സിഡ്നി: ഓസ്ട്രേലിയയുടെ വെടിക്കെട്ട് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ ഇന്ത്യയുടെ മരുമകനാകാന്‍ ഒരുങ്ങുന്നു. കളത്തിനു പുറത്ത് മാക്‌സ്‍വെല്ലിന്റെ ഹൃദയം കവര്‍ന്നിരിക്കുന്നത് ഒരു ഇന്ത്യക്കാരിയാണ്. മെല്‍ബണില്‍ സ്ഥിര താമസമാക്കിയ വിനി രാമന്‍ എന്ന ഇന്ത്യന്‍ യുവതിയുമായി മാക്‌സ്‌വെല്‍ പ്രണയത്തിലാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.
പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഹസന്‍ അലി ഇന്ത്യന്‍ യുവതിയെ വിവാഹം ചെയ്തതിന്റെ അലയൊലികള്‍ അടങ്ങും മുന്‍പാണ് വിദേശ ടീമില്‍നിന്ന് ഇന്ത്യയ്ക്ക് മറ്റൊരു മരുമകന്‍ കൂടി എത്തുന്നത്. വിവാഹം ഉടനുണ്ടാകുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ഇരുവരുടെയും സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ അനവധിയാണ്. രണ്ടു വര്‍ഷത്തിലധികമായി ഇരുവരും പ്രണയത്തിലാണെന്നാണ് റിപ്പോര്‍ടുകള്‍ .
മുന്‍ ഓസീസ് താരം ഷോണ്‍ ടെയ്റ്റ് ഇന്ത്യന്‍ മോഡലായ മഷൂം സിന്‍ഹയെ വിവാഹം ചെയ്തത് 2014ലാണ്. പാക്കിസ്ഥാന്‍ താരങ്ങളായ ശുഐബ് മാലിക്ക്, മൊഹ്‌സിന്‍ ഖാന്‍, ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരന്‍, ന്യൂസീലന്‍ഡ് താരം ഗ്ലെന്‍ ടേണര്‍ എന്നിവരെല്ലാം ഇന്ത്യന്‍ യുവതികളെയാണ് വിവാഹം കഴിച്ചത്.