അടുത്തിടെ പുറത്തിറങ്ങിയ സിനിമകളില്‍ ശ്വേതാമേനോന്റെ സാന്നിധ്യം കുറവാണ്. അതോടെ ശ്വേതാമേനോന്‍ സിനിമ വിടുന്നു എന്നായി പ്രചാരണം. ഗോസിപ്പുകള്‍ കേട്ട് തഴമ്പിച്ച ശ്വേതാ അതൊക്കെ ചിരിച്ചു തള്ളുന്നു. 'ഞാന്‍ സിനിമ ഉപേക്ഷിച്ചിട്ടില്ല. സിനിമാലോകം എന്നെ ഉപേക്ഷിച്ചിട്ടുമില്ല. മന:പൂര്‍വ്വം സിനിമകള്‍ കുറച്ചു എന്നു മാത്രം. അത് ചില കടപ്പാടുകളുടെ പേരിലാണ്.അച്‌ഛന്‍ നാരായണന്‍കുട്ടിക്ക് തീരെ സുഖമില്ല. അമ്മ ശാരദാമേനോനെ കൊണ്ടു മാത്രം അച്‌ഛന്റെ കാര്യങ്ങള്‍ നോക്കാന്‍ കഴിയില്ല. അച്‌ഛനെ രണ്ടു ദിവസം കൂടുമ്പോള്‍ ഹോസ്‌പിറ്റലില്‍ കൊണ്ടുപോകണം. കൃത്യസമയത്തു മരുന്നും ഭക്ഷണവും നല്‍കണം. ഒരു മകള്‍ എന്ന നിലയില്‍ എന്റെ കടമകളാണ് ഇതൊക്കെ. എന്നോടൊപ്പം ഇക്കാര്യങ്ങള്‍ നോക്കാന്‍ ശ്രീയേട്ടനും തിരക്കുകള്‍ മാറ്റിവച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ വാരിവലിച്ച് സിനിമകള്‍ ചെയ്യേണ്ട എന്നാണ് തീരുമാനം.' ശ്വേത മംഗളത്തിന് നല്കിയ അഭിമുഖത്തില്‍ മറുപടി നല്‍കുന്നു.
അച്‌ഛനാണോ ജീവിതത്തിലെ റോള്‍ മോഡല്‍?
തീര്‍ച്ചയായും. ഇന്നു കാണുന്ന ശ്വേതാമേനോനെ ഇങ്ങനെയൊക്കെ ആക്കിയത് അച്‌ഛന്‍ മാത്രമാണ്. അച്‌ഛനും അമ്മയ്‌ക്കും ഒറ്റ മകളായിരുന്നു ഞാന്‍.
ആ ഒറ്റമോള്‍ എന്ന കാരണത്താല്‍ അച്‌ഛന്‍ എന്നെ വഷളാക്കി വളര്‍ത്തി എന്നാണ് പലരുടെയും വിചാരം. എന്നാല്‍ ഒരിക്കലും അങ്ങനെയായിരുന്നില്ല.
എയര്‍ഫോഴ്‌സില്‍ ജോലിയുണ്ടായിരുന്ന അച്‌ഛന്‍ എല്ലാ പട്ടാളച്ചിട്ടയോടും കൂടി തന്നെയാണ് എന്നെ വളര്‍ത്തിയത്. ആള്‍ക്കാരോടുള്ള പെരുമാറ്റം, സംസാരം, വസ്‌ത്രധാരണം അതൊക്കെ ഏത് രീതിയില്‍ ആയിരിക്കണം എന്നതിനെ സംബന്ധിച്ച് അച്‌ഛന്‍ വ്യക്‌തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തന്നിരുന്നു.
പതിനഞ്ചുവയസ്സു മുതല്‍ അച്‌ഛന്‍ എനിക്കു നല്ല സുഹൃത്തായിരുന്നു. എന്തും ഏതും തുറന്നുപറയാവുന്ന സുഹൃത്ത്. അന്നു മുതല്‍ എല്ലാ കാര്യത്തിലും എനിക്ക് എന്റേതായ സ്വാതന്ത്ര്യം നല്‍കിയിരുന്നു. കുത്തിയിരുന്ന് പഠിക്കാന്‍ പറഞ്ഞ് ഒരിക്കലും പിറകില്‍ നടന്ന് ശല്യം ചെയ്യാറില്ല.
പഠനത്തിലും കരിയറിലും എന്റേതായ മാര്‍ഗ്ഗങ്ങള്‍ക്ക് അച്‌ഛന്‍ സ്വാതന്ത്ര്യം നല്‍കിയിരുന്നു. 1994-ല്‍ മിസ് ഇന്‍ഡ്യ മല്‍സര സമയത്ത് മുന്നോട്ടുള്ള എന്റെ വഴി മോഡലിംഗ് ആണെന്ന് ഉറപ്പിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് തന്നത് അച്‌ഛന്‍ ആയിരുന്നു.
കാമസൂത്രയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട് ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നപ്പോഴും എല്ലാ പിന്‍തുണയുമായി അച്‌ഛന്‍ കൂടെ നിന്നു. അന്നു അച്‌ഛന്‍ പറഞ്ഞത് ഇങ്ങനെയാണ്.
''ജോലി ചെയ്യുമ്പോള്‍ ആത്മവിശ്വാസത്തോടെ ആത്മാര്‍ത്ഥമായി ജോലി ചെയ്യുക. അവിടെ എന്താണോ വേണ്ടത് അത് നല്‍കുക. അവിടെ നമ്മള്‍ കഥാപാത്രം മാത്രമാകുക. തിരിച്ച് വീട്ടിലെത്തുമ്പോള്‍ കഥാപാത്രത്തെ ഉപേക്ഷിച്ച് ശ്വേതാമേനോനാകുക.''
ആ ഉപദേശം ഞാന്‍ ഇന്നുവരെയും കേട്ടിട്ടുണ്ട്. വീട്ടില്‍ എത്തിയാല്‍ സാമ്പാറും മോരും കൂട്ടി ചോറുണ്ണുന്ന വെറും ശ്വേതാമേനോനാണ് ഞാന്‍. ഒരിക്കലും ആഡംബരങ്ങള്‍ക്ക് പിറകെ പോയിട്ടില്ല. അച്‌ഛന്‍ നല്‍കിയ മറ്റൊരു ശീലമുണ്ട്. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക.
ആ സമയത്ത് എല്ലാ കാര്യങ്ങളും ഷെയര്‍ ചെയ്യുക. അതുകൊണ്ട് തന്നെ എന്റെ ജീവിതത്തിലും ഒന്നിലും ഒരു മറ ഉണ്ടായിട്ടില്ല. എല്ലാ കാര്യങ്ങളും എല്ലാവരുമായും തുറന്ന് സംസാരിക്കാറുണ്ട്. അതുതന്നെയാണ് എന്റെ പോസിറ്റീവ് എനര്‍ജിയുടെ രഹസ്യം.
ഒരിക്കലും വിവാദങ്ങളെയും ഗോസിപ്പുകളെയും ഭയപ്പെടാത്തതും ഇതുകൊണ്ടാണ്. ഇതെല്ലാം എനിക്കു കിട്ടിയത് അച്‌ഛനില്‍ നിന്നാണ്.
അമ്മയുടെ ചെല്ലകുട്ടിയായിരുന്നോ ശ്വേത?
അമ്മ എനിക്ക് എന്നും അമ്മ തന്നെയായിരുന്നു. ഒരു സുഹൃത്തായിപോലും അമ്മയെ ഞാന്‍ കണ്ടിട്ടില്ല. അമ്മയും തിരിച്ച് അങ്ങെനയായിരുന്നു.
മുത്തച്‌ഛനും മുത്തശ്ശിയും ഏറെ ലാളിച്ച് വളര്‍ത്തിയ ഒരു കുട്ടിയായിരുന്നു അമ്മ. അച്‌ഛനെ വിവാഹം കഴിച്ചു വന്നപ്പോള്‍ പിന്നെ അച്‌ഛന്റെ ലാളനയിലായി അമ്മയുടെ ജീവിതം.
പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും ഒരുപാട് മൂല്യമുള്ള ഒന്നായി കാണുന്ന വ്യക്‌തിയായിരുന്നു അമ്മ. അത് അമ്മയുടെ ജീവിതത്തില്‍ ഉടനീളം പ്രതിഫലിച്ചിരുന്നു. അച്‌ഛനോട് തുറന്നുപറയുന്ന പല കാര്യങ്ങളും ഞാന്‍ അമ്മയില്‍ നിന്നും മറച്ചുവയ്‌ക്കുമായിരുന്നു.
പഠനകാലയളവില്‍ എനിക്ക് ഒരുപാട് ബോയ്‌ഫ്രണ്ട്‌സ് ഉണ്ടായിരുന്നു. ഒരാളെ മടുക്കുമ്പോള്‍ മറ്റൊരാളെ കണ്ടെത്തുന്നതായിരുന്നു എന്റെ രീതി. ഇക്കാര്യം അറിയുമ്പോള്‍ അച്‌ഛന്‍ പറയും മോളുടെ ഇഷ്‌ടംപോലെ ചെയ്യാനെന്ന്.
എന്നാല്‍ അമ്മ ഇക്കാര്യത്തില്‍ തിരിച്ചാണ്. ഞാന്‍ ഏതെങ്കിലും ബോയ്‌ഫ്രണ്ടിനെ കണ്ടെത്തിയത് അമ്മ അറിഞ്ഞാല്‍ പിന്നെ ഭൂകമ്പമാണ്. പിന്നെ അവരെ കണ്ടുപിടിച്ച് ഉപദേശിച്ച് ഇതില്‍ നിന്നും പിന്‍തിരിപ്പിച്ച് കുളമാക്കുന്നതാണ് പരിപാടി.
അന്നൊക്കെ ദേഷ്യം തോന്നിയിരുന്നെങ്കിലും ഇന്നാലോചിക്കുമ്പോള്‍ അമ്മ ചെയ്‌തതാണ് ശരിയെന്ന് തോന്നാറുണ്ട്. മകളെ സ്‌നേഹിക്കുന്ന ഏതൊരമ്മയ്‌ക്കും ഇങ്ങനെയൊക്കെയേ ചെയ്യാന്‍ കഴിയൂ.
ഭര്‍ത്താവിനേക്കാളുപരി നല്ലൊരു സുഹൃത്താണോ ശ്രീവല്‍സന്‍മേനോന്‍?
അതിനും അപ്പുറം എന്തൊക്കെയോ ആണ് എനിക്കദ്ദേഹം. വളരെയധികം ബഹളംവച്ച് കലപില കൂട്ടി നടക്കുന്ന ഒരു സ്വഭാവമാണ് എനിക്ക്. എന്റെ ഈ സ്വഭാവം കാണുമ്പോള്‍ അമ്മ ചോദിക്കുമായിരുന്നു ഈ ബഹളത്തിന് നിന്നെ കെട്ടി ആരു കൂടെ താമസിപ്പിക്കുമെന്ന്.
അന്ന് മുതല്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുമായിരുന്നു. എന്റെ ഈ സ്വഭാവം അംഗീകരിക്കുന്ന ഒരാളെ എനിക്ക് ഭര്‍ത്താവായി തരണേയെന്ന്. ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടാണ് ശ്രീയേട്ടനെ എനിക്കു തന്നത്.
അങ്ങനെ ഞാന്‍ സംസാരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും തിരിച്ചു സംസാരിക്കുകയും ചെയ്യും. അങ്ങനെ ഒരാളായിരുന്നില്ല ശ്രീയേട്ടനെങ്കില്‍ ഞാന്‍ വേറെ എങ്ങോട്ടെങ്കിലും ഒളിച്ചോടിയേനെ.
കരിയറില്‍ മാത്രമല്ല വ്യക്‌തിജീവിതത്തിലും അദ്ദേഹം നല്‍കുന്ന പിന്‍തുണ എടുത്തു പറയേണ്ടതാണ്. ശ്രീയേട്ടനാണ് എന്നെ ഇപ്പോ വഷളാക്കുന്നതെന്നാണ് എല്ലാവരുടെയും പരാതി.
ഇതുകേട്ടാല്‍ നിങ്ങള്‍ക്ക് തോന്നും ഒരു വഴക്കുമുണ്ടാക്കാത്ത ഉത്തമ ഭാര്യാഭര്‍ത്താക്കന്‍മാരാണ് ഞങ്ങളെന്ന്. എന്നാല്‍ ചില സമയത്തെ ഞങ്ങളുടെ വഴക്കു കണ്ടാല്‍ എല്ലാവരും പേടിച്ചുപോകും. ഇപ്പോ അടിച്ചുപിരിഞ്ഞ് ഡൈവേഴ്‌സിനായി വക്കീലിനെ കാണാന്‍ പോകും എന്ന് തോന്നും.
അത്രയ്‌ക്ക് മുട്ടന്‍ വഴക്കായിരിക്കും. അതും വളരെ നിസാരപ്രശ്‌നങ്ങളുടെ പേരില്‍. എന്നാല്‍ കുറച്ചുകഴിയുമ്പോള്‍ കണ്ടുനിന്നവരെ അമ്പരപ്പിച്ചുകൊണ്ട് ഞങ്ങള്‍ അടയും ചക്കരയുമാകും. അതാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം.
അതേപോലെ ഹോളിഡേയ്‌സില്‍ ചില ദിവസങ്ങളിലൊക്കെ എനിക്കു നല്ല മൂഡായിരിക്കും. ആ സമയത്ത് ഭയങ്കര റൊമാന്റിക്കായിരിക്കും ഞാന്‍. എന്നാല്‍ ശ്രീയേട്ടന് ആ സമയത്ത് എന്തെങ്കിലുമൊക്കെ തിരക്കു കാണും. ഞാന്‍ കുറുകിക്കൊണ്ട് സ്‌നേഹിക്കാന്‍ ചെല്ലുമ്പോള്‍ ശ്രീയേട്ടന്‍ എന്നെ ഓടിക്കും.
നിനക്ക് വേറേ ഒരു പണിയുമില്ലേ ഈ സമയത്ത് എന്ന് ചോദിക്കും. മോഹങ്ങളുള്ള ഏതൊരു പെണ്ണിനേയും പോലല്ലേ ഞാനും. അതു കൊണ്ട് ആ സമയത്ത് എന്റെ വാശി കൂടും. പിന്നെ ശ്രീയേട്ടനെ റൊമാന്റിക് ആക്കാനായിരിക്കും എന്റെ ശ്രമം.
സബൈന കുസൃതിയാണോ?
ആണോന്നോ? അവള്‍ എന്റെ മകള്‍ അല്ലേ, അപ്പോള്‍ പിന്നെ ആലോചിച്ചുകൂടേ. അവളുടെ കുസൃതിയുടെ ലെവല്‍ എവിടെവരെ ആയിരിക്കുമെന്ന്.
അവള്‍ക്കു മൂന്നു വയസാകാന്‍ മൂന്നുമാസം കൂടിയേയുള്ളൂ. ഇപ്പോള്‍ തന്നെ കലപിലാ സംസാരം തുടങ്ങിയാല്‍ പിന്നെ നിര്‍ത്തില്ല. സംസാരത്തില്‍പോലും എന്റെ അതേ ഗുണം.
അവള്‍ ശരിക്കും എനിക്കൊരു പാവക്കുട്ടിയാണ്. ചില സമയങ്ങളില്‍ ഞാന്‍ അവളുമായി കളിച്ചിരിക്കുമ്പോള്‍ ഞാനവളെ കടിക്കും. അന്നേരം അവള്‍ പറയും ഈ അമ്മയെക്കൊണ്ട് വല്ല്യ ശല്യമാണെന്നൊക്കെ. പിന്നെ ഞാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ പങ്കാളിയായി കൂടെ കൂടും.
ഞാന്‍ അച്‌ഛനു മരുന്നുകൊടുക്കുകയാണെങ്കില്‍ അവള്‍ വന്നിട്ട് പറയും ഞാന്‍ മുത്തച്‌ഛന് മരുന്നുകൊടുക്കാം എന്ന്. ഞാന്‍ തലേദിവസം എന്തൊക്കെ ചെയ്‌തിട്ടുണ്ട് എന്ന് അവള്‍ നോക്കിവച്ചിട്ടുണ്ടാകും.
എന്നിട്ട് അതേപോലെ അവള്‍ അച്‌ഛന് മരുന്നുനല്‍കും. കുട്ടികളെ നമ്മള്‍ വെറും കുട്ടിയായി വളര്‍ത്താതെ മൂന്നാമത്തെ ഒരംഗത്തെ പോലെ വളര്‍ത്തിയാല്‍ അവര്‍ എളുപ്പം പക്വതയുള്ളവരായി തീരുമെന്നാണ് എന്റെ പക്ഷം.
ജീവിതത്തില്‍ സുഹൃത്തുക്കളുടെ സാന്നിദ്ധ്യം?
വളരെ കുറച്ചു സുഹൃത്തുക്കള്‍ മാത്രമുള്ള വ്യക്‌തിയാണ് ഞാന്‍. നേരത്തെ സൂചിപ്പിച്ചല്ലോ. പഠനം പല സ്‌ഥലത്ത് ആയതു കാരണം ബാല്യകാല സുഹൃത്തുക്കള്‍ എന്നു പറയാന്‍ ആരും തന്നെയില്ല. എന്നാല്‍ ഇപ്പോഴുള്ള സുഹൃത്തുക്കളുമായുള്ള ബന്ധം വളരെ ആഴമേറിയതാണ്.
അത് ആണ്‍ സുഹൃത്തുക്കളായാലും പെണ്‍സുഹൃത്തുക്കളായാലും. അവരാരും സിനിമാ ഫീല്‍ഡില്‍ ഉള്ളവരല്ല. മറ്റു മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. എനിക്ക് എന്തു പ്രശ്‌നം ഉണ്ടായാലും അവര്‍ ഓടിയെത്തും.ഏത് പാതിരാത്രിക്ക് ആണെങ്കിലും അവരെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്‌തുതരും. കുടുംബം കഴിഞ്ഞാല്‍ എന്റെ ഏറ്റവും വലിയ ശക്‌തി ഈ സൗഹൃദങ്ങള്‍ തന്നെയാണ്.
(കടപ്പാട് - മംഗളം)