ന്യുഡല്‍ഹി: മുന്നറിയിപ്പ് കൊടുത്തിട്ടും പൊണ്ണത്തടി കുറക്കാത്ത 57 കാബിന്‍ ക്രൂ അംഗങ്ങളുടെ ജോലി എയര്‍ ഇന്ത്യ മാറ്റി. എയര്‍ഹോസ്റ്റസുമാര്‍ അടക്കമുള്ളവരെയാണ് വിമാനത്തില്‍ നിന്ന് വിമാനത്താവളത്തിലെ മറ്റ് ജോലികളിലേക്ക് മാറ്റിയത്. ശരീരഭാരം കുറച്ച് സൗന്ദര്യം വീണ്ടെടുത്തില്ലെങ്കില്‍ ഗ്രൗണ്ട് ജോലികളില്‍ തന്നെ ഇവര്‍ തുടരേണ്ടിവരും.
ശരീരഭാര സൂചികയില്‍ (ബി.എം.ഐ)അനുവദിച്ചതിലും അമിതമാണ് ഇവരുടെ ഭാരം. നിശ്ചിത സമയത്തിനുള്ളില്‍ ശരീരഭാരം കുറയ്ക്കാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അവര്‍ അതു പാലിക്കാതെ വന്നതോടെ കഴിഞ്ഞ മാസംമുതല്‍ ഇവരുടെ ജോലി മാറ്റിനല്‍കുകയായിരുന്നുവെന്നും എയര്‍ ഇന്ത്യയിലെ ഒരു മുതിര്‍ന്ന ഓഫീസര്‍ വ്യക്തമാക്കി.
ജോലിയില്‍ മാറ്റം വന്നതോടെ ഇവര്‍ക്ക് മാസം 35,000 രൂപ മുതല്‍ 50,000 രൂപ വരെ ശമ്പളത്തില്‍ കുറവ് വരുമെന്നാണ് സൂചന. ഫ്‌ളൈയിംഗ് അലവന്‍സ് ഇനത്തില്‍ നല്‍കിയിരുന്ന പ്രതിഫലമാണിത്.
സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിന്റെ നിര്‍ദേശപ്രകാരം കാബിന്‍ ക്രൂ ആയ പുരുഷന്മാരുടെ ശരീരഭാര സൂചിക 18-225 ആണ്. സ്ത്രീകള്‍ക്ക് ഇത് 18-22 ഉം ആണ്. യഥാക്രമം 30നും 27നും മധ്യേയാണ് ബി.എം.ഐയെങ്കില്‍ അമിതവണ്ണമായും ഇതിനു മുകളിലാണെങ്കില്‍ പൊണ്ണത്തടിയാണെന്നും കണക്കാക്കും.