ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പുനഃപരിശോധനാ ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.
ശബരിമലയ യുവതീ പ്രവേശനുമായി ബന്ധപ്പെട്ട് റിവ്യൂ ഹര്‍ജികള്‍ കോടതി പരിഗണനയ്‌ക്കെടുമ്പോള്‍ കോടതിയ്ക്കുള്ളില്‍ നടക്കുന്ന നടപടികള്‍ പൂര്‍ണമായും റെക്കോര്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ കൂടിയായ മാത്യു നെടുമ്പാറ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
മാത്യു നെടുമ്പാറയുടെ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് 22 ന് പുനപരിശോധന ഹര്‍ജികള്‍ പരിഗണനയ്ക്ക് വരുമോ എന്ന് താങ്കള്‍ക്ക് ഉറപ്പുണ്ടോ എന്ന് ചോദിക്കുകയായിരുന്നു. അതിന് ശേഷമാണ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധിയിലാണെന്നും അതുകൊണ്ട് തന്നെ 22 ാം തിയതി ഹര്‍ജികള്‍ പരിഗണിക്കുമോ എന്ന് ഉറപ്പില്ലെന്നും ജസ്റ്റിസ് ഗൊഗോയ് പറഞ്ഞത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധി കഴിഞ്ഞ് എത്തിയ ശേഷമായിരിക്കും എന്ന് കേസ് പരിഗണിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിധിക്കെതിരായ പുന:പരിശോധന ഹര്‍ജികള്‍ ജനുവരി 22 ന് തുറന്ന കോടതിയില്‍ പരിഗണിക്കാനായിരുന്നു നേരത്തെ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ തീരുമാനം.