വാല്‍സിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യു കെ യിലെ 'നസ്രത്തിലെക്കുള്ള' മൂന്നാമത് തീര്‍ത്ഥാടനത്തിനായി മലയാളീ മാതൃ ഭക്തരുടെ പ്രവാഹം. യു കെ യിലെ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വാല്‍സിങ്ങാം തീര്‍ത്ഥാടനത്തില്‍ മുഖ്യ സംഘാടകനായും, കാര്‍മ്മികനായും പങ്കുചേരുമ്പോള്‍ തീര്‍ത്ഥാടകരില്‍ ആത്മീയോര്‍ജ്ജം പകരും. തോരാതെ പെയ്ത മഴ തീര്‍ത്ഥാടനത്തിനു തൊട്ടു മുമ്പ് മാറിനിന്നതും വിശ്വാസികളെ ആവേശത്തിലാഴ്ത്തി.
മാതൃ ഭക്ത പങ്കാളിത്തം കൊണ്ടും,സംഘാടക മികവു കൊണ്ടും, ആത്മീയ ഉത്സവ പകിട്ടുകൊണ്ടും, അജപാലന ശ്രേഷ്ട നേതൃത്വം കൊണ്ടും പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രത്തില്‍ ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ വിശ്വാസി കൂട്ടായ്മ്മയായ കോള്‍ചെസ്റ്റര്‍ കൂട്ടായ്മ്മ ഏറ്റെടുത്ത് നടത്തുന്ന വാല്‍ത്സിങ്ങാം മഹാ തീര്‍ത്ഥാടനം ഭക്തജന ബാഹുല്യം കൊണ്ട് ചരിത്രം കുറിക്കും.
രാവിലെ ഒന്‍പതു മണി മുതല്‍ ആരംഭിച്ച തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനാകുന്നു . രൂപതയില്‍ ശുശ്രുഷ ചെയ്യുന്ന വികാരി ജനറാള്‍മാര്‍, മറ്റു വൈദികര്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരാണ്.
പതിനൊന്നു വരെ നടക്കുന്ന ആരാധനാസ്തുതിഗീതശുശ്രുഷയ്ക്ക് ഫാ. ജോസ് അന്ത്യാംകുളം എംസിബിഎസ്, ഫാ. ടോമി എടാട്ട് എന്നിവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് കുട്ടികളുടെ അടിമവയ്ക്കല്‍ ശുശ്രുഷ നടക്കും. 11 മണിക്ക് ഫാ. തോമസ് അരത്തില്‍ MST മരിയന്‍ പ്രഭാഷണം നടത്തും. ഉച്ചഭക്ഷണത്തിനുശേഷം 12.45 ന് പ്രസിദ്ധമായ മരിയന്‍ പ്രദക്ഷിണം ആരംഭിക്കും. പ്രദക്ഷിണത്തില്‍ ഭക്തിസാന്ദ്രമായി അര്‍പ്പിക്കപ്പെടുന്ന ജപമാലപ്രാര്‍ത്ഥനയില്‍ വിശ്വാസികള്‍ പങ്കുചേരും. തുടര്‍ന്ന് നടക്കുന്ന തിരുനാള്‍ പൊന്തിഫിക്കല്‍ കുര്‍ബാനയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു വചന സന്ദേശം നല്‍കും.
വി. കുര്‍ബാനയുടെ സമാപനത്തില്‍ അടുത്ത വര്‍ഷത്തെ തിരുനാള്‍ ഏറ്റു നടത്തുന്ന ഹേവര്‍ഹില്‍ കമ്മ്യൂണിറ്റിയെയും പ്രീസ്‌റ് ഇന്‍ ചാര്‍ജ് ഫാ. തോമസ് പാറക്കണ്ടത്തിലിനെയും തിരുനാള്‍ ഏല്‍പ്പിക്കുന്ന പ്രാര്‍ത്ഥനാശുശ്രുഷകള്‍ നടക്കും. തുടര്‍ന്ന് നടക്കുന്ന സമാപന പ്രാര്ഥനകളോടും ആശീര്‍വാദത്തോടുംകൂടി ഈ വര്‍ഷത്തെ തിരുനാളിനു സമാപനമാകും.
തിരുനാള്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി, ഈ വര്‍ഷം തിരുനാള്‍ ഏറ്റു നടത്തുന്ന കോള്‍ചെസ്റ്റര്‍ കമ്മ്യൂണിറ്റിയുടെ ഡയറക്ടര്‍ ഫാ. തോമസ് പാറക്കണ്ടത്തില്‍, തിരുനാള്‍ പ്രസുദേന്തിമാര്‍ എന്നിവര്‍ അറിയിച്ചു. വിപുലമായ ഭക്ഷണസൗകര്യവും പാര്‍ക്കിങ് സൗകര്യവും പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപത ഗായകസംഘം ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലായുടെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനങ്ങള്‍ ആലപിക്കും.