സി.ലൂസി കളപ്പുര ആത്മകഥ വരുന്നു; സഭയില്‍ കൊടുങ്കാറ്റാകുമെന്ന് പ്രസാധകര്‍
കൊച്ചി: സഭയിൽ നിന്ന് പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസി കളപ്പുര ആത്മകഥ എഴുതുന്നു. സഭയ്ക്കുള്ളില്‍ നിന്നും മഠത്തിനുള്ളില്‍ നിന്നും തുടര്‍ച്ചയായ നീതി നിഷേധിക്കുന്ന സാഹചര്യത്തിലാണ് പുസ്തക രചനയിലുടെ സഭയിലെ ഉള്ളിലുള്ള കഥകള്‍ പുറത്തുവിടാന്‍ സി.ലൂസി തീരുമാനിച്ചത്. പുസ്തകത്തിന്റെ കയ്യെഴുത്തു പ്രതി പൂര്‍ത്തിയായെന്നും പ്രസാധകര്‍ക്ക് കൈമാറിയതായും സി.ലൂസി പ്രതികരിച്ചു. സഭയിലെ തെറ്റായ പ്രവണതകള്‍ തുറന്നുകാട്ടുമെന്നും സി.ലൂസി പറഞ്ഞു.
മുഴുവന്‍ രേഖകളും തെളിവുകളുടെ അടിസ്ഥാനത്തില്‍ ലഭ്യമാക്കിയാണ് പുസ്തകം പ്രസിദ്ധീകരിക്കുകയെന്ന് പ്രസാധകന്‍ മിള്‍ട്ടണ്‍ ഫ്രാന്‍സിസ് പറഞ്ഞു. കയ്യെഴുത്തുപ്രതി മഠത്തില്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ തന്നെ നേരിട്ട് വിളിച്ച് ഏല്പിക്കുകയായിരുന്നുവെന്നും അദ്ദേഹം ഒരു ചാനലിലൂടെ വ്യക്തമാക്കി.
കത്തോലിക്കാ സഭയിലെ വൈദികരുടെ ലൈംഗിക ചൂഷണം അടക്കമുള്ളവ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുസ്തകത്തിലുണ്ടാകും. വലിയ കൊടുങ്കാറ്റ് ആയിരിക്കുമെന്നും ഇതുവരെ മനസ്സില്‍ സൂക്ഷിച്ചിരുന്ന പല വിഗ്രഹങ്ങളും ഉടഞ്ഞുവീഴുമെന്നും പ്രസാധകന്‍ പറഞ്ഞു.
സി.ലൂസിയെ കാണാന്‍ മഠത്തിലെത്തിയവരുടെ സിസിടിവി ദൃശ്യമെടുത്ത് മോശമായ രീതിയില്‍ വളച്ചൊടിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പുറത്തുവിട്ട മാനന്തവാടി രൂപത പി.ആര്‍.ഒ ടീം അംഗമായ ഫാ.നോബിന്‍ തോമസ് പാറയ്ക്കലിനെതിരെ രാവിലെ രംഗത്തെത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമങ്ങളിലുടെ അധിക്ഷേപിച്ചതിനും വൈദികനെതിരെ പരാതി നല്‍കുമെന്നാണ് സി.ലൂസി വ്യക്തമാക്കിയത്.
അതിനിടെ, സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയെന്ന് പരാതി. മാനന്തവാടിയിലെ പി.ആര്‍.ഒ. ആയ വൈദികനാണ് സിസ്റ്റര്‍ ലൂസിയെ അപമാനിക്കുന്ന വീഡിയോ യുട്യൂബിലൂടെ പ്രചരിപ്പിച്ചത്. രൂപതയിലെ പി.ആര്‍.ഒ. ടീമിലെ അംഗമായ ഫാ. നോബിള്‍ പാറക്കലിനെതിരേ സിസ്റ്റര്‍ പോലീസില്‍ പരാതി നല്‍കി.
സിസ്റ്റര്‍ ലൂസിയെ കാണാനെത്തിയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ മഠത്തിലേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കാണാന്‍ വരുന്നവരുടെ കൂട്ടത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകയുള്ള ഭാഗം വെട്ടി ഒഴിവാക്കിയാണ് വീഡിയോ പ്രചരിപ്പിച്ചത്.
ഒരു വര്‍ഷമായി മഠത്തിന്റെ പ്രധാന വാതില്‍ സ്ഥിരമായി പൂട്ടിയിടുന്നതിനാല്‍ എല്ലാവരും അടുക്കള വശത്തുള്ള വാതിലാണ് ഉപയോഗിക്കുന്നതെന്ന് സിസ്റ്റര്‍ ലൂസികളപ്പുരക്കല്‍ പറയുന്നു.
'എന്നെ അപമാനിച്ചിരിക്കയാണ്. ആയിരക്കണക്കിന് കുട്ടികളുണ്ട് എ നിക്ക്. അവരുടെ മുന്നില്‍ അപമാനിച്ചിരിക്കുകയാണ്. എന്റെ സ്ത്രീത്വത്തെതന്നെ വലിച്ചു കീറിയിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഈ മാനസിക പീഡനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പിന്തുണ നല്‍കുന്നതു കൊണ്ടാണ് ജീവിച്ചിരിക്കുന്നത് തന്നെ.' സിസ്റ്റര്‍ ലൂസി പറഞ്ഞു.
സിസ്റ്ററിന്റെ ബന്ധുക്കള്‍ മഠത്തിലെത്തി കണ്ടു. സിസ്റ്റര്‍ക്ക് ആവശ്യമായ നീതി ലഭിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സന്യാസവ്രതം ലംഘിച്ചു എന്ന പേരില്‍ സിസ്റ്ററെ സഭയില്‍നിന്ന് പുറത്താക്കിയതായി എഫ്.സി.സി. അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിനെതിരേ സിസ്റ്റര്‍ നല്‍കിയ അപ്പീല്‍ വത്തിക്കാന്റെ പരിഗണനയിലാണ്.