ന്യൂഡല്‍ഹി: പാക് അധീന കശ്മീരിനായി മരിക്കാനും തയ്യാറാണെന്ന് ലോകസഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീര്‍ വിഷയത്തിലെ ചര്‍ച്ചയ്ക്കിടെ ലോക്‌സഭയില്‍ ഉയര്‍ന്ന പ്രതിപക്ഷ പ്രതിഷേധത്തെ ഖണ്ഡിച്ചു കൊണ്ടായിരുന്നു അമിത്ഷായുടെ മറുപടി.
രാജ്യത്തിനായി നിയമങ്ങള്‍ നിര്‍മിക്കാനുള്ള എല്ലാ അധികാരവും പാര്‍ലമെന്റിനുണ്ട്. ഇന്ത്യന്‍ ഭരണഘടനയും ജമ്മുകശ്മീര്‍ ഭരണഘടനയും അതിനുള്ള അനുമതി നല്‍കുന്നുണ്ട്' എന്നായിരുന്നു ലോക്‌സഭയില്‍ കശ്മീര്‍ വിഷയം ചര്‍ച്ചക്കെടുത്തിട്ടപ്പോള്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്ന് ഷാ സംസാരിച്ചത്.
കശ്മീര്‍ എന്നത് ഒഴിച്ചു കൂടാനാവാത്ത വിഷയമാണോ അതോ ഉഭയകക്ഷി വിഷയാണോ എന്ന് അധീര്‍ രഞ്ജന്‍ ചൗധരിയുടെ ചോദ്യത്തിനും അമിത് ഷാ വ്യക്തമായ മറുപടി പറഞ്ഞു.
കശ്മീര്‍ എന്നത് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. ഞാന്‍ വ്യക്തമായി പറയാനാഗ്രഹിക്കുകയാണ് പാക് അധീന കശ്മീരും അക്‌സായ് ചിന്നും ഉള്‍പ്പെടുന്നതാണ് ജമ്മുകശ്മീര്‍. അതില്‍ ഒരു സംശയത്തിന്റെയും ആവശ്യമില്ല. മുഴുവന്‍ ജമ്മുകശ്മീരും ഐക്യ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്', അമിത് ഷാ പറഞ്ഞു.
കശ്മീര്‍ അതിര്‍ത്തിയില്‍ പാക് അധീന കശ്മീരും വരുന്നുണ്ട്. പാക് അധീന കശ്മീരിനായി മരിക്കാനും ഞങ്ങള്‍ തയ്യാറാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.