അമേരിക്കയെ വിറങ്ങലിപ്പിച്ച് വീണ്ടും കൂട്ടകുരുതി. ടെക്സസിലെ എല്‍പാസോയിലുള്ള സീലോ വിസ്റ്റ മാളിലുള്ള വാള്‍മാര്‍ട്ട് സ്റ്റോറില്‍ 20 പേരുടെ ജീവന്‍ പൊലിഞ്ഞ് മണിക്കൂറുകള്‍ക്കകം, ഒഹായോയിലെ ഡേടണില്‍ ഒമ്പതു പേര്‍ വെടിയേറ്റ് മരിച്ചു. 27 പേര്‍ക്ക് പരുക്കേറ്റു. 24-കാരനായ കോണര്‍ ബെറ്റ്‌സാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു. ഡെയ്റ്റണിലെ നെഡ് പെപ്പേഴ്‌സ് ബാറിന് പുറത്ത് നിന്ന ആളുകള്‍ക്ക് നേര്‍ക്കാണ് ഇയാള്‍ വെടിവച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 1 മണിക്ക് ശേഷമായിരുന്നു അമേരിക്കയെ ഞെട്ടിച്ച സംഭവങ്ങള്‍. സ്ഥലത്തുണ്ടായിരുന്നു പോലീസുകാര്‍ ഒരു മിനിറ്റിനുള്ളില്‍ അക്രമിയെ വെടിവെച്ച് വീഴ്ത്തി.
എന്തിന് വേണ്ടിയാണ് ഇയാള്‍ അക്രമം നടത്തിയതെന്ന് തെളിയിക്കാന്‍ ബെറ്റ്‌സിന്റെ വീട്ടില്‍ തിരച്ചില്‍ നടക്കിയെങ്കിലും വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. ഇതിനിടെ അക്രമിയുടെ സഹോദരി മെഗാനും, ഇവരുടെ കാമുകനും ഒരു കാറില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇയാള്‍ തന്നെയാണ് 22-കാരിയായ സഹോദരി മെഗാനെയും, അവരുടെ കാമുകനെയും കൊന്നതെന്ന് പോലീസ് പറഞ്ഞു. കൂട്ടക്കൊലയ്ക്ക് മുന്‍പ് കോണര്‍ ബെറ്റ്‌സ് ഓടിച്ച വാഹനത്തിലാണ് സഹോദരിയും, കാമുകനും സ്ഥലത്ത് എത്തുന്നത്. പിന്നീട് എന്ത് കാരണത്താലാണ് ഇവര്‍ക്ക് നേര്‍ക്ക് വെടിവെപ്പ് നടന്നതെന്ന് വ്യക്തമല്ല.
അക്രമത്തില്‍ നിരവധി ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ കൊല്ലപ്പെട്ടെങ്കിലും വംശീയതയോ, രാഷ്ട്രീയമോ ആയ കാരണങ്ങളാണ് ഇതിന് പിന്നിലെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
സായുധ വസ്ത്രങ്ങള്‍ ധരിച്ചാണ് ബെറ്റ്‌സ് സംഭവസ്ഥലത്ത് എത്തുന്നത്. അക്രമം ആരംഭിക്കുമ്പോള്‍ തന്നെ ഓഫീസര്‍മാര്‍ക്ക് സ്ഥലത്തെത്താന്‍ കഴിഞ്ഞതാണ് മരണസംഖ്യ കുറയ്ക്കാന്‍ കാരണമായത്. ഇതിന് സാധിച്ചില്ലായിരുന്നെങ്കില്‍ ഒറിഗാവോണ്‍ ജില്ലയില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെടുമായിരുന്നുവെന്ന് ഡെയ്റ്റണ്‍ മേയര്‍ നാന്‍ വാലി പത്രസമ്മേളനത്തില്‍ പറഞ്ഞു.