പ്രണയത്തിന് പ്രോട്ടോക്കോളുമില്ല. തിരുവനന്തപുരം സബ്കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്റെ മരുമകളായി, അരുവിക്കരയിലേക്ക് ശബരിനാഥന്റെ കൈപിടിച്ച് എത്തുകയാണ്. വിവാഹവിശേഷത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ദിവ്യ എസ്.അയ്യര്‍ ഐഎഎസ് മനസുതുറക്കുന്നു.
പ്രോട്ടൊകോളൊന്നും ബാധകമല്ലാത്ത പ്രണയം തുടങ്ങിയത് എങ്ങനെയാണ്?
പ്രോട്ടോകള്‍ തെറ്റിച്ചോ? ഏയ്! അങ്ങനെ അതിന് ഗംഭീര പ്രണയമൊന്നും ആകാനുള്ള സമയം പോലും കിട്ടിയില്ല. ഞാന്‍ തിരുവനന്തപുരത്തേക്ക് വന്നിട്ട് ആറുമാസമായിട്ടല്ലേ ഉള്ളൂ. ആദ്യം സംസാരിക്കുന്നത് ജില്ലയിലെ ആദിവാസിമേഖലയിലെ ഒരു പ്രശ്നത്തെക്കുറിച്ച് സംസാരിക്കാനാണ്. സംസാരിച്ചുകഴിഞ്ഞപ്പോള്‍ സമാനമായ ആശയങ്ങള്‍ പിന്തുടരുന്നവരാണ് ഞങ്ങളെന്ന് തോന്നിയിരുന്നു. പരിചയം സൗഹൃദമായി മാറുന്നത് മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ സമയത്താണ്. എല്ലാദിവസവും പ്രചാരണമൊക്കെ കഴിഞ്ഞുവന്ന് വിശേഷങ്ങള്‍ പറയാന്‍ വിളിക്കുമായിരുന്നു. വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും ദൂരെ മാറി നില്‍ക്കുന്ന സമയമായിരുന്നു. അന്നാണ് ഞങ്ങള്‍ കൂടുതല്‍ സംസാരിക്കുന്നത്. ആ സമയത്താവാം ശബരിക്ക് വിവാഹം കഴിച്ചാല്‍ കൊള്ളാം എന്നൊരു ആഗ്രഹം തോന്നുന്നത്.
പ്രണയം വിവാഹത്തിലേക്ക് എത്തിയത് എങ്ങനെയാണ്?
രണ്ടു കുടുംബങ്ങളുടെയും പൊതുസുഹൃത്തുക്കളാണ് ആദ്യമായി ഞങ്ങള്‍ വിവാഹിതരായാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞത്. അതുവരെ ഞങ്ങളുടെ ഇടയിലും നല്ല സൗഹൃദം മാത്രമായിരുന്നു. പരസ്പരം മനസിലാക്കുന്ന ഒരേ ജീവിത വീക്ഷണമുള്ള, ഒരേ ജീവിത ലക്ഷ്യങ്ങളുള്ള രണ്ടുപേര്‍ ജീവിതയാത്രയിലും ഒരുമിച്ചായാല്‍ നല്ലതാകുമെന്ന് ഞങ്ങള്‍ക്കും തോന്നി. ഞങ്ങളുടെ രണ്ടു പേരുടെ ജോലിയും സമര്‍ദ്ദമേറിയത്. പരസ്പരം മനസിലാക്കുന്നവരാണെങ്കില്‍ മാത്രമേ പ്രൊഫഷണലിലും മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളൂ. ജനസേവനത്തിന് വേണ്ടി എന്‍ജിനിയറിങ് ജോലി രാജിവച്ച വ്യക്തിയാണ് അദ്ദേഹം. ഞാനാണെങ്കിലും ഡോക്ടര്‍ ജോലി വേണ്ടെന്നുവച്ച് ഐഎഎസ് തിരഞ്ഞെടുത്തയാളാണ്.
വായന, സംഗീതം, അഭിനയം തുടങ്ങിയ താല്‍പര്യങ്ങളിലും സമാനതകളുണ്ടായിരുന്നു. അപരിചിതനായ ഒരാളോട് സംസാരിച്ചുതുടങ്ങുമ്പോള്‍ പ്രിയപ്പെട്ട പുസ്തകമേതാണ്? പാട്ട് ഏതാണ്? തുടങ്ങിയ കാര്യങ്ങളാണല്ലോ ആദ്യം ചോദിക്കുന്നത്. അത്തരം ഇഷ്ടങ്ങള്‍ പങ്കുവച്ചപ്പോഴും ബൗദ്ധികമായും ഒരേനിലവാരം പുലര്‍ത്തുന്ന ആളാണെന്ന് തോന്നി. അങ്ങനെയങ്ങനെ ഇഷ്ടങ്ങളെല്ലാം ഒരുപോലെയായി, ഇഷ്ടം പിടിച്ചു പറ്റുകയായിരുന്നു.
ആരാണ് ആദ്യം ഇഷ്ടം തുറന്നുപറഞ്ഞത്?
ഫോര്‍മലായിട്ടുള്ള പ്രപ്പോസല്‍ ഒന്നുമില്ലായിരുന്നു. എങ്കിലും Will you marry me? എന്ന് ചോദിച്ചത് ശബരിയാണ്.
ശബരിനാഥിന്റെ ഏത് സ്വഭാവമാണ് ഏറെ ഇഷ്ടം?
വളരെയേറെ ക്ഷമാ ശീലമുള്ളയാളാണ്. എടുത്തുചാടിയൊന്നും ചെയ്യില്ല. സ്വകാര്യജീവിതത്തില്‍ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണല്ലോ സമാധാനം. അധികം ദേഷ്യം വരാത്ത സ്വഭാവമാണ്.
കലാകാരിയായ കലക്ടറുടെ ഏത് കലയാണ് ഭാവിവരന് ഇഷ്ടം?
പാട്ടാണ് കൂടുതല്‍. പ്രത്യേകിച്ചും ശാസ്ത്രീയ സംഗീതം.
തിരക്കിന്റെ ഇടയി ല്‍ എങ്ങനെ പ്രണയിച്ചു?
അയ്യോ ഞങ്ങള്‍ അങ്ങനെ പ്രണയിച്ചിട്ടൊന്നുമില്ല. പ്രണയിക്കാനുള്ള അവസരം എങ്ങനെ കിട്ടാനാണ്. പുറത്തുപോയൊരു കാപ്പി കുടിക്കാന്‍ പോലുമുള്ള സമയവും സാഹചര്യവും കിട്ടാത്ത രണ്ടുപേരാണ് ഞങ്ങള്‍. പ്രണയിക്കാന്‍ ആഗ്രഹിക്കുന്ന രണ്ടുപേര്‍ വേറെ വഴിയില്ലാത്തതുകൊണ്ട് വിവാഹം കഴിക്കാം എന്നും തീരുമാനിച്ചതാണ്. വിവാഹം കഴിച്ചാലേ പ്രണയിക്കാന്‍ പറ്റൂ എന്ന സ്ഥിതിയാണ്.
ഭാവി വരനെക്കുറിച്ച് എന്തെങ്കിലും സങ്കല്‍പ്പമുണ്ടായിരുന്നോ?
ജീവിതയാത്രയില്‍ നല്ല ഒരു സഹയാത്രികന്‍ എന്നൊരു സങ്കല്‍പ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് ആദരവും ബഹുമാനവും തോന്നുന്ന വ്യക്തിയാവണം, അതോടൊപ്പം എന്നെ ഒരുപാട് സ്നേഹിക്കണം. ഈ രണ്ട് ആഗ്രഹങ്ങളുണ്ടായിരുന്നു. ഈ രണ്ടും ഒത്തുചേര്‍ന്നു.
പലപ്പോഴും രാഷ്ട്രീയക്കാരും ഐഎഎസുകാരും തമ്മില്‍ ചേരാറില്ല. ഭാവി വരന്‍ രാഷ്ട്രീയ പ്രവര്‍ത്തകനാകണമെന്ന് ആഗ്രഹിച്ചിരുന്നോ?
ഐഎഎസുകാരും രാഷ്ട്രീയക്കാരും അടിയിടുന്നതിന്റെ ഇടയ്ക്ക് ഞങ്ങളുടെ പ്രണയം ഒരു സമാശ്വാസം ആയിക്കോട്ടെ. രാഷ്ട്രീയവും ബ്യൂറോക്രസിയും ഒന്നിച്ചുപോയാല്‍ മാത്രമേ നാടിന് പുരോഗതിയുടെ പാതയില്‍ എത്താനാകൂ എന്ന് തെളിയിക്കാനായിട്ട് ഒന്നിച്ച രണ്ടുപേര്‍ എന്നൊക്കെ പറയാമല്ലോ. നിങ്ങളൊക്കെ പറയുമ്പോഴാണ് ശബരി ഒരു രാഷ്ട്രീയക്കാരനാണെന്ന ബോധം എനിക്ക് ഉണ്ടാകുന്നത്. ഈ നിമിഷം വരെ ഞങ്ങളുടെ സംസാരത്തിന്റെ ഇടയ്ക്ക് രാഷ്ട്രീയത്തിന്റെ ഒരു നാരുപോലും വന്നിട്ടില്ല. രാഷ്ട്രീയക്കാരന്റെ നിറം അദ്ദേഹം എന്നോട് കാണിച്ചിട്ടുമില്ല. ഞാന്‍ ശബരിനാഥന്‍ എന്ന വ്യക്തിയെയാണ് ഇഷ്ടപ്പെടുന്നത്. ഭര്‍ത്താവ്, അച്ഛന്‍ അങ്ങനെയൊക്കെയുള്ള റോളിലേക്ക് വരുമ്പോള്‍ രാഷ്ട്രീയനേതാവിനെ എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല. രാഷ്ട്രീയം വേറെ ജീവിതം വേറെ. വിവാഹത്തിന് ശേഷവും രണ്ടുപേരുടെയും ജോലി രണ്ടായി തന്നെ നില്‍ക്കും.
(കടപ്പാട്-മനോരമ)