മുപ്പത്തിയേഴുവര്‍ഷം മുമ്പാണ് അശോകന്‍ സിനിമയിലെത്തിയത്. പാട്ടുകാരനാകാന്‍ കൊതിച്ച പതിനാറുകാരനെ പെരുവഴിയമ്പലത്തിലെ രാമനാക്കിയത് സംവിധായകന്‍ പത്മരാജനാണ്. അന്നുതൊട്ടിന്നേവരെ ഇരുനൂറോളം സിനിമകള്‍. അശോകനിപ്പോള്‍ വളരെ തിരക്കുള്ള നടനല്ല. രണ്ടുമാസം കൂടുമ്പോള്‍ ഒരു സിനിമ കിട്ടിയാല്‍ ഭാഗ്യം. എന്നിട്ടും ആരോടും പരിഭവമില്ലാതെ ചെന്നൈയിലെ ഫ്ലാറ്റില്‍ എം.എ. ഫസ്‌റ്റ് ഇയറിന് പഠിക്കുന്ന മകള്‍ കാര്‍ത്ത്യായനിക്കും ഭാര്യ ശ്രീജയ്ക്കും ഒപ്പം കഴിയുകയാണ് താര താര ജാഡയില്ലാത്ത ഈ താരം.
പത്മരാജന്‍, ഭരതന്‍, മോഹന്‍, കെ.ജി.ജോര്‍ജ്, അടൂര്‍... മികച്ച സംവിധായകരുടെ സിനിമകളില്‍ അഭിനയിച്ചിട്ടും ഭാഗ്യമില്ലാതെപോയി എന്നു തോന്നുന്നുണ്ടോ?
നിര്‍ഭാഗ്യം ഒരുപാടുണ്ടായിട്ടുണ്ട്. ആദ്യസിനിമയായ 'പെരുവഴിയമ്പല'ത്തില്‍ ചക്ക് ആട്ടുന്ന വാണിയ സമുദായത്തിലെ പയ്യനായാണ് അഭിനയിച്ചത്. ആ വര്‍ഷത്തെ മികച്ച മലയാളസിനിമയ്‌ക്കുള്ള ദേശീയ അവാര്‍ഡ് 'പെരുവഴിയമ്പല'ത്തിനായിരുന്നു. നടനെന്ന നിലയില്‍ എന്നെയും പരിഗണിച്ചതാണ്.
യുവാവുമല്ല, ബാലനടനുമല്ല. പിന്നെ ഏത് കാറ്റഗറിയില്‍പെടുത്തും എന്ന ചോദ്യമാണ് അവാര്‍ഡ് കമ്മിറ്റിയെ കുഴക്കിയത്. അന്നത്തെ എന്റെ രൂപം കണ്ട് ജൂറി ചെയര്‍മാന്‍ പപ്പേട്ടനോട് (സംവിധായകന്‍ പത്മരാജന്‍) ചോദിച്ചത്രേ-റോഡില്‍നിന്ന് കണ്ടെത്തിയ ആളെയാണോ ഇതില്‍ അഭിനയിപ്പിച്ചത്? ഒടുവില്‍ അവസാനനിമിഷം എന്റെ പേര് തള്ളി.
അന്ന് അതൊന്നും വലിയ കാര്യമായി തോന്നിയില്ല. പക്ഷേ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ വിഷമം തോന്നുന്നു. പ്രത്യേകിച്ചും അത്ര കാമ്പുള്ള കഥാപാത്രങ്ങള്‍ പോലും ചെയ്യാത്തവര്‍ക്ക് അവാര്‍ഡ് കിട്ടുമ്പോള്‍. പ്രഗത്ഭരായ സംവിധായകരുടെ മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടും അതിനനുസരിച്ചുള്ള അംഗീകാരങ്ങള്‍ കിട്ടിയിട്ടില്ല.
ഇപ്പോഴും സിനിമയിലുള്ളവര്‍ തന്നെ ചോദിക്കാറുണ്ട്-'പെരുവഴിയമ്പല'ത്തിന് അവാര്‍ഡ് കിട്ടിയല്ലോ എന്ന്. ചിലരോട് കിട്ടി എന്നു തന്നെ പറയും. പപ്പേട്ടനും ഭരതേട്ടനും മരിച്ചതും മോഹന്‍സാറും ജോര്‍ജ് സാറും സിനിമയെടുക്കാത്തതും എന്റെ കരിയറിനെ ബാധിച്ചിട്ടുണ്ട്.
പലപ്പോഴും പകരക്കാരനായി, അവസാനനിമിഷമാണ് അശോകന്റെ പേര് പരിഗണിക്കപ്പെട്ടത്?
ആദ്യസിനിമ മുതല്‍ അങ്ങനെയാണ്. സിനിമയില്‍ പാട്ടുകാരനാകണമെന്നായിരുന്നു ആഗ്രഹം. ലളിതഗാനത്തിന് സംസ്‌ഥാനതലം വരെ സമ്മാനം കിട്ടിയിട്ടുമുണ്ട്. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് പത്മരാജന്റെ 'പെരുവഴിയമ്പല'ത്തിലേക്ക് താരങ്ങളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം വന്നത്.
എനിക്കുവേണ്ടി സഹോദരന്‍ അപേക്ഷ അയച്ചു. തിരുവനന്തപുരം നികുഞ്‌ജം ഹോട്ടലില്‍ ഇന്റര്‍വ്യൂവിന് എത്തിയപ്പോള്‍ അഞ്ഞൂറോളം കുട്ടികളുണ്ടവിടെ. എല്ലാം നല്ല ടാലന്റും സൗന്ദര്യവുമുള്ളവര്‍. ആദ്യത്തെ കാഴ്‌ചയില്‍ ഒട്ടും ഇഷ്‌ടം തോന്നാത്ത പ്രകൃതമാണ് എന്റേത്.
അതുകൊണ്ടുതന്നെ കിട്ടില്ലെന്ന് നൂറുശതമാനവും ഉറപ്പിച്ചതാണ്. ഏറ്റവും അവസാനമായിരുന്നു എന്റെ ഊഴം. പക്ഷേ പപ്പേട്ടന് സുന്ദരനായ നായകനെയായിരുന്നില്ല ആവശ്യം. എന്റെ രൂപം കണ്ടപ്പോള്‍ത്തന്നെ അവര്‍ക്കിഷ്‌ടപ്പെട്ടു. ഷര്‍ട്ടൂരാനാണ് ആദ്യം ആവശ്യപ്പെട്ടത്.
അതോടെ എന്റെ പകുതി ജീവന്‍ പോയി. മെലിഞ്ഞ ശരീരം കണ്ടപ്പോള്‍ അവര്‍ തീര്‍ച്ചപ്പെടുത്തി, ഇതുതന്നെ 'പെരുവഴിയമ്പല'ത്തിലെ രാമന്‍.
ഇടക്കാലത്ത് മലയാളസിനിമയില്‍നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കേണ്ടിവന്നു. അല്ലേ?
1998 മുതലുള്ള ഏഴുവര്‍ഷക്കാലം ആരും എന്നെ വിളിച്ചില്ല. ആ സമയത്താണ് തമിഴ് സീരിയലിലേക്ക് അവസരം വന്നത്. തമിഴിലെ പ്രശസ്‌ത സംവിധായകന്‍ ഭാരതിരാജയുടെ കൂടെ വര്‍ക്ക് ചെയ്‌തയാളാണ് സീരിയല്‍ സംവിധാനം ചെയ്‌തത്. യു.ടി.വി എന്ന പ്രശസ്‌തമായ കമ്പനിയാണ് നിര്‍മ്മാണം.
മലയാളത്തില്‍ ഒരുപാടു നല്ല സിനിമകള്‍ ചെയ്‌തിട്ടും അവഗണിക്കപ്പെട്ടല്ലോ എന്ന സങ്കടമുണ്ടായിരുന്നു, ഇടയ്‌ക്ക്. നന്ദിയില്ലായ്‌മ ഏറ്റവും കൂടുതലുള്ള മേഖലയാണല്ലോ രാഷ്‌ട്രീയവും സിനിമയും.
സിനിമയില്‍ സ്‌നേഹം കൊണ്ട് ആരും വിളിക്കില്ല. വിശ്വസിക്കാന്‍ പറ്റിയ സുഹൃത്തുക്കള്‍ പത്തുശതമാനം മാത്രമേയുള്ളൂ. ഏറെക്കാലത്തിനുശേഷം വിളിച്ചത് 'ഹലോ'യുടെ ലൊക്കേഷനില്‍ നിന്നാണ്.
ഒറ്റസീനിലേക്കാണെന്ന് പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞു. അഞ്ചുമിനുട്ടു കഴിഞ്ഞില്ല. സംവിധായകന്‍ റാഫി തന്നെ നേരിട്ടുവിളിച്ചു.
''ചെറിയൊരു റോളാണെങ്കിലും നല്ല പ്രാധാന്യമുണ്ട്. അശോകന് അതു ഗുണംചെയ്യും.''
സൂപ്പര്‍ഹിറ്റ് സംവിധായകരാണ് റാഫിയും മെക്കാര്‍ട്ടിനും. അവരുടെ വാക്കുകള്‍ തള്ളിക്കളയേണ്ടെന്ന് തോന്നി. പിറ്റേ ദിവസം തന്നെ തിരുവനന്തപുരത്തേക്കുവന്നു.
ഉച്ചയ്‌ക്കുമുമ്പ് വര്‍ക്ക് തീര്‍ന്നു. സിനിമ റിലീസായപ്പോഴാണ് ആ വേഷത്തിന്റെ പ്രാധാന്യം മനസ്സിലായത്. റാഫി പറഞ്ഞതുപോലെ എനിക്കതൊരു ബ്രേക്കായി. പിന്നീട് റോമിയോ, ഇന്നത്തെ ചിന്താവിഷയം, ടു ഹരിഹര്‍നഗര്‍...പോലുള്ള സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു.
സിനിമയില്‍ കുറച്ചെങ്കിലും അടുപ്പമുള്ളത് തിലകന്‍ചേട്ടനോടാണെന്ന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതിനുള്ള കാരണം?
മനസ്സില്‍ സ്‌നേഹം സൂക്ഷിക്കുന്ന സത്യസന്ധനായ മനുഷ്യനായിരുന്നു തിലകന്‍ചേട്ടന്‍. മറ്റുള്ളവര്‍ക്ക് എതിരഭിപ്രായം കാണുമായിരിക്കാം.
ന്യൂജനറേഷന്‍തരംഗം വന്നതുകൊണ്ടാണോ അശോകനിപ്പോള്‍ സജീവമല്ലാത്തത്?
ഇപ്പോള്‍ മാത്രമുണ്ടായ ഒരു തരംഗമല്ലിത്. ഞാനും കൃഷ്‌ണചന്ദ്രനും റഹ്‌മാനുമൊക്കെ സിനിമയില്‍ വരുന്ന കാലത്ത് ഞങ്ങളും ന്യൂജനറേഷനായിരുന്നു. എന്നാല്‍ ഇന്നത്തെപ്പോലെ ഗ്ലാമര്‍ ന്യൂജനറേഷന്‍ അല്ലെന്നേയുള്ളൂ. അന്നത്തെ സംവിധായകര്‍ക്ക് ഡെപ്‌ത്തുണ്ടായിരുന്നു.
വ്യത്യസ്‌തമായ, ജീവിതവുമായി ബന്ധമുള്ള പ്രമേയങ്ങളായിരുന്നു അവര്‍ സിനിമയാക്കിയത്. ഇന്ന് ടാലന്റുള്ള ഒരുപാടുപേര്‍ സിനിമയിലേക്ക് വരുന്നുണ്ട്. അവര്‍ സിനിമയെടുക്കുന്നുമുണ്ട്. എന്നാല്‍ ചിലതൊന്നും ശ്രദ്ധിക്കപ്പെടുന്നില്ല.
എനിക്ക് റോളുകള്‍ കുറഞ്ഞു എന്നത് സത്യമാണ്. അതില്‍ ഒരു ടെന്‍ഷനുമില്ല. അഭിനയിക്കാന്‍ വിളിക്കുന്ന കാലത്തോളം സിനിമയില്‍ത്തന്നെ നില്‍ക്കാനാണ് തീരുമാനം. മറ്റൊരു ബിസിനസിലും ഇതുവരെ കൈവച്ചിട്ടില്ല. സിനിമ തീരെ ഇല്ലാത്ത സമയത്തുപോലും റോളിനുവേണ്ടി ഒരു നിര്‍മ്മാതാവിനെയും ഞാന്‍ കണ്ടിട്ടില്ല. അതിന്റെ ആവശ്യവുമില്ല.
ചേപ്പാട്ടെ അറിയപ്പെടുന്ന കുടുംബമാണ് എന്റേത്. അച്‌ഛന്‍ സി.ബി.ഐയില്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. അഭിമാനം വിറ്റ് ജീവിക്കരുതെന്നാണ് അച്‌ഛന്‍ ഞങ്ങള്‍ നാലാണ്‍മക്കളെയും പഠിപ്പിച്ചത്. അതുകൊണ്ടുതന്നെയാവണം ചില ചിട്ടകള്‍ ജീവിതത്തിലിന്നും സൂക്ഷിക്കാന്‍ കഴിയുന്നതും.
(കടപ്പാട്-മംഗളം)