അനുഭവങ്ങള്‍ വിലമതിക്കാനാവാത്തതാണ്‌. ഞാന്‍ നീനയായി എത്തിയതിനു പിന്നിലെ ആദ്യ ടേണിങ്‌ പോയിന്റ്‌ മമ്മിയുടെ പ്രോത്സാഹനവും, മിസ്‌ കേരള തന്ന അനുഭവങ്ങളുമാണ്‌.


മോഡലിങില്‍ സജീവമായിരുന്നു ദീപ്‌തി...?
മിസ്‌ കേരള ആയ ശേഷമാണ്‌ മോഡലിങ്‌ ആരംഭിച്ചത്‌. മാഗസിനുകളില്‍, പരസ്യചിത്രങ്ങളില്‍, മുംബൈയിലെ റാംപ്‌ വോക്കുകളിലുമൊക്കെ മോഡലായി.
എന്നെ ഏറെ അതിശയിപ്പിച്ച മേഖലയാണ്‌ മോഡലിങ്‌. എന്നാല്‍ അന്നൊന്നും സിനിമാനടിയാവണമെന്ന മോഹം തോന്നിയിരുന്നില്ല.
നീനയ്‌ക്കുവേണ്ടി ഒരേസമയം വിജയ്‌ബാബുവും റെജിഭാസ്‌കറും എന്നെ സമീപിക്കുമ്പോള്‍ അഭിനയത്തെപ്പറ്റി യാതൊരു ഐഡിയായും ഇല്ലായിരുന്നു. ലാല്‍ജോസ്‌ സാറിന്റെ സിനിമയാണെന്നു കേട്ടപ്പോള്‍ മമ്മിക്കു പൂര്‍ണ സമ്മതമായിരുന്നു.മമ്മി മലയാളിയാണ്‌. ലാല്‍ജോസ്‌ സാറിന്റെ എല്ലാ സിനിമകളും മമ്മി കണ്ടിട്ടുണ്ട്‌. എനിക്ക്‌ ലഭിച്ച ഭാഗ്യത്തെപ്പറ്റി മമ്മി വാതോരാതെ പറയുന്ന കേട്ടപ്പോഴേ തീരുമാനിച്ചു, ഏതാണെങ്കിലും ഓഡിഷനൊന്നു പോയി നോക്കണമെന്ന്‌.മുംബൈയില്‍ നിന്നടക്കം ധാരാളം പെണ്‍കുട്ടികള്‍ ഓഡീഷനുണ്ടായിരുന്നു. ആദ്യമായിട്ടഭിനയിക്കുന്നതിന്റെ എല്ലാ ടെന്‍ഷനും സ്‌ക്രീന്‍ ടെസ്‌റ്റിന്‌ ചെല്ലുമ്പോള്‍ എന്റെ മുഖത്ത്‌ കാണാമായിരുന്നു.പായ്‌ക്കറ്റില്‍ നിന്നൊരു സിഗരറ്റെടുത്ത്‌ കത്തിക്കാനാണ്‌ ആവശ്യപ്പെട്ടത്‌. അറിയാവുന്ന രീതിക്ക്‌ ഫലിപ്പിച്ചു. അങ്ങനെയാണ്‌ സെലക്‌ട് ആവുന്നത്‌.


മുടി മുറിക്കണമെന്ന്‌ കേട്ടപ്പോള്‍ വിഷമം തോന്നിയില്ലേ?
സെലക്‌ട് ആയന്നുറപ്പു തന്നുകഴിഞ്ഞാ ല്‍ മുടി മുറിക്കാന്‍ തയാറാണെന്ന്‌ ഞാന്‍ പറഞ്ഞിരുന്നു. എന്നെക്കാള്‍ അക്കാര്യത്തില്‍ വിഷമം ലാല്‍ സാറിനായിരുന്നു. അത്യാവശ്യം നീളമുള്ള മുടിയായിരുന്നു എന്റേത്‌.മുറിച്ചശേഷം കുറച്ചുദിവസത്തേക്ക്‌ സങ്കടം തോന്നിയെങ്കിലും ഈ സ്‌റ്റൈല്‍ ഭയങ്കര കംഫര്‍ട്ടബിളാണ്‌. മുടിയുണക്കാന്‍ പാടുപെടേണ്ട, കെട്ടിവയ്‌ക്കാന്‍ സമയം എടുക്കേണ്ട... അതുകൊണ്ട്‌ ഞാന്‍ ഹാപ്പിയാണ്‌.


ഈ ഹെയര്‍സ്‌റ്റൈല്‍ തുടരാനാണോ പ്ലാന്‍?
കംഫര്‍ട്ടബിളാണ്‌ ഈ ഹെയര്‍സ്‌റ്റൈല്‍. എങ്കിലും നീളമുള്ള മുടിയോടാണ്‌ കൂടുതല്‍ താത്‌പര്യം. എല്ലാവരും കാണുമ്പോള്‍ ചോദിക്കുന്നത്‌ മുടി നീട്ടാനെെന്തങ്കിലും ചെയ്യുന്നുണ്ടോയെന്നാണ്‌. ഒന്നും ചെയ്യാതെ തന്നെ എന്റെ മുടി പെട്ടെന്ന്‌ നീളുന്ന ടൈപ്പാണ്‌. 49 ദിവസത്തെ ഷൂട്ടിനിടെ 11 വട്ടമാണ്‌ നീളം കുറയ്‌ക്കേണ്ടി വന്നത്‌. അത്ര സ്‌പീഡിലാ എന്റെ മുടി നീണ്ടത്‌.


മുംബൈയില്‍ ജനിച്ചുവളര്‍ന്ന പെണ്‍കുട്ടിക്ക്‌ കേരളം കംഫര്‍ട്ടബിളായിരുന്നോ?
ജനിച്ചതും വളര്‍ന്നതും പഠിച്ചതുമൊക്കെ മുംബൈയിലായിരുന്നെങ്കിലും ഞാനൊരു പാതി മലയാളിയാണ്‌. മമ്മി മാധുരി, നാട്‌ കൊച്ചി. പപ്പ ദിവ്യേഷ്‌, നാട്‌ നൈനിറ്റാളും. ഈ രണ്ട്‌ നാടുകളുമായി വളരെ നല്ലയടുപ്പം എനിക്കുണ്ട്‌. അല്‌പമൊക്കെ മലയാളം വഴങ്ങും.കേട്ടാല്‍ നന്നായി മനസിലാകും. ചെറുപ്പത്തില്‍ എല്ലാ അവധിക്കും കൊച്ചിയില്‍ വന്ന്‌ താമസിക്കുമായിരുന്നു. മുന്‍പരിചയമുള്ള നാടായിരുന്നതുകൊണ്ട്‌ തന്നെ വളരെ കംഫര്‍ട്ടബിളാണ്‌ കേരളം.
പണ്ടൊക്കെ കേരളത്തിലെ സ്‌ത്രീകള്‍ക്ക്‌ പല കാര്യങ്ങള്‍ക്കും നിയന്ത്രണങ്ങളുണ്ടായിരുന്നു. സ്വാതന്ത്ര്യക്കുറവും. ഇപ്പോഴതില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്‌. സാക്ഷരതയുടെ കാര്യത്തിലും വലിയൊരു മുന്നേറ്റം കേരളത്തിലെ സ്‌ത്രീകള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്‌. അഭിനന്ദനാര്‍ഹമാണ്‌ ഇത്തരം മാറ്റങ്ങള്‍.മുംബൈ നഗരത്തിലൂടെ രാത്രി രണ്ടുമണിക്കും ഏതൊരു സ്‌ത്രീക്കും സഞ്ചരിക്കാം. ഒറ്റപ്പെട്ട പീഡനങ്ങളും ബലാത്സംഗങ്ങളുമൊക്കെ ഉണ്ട്‌. എന്നാല്‍ അവിടെയൊരു സ്‌ത്രീയും രാത്രിയെ ഭയക്കുന്നില്ല. പക്ഷേ കേരളത്തിലെ കാര്യം തികച്ചും വ്യത്യസ്‌തമാണ്‌. ഇരുനാടുകളും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം ഇക്കാര്യമാണ്‌.


കൊച്ചിയും നൈനിറ്റാളും. തികച്ചും വ്യത്യസ്‌തസംസ്‌കാരങ്ങളില്‍ നിന്ന്‌ ഒന്നിച്ചവരാണല്ലോ അച്‌ഛനും അമ്മയും...?
അതെ. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. പപ്പയും മമ്മിയും സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിലെ ജീവനക്കാരാണ്‌. വ്യത്യസ്‌തനാടുകളില്‍ നിന്നും സംസ്‌കാരത്തില്‍നിന്നും എത്തി. ഇരുവരും മുംബൈയിലാണ്‌ ജോലിക്കായെത്തിയത്‌. വിവാഹശേഷം പിന്നീട്‌ മുംബൈയില്‍ സ്‌ഥിരതാമസമാക്കി.


