കുടിയേറ്റക്കാരായ റൂംമേറ്റുകള്‍ തമ്മിലുള്ള കലഹം കൊലപാതകത്തില്‍ കലാശിച്ചു. പട്ടാപ്പകല്‍ നടുറോഡില്‍ കുടിയേറ്റക്കാരനെ കാറിന്റെ റൂഫിലൂടെ സാമുറായ് വാള്‍ കുത്തിയിറക്കി കൊലപ്പെടുത്തി. ജര്‍മ്മന്‍ നഗരത്തിലെ തെരുവില്‍ പട്ടാപ്പകലാണ് കൊല അരങ്ങേറിയത്. ഒരു ഖസാക്കിസ്ഥാന്‍കാരനാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ മുന്‍ റൂംമേറ്റായ സിറിയന്‍ കുടിയേറ്റക്കാരനാണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് മറ്റ് വഴിയാത്രക്കാരെ ഞെട്ടിച്ച് കൊണ്ട് 36-കാരന്‍ തുടര്‍ച്ചയായി കുത്തേറ്റ് മരിച്ചത്. കൊല്ലപ്പെട്ട വ്യക്തിയുമായി അടുത്ത കാലം വരെ മുറിപങ്കിട്ട 28-കാരനാണ് കൊലക്കത്തിയുമായി തെരുവില്‍ ഇറങ്ങിയതെന്ന് പോലീസും, പ്രോസിക്യൂട്ടര്‍മാരും വ്യക്തമാക്കി. സാമുറായി വാള്‍ പോലുള്ള ആയുധമാണ് അക്രമത്തിന് ഉപയോഗിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ നിലവിളിച്ച് കൊണ്ട് സഹായിക്കാന്‍ ഓടിയെത്തിയെങ്കിലും ഫലമുണ്ടായില്ല . അക്രമിയുടെ കുത്തേറ്റ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചുവീണു. അക്രമം നടത്തിയ ശേഷം ഒരു സൈക്കിളില്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ ഹെലികോപ്ടര്‍ ഉള്‍പ്പെടെ ഉപയോഗിച്ചു നടത്തിയ തിരച്ചിലില്‍ വൈകുന്നേരത്തോടെ പിടികൂടി . സംഭവസ്ഥലത്തെ ചെടികള്‍ക്കിടയില്‍ ഉപേക്ഷിച്ച വാള്‍ പോലീസ് കണ്ടെടുത്തു.
എന്താണ് അക്രമത്തിന് ഇടയാക്കിയ കാരണമെന്ന് വ്യക്തമല്ല. വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ശേഷമായിരുന്നു കൊലപാതകം.