ന്യുഡല്‍ഹി: ഡല്‍ഹി- റാഞ്ചി രാജധാനി എക്‌സ്പ്രസ് ട്രെയിനില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം. ട്രെയിനിലെ ടിക്കറ്റ് പരിശോധകനും പാന്‍ട്രിയിലെ ഒരു ജീവനക്കാരനും ചേര്‍ന്നാണ് ഇവരെ ഉപദ്രവിച്ചത്. ഐസ്‌ക്രീമില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി മയക്കിയ ശേഷമായിരുന്നു പീഡനം. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.
വിദ്യാര്‍ത്ഥിനി കൂടിയാണ് പീഡനത്തിന് ഇരയായ യുവതി.
റെയില്‍വേ ജീവനക്കാരില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് ചൊവ്വാഴ്ച രാത്രി അവര്‍ ട്വീറ്റ് ചെയ്തിരുന്നു. ജീവനക്കാര്‍ക്കു നേരെ റെയില്‍വേ നടപടി എടുക്കുമോ അതോ എഫ്.ഐ.ആര്‍ പോലുമില്ലാതെ അയാളെ സ്വതന്ത്രനായി വിടുമോ മറ്റൊരു യാത്രക്കാരിയെ ഉപദ്രവിക്കാന്‍ എന്നായിരുന്നു യുവതിയുടെ ട്വീറ്റ്.
നിയമത്തിന്റെ ഏറ്റുമുട്ടലിലേക്ക് പോയാല്‍ തനിക്ക് സാധാരണ ജീവിതം സാധ്യമാകുമോ എന്ന ഭയവും യുവതി ട്വീറ്റില്‍ പങ്കുവയ്ക്കുന്നുണ്ട്. റെയിവേ മന്ത്രിക്കും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ടാഗ് ചെയ്തുകൊണ്ടാണ് അവര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.
ട്രെയിനില്‍ യാത്രക്കാരുടെ സംരക്ഷകരാവേണ്ടവര്‍ തന്നെ പീഡനത്തിന് മുതിര്‍ന്നു എന്നതാണ് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്.