ക്ഷേത്രങ്ങളില്‍ കുഞ്ഞുങ്ങളുടെ ചോറൂണ് നടത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നടന്നത് അപൂര്‍വമായ ചോറൂണ് ആണ്. എണ്‍പത്തിമൂന്ന് വയസ്സുള്ള ചേര്‍ത്തല വാരനാട് ശബരീപാടത്ത് രവീന്ദ്രന്‍നായര്‍ക്കാണ് കൊടിമരച്ചുവട്ടില്‍ ചോറൂണ് വഴിപാട് നടന്നത്. മുത്തശ്ശന്റെ ചോറൂണ് മക്കളും മരുമക്കളും ചേര്‍ന്ന് ആഘോഷമാക്കുകയായിരുന്നു.
83 വര്‍ഷം മുന്‍പ് മകനെ പാര്‍ത്ഥസാരഥി ക്ഷേത്ര നടയില്‍ കൊണ്ടുവന്ന് ചോറൂണ് നടത്തിക്കാമെന്ന് രവീന്ദ്രനാഥിന്റെ അച്ഛന്‍ നേര്‍ന്നിരുന്നു. എന്നാല്‍ അന്ന് അത് സാധിച്ചിരുന്നില്ല. ഇക്കാര്യം കുറച്ചുനാളുകള്‍ക്ക് മുന്‍പ് മക്കളോടും ചെറുമക്കളോടും രവീന്ദ്രന്‍ നായര്‍ പങ്കുവെച്ചു.
ഇതിനെ തുടര്‍ന്നാണ് ഈ വഴിപാട് കൊച്ചുമക്കള്‍ ഏറ്റെടുത്തത്. തിങ്കളാഴ്ച്ച രാവിലെയായിരുന്നു ചടങ്ങുകള്‍ അനുസരിച്ച് ചോറൂണ് നടന്നത്. ചോറൂണിന് കര്‍ക്കടക മാസത്തിന് മുന്‍പുള്ള നല്ല മൂഹുര്‍ത്തമായിരുന്നു തിങ്കളാഴ്ച. ഇതറിഞ്ഞതോടെ മക്കളും മരുമക്കളും പേരക്കുട്ടികളുമായി എത്തി വഴിപാട് നടത്തി. മക്കളായ ഹരീഷ്, രേണുകാ ദേവി എന്നിവര്‍ ചോറും പായസവും നല്‍കി. ബന്ധുക്കള്‍ക്കളും ക്ഷേത്ര ഭാരവാഹികളും അപൂര്‍വ ചോറൂണിന് സാക്ഷ്യം വഹിച്ചു.