ഒരു മലഞ്ചെരിവിലൂടെ നന്ന് പോവുകയായിരുന്ന യുവതി പെട്ടെന്നാണ് ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്. നാപ്കിന്‍ ധരിച്ച ഒരു പെണ്‍കുഞ്ഞ് മുട്ടിലിഴഞ്ഞു നടക്കുന്നു. ആ കുഞ്ഞിന് അടുത്തെത്തിയതോടെ നടുക്കുന്ന ആ കാഴ്ച കണ്ടു യുവതി അലറിവിളിച്ചു. കുഞ്ഞിന്റെ സമീപം അഞ്ച് കുടുംബാംഗങ്ങളുടെ മൃതദേഹങ്ങള്‍ കിടപ്പുണ്ടായിരുന്നു. ഫിജിയിലെ നൗസൗറി ഹൈലാന്‍ഡ്‌സിലായിരുന്നു ഈ ഞെട്ടിക്കുന്ന കാഴ്ച. കൊല്ലപ്പെട്ട കുടുംബാംഗങ്ങള്‍ ഇന്ത്യന്‍ വംശജരാണെന്നതായിരുന്നു അതിലേറെ ഞെട്ടിക്കുന്ന കാര്യം.
തന്റെ ഉറ്റവര്‍ മരിച്ചുകിടക്കുന്നതായി തിരിച്ചറിയാന്‍ കഴിയാത്ത കുഞ്ഞ് തണുത്ത് വിശന്നാണ് ഇഴഞ്ഞ് നടന്നത്. യുവതി ഉടനെ പോലീസില്‍ വിവരം അറിയിക്കുകയും കുട്ടിക്ക് പാല്‍ നല്‍കുകയും ചെയ്തു.
11-കാരി സന, എട്ട് വയസ്സുകാരി സമാര, അമ്മ 34-കാരി നീലേശ്‌നി കാജല്‍ ,കുട്ടികളുടെ മുത്തശ്ശനും, മുത്തശ്ശിയുമായ 63-കാരന്‍ നിര്‍മ്മല്‍ കുമാര്‍, ഭാര്യ ഉഷാ ദേവി എന്നിവരുടെ ജഡങ്ങളാണ് താഴ്വരയില്‍ കണ്ടെത്തിയത് . കുട്ടികളുടെ മൃതദേഹങ്ങള്‍ നീലേശ്‌നി കാജലിന്റെ ശരീരത്തോടൊപ്പം ആയിരുന്നു കിടന്നിരുന്നത്. ഒരു വയസ്സുകാരി സമൈറയായിരുന്നു അതിലെ മുട്ടിലിഴഞ്ഞു നടന്നിരുന്നത്. നിര്‍മ്മല്‍ കുമാറിന്റെ മറ്റൊരു പേരക്കുട്ടിയാണ് ഇത്. കുഞ്ഞിന്റെ അമ്മ ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്തപ്പോഴാണ് സംഭവം. തിരിച്ചറിയപ്പെടാത്ത പദാര്‍ത്ഥം കഴിച്ചാണ് കുടുംബം മരണം വരിച്ചത്.
സംഭവത്തില്‍ ന്യൂസിലാന്‍ഡുകാരായ ഒരു മന്ത്രവാദി ഡോക്ടറും, ഭാര്യയും അറസ്റ്റിലായിട്ടുണ്ട് . ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ക്രൈസ്റ്റ്ചര്‍ച്ചില്‍ ഇവര്‍ രാജ്യംവിടുന്നത് തടഞ്ഞിട്ടുണ്ട്.
മരണങ്ങള്‍ നടക്കുമ്പോള്‍ ഇന്ത്യയിലായിരുന്ന കുമാറിന്റെ സഹോദരന്‍ രാജേഷും സ്ഥലത്ത് എത്തിയിട്ടുണ്ട്. ശനിയാഴ്ച വീട്ടില്‍ നിന്നും ഇറങ്ങിയ കുടുംബാംഗങ്ങള്‍ തിരിച്ചെത്തിയില്ലെന്ന് നാദി നഗരത്തിലെ ലെഗാലെഗയിലെ ഇവരുടെ അയല്‍ക്കാര്‍ പറയുന്നു. ഫോണുകള്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നു.
സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലീസ് പരിശോധിച്ച് വരുകയാണ്.