പഠനവും ജോലിയുമൊക്കെ ഇപ്പോഴും സ്വപ്‌നങ്ങളാണോ?
തീര്‍ച്ചയായും. മോഡലിങ്ങിലേക്കോ ഫിലിം ഫീല്‍ഡിലേക്കോ എത്തിയെന്നുവച്ച്‌ പഠനം നിര്‍ത്തിയേക്കാം എന്നൊരു പ്ലാനുമില്ല. ബി.ബി.എ. ആയിരുന്നു ഡിഗ്രി. എം.ബി.എ. ചെയ്യണമെന്നാണ്‌ മോഹം. എന്നു സാധിക്കുമെന്ന്‌ ചോദിച്ചാല്‍ നോ ഐഡിയ.
ഡോക്‌ടര്‍ അല്ലെങ്കില്‍ എന്‍ജിനീയര്‍ ആക്കണമെന്ന ആഗ്രഹമായിരുന്നു പപ്പയ്‌ക്കും മമ്മിക്കും. എന്റെ താത്‌പര്യം ബിസിനസ്‌ സ്‌റ്റഡീസും. അങ്ങനെയാണ്‌ ബി.ബി.എ. ചെയ്‌തത്‌. മികച്ചയൊരു കമ്പനിയുടെ സി.ഇ.ഒ. ആകണമെന്നത്‌ ഒരു മോഹമാണ്‌. ആവണം. തീര്‍ച്ചയായും.
ഡിഗ്രി പൂര്‍ത്തിയാക്കുന്ന സമയത്തായിരുന്നു ഗ്ലാമര്‍ ഫീല്‍ഡിലേക്കുള്ള എന്‍ട്രി. ലാല്‍ജോസ്‌ ചിത്രങ്ങളിലൂടെ അരങ്ങേറ്റം കുറിച്ച നായികമാരൊക്കെ ഏറെ പ്രശസ്‌തി നേടിയവരാണെന്ന ചരിത്രം മലയാള സിനിമാ ലോകത്തുണ്ട്‌...
പലരും പറഞ്ഞ്‌ ഇക്കാര്യം ഞാന്‍ കേട്ടിട്ടുണ്ട്‌. ഭാവിയെപ്പറ്റി വലിയ പ്ലാനിങില്‍ പോകുന്നയാളല്ല ഞാന്‍. അതുകൊണ്ട്‌ ഏറെ പ്രശസ്‌തരായ നായികമാരുടെ കൂട്ടത്തിലേക്ക്‌ ഞാനും എത്തുമോയെന്ന ചിന്ത ഇല്ല. അങ്ങനെയൊരു ചിന്ത ആശങ്ക തരുന്നതാണ്‌. മനസമാധാനം നശിപ്പിക്കും. ഇപ്പോള്‍ ഈ കിട്ടിയതുതന്നെ വലിയ ഭാഗ്യമാണ്‌.
അറിയപ്പെട്ടാലും ഇല്ലെങ്കിലും എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം കൃത്യമായി ചെയ്യണമെന്ന നിര്‍ബന്ധവും ആഗ്രഹവും ഉണ്ട്‌. ടാലന്റ്‌ ഉണ്ടെങ്കില്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ. മറ്റൊന്നും മാനദണ്ഡമില്ലെന്നാണ്‌ എന്റെ വിശ്വാസം.


മലയാളത്തിലേക്ക്‌ ഇനിയും പ്രതീക്ഷിക്കാമല്ലോ?
ഒന്നുരണ്ട്‌ സംവിധായകര്‍ പുതിയ പ്രോജക്‌ടുമായി സമീപിച്ചിരുന്നു. അന്തിമതീരുമാനം ആയിട്ടില്ല. വ്യത്യസ്‌ത വേഷങ്ങള്‍ ചെയ്യാനാണ്‌ എനിക്കിഷ്‌ടം. നീനയിലെ കഥാപാത്രം വളരെ വ്യത്യസ്‌തമാണ്‌. ഇത്തരം മികച്ച കഥാപാത്രങ്ങളാണ്‌ പ്രതീക്ഷിക്കുന്നത്‌. അഭിനയം അനുഗൃഹീതമായൊരു കലയാണ്‌. ആ കഴിവ്‌ കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന ആഗ്രഹമാണിപ്പോള്‍ മനസുനിറയെ. മുടിയൊക്കെ പഴയരീതിയില്‍ ആയശേഷം സിനിമകള്‍ ചെയ്യണമെന്നുണ്ട്‌. ഒപ്പം മോഡലിങിലും സജീവമായി തുടരണം.

(കടപ്പാട് -കന്യക)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions