തുടരെ പരാജങ്ങള്‍ , വ്യക്തിപരമായ പ്രശ്നങ്ങള്‍ എന്നിവമൂലം കഴിഞ്ഞ രണ്ടര വര്‍ഷക്കാലം കടുത്ത പരീക്ഷങ്ങളിലൂടെയാണ് ദിലീപ് കടന്നുപോയത്. ജനപ്രിയ നായകന്‍ എന്ന വിശേഷണം പോലും കൈമോശം വന്ന കാലയളവ്. എന്നാല്‍ ടൂ കണ്‍ട്രീസ് എന്ന സൂപ്പര്‍ ഹിറ്റിലൂടെ ദിലീപ് അതില്‍ നിന്നെല്ലാം കരകയറിക്കഴിഞ്ഞു.
കുറച്ചു സിനിമകള്‍ ഹിറ്റാവാതിരുന്നപ്പോഴേക്കും വല്ലാതെ കുറ്റപ്പെടുത്തലുണ്ടായോ?
കഴിഞ്ഞ രണ്ടര വര്‍ഷക്കാലം എനിക്ക് പരീക്ഷണകാലമായിരുന്നു. ഒരുപാട് വിഷയങ്ങള്‍... ആ സമയത്താണ് ഞാന്‍ മായാമോഹിനിയും മൈ ബോസുമൊക്കെ ചെയ്യുന്നത്. പിന്നെ റിംഗ് മാസ്റ്റര്‍. അതിനു ശേഷം റിയലിസ്റ്റിക് അപ്രോച്ച് ഉള്ള സിനിമയായിരുന്നു ഏഴു സുന്ദര രാത്രികള്‍. പക്ഷേ എന്നില്‍നിന്ന് ആളുകള്‍ പ്രതീക്ഷിച്ച കോമഡിയൊന്നും അതില്‍ കിട്ടിയില്ല. പിന്നെ ശൃംഗാരവേലന്‍, അതിനുശേഷം നേരത്തേ ചെയ്തുവെച്ച രണ്ടു വര്‍ഷം പഴക്കമുള്ള നാടോടിമന്നന്‍. അതോടെ ഒരു കൊല്ലത്തിലെ സിനിമകളെല്ലാം ഒരുപോലെയായിപ്പോയി.
അതിനിടയില്‍ അല്ലാതുള്ള ഒരുപാട് അറ്റാക്കുണ്ടായി. സോഷ്യല്‍ മീഡിയയിലൂടെയും അല്ലാണ്ടെയും. സിനിമ ഇറങ്ങുന്നതിനുമുമ്പേ തുടങ്ങും,ദിലീപിന് ഓഡിയന്‍സില്ല, ഫാമിലി ഓഡിയന്‍സെല്ലാം പോയിക്കഴിഞ്ഞു എന്നൊക്കെ പറയാന്‍. പത്ത് പ്രാവശ്യമോ മറ്റോ അതിനിടയില്‍ ഞാന്‍ കല്യാണം കഴിച്ചു കഴിഞ്ഞു. ഒരു വാര്‍ത്തതന്നെ ഇടയ്ക്കിടെ വരും. അതനുസരിച്ച് എല്ലാം 16ാം തിയ്യതിയും എന്റെ കല്യാണമാണ്. പടം റിലീസ് ചെയ്യുന്നതിന്റെ രണ്ടാഴ്ച മുമ്പേ തുടങ്ങും. ഇത്തവണ ഒന്നും കണ്ടില്ല. അതുകൊണ്ട് ഞാന്‍ എഫ് ബിയില്‍ ഒരു പോസ്റ്റിട്ടു, 'ആരെങ്കിലും മറന്നുപോയിട്ടുണ്ടെങ്കില്‍ ഓര്‍ത്തേക്കണേ, ക്രിസ്മസിനാണ് പടം റിലീസ്. മറ്റേ സാധനം വന്നിട്ടില്ല. കല്യാണത്തിന്റെ വാര്‍ത്തയേ'.
എങ്ങെന നേരിട്ടു ഈ വിഷമങ്ങളെല്ലാം?
തുടക്കത്തില്‍ വല്ലാതെ പ്രയാസപ്പെട്ടു. പിന്നെ, ലോഹിസാറ് എന്റെയടുത്ത് എപ്പോഴും പറയുമായിരുന്നു, പലതിനെയും തമാശയായിട്ട് കാണാന്‍ ശ്രമിക്കൂ എന്ന്. എന്റച്ഛന്‍ എല്ലാവര്‍ക്കും വേണ്ടപ്പെട്ടയാളായിരുന്നു. പക്ഷേ അച്ഛന്‍ കാരണം ഞാന്‍ ഒരുപാട് കരഞ്ഞിട്ടുണ്ട്. ഞാന്‍ മാത്രമേ കരഞ്ഞിട്ടുള്ളൂ, എന്റെ വീട്ടുകാരും. പക്ഷേ ലോഹിസാറ് പറഞ്ഞ രീതിയില്‍ അച്ഛനെ കാണാന്‍ തുടങ്ങിയപ്പോഞാന്‍ അച്ഛനുമായിട്ട് ഒരുപാട് അടുക്കാന്‍ തുടങ്ങി. അച്ഛന്‍ കാണിക്കുന്നതെല്ലാം തമാശയായിട്ട് കണ്ടപ്പോ ഒരുപാട് സ്‌നേഹിക്കാന്‍ തുടങ്ങി.
തമാശയായിട്ട് ജീവിതത്തിനെ കാണാനാണ് ഇപ്പോ പഠിച്ചോണ്ടിരിക്കുന്നത്. ഇന്നസെന്റേട്ടനാണ് ഗുരു. എനിക്ക് ഈ വിഷയം വന്നതും ഇന്നസെന്റിന് ക്യാന്‍സര്‍ വന്നതും ഒരേ ...സമയത്താ. ഇന്നസെന്റ് പറഞ്ഞു,''നമ്മുടെ സമയദോഷമായിരിക്കുമെടാ. രണ്ടു വിഷയങ്ങളും മനുഷ്യന്‍ മരിച്ചുപോവുന്നപോലത്തെ അവസ്ഥയാണ്. എനിക്ക് ക്യാന്‍സര്‍ വന്നു, നിനക്ക് ഇതുപോലത്തൊരു സ്ഥിതിയും...''. ഞാനെന്റെ അച്ഛന്റെ സ്ഥാനത്ത് കാണുന്ന ആളാ. തകര്‍ന്നുപോകാതെ പിടിച്ചുനിന്നതിന് വലിയൊരു കാരണം ആ മനുഷ്യന്‍ തന്നെയാണ്. എന്നോടു പറയും, ''അതൊക്കെ വിട്ടേക്കെടാ''. ആ പറച്ചില്‍ വലിയൊരു പ്രചോദനം തെന്നയാണ്.
വിധിയെന്നു പറയുന്ന ഒരു സാധനമുണ്ട്. തലകുത്തി മറിഞ്ഞാലും മാറ്റാന്‍ പറ്റില്ല. ഏറ്റവും വലിയ റൈറ്റര്‍ മുകളിലിരുന്ന് എഴുതിക്കൊണ്ടിരിക്ക്യാസീരിയലിന് കഥയെഴുതുന്നതുപോലെയാണ്. എത്രപേര്‍ക്കാ ഒരേ സമയത്ത് എഴുതിക്കൊടുത്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഞാനിപ്പോ ഒന്നും പ്ലാന്‍ ചെയ്യാറില്ല. എല്ലാ പ്ലാനിങും പുള്ളി പൊളിക്കും.
തകര്‍ന്നു പോയി എന്നു പറയുന്ന സമയത്തൊക്കെ മോള് ദിലീപിനെ നന്നായി സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടാവില്ലേ?
തീര്‍ച്ചയായും. മോള് വലിയ ആശ്വാസം തന്നെയാണ്. അവള്‍ പറഞ്ഞു, അച്ഛന്‍ എന്തു തീരുമാനം വേണമെങ്കിലും എടുത്തോളൂ, അച്ഛന്റെ കൂെട ഞാന്‍ ഉണ്ട്. ആ വാക്ക്...അത് വീണുപോയ എന്നെ എഴുന്നേറ്റു നിര്‍ത്തി. തകര്‍ന്നു പോവുന്ന ഒരുത്തന് ദൈവം പറയുന്ന പോലെയാ അത്. അവള്‍ക്ക് 15 വയസ്സായി. ചെറിയ കുട്ടിയൊന്നുമല്ലല്ലോ. എന്റെ കൂടെ സിനിമയില്‍ പല ഹീറോയിന്‍സും വന്ന പ്രായമാ അത്. അവളെ ഒന്നും പറഞ്ഞു പഠിപ്പിക്കേണ്ട ആവശ്യമില്ല. എല്ലാ തിരിച്ചറിവുകളും നേര്‍ക്കാഴ്ചകളും മുന്നിലുള്ളപ്പോള്‍. അതുകൊണ്ട് ജീവിതത്തില്‍ ഏറ്റവും വലിയൊരു കടപ്പാട് മകളാണെങ്കിലും അവളോടാണ്.
ഇനിയങ്ങോട്ട് ആ ആള്‍ക്കുവേണ്ടീട്ടാണ് ഞാന്‍. ആ ആളുടെ ലൈഫിനു വേണ്ടി എനിക്കു നിന്നേ പറ്റൂ. ആരെയും ദ്രോഹിക്കാനായി ഞാന്‍ ഇതുവരെ ഒരു വാക്ക് എഴുതുകയോ കീപാഡില്‍ ഞെക്കുകയോ ചെയ്തിട്ടില്ല. എനിക്ക് വേണമെങ്കില്‍ സംസാരിക്കാം. ഞാന്‍ സംസാരിച്ചാല്‍ ഭയങ്കര കുഴപ്പമാവും.
അത് ഒരുപാടു പേരെ ബാധിക്കും. അതുകൊണ്ട് ജീവിതത്തില്‍ എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് സംസാരിക്കാന്‍ എനിക്കു താല്‍പര്യമില്ല.
മീനൂട്ടിക്ക് വേണ്ടി കൂടുതല്‍ സമയം കണ്ടെത്തുന്നുണ്ടോ?
പിന്നെയില്ലാതെ! ഷൂട്ട് കഴിഞ്ഞാല്‍ ഞാന്‍ ഓടി വീട്ടിലേക്ക് വരും. വൈകുന്നേരമാവുമ്പോ ഒരു വിളി വരുമല്ലോ, 'എവിടയാ, എപ്പളാ എത്താ' എന്ന്.
അത് കേള്‍ക്കുമ്പോ ഓടി വരും. അല്ലെങ്കില്‍ രാത്രിയില്‍ ഡിസ്‌കഷനും ബഹളവുമൊക്കെ ആയിരിക്കും. അതുമാറി. ഷൂട്ട് കഴിഞ്ഞാല്‍, നേരെ വീട്ടിലേക്ക് എന്നായി. പക്ഷേ ഇടയ്ക്ക് അത് ജോലിയെ ബാധിക്കാന്‍ തുടങ്ങി, സിനിമയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല എന്നു തോന്നി. പക്ഷേ ഇപ്പോ അതിന് കുറച്ചു മാറ്റം വന്നു. അവള്‍ കാര്യങ്ങള്‍ മനസ്സിലാക്കിത്തുടങ്ങി. മോള് പറയും, ''അതു കുഴപ്പല്ല്യ അച്ഛാ. അച്ഛന്‍ സമയം എടുത്തിട്ട് വന്നാ മതി''. അവള്‍ ഒരു ടെന്‍ഷനും എനിക്കുണ്ടാക്കീട്ടില്ല. ഭയങ്കര കോംപ്രമൈസിങ് മോളാണ്. അതൊരു വലിയ കാര്യമല്ലേ?
(കടപ്പാട്- ഗൃഹലക്ഷ്മി)