തന്റെ ഭാര്യയെ അപമാനിച്ച ബ്രസീല്‍ പ്രസിഡന്റിനെതിരെ ആഞ്ഞടിച്ചു ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍
പാരിസ്: തന്റെ ഭാര്യയുടെ പ്രായത്തെയും രൂപത്തെയും പരിഹസിക്കുകയും അപമാനിക്കുകയും ചെയ്ത ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സോനാരോയ്‌ക്കെതിരെ ആഞ്ഞടിച്ചു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ബോള്‍സോനാരോയുടെ പ്രവൃത്തി ബ്രസീലിലെ സ്ത്രീകള്‍ക്കാകെ അപമാനകരമാണെന്ന് മാക്രോണ്‍ പ്രതികരിച്ചു.
ബോള്‍സോനാരോയുടെ നടപടി അസാധാരണമാംവിധം മര്യാദയില്ലാത്തതും ദുഃഖകരമാണെന്നും മാക്രോണ്‍ പറഞ്ഞു. ജി-7 ഉച്ചകോടിക്കിടെ, വിഷയത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മാക്രോണ്‍ ഇങ്ങനെ പ്രതികരിച്ചത്.
ആമസോണ്‍ വനത്തിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ബോള്‍സോനാരോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാക്രോണ്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബോള്‍സോനാരോ മാക്രോണിന്റെ ഭാര്യയെ പരിഹസിക്കുന്ന തരത്തിലുള്ള ഫെയ്‌സ്ബുക്ക് പരാമര്‍ശം നടത്തിയത്.
കഴിഞ്ഞദിവസം ബോള്‍സോനാരോയുടെ അനുയായികളില്‍ ഒരാള്‍ മാക്രോണിന്റെ ഭാര്യ ബ്രിജിറ്റിന്റെ ചിത്രവും ബോള്‍സോനാരോയുടെ ഭാര്യ മിഷേലിന്റെ ചിത്രവും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 'ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാവും എന്തുകൊണ്ടാണ് മാക്രോണ്‍ ബോള്‍സോനാരോയെ ക്രൂശിക്കുന്നതെന്ന' കുറിപ്പും ഇതിനൊപ്പമുണ്ടായിരുന്നു. 66കാരിയായ ബ്രിജിറ്റിനെക്കാള്‍ 29 വയസ്സ് കുറവാണ് മിഷേലിന്. 'അയാളെ അവഹേളിക്കരുത് ഹ ഹ ഹ' എന്നായിരുന്നു ഈ ഫെയ്‌സ്ബുക്ക് പോസ്റ്റിനോടുള്ള ബോള്‍സോനാരോയുടെ പ്രതികരണം. ബോള്‍സോനാരോയുടെ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തന്റെ അധ്യാപികയും ഭര്‍തൃമതിയുമായിരുന്ന ബ്രിജിറ്റിനെ ജീവിതസഖിയാക്കിയത് ഒട്ടേറെ കടമ്പകളും കാത്തിരിപ്പുകള്‍ക്കും ശേഷമായിരുന്നു. തന്നെക്കാള്‍ 25 വയസു കൂടുതലുള്ള ബ്രിജിറ്റിനോടുള്ള ഭ്രാന്തമായ പ്രണയമാണ് ഇമ്മാനുവല്‍ മാക്രോണിനെ മുന്നോട്ടു നയിച്ചിരുന്നത്. പ്രസിഡന്റ് പദവിയിലെത്തിയശേഷം ഫ്രാന്‍സിന്റെ പ്രഥമവനിതയായി ബ്രിജിറ്റ് മാറി 41 കാരനായ പ്രസിഡന്റും 66 കാരിയായ പ്രഥമ വനിതയും ലോക മാധ്യമങ്ങളുടെയൊക്കെ ശ്രദ്ധ നേടിയിട്ടുള്ളതാണ്.
വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായിരുന്ന പഴയ ഡ്രാമ ടീസറിനെ പ്രണയിച്ച യുവ ഇമ്മാനുവല്‍ അതിനായി നടത്തിയ പ്രയത്‌നങ്ങള്‍ ലോക ശ്രദ്ധ നേടിയതാണ്. ഇമ്മാനുലിന്റെ അസ്ഥിയാക്കി പിടിച്ച പ്രണയം ഒടുവില്‍ സ്വീകരിക്കേണ്ടിവന്ന ബ്രിജിറ്റ് തന്റെ കുടുംബത്തിന്റെ അനുവാദത്തോടെ വിവാഹമോചനം നേടുകയും മാക്രോണിന്റെ ജീവിതസഖിയാകുകയും ആയിരുന്നു.
പൊതുപരിപാടികളിലും ലോക നേതാക്കള്‍ക്കൊപ്പമുള്ള കൂടിക്കാഴ്ചകളിലും ഒക്കെ പങ്കെടുക്കേണ്ടതുണ്ട് എന്നതിനാല്‍ അടുത്തിടെ ബ്രിജിറ്റ് കോസ്മറ്റിക് സര്‍ജറിയ്ക്ക് വിധേയയായിരുന്നു. പാരീസിലെ ലോകപ്രശസ്ത അമേരിക്കന്‍ ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടന്നത്. സെലിബ്രിറ്റികളില്‍ വളരെ പ്രചാരമുള്ളതും പ്ലാസ്റ്റിക് സര്‍ജറി യൂണിറ്റ് ഉള്ളതുമായ 'കട്ടിംഗ് എഡ്ജ് ടെക്നിക്കുകള്‍' വാഗ്ദാനം ചെയ്യുന്ന ആശുപത്രിയാണിത്.
പുതിയ മുഖത്തോടെ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനൊപ്പമുള്ള ചിത്രം പുറത്തുവരികയും ചെയ്തു.