അഞ്ചു പതിറ്റാണ്ട് സേവിച്ചത് മതി; സ്പാനിഷ് കന്യാസ്ത്രീയെ നിര്‍ദ്ദയം പുറത്താക്കി കേന്ദ്രം, കണ്ണീരോടെ ഒഡീഷ
കഴിഞ്ഞ 48 വര്‍ഷമായി ഒഡീഷയിലെ ഗജപതി ജില്ലയിലെ പിന്നോക്കഗ്രാമങ്ങളില്‍ സാമൂഹ്യ -ആരോഗ്യ -വിദ്യാഭ്യാസം കാര്യങ്ങളുമായി സേവനമനുഷ്ഠിച്ചിരുന്ന സ്പാനിഷ് കന്യാസ്ത്രീയെ രാജ്യത്തുനിന്നും പുറത്താക്കി കേന്ദ്രസര്‍ക്കാര്‍ . സ്പെയിനില്‍ നിന്നുള്ള കന്യാസ്ത്രീയായ ഡോ.ഐന്‍ദീന കോസ്റ്റിയ (86) ആണ് ഏറെ വിഷമത്തോടെ രാജ്യം വിട്ടത്. കഴിഞ്ഞ മാസമാണ് വിസ നീട്ടിക്കൊടുക്കില്ലെന്നും 10 ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്നുമുള്ള കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പ് സിസ്റ്റര്‍ക്കു ലഭിച്ചത്. തുടര്‍വിസ നിഷേധിച്ചതിന്റെ കാരണമൊന്നും അറിയിപ്പില്‍ പറയുന്നില്ല. കേന്ദ്രസര്‍ക്കാര്‍ വിസ നീട്ടിക്കൊടുക്കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാസം 20ന് ഇവര്‍ ഇന്ത്യ വിട്ടത്. വളരെ വികാര നിര്‍ഭരമായിരുന്നു അവരുടെ തിരിച്ചു പോക്ക്.
അതീവ പിന്നാക്ക ഗ്രാമമായ അലിഗന്‍ഡിലാണ് സ്പെയിനില്‍ നിന്നുള്ള കന്യാസ്ത്രീയായ ഡോ.ഐന്‍ദീന കോസ്റ്റിയ (86) സേവനമനുഷ്ടിച്ചിരുന്നത്. ഒരാഴ്ച മുന്‍പാണ് വിസ നീട്ടിക്കൊടുക്കില്ലെന്നും 10 ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്നുമുള്ള കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പ് അവര്‍ക്കു ലഭിച്ചത്.
1971 ആഗസ്റ്റ് 15ന് മുപ്പത്തിയെട്ടാം വയസില്‍ അലിഗന്‍ഡയിലെത്തിയ ഡോ. ഐന്‍ദീന ക്ഷയരോഗ ചികിത്സയ്ക്കായി ആരംഭിച്ച സൗജന്യ ഡിസ്‌പെന്‍സറി ഈ ഗ്രാമത്തിന