ചെന്നൈ: തന്നെ മര്‍ദ്ദിച്ചതിന് പ്രതികാരം ചെയ്യാന്‍ കാമുകന്‍ ക്വട്ടേഷന്‍ കൊടുത്ത യുവ വനിതാ ടെന്നീസ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തു. പതിനാല് വയസ്സിന് താഴയുള്ള പെണ്‍കുട്ടികളുടെ ദേശീയ ചാമ്പ്യനായിരുന്ന വാസവി ഗണേശനാണ് അറസ്റ്റിലായത്.
അമേരിക്കയില്‍ സൈക്കോളജി വിദ്യാര്‍ഥിയായ ഇരുപതുകാരിയായ വാസവിക്കൊപ്പം, വാസവിയുടെ സുഹൃത്തുക്കളായ നുങ്കമ്പാക്കം സ്വദേശി ഗോകുല്‍, അരുമ്പാക്കം സ്വദേശി അഭിഷേക് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ മെയ് ഒന്‍പതിനാണ് ക്വട്ടേഷന്‍ സംഘം നവിത് അഹമ്മദിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് വേളാച്ചേരി സ്വദേശി എസ്.ഭാസ്‌ക്കര്‍, ശരവണണ്‍, ബാഷ എന്നിവര്‍ നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. ഇവരാണ് തങ്ങള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത് വാസവി ഗണേശനാണെന്ന് പോലീസിന് മൊഴി നല്‍കിയത്.
ഫെയ്സ്ബുക്കിലൂടെയാണ് വാസവി ക്വട്ടേഷന്‍ സംഘാംഗങ്ങളായ ഗോകുലും അഭിഷേകുമായി പരിചയത്തിലാകുന്നത്. ഇവര്‍ വഴിയാണ് നവിത്തിനെ പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും.വാസവി ഇക്കഴിഞ്ഞ മെയ് ആറിന് ചെന്നൈയിലെത്തി നവിത്തിനെ കണ്ട് സംസാരിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും നവിത്ത് ഫോണ്‍ തട്ടിപ്പറിക്കുകയും ഹെല്‍മറ്റ് കൊണ്ട് വാസവിയുടെ തലയില്‍ ഇടിയ്ക്കുകയും ചെയ്തു. ഇതിനുശേഷമാണ് വാസവി ഗോകുലിന്റെയും അഭിഷേകിന്റെയും സഹായം തേടുന്നത്. ഇവരാണ് ഭാസ്‌ക്കറിനും സംഘത്തിനും ക്വട്ടേഷന്‍ നല്‍കിയത്.
മെയ് ഒന്‍പതിന് രാത്രി 11.15 ന് നവിന് ബൈക്കില്‍ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് ക്വട്ടേഷന്‍ സംഘം കത്തി ചൂണ്ടിക്കാട്ടി തടഞ്ഞ് ബൈക്കില്‍ തട്ടിക്കൊണ്ടുപോയത്. പിന്നീട് നവിത്തിനെ മര്‍ദിക്കുകയും കൈയിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും കവരുകയും ചെയ്തു.ഇതിനുശേഷം നവിത്തിന്റെ ഒരു സുഹൃത്തിനെ വിളിച്ച് രണ്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. സുഹൃത്ത് പണം നല്‍കാന്‍ വിസമ്മതിച്ചോടെ അവര്‍ നവിത്തിനെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
പിറ്റേ ദിവസമാണ് നവിത് ആക്രമണം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. ഇതിനുശേഷം സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ബൈക്ക് കണ്ടെത്തുകയും ബൈക്കിന്റെ ഉടമയായ ഭാസ്‌ക്കറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഒരു വനിതാ പോലീസ് ഹെഡ് കോണ്‍സ്റ്റബിളിന്റെ മകനാണ് ഭാസ്‌ക്കര്‍. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ പിടികൂടിയത്.
താന്‍ ക്വട്ടേഷന്‍ സംഘത്തോട് നവിത്തിന്റെ ഫോണ്‍ വാങ്ങിച്ചുതരാന്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്നാണ് വാസവി പോലീസിനോട് പറഞ്ഞത്. എന്നാല്‍, സംഘം നവിത്തിനെ തട്ടിക്കൊണ്ടുപോകുമ്പോള്‍ വാസവി അവരെ പിന്തുടര്‍ന്നിരുന്നുവെന്ന് പോലീസ് കണ്ടെത്തി.