മുംബൈ: തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിയിലേക്ക് കോണ്‍ഗ്രസ് നേതാക്കളുടെ ഒഴുക്ക്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖെയുടെ മകനുമായ സുജയ് വിഖെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഹമ്മദ് നഗറില്‍ കോണ്‍ഗ്രസ് സീറ്റ് നിരസിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ ബി.ജെ.പിയില്‍ എത്തിയത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിലാണ് സുജയ് ബി.ജെ.പി അംഗത്വം എടുത്തത്. മുന്നണി ധാരണ പ്രകാരം അഹമ്മദ് നഗര്‍ മണ്ഡലം എന്‍.സി.പിയുടെ സീറ്റാണ്. സുജയ് ഈ സീറ്റ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും എന്‍.സി.പി വിട്ടുകൊടുത്തില്ല. അഹമ്മദ് നഗറില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള നീക്കം ഉപേക്ഷിച്ചാണ് സുജയ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
ഗുജറാത്തിലും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. ഈ മാസം തന്നെ കോണ്‍ഗ്രസ് എം.എല്‍.എമാരായ പ്രസോതം സബരിയ, ജവഹര്‍ ചാവ്ദ എന്നിവരാണ് ബി.ജെ.പിയില്‍ എത്തിയത്. ഇതില്‍ ചവ്ദയെ ബി.ജെ.പി മന്ത്രിയാക്കി.
ഇന്നലെ കോണ്‍ഗ്രസിന്റെ ജാംനഗര്‍ എം.എല്‍.എ വല്ലഭ് ധാരാവി രാജിവച്ചു. ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.