കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും എം എല്‍ എമാരും ആഡംബര ഭ്രമം കാണിയ്ക്കുന്നു, ജനങ്ങളില്‍ നിന്നകലുന്നു എന്നൊക്കെയുള്ള പരാതികള്‍ നാലുപാടും ഉയരുന്ന കാലമാണിത്. ആഡംബര കാറില്‍ അനുയായികള്‍ക്കൊപ്പം പളപളാന്നു തിളങ്ങുന്ന ഷര്‍ട്ടുമിട്ടു എവിടെയും കാണാത്ത തിരക്കുമായി കൃത്രിമ ചിരിയുമായി എത്തുന്ന ജനപ്രതിനിധികളെ കണ്ടു മലയാളിക്കു ശീലമായിരിക്കുന്നു. അവിടെയാണ് കല്‍പറ്റ എം എല്‍ എ സി കെ ശശീന്ദ്രന്‍ വ്യത്യസ്തനാവുന്നത്. ജനം സ്വപ്‍നം കണ്ട ഒരു കമ്യൂണിസ്റ്റ് എം എല്‍ എ. പൊതുമുതല്‍ വിഴുങ്ങാതെ ജോലിചെയ്ത് കുടുംബം നോക്കുന്നയാള്‍ . എന്നും ജനത്തിനും അവരുടെ പ്രശ്നങ്ങള്‍ക്കും നടുവില്‍ നില്‍ക്കുന്നയാള്‍ . സാധാരണക്കാരിലെ അസാധാരണക്കാരന്‍ , മുതലാളിത്തത്തെ മുഖം നോക്കാതെ എതിര്‍ക്കുന്ന ധീരന്‍ ,പണത്തിനും ഭീഷണിയ്ക്കും സ്വാധീനത്തിനും വഴങ്ങാത്ത നാട്ടുകാരുടെ പ്രിയപ്പെട്ട ശശിയേട്ടന്‍ .
ശശീന്ദ്രന്റെ ലളിത ജീവിതം എന്നും കാണുന്നവര്‍ക്കു കൗതുകമാണ് . ഇന്നത്തെക്കാലത്തു ഇങ്ങനെയും ഒരാളോ എന്ന അത്ഭുതമാണ് എല്ലാവര്‍ക്കും. ജോലി കഴിഞ്ഞ് അരിയും വാങ്ങി നഗ്ന പാദനായി വീട്ടിലേക്ക് നടന്നുവരുന്ന ശശീന്ദ്രന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. മാധ്യമപ്രവര്‍ത്തകന്‍ ഷെഫീക് താമരശ്ശേരി പകര്‍ത്തിയതാണ് ഈ ചിത്രം.
നഗ്‌നപാദനായി നിലത്ത് കാലുറപ്പിച്ചു നടക്കുന്ന, പശുവിനെ കറന്ന് പാല്‍ അളന്ന് ജീവിക്കുന്ന, ഓട്ടോയിലും ബസിലും യാത്ര ചെയ്യുന്ന സാധാരണക്കാരനായ ശശീന്ദ്രന്റെ പൊതു ജീവിതവും തുറന്ന പുസ്തകമാണ്. കല്‍പറ്റക്കാരുടെ ശശിയേട്ടന്‍ എം എല്‍എ ആയശേഷം സത്യപ്രതിജ്ഞ ചെയ്യുവാനായി വയനാട്ടില്‍ നിന്നും കെഎസ്ആര്‍ടിസി ബസ്സില്‍ കയറി തിരുവനന്തപുരത്ത് എത്തിയത് അന്ന് മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തുടര്‍ന്നും ശശീന്ദ്രന്റെ ലളിത ജീവിതം പല തവണ വാര്‍ത്തയായി.
സിറ്റിങ് എം എല്‍എയായിരുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി കരുത്തനായ ശ്രേയാംസ്‌കുമാറിനെ 13,083 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശശീന്ദ്രന്‍ എംഎല്‍എ പദവിയിലേക്കെത്തിയത്. തെരഞ്ഞെടുപ്പ് സമയത്ത് സോഷ്യല്‍ മീഡിയ വളരെ ശക്തമായി ശശീന്ദ്രനുവേണ്ടി രംഗത്തെത്തിയിരുന്നു. മണ്ഡലത്തിനു പുറത്തുള്ളവര്‍പോലും ശശീന്ദ്രനുവേണ്ടി സോഷ്യല്‍ മീഡിയകളില്‍ സജീവമായി രംഗത്തെത്തി. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമെന്ന നിലയില്‍ ശശീന്ദ്രനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. പാവങ്ങളുടെ സര്‍ക്കാര്‍ എന്ന് എന്ന് വമ്പു പറയുന്ന ഇടതു മന്ത്രിസഭയില്‍ ശശീന്ദ്രനെ ഉള്‍പ്പെടുത്തുമെന്ന് കരുതിയവര്‍ നിരവധി. എന്നാല്‍ മന്ത്രി പദവിയില്‍ ഇത്ര ലാളിത്യവും മനുഷ്യത്വവും വേണ്ട എന്നത് കൊണ്ടാവും അദ്ദേഹത്തെ പരിഗണിച്ചില്ല. എങ്കിലും പാര്‍ട്ടി നേതാക്കളുടെ വലതുപക്ഷ വ്യതിയാനവും വിവാദവും ചര്‍ച്ചയാവുമ്പോള്‍ സഖാക്കള്‍ അവയെ നേരിടുന്നത് ശശീന്ദ്രനെപ്പോലുള്ളവരെ കാണിച്ചാണ്.