വി.കെ. കൃഷ്ണമേനോന്റെ ജന്‍മദിനം വിപുലപരിപാടികളോടെ ലണ്ടനില്‍ ആഘോഷിച്ചു
ലണ്ടനിലെ ആദ്യ ഇന്ത്യന്‍ ഹൈക്കമ്മീഷണറും ഇന്ത്യയുടെ പ്രതിരോധ മന്ത്രിയുമായിരുന്ന വി.കെ. കൃഷ്ണമേനോന്റെ ജന്‍മദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വി.കെ.കൃഷ്മമേനോന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ലണ്ടനിലെ നെഹ്‌റു സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു. വി.കെ.കൃഷ്ണമേനോന്‍ മഹാനായ സ്വതന്ത്ര്യ സമര സേനാനിയും നയതന്ത്രജ്ഞനും മികച്ച നേതാവുമായിരുന്നുവെന്ന് ചടങ്ങില്‍ ആമുഖ പ്രഭാഷണം നടത്തിയ വി.കെ. കൃഷ്ണമേനോന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സിറിയക്ക് മാപ്രയില്‍ പറഞ്ഞു. സിംഹത്തിന്റെ മടയില്‍ ചെന്ന് സിംഹവുമായി ഏറ്റുമുട്ടുന്നതുപോലെ ലണ്ടനില്‍ ജീവിച്ചുകൊണ്ട് ബ്രിട്ടീഷുകാര്‍ക്ക് എതിരേ പോരാടുകയായിരുന്നു കൃഷ്ണമേനോന്‍ എന്ന് അദ്ദേഹം പറഞ്ഞു. ലേബര്‍ പാര്‍ട്ടി അംഗമായിരുന്ന മേനോന്‍ തൊഴിലാളികളായ വെള്ളക്കാരുടെ ഇടയില്‍ അവര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു. അതുകൊണ്ടു തന്നെ ഓരോ തവണയും കൂടിയ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. നിര്‍ഭയത്വമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. കൃഷ്ണമേനോന്റെ സംഭാവന ഇന്ത്യക്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യാലീഗിന്റെ സെക്രട്ടറി, ലണ്ടനിലെ ആദ്യ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് നിസ്തുല സംഭാവനകള്‍ നല്‍കിയിട്ടുള്ള വി.കെ.കൃഷ്ണമേേനാനെ സമുചിതം അനുസ്മരിക്കുന്നത് ഏറ്റവും ഉചിതമായ കാര്യമാണെന്ന് ചടങ്ങില്‍ പ്രസംഗിച്ച ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ചരംജിത് സിങ് പറഞ്ഞു.
കൃഷ്ണമേനോന്‍ ഐക്യ രാഷ്ട്രസഭയില്‍ എട്ടുമണിക്കൂര്‍ പ്രസംഗിച്ച് ഇന്ത്യയുടെ യശസ് ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നുവെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ കോമണ്‍വെല്‍ത്ത് ബിസിനസ് കൗണ്‍സില്‍ മുന്‍ ഡയറക്ടര്‍ ജനറല്‍ മോഹന്‍ കോള്‍ പറഞ്ഞു. ആറുമണിക്കൂര്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യക്കെതിരേ പ്രസംഗിച്ച പാക്കിസ്ഥാന്‍ പ്രതിനിധിയുടെ വാദങ്ങളെല്ലാം തെറ്റാണെന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കുകയായിരുന്നു മേനോന്‍ എന്നും അദ്ദേഹം പറഞ്ഞു.
കൗണ്‍സിലര്‍മ്മാര്‍ക്ക് ശമ്പളം ഇല്ലാതിരുന്ന കാലത്താണ് പതിനാല് വര്‍ഷങ്ങളോളം മേനോന്‍ കൗണ്‍സിലറായി സേവനം ചെയ്തതെന്ന്
മെഡ്‌വേ മുന്‍ മേയര്‍ ദയന്താ ദായി ലിയനേജ് പറഞ്ഞു. കൃഷ്ണമേനോനെ കമ്യൂണിസ്റ്റ് എന്ന് പറഞ്ഞ ബ്രിട്ടീഷ് ചാരസംഘടന എക്കാലവും നിരീക്ഷിച്ചിരുന്നതായി ന്യൂഹാം കൗണ്‍സിലര്‍ സുഗതന്‍ തെക്കേപ്പുരയില്‍ പറഞ്ഞു. കൃഷ്ണമേനോന്‍ മാതൃകാ വ്യക്തിത്വമാണെന്ന് കൗണ്‍സിലര്‍ സുനില്‍ ചോപ്ര പറഞ്ഞു.
നെഹ്‌റു സെന്റര്‍ ജോയിന്റ് ഡയറക്ടര്‍ ബ്രജ് ഗുഹാരെ സ്വാഗതവും കൃഷ്ണമേനോന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ബോര്‍ഡ് അംഗം ടോണി സേ്‌ളറ്റര്‍ നന്ദിയും പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ കൃഷ്ണമേനോന്‍ അവാര്‍ഡിന് സൗത്ത് ആഫ്രിക്കയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ റോബര്‍ട്ട് ഗോവിന്ദറെ തെരഞ്ഞെടുത്തതായി ഡോ. സിറിയക്ക് മാപ്രയില്‍ അറിയിച്ചു. സൗത്ത് ആഫ്രിക്കയിലെ ആദ്യത്തെ ഇന്ത്യന്‍ വംശജനായ എഡിറ്റര്‍ ആയിരുന്നു റോബര്‍ട്ട്. മരണാനന്തരബഹുമതിയായിട്ടാണ് അദ്ദേഹത്തെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.