ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ കാണിച്ചുകുളങ്ങരയിലെ വീട്ടിലാണ് കൂടിക്കാഴ്ച നടന്നത്. മന്ത്രിമാരായ ടിഎം തോമസ് ഐസക്, ജി സുധാകരന്‍, പി തിലോത്തമന്‍ , കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു . ലോക്സഭാ തിരെഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയെ കൂടെ നിര്‍ത്തുക എന്ന ലക്‌ഷ്യം മുന്‍നിര്‍ത്തിയാണ് സന്ദര്‍ശനം. കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ പില്‍ഗ്രിം സെന്റര്‍ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി എത്തിയത്. കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് പിണറായി വെള്ളാപ്പള്ളിയുടെ വീട്ടിലെത്തുന്നത്.
മൂന്നരക്കോടി രൂപ ചെലവിലാണ് കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിലും ശബരിമല യുവതീ പ്രവേശനമടക്കമുള്ള വിഷയങ്ങളിലും സര്‍ക്കാരിനൊപ്പം നിന്ന വെള്ളാപ്പള്ളി നടേശനനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമ്മാനമായാണ് പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്റര്‍ വിലയിരുത്തപ്പെടുന്നത്.
ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും സഹായം നല്‍കുന്ന കേന്ദ്ര പദ്ധതിയായ സ്വദേശി ദര്‍ശന്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തെ തഴഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് കണിച്ചുകുളങ്ങരയില്‍ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്.