ബിര്‍മിങ്ഹാം: യുകെയിലെ ക്നാനായക്കാരുടെ മഹാ കണ്‍വന്‍ഷന്‍ ഇന്ന്. അയ്യായിരത്തിലധികം ക്‌നാനായക്കാര്‍ ഒത്തുചേരുന്ന സമ്മേളനത്തിനായി ബിര്‍മിങ്ഹാം ബഥേല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ സജ്ജമായി. നോര്‍ത്തേണ്‍ അയര്‍ലന്റ്, സ്‌കോട്ട്‌ലന്റ് വെയില്‍സ്, ഇംഗ്‌ളണ്ട് എന്നിങ്ങനെ യു.കെയിലെമ്പാടുമുള്ള അമ്പതോളം യൂണിറ്റുകളില്‍ നിന്നുള്ള ക്‌നാനായക്കാര്‍ സമ്മേളനത്തിന് എത്തും. ആധ്യാത്മിക, സാംസ്‌കാരിക, കലാപരിപാടികള്‍കൊണ്ട് ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്നതാണ് കണ്‍വന്‍ഷന്‍ . ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി പ്രസിഡന്റ് തോമസ് തൊണ്ണമ്മവുങ്കല്‍, സെക്രട്ടറി സാജുലൂക്കോസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ അറിയിച്ചു.
കേരളത്തില്‍ നിന്ന് കോട്ടയം രൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യൂ മൂലക്കാട്ട്, പപ്പുവ ന്യൂനഗിനിയായിലെ വത്തിക്കാന്‍ പ്രതിനിധിയും ക്‌നാനായ സമുദായ അംഗവുമായ കുര്യന്‍ വയലുങ്കല്‍, കെ.സി.സി. പ്രസിഡന്റും മുന്‍ എം.എല്‍.എ യുമായ സ്റ്റീഫന്‍ ജോര്‍ജ് തുടങ്ങിയ മുഖ്യാതിഥികള്‍ നേരത്തേ തന്നെ യു.കെ.യില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. കണ്‍വന്‍ഷന്‍ കൊഴുപ്പിക്കുന്നതിന് കോട്ടയം നസീറിന്റെ നേതൃത്വത്തിലുള്ള കലാകാരന്‍മ്മാരുടെ സംഘവും കഴിഞ്ഞ ദിവസം എത്തി.
രാവിലെ 9.15 ന് പ്രസിഡന്റ് തോമസ് തൊണ്ണമ്മാവുങ്കല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ പതാക ഉയര്‍ത്തുന്നതോടെ കണ്‍വന്‍ഷന് ഔദ്യോഗികമായി തുടക്കം കുറിക്കും. തുടര്‍ന്ന് കണ്‍വന്‍ഷന്‍ സെന്ററില്‍ മാര്‍ മാത്യൂ മൂലക്കാട്ട്, മാര്‍ കുര്യന്‍ വയലുങ്കല്‍ എന്നിവരുടെയും നിരവധി വൈദികരുടെയും കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന 9.45 ന്. തുടര്‍ന്ന് കുടുംബ സംഗമം. വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്നിട്ടുള്ള ബന്ധുമിത്രാദികള്‍ക്ക് കൂടിച്ചേരുവാനുള്ള സമയം. തുടര്‍ന്ന് ഉച്ചഭക്ഷണത്തിന് ശേഷം ഒന്നരക്ക് മുഖ്യാതിഥികളെ ഭാരവാഹികളും സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് ഘോഷയാത്രയായി വേദിയിലേക്ക് ആനയിക്കും.
തുടര്‍ന്ന് ക്‌നാനായ കണ്‍വന്‍ഷന്റെ മുഖ്യ ആകര്‍ഷണ ഇനമായ വെല്‍ക്കം ഡാന്‍സ്. കലാഭവന്‍ നൈസാണ് നൂറോളം ക്‌നാനായ യുവതീയുവാക്കള്‍ അവതരിപ്പിക്കുന്ന വെല്‍ക്കം ഡാന്‍സ് ഒരുക്കിയിരിക്കുന്നത്. എല്ലവര്‍ഷവും യു.കെ.കെ.സി.എ കണ്‍വന്‍ഷന്റെ വെല്‍ക്കം ഡാന്‍സ് വൈറല്‍ ആണ്. വൈവിധ്യമായ നൃത്ത ഇനങ്ങള്‍ സമന്വയിപ്പിച്ചുള്ള വെല്‍ക്കം ഡാന്‍സ് ചരിത്രവും പാരമ്പര്യവും സംസ്‌കാരവും നിറഞ്ഞൊഴുകുന്ന ഫ്യൂഷന്‍ നൃത്തമാണ്. തുടര്‍ന്ന് പൊതു സമ്മേളനം ആരംഭിക്കുകയായി. തുടര്‍ന്ന് കലാസദ്യ എന്ന പേരില്‍ കള്‍ച്ചറല്‍ കമ്മിറ്റി അവതരിപ്പിക്കുന്ന കലാവിരുന്ന്. ക്‌നാനായ ദേശീയ കലാമേളകളില്‍ ഒന്നാം സമ്മാനാര്‍ഹരായവരായിരിക്കും വേദിയിലെത്തുന്നത്. തുടര്‍ന്ന് കോട്ടയം നസീറും സംഘവും അവതരിപ്പിക്കുന്ന മൂന്നു മണിക്കൂറോളം നീളുന്ന മെഗാഷോ. യു.കെ.കെ.സി.വൈല്‍ അംഗങ്ങളും മെഗാഷോയില്‍ പങ്കെടുക്കും. കോട്ടയം നസീറിന് പുറമേ, നോബി, രജ്ഞിനി ജോസ്, അനൂപ് പാലാ എന്നിവരുടെ നേതൃത്വത്തിലാണ് മെഗാഷോ.
കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, പുറേ വിവിധ കമ്മിറ്റികള്‍ക്ക് സാജു ലൂക്കോസ്-പൊതു സമ്മേളനം, രജിസ്‌ട്രേഷന്‍ -വിജി ജോസഫ്, വെല്‍ക്കം ഡാന്‍ഡ്-വിപിന്‍ പണ്ടാരശേരി, കള്‍ച്ചറല്‍ കമ്മിറ്റി- സണ്ണി ജോസഫ്, ലിറ്റര്‍ജി കമ്മിറ്റി-ജെറി ജെയിംസ്, ടൈം മാനേജ്‌മെന്റ് ബിജു മടുക്കക്കുഴി, റിസപ്ഷന്‍) ജോസി നെടുന്തുരുത്തി എന്നിവര്‍ നേതൃത്വം നല്‍കും.
പതിനെട്ടാം തവണയാണ് യു.കെ.കെ.സി.എ എന്ന സംഘടനക്ക് കീഴില്‍ കേരളത്തില്‍ നിന്ന് യു.കെ.യുടെ മണ്ണിലേക്ക് കുടിയേറിയ ക്‌നാനായക്കാര്‍ ഒത്തുചേരുന്നത്.