ഇന്റര്‍വ്യൂ

തമിഴിലും മലയാളത്തിലും 30 കഴിഞ്ഞാല്‍ ക്യാരക്ടര്‍ റോളിലേക്ക് തള്ളും- ഗീത

ഹരിഹരന്‍ -എം ടി ടീമിന്റെ 'പഞ്ചാഗ്നി'യിലൂടെ മലയാള സിനിമയിലെത്തി, ഒരു വടക്കന്‍ വീരഗാഥ, വൈശാലി, ആവനാഴി, വാത്സല്യം, ലാല്‍സലാം, അഭിമന്യൂ. ഓപ്പോള്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയായി മാറിയ ഗീത സ്ത്രീത്വം എന്ന സീരിയലിലൂടെ സ്വീകരണമുറിയിലേക്ക്. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം അമേരിക്കയില്‍ സെറ്റില്‍ഡായ ഗീത സീരിയലിന് വേണ്ടി മാത്രമാണ് ഇപ്പോള്‍ കേരളത്തിലെത്തിയത്. ഈ പ്രായത്തില്‍ നായികയാകണം എന്ന ആഗ്രഹമില്ല. ഹോളിവുഡില്‍ 40 കഴിഞ്ഞാലാണ് മിക്കവരും നായികയാകുന്നത്. എന്നാല്‍ തമിഴിലും മലയാളത്തിലും 30 കഴിഞ്ഞാല്‍ ക്യാരക്ടര്‍ റോളിലേക്ക് തള്ളും എന്ന് ഗീത പറയുന്നു.

മലയാളം സീരിയലില്‍ ആദ്യമായാണ്‌ അഭിനയിക്കുന്നത്‌. എന്തുകൊണ്ട്‌ സീരിയല്‍?
ഇതിനു മുമ്പ്‌ 'അമേരിക്കന്‍ ഡ്രീംസ്‌' എന്ന സീരിയലില്‍ അഭിനയിച്ചിട്ടുണ്ട്‌. അതിന്റെ ഷൂട്ടിംഗ്‌ അമേരിക്കയിലായിരുന്നു. ഞാനവിടെ സെറ്റില്‍ഡായതുകൊണ്ട്‌ എളുപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. അതിനുശേഷം അഭിനയിക്കുന്നത്‌ ഈ സീരിയലിലാണ്‌. 'സ്‌ത്രീത്വം' ഒരു സ്‌ത്രീപക്ഷ സീരിയലാണ്‌. അതുകൊണ്ടാണ്‌ അഭിനയിക്കാമെന്ന്‌ സമ്മതിച്ചത്‌.

ഗീതയെ കാണുമ്പോള്‍ ഒറ്റനോട്ടത്തില്‍ മലയാളിയല്ലെന്ന്‌ ആരും പറയില്ല?
മലയാളികളൂടെ ഇഷ്‌ടവേഷമാണ്‌ സാരി. ആ ഡ്രസ്സിലാണ്‌ ഞാനധികവും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്‌. മലയാളസിനിമയില്‍ അഭിനയിക്കുന്ന കാലത്ത്‌ മിക്കവരും കരുതിയത്‌ ഞാനൊരു മലയാളി ആണെന്നാണ്‌. മലയാളം ഒഴുക്കോടെ സംസാരിക്കാന്‍ എനിക്കറിയില്ല. അതുകേള്‍ക്കുമ്പോള്‍ ചിലര്‍ സംശയം പ്രകടിപ്പിക്കും-മലയാളി അല്ല. അല്ലേ?
ഈ സീരിയലില്‍ അഭിനയിക്കാന്‍ വേണ്ടി കഴിഞ്ഞയാഴ്‌ച ഫ്‌ളൈറ്റില്‍ വരുമ്പോള്‍ ഒരു സ്‌ത്രീ ചോദിച്ചത്‌ നായരാണോ എന്നാണ്‌. അതുകേട്ടപ്പോള്‍ എനിക്കു ചിരി വന്നു. ഒരു മലയാളിലുക്ക്‌ എനിക്കുണ്ടെന്നത്‌ സത്യമാണ്‌. അത്‌ കഥാപാത്രങ്ങള്‍ നല്‍കിയതാണ്‌.

ഇപ്പോള്‍ മലയാള സിനിമയിലില്ല?
മികച്ച കഥാപാത്രങ്ങള്‍ കിട്ടാത്തതുകൊണ്ടാണ് മലയാള സിനിമയില്‍ അഭിനയിക്കാത്തത്. ഒരു പ്രാധാന്യവുമില്ലാത്ത വേഷങ്ങള്‍ക്ക് വേണ്ടി അമേരിക്കയില്‍ നിന്ന് ഇവിടെ വരെ വരേണ്ടല്ലോ. സക്കറിയയുടെ ഗര്‍ഭിണികള്‍, നോര്‍ത്ത് 24 കാതം, സലാല മൊബൈല്‍ എന്നീ സിനിമകള്‍ മാത്രമാണ് ഈ രണ്ട് വര്‍ഷത്തിനിടെ മലയാള സിനിമയില്‍ ചെയ്തത്. ഈ പ്രായത്തില്‍ നായികയാകണം എന്ന ആഗ്രഹമില്ല. നല്ല സപ്പോര്‍ട്ടിങ് റോളാണ് ആവശ്യം. ഹോളിവുഡില്‍ 40 കഴിഞ്ഞാലാണ് മിക്കവരും നായികയാകുന്നത്. എന്നാല്‍ തമിഴിലും മലയാളത്തിലും 30 കഴിഞ്ഞാല്‍ ക്യാരക്ടര്‍ റോളിലേക്ക് തള്ളും.

അഭിനയത്തിലേക്കുള്ള വരവ്?
അഭിനയത്തിന് വേണ്ടി എട്ടാം ക്ലാസില്‍ വച്ചു പഠിപ്പ് നിര്‍ത്തേണ്ടി വന്നു. അതോര്‍ത്ത് ഒരിക്കലും സങ്കടം തോന്നിയിട്ടില്ല. സിനിമയും ഒരു സ്‌കൂളാണ്. ഇവിടെ നിന്ന് പലതും പഠിച്ചു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എം ഭാസ്‌കറിന്റെ ഭൈരവി എന്ന ചിത്രത്തിലേക്ക് വിളിച്ചത്. ആദ്യം അച്ഛന് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ രജനികാന്തിന്റെ പെങ്ങളുടെ വേഷമാണെന്ന് കേട്ടപ്പോള്‍ സമ്മതിച്ചു. സിനിമ ഹിറ്റായതോടെ ഞാനും ശ്രദ്ധിക്കപ്പെട്ടു. പിന്നെ ധാരാളം അവസരങ്ങള്‍ വന്നു. പഠനവും അഭിനയവും ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയാത്തതുകൊണ്ട് പഠനം നിര്‍ത്തേണ്ടി വന്നു. അന്ന് ഇന്നത്തെ പോലെ ഡിസ്റ്റന്‍സ് എജുക്കേഷനൊന്നും ഇല്ലല്ലോ. പഠനം നിര്‍ത്തിയപ്പോള്‍ അച്ഛനും അമ്മയ്ക്കും വിഷമമായി. പിന്നെ അഭിനയത്തിലെ എന്റെ താത്പര്യം കൊണ്ടാണ് അവര്‍ സമ്മതിച്ചത്. പഠിച്ചവരെ കാണുമ്പോള്‍ എനിക്കിപ്പോഴും ഒരു ബഹുമാനമാണ്. ഒരിക്കലും അസൂയ തോന്നിയിട്ടില്ല.

മലയാളത്തിലെത്തിയത്?
അഭിനയിച്ചു തുടങ്ങി രണ്ട് മൂന്ന് വര്‍ഷം കഴിയുമ്പോഴേക്കും തമിഴ്, തെലുങ്ക്, കന്നട ഇന്റസ്ട്രിയില്‍ ഞാന്‍ അറിയപ്പെട്ടു തുടങ്ങിയിരുന്നു. ആദ്യമൊക്കെ ചെറിയ വേഷങ്ങളാണ് കിട്ടിയത്. പിന്നെ നായികയായി. ആ സമയത്താണ് ഒരു കന്നട മാഗസിനില്‍ എന്റെ കവര്‍ ചിത്രം വന്നത്. 'പഞ്ചാഗ്നി' എന്ന സിനിമയ്ക്കുവേണ്ടി ഹരിഹരന്‍ സാറും എം ടി സാറും നായികയെ അന്വേഷിക്കുന്ന സമയമായിരുന്നു അത്. അവര്‍ അഡ്രസ്സ് നോക്കി ഒരു ദിവസം മദ്രാസിലെ വീട്ടിലേക്കു വന്നു. രണ്ടുപേരും മലയാളത്തിന്റെ ലെജന്റുകളാണെന്നൊന്നും എനിക്കറിയില്ല. കഥ കേട്ടപ്പോള്‍ ത്രില്ലടിച്ചു. അങ്ങനെയാണ് 'പഞ്ചാഗ്നി'യില്‍ അഭിനയിക്കാന്‍ കേരളത്തിലെത്തിയത്. രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഹരിഹരന്‍ സാറിന്റെയും എം ടി സാറിന്റെയുമൊക്കെ മഹത്വം തിരിച്ചറിഞ്ഞത്. ചിത്രം വിജയ്ച്ചതോടെ മലയാളത്തില്‍ ഒരുപാട് അവസരങ്ങള്‍ ലഭിച്ചു

വിവാഹം?
അമേരിക്കയില്‍ 1997 ലായിരുന്നു വിവാഹം. അന്ന് ഞാന്‍ മലയാള സിനിമയില്‍ സജീവമായി നില്‍ക്കുകയായിരുന്നു. അറേഞ്ച്ഡ് മാരേജ് ആയിരുന്നു. തൃച്ചിക്കാരനായ വാസനാണ് ഭര്‍ത്താവ്. അദ്ദേഹത്തിന് അമേരിക്കയിലായിരുന്നു ജോലി. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ആഴ്ച ഞാനും യു എസിലേക്ക് പോയി. അതിന് ശേഷം കുറച്ചുവര്‍ഷങ്ങള്‍ സിനിമയൊന്നും ചെയ്തില്ല. കുടുംബ ജീവിതം ശ്രദ്ധിച്ചു. ഒരു മകനുണ്ട്. സെവന്‍തില്‍ പഠിക്കുന്നു

വാസന്‍ ഗീതയുടെ ആരാധകനാണോ?
ഞാന്‍ അഭിനയിച്ച ഒരു സിനിമ പോലും അദ്ദേഹം കണ്ടിട്ടില്ല. എന്നാല്‍ ഞാന്‍ അഭിനയിക്കാന്‍ പോകുന്നതിനോട് താല്‍പ്പര്യക്കുറവൊന്നുമില്ല. അതുകൊണ്ടാണല്ലോ ഇപ്പോഴും എന്നെ അഭിനയിക്കാന്‍ വിടുന്നത്. എം ജി ആറിന്റെ ആരാധകനാണ് വാസന്‍. എം ജി ആര്‍ മരിച്ചശേഷം ഒരു സിനിമ പോലും കണ്ടിട്ടില്ല.

മലയാള സിനിമയെ കുറിച്ച്?
നാച്വറലാണ് മലയാളസിനിമ. ഉള്ളത് ഉള്ളതുപോലെ അവതരിപ്പിക്കും. കഥയിലെ സത്യസന്ധതയാണ് ഇവിടത്തെ പ്രത്യേകത. കഥ പറയുന്ന രീതി, ഫ്രെയിമുകള്‍ എന്നിവ മികച്ചതാണ്. തെലുങ്ക്, കന്നഡ സിനിമകളില്‍ ഫാന്റസിയാണ് കൂടുതലും. തമിഴില്‍ അത്രയില്ല. ഇവിടുത്തെ ലൊക്കേഷനില്‍ പോലും നല്ല അച്ചടക്കമാണ്.

സിനിമയിലെ മാറ്റം?
ഓരോ നിമിഷവും ലോകം മാറിക്കൊണ്ടിരിയ്ക്കുന്നു. അതനുസരിച്ച് മനുഷ്യന്റെ ചിന്തകളും മാറും. കാലത്തിന്റെ മാറ്റമല്ലേ അത് സൂചിപ്പിക്കുന്നത്? ഇന്നാരെങ്കിലും കത്തെഴുതുന്നുണ്ടോ? മൊബൈല്‍ഫോണും വാട്ട്‌സപ്പുമൊക്കെയാണ് പുതിയ തലമുറയുടെ ഹരം. അതും വലിയ മാറ്റമാണ്. മലയാളസിനിമയില്‍ വന്നതും ഇതുപോലുള്ള മാറ്റമാണ്. അത് അംഗീകരിച്ചേ പറ്റൂ.
(കടപ്പാട്-മംഗളം)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions