Don't Miss

7000 കോടിയുടെ കടം; തോറ്റുപോയ ഇന്ത്യയുടെ 'കോഫി കിംഗ്'


ന്യൂഡല്‍ഹി: വിജയ്മല്യയെയോ നീരവ് മോദിയെയോ പോലെ രാജ്യം വിട്ടില്ല. സാമ്പത്തീക പ്രതിസന്ധിയും ബിസിനസ് തകര്‍ച്ചയും മൂലം ഇന്ത്യയുടെ 'കോഫി കിംഗും കര്‍ണാടക മുന്‍ മുഖ്യ മന്ത്രിയുമായ എസ്എം കൃഷ്ണയുടെ മരുമകനുമായ വി ജി സിദ്ധാര്‍ത്ഥ സ്വയം ജീവനൊടുക്കിയതായാണ് ആശങ്ക.


കേരളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെ തിങ്കളാഴ്ച രാത്രി മുതല്‍ കാണാതായ കഫേ കോഫി ഡേ സ്ഥാപകനായ സിദ്ധാര്‍ത്ഥയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നതിനിടയില്‍ കാണാതാകും മുമ്പ് സ്വന്തം ജീവനക്കാര്‍ക്ക് അദ്ദേഹം അയച്ച കത്ത് പുറത്ത് വന്നതാണ് ആശങ്കയ്ക്ക് കാരണം.

സിദ്ധാര്‍ത്ഥയ്ക്ക് 7000 കോടിയുടെ കടബാദ്ധ്യതയുണ്ടെന്ന് പോലീസ് പറയുന്നു. കത്തില്‍ സാമ്പത്തീക ബാദ്ധ്യതയെക്കുറിച്ച് സിദ്ധാര്‍ത്ഥ കൃത്യമായി സൂചന നല്‍കിയിട്ടുണ്ട്. തന്നില്‍ വിശ്വസിച്ച എല്ലാവരോടും ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്. താനൊരു പരാജിതനായ വ്യവസായിയാണ്. ദീര്‍ഘകാലമായി പിടിച്ചു നില്‍ക്കാന്‍ പാടുപെടുകയാണ്. ഷെയറുകള്‍ തിരിച്ചു വാങ്ങാനുള്ള പങ്കാളിയുടെ സമ്മര്‍ദ്ദം അധികകാലം പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ലെന്നും പറഞ്ഞിട്ടുണ്ട്. ഏറെ കഷ്ടപ്പെട്ടിട്ടും ബിസിനസ് ലാഭകരമാക്കി മാറ്റാന്‍ കഴിഞ്ഞില്ലെന്നും ആരേയും വഞ്ചിക്കാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും കടം വാങ്ങിയവരില്‍ നിന്നുള്ള സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ലെന്നും പറഞ്ഞിട്ടുണ്ട്.

ആദായ നികുതി വകുപ്പില്‍ നിന്നും നേരിട്ട അപമാനത്തെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ എല്ലാ പണമിടപാടുകളുടെയും ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. കത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ആത്മഹത്യയാണെന്ന സാധ്യതയിലാണ് പോലീസ് എത്തിയിരിക്കുന്നത്. കര്‍ണാടക ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നേത്രാവദി നദിയില്‍ തെരച്ചില്‍ തുടരുകയാണ്.

ബിസിനസ് ട്രിപ്പ് എന്ന പേരില്‍ ചിക്കമംഗളൂരുവിലേക്കു പോയ സിദ്ധാര്‍ത്ഥ തിരികെ വരുന്നതിനിടെ മംഗലാപുരത്ത് അടുത്ത് ഉള്ളാള്‍ പാലത്തില്‍ വച്ച് ഇന്നോവ കാറില്‍ നിന്നും ഇറങ്ങിപോകുകയായിരുന്നു. മംഗളൂരുവിന് സമീപമുള്ള ദേശീയ പാതയിലെ ജെപ്പിന മൊഗരുവില്‍ ഇയാള്‍ ഡ്രൈവറോട് വാഹനം നിറുത്താന്‍ ആവശ്യപ്പെടുകയും ഇറങ്ങി പോകുകയുമായിരുന്നു. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചു വന്നില്ലെന്നും തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ലെന്നും ഡ്രൈവര്‍ പറഞ്ഞു. ഇദ്ദേഹം പാലത്തില്‍ നിന്നും നദിയിലേക്ക് ചാടിയിരിക്കാം എന്നാണ് പോലീസ് കരുതുന്നത്. കാണാതായ പാലത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ മാത്രമാണ് നദിയും കടലും തമ്മില്‍ ചേരുന്നത്.

തുടര്‍ന്ന് ഡ്രൈവര്‍ കുടുംബാംഗങ്ങളെ വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ കാപ്പിക്കുരു കയറ്റുമതി ചെയ്യുന്ന വ്യവസായിയായ സിദ്ധാര്‍ത്ഥയുടെ ഓഫീസില്‍ 2017 സെപ്റ്റംബറില്‍ പരിശോധന നടത്തിയിരുന്നു. 130ഓളം വര്‍ഷമായി കാപ്പി കയറ്റുമതി ചെയ്യുന്നു കുടുംബപാരമ്പര്യത്തില്‍ നിന്നാണ് സിദ്ധാര്‍ത്ഥ കഫേ കോഫി ഡേ തുടങ്ങിയത്. 1996ല്‍ കഫേ കോഫി ഡേ തുടങ്ങി. ഇന്ന് 209 നഗരങ്ങളിലായി 1423 കഫേകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ ശൃംഖലയിലൊന്നായി അത് മാറിയിരിക്കുകയാണ്. എന്നാല്‍ കാണാതാവുന്നതിന് തൊട്ടുമുമ്പ് എഴുതിയ കത്തില്‍ അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരിക്കുന്നത് താനൊരു പരാജയപ്പെട്ട സംരംഭകനാണെന്നാണ്. പരാജയപ്പെടുത്തിയത് ആദായനികുതി വകുപ്പില്‍ നിന്നുള്ള സമ്മര്‍ദ്ദമാണെന്നുമാണ്.

1983-84 കാലഘട്ടത്തില്‍ 24ാം വയസിലാണ് സിദ്ധാര്‍ത്ഥയുടെ കരിയര്‍ ആരംഭിക്കുന്നത്. മുംബൈയിലെ ജെ.എം ഫിനാന്‍ഷ്യല്‍ ലിമിറ്റഡില്‍ അദ്ദേഹം മാനേജ്‌മെന്റ് ട്രെയിനിയായി പ്രവേശിച്ചു. രണ്ടുവര്‍ഷത്തെ ജോലിക്കുശേഷം അദ്ദേഹം ബെംഗളുരുവിലേക്ക് തിരിച്ചുവരികയും സ്വന്തമായി ബിസിനസ് തുടങ്ങുകയും ചെയ്തു.
കോഫി ബിസിനസുമായി അദ്ദേഹത്തിന് കുട്ടിക്കാലം മുതല്‍ തന്നെ ബന്ധമുണ്ടായിരുന്നു. സിദ്ധാര്‍ത്ഥയുടെ അച്ഛന്‍ കോഫി പ്ലാന്റേഷന്‍ ഉടമയായിരുന്നു. 1993ലാണ് അദ്ദേഹം അമല്‍ഗമേറ്റ് ബീന്‍ കമ്പനി (എ.ബി.സി) എന്ന പേരില്‍ ഒരു കോഫി വില്‍പ്പന കമ്പനി തുടങ്ങിയത്. ചിക്കമംഗലൂരില്‍ അറിയപ്പെടുന്ന കോഫി കമ്പനിയായി ഇത് വളര്‍ന്നു. 28000 ടണ്ണിന്റെ കയറ്റുമതിയും 2000 ടണ്ണിന്റെ പ്രാദേശിക വില്പനയുമായി വര്‍ഷം 350 മില്യണിന്റെ കച്ചവടം നടക്കുന്ന സ്ഥാപനമായി അത് മാറി. ഏറ്റവും അധികം ഗ്രീന്‍ കോഫി കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് എ.ബി.സി.

ശിവന്‍ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലൂടെ അദ്ദേഹം നിക്ഷേപ രംഗത്തും കടന്നുകയറി. ഈ കമ്പനിക്ക് മൂന്ന് ഉപ കമ്പനികളുണ്ട്. ചേതന്‍ വുഡ് പ്രോസസിങ് ലിമിറ്റഡ്, ഹോസ്പിറ്റാലിറ്റി ബിസിനസ് ബെയര്‍ഫൂട്ട് റിസോര്‍ട്ട്, ഡാര്‍ക്ക് ഫോറസ്റ്റ് ഫര്‍ണിച്ചല്‍ കമ്പനി .

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായാണ് സിദ്ധാര്‍ത്ഥ കടക്കെണിയിലായത്. സെപ്റ്റംബര്‍ 21ന് ഐ.ടി ഡിപ്പാര്‍ട്ട്‌മെന്റ് മുംബൈയിലും ചെന്നൈയിലും ബെംഗളുരുവിലും ചിക്കമംഗളുരുവിലുമുള്ള അദ്ദേഹത്തിന്റെ വീട്ടിലും ഓഫീസുകളിലും മറ്റ് 20 ഇടങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. പിന്നീട് ഐ.ടി സ്ഥാപനത്തിലുള്ള ഓഹരി വിറ്റതിലൂടെയും സിദ്ധാര്‍ത്ഥ് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  • യുകെ സര്‍ക്കാരിന്റെ 2കോടിയുടെ സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കി കണ്ണൂരുകാരി മഞ്ജിമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions