മുംബൈ: ചാള്‍സ് രാജകുമാരന് പേരക്കുട്ടി പിറന്നപ്പോള്‍ സമ്മാനങ്ങളുമായി മുംബൈയിലെ ഡബ്ബാവാലകളും. 2003 ല്‍ ഇന്ത്യാ സന്ദര്‍ശനം നടത്തിയ ചാള്‍സ് രാജകുമാരന്‍ ഡബ്ബാവാലകളെ സന്ദര്‍ശിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.
2005 ഏപ്രിലില്‍ ചാള്‍സിന്റെ രണ്ടാം വിവാഹത്തില്‍ അതിഥികളായി ഡബ്ബാവാലകളുടെ പ്രതിനിധികളായി അവരില്‍ രണ്ടുപേരെ ഇംഗ്ലണ്ടിലേക്ക് ക്ഷണിച്ചിരുന്നു. വധു, കാമില പാര്‍ക്കറിനു വേണ്ടി ഡബ്ബാവാലകള്‍ പട്ടുസാരി, കോലാപ്പുരി ചെരുപ്പ് തുടങ്ങി ഒട്ടനവധി സമ്മാനങ്ങള്‍ കൊടുത്തുവിട്ടിരുന്നു. പക്ഷേ നിശ്ചിതദിവസം ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പ മരിച്ചതു മൂലം വിവാഹം മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഭാവി രാജകുമാരന് വെള്ളിയില്‍ തീര്‍ത്ത ആഭരണങ്ങള്‍ സമ്മാനമായി നല്‍കാനാണ് ഡബ്ബാവാലകളുടെ തീരുമാനം. കാലിലും അരയിലും കഴുത്തിലും അണിയാനുള്ള ആഭരണങ്ങള്‍. മാലയില്‍ ഹനുമാന്റെ ചെറു ബിംബവുമുണ്ട്. ചാള്‍സിന്റെ പുത്രന്‍ ഹാരി രാജകുമാരനും ഭാര്യ മേഗനും പിറന്ന പുത്രന്‍ അതണിയില്ലെന്ന് ഡബ്ബാവാലകള്‍ക്ക് അറിയാം. എന്നാലും അവരത് സൂക്ഷിക്കും. രണ്ടു വര്‍ഷം മുമ്പ് ഹാരി, മേഗന്‍ വിവാഹ സമയത്തും ഡബ്ബാവാലകള്‍ സമ്മാനം അയച്ച് ചാള്‍സിനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തേയും സമ്മാനം അയക്കല്‍.
ഉച്ചയ്ക്ക് മുമ്പ് വീടുകള്‍ തോറും കയറിയിറങ്ങി വീടുകളില്‍ തയ്യാറാക്കി വച്ചിരിക്കുന്ന ഉച്ചഭക്ഷണം കിറുകൃത്യതയോടെ കിലോമീറ്ററുകള്‍ അകെലെയുള്ള ഉപഭോക്താക്കള്‍ക്ക് എത്തിച്ച് കൊടുക്കുന്ന മുംബൈയിലെ ഡബ്ബാവാലകളുടെ ചെലവ് കുറഞ്ഞ സേവനം ലോക പ്രശസ്തമാണ്. ഉച്ചഭക്ഷണം എത്തിച്ച് നല്‍കുക മാത്രമല്ല ഒഴിഞ്ഞ പാത്രങ്ങള്‍ ശ്രദ്ധാപൂര്‍വം തിരികെ എത്തിക്കുന്നതില്‍ ഇവര്‍ പുലര്‍ത്തുന്ന പ്രൊഫഷണലിസം അമേരിക്കയിലെ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിന്റെ കേസ് സ്റ്റഡിയില്‍ പോലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെലവ് കുറഞ്ഞ വിതരണവും വിതരണത്തിലെ കൃത്യതയും മാത്രമല്ല ഡബ്ബാവാലകളുടെ ആത്മസമര്‍പ്പണവും 2005ല്‍ തന്നെ അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കേസ് സ്റ്റഡിയായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം അറിഞ്ഞാണ് ചാള്‍സും ഇവരുടെ ആരാധകനായത്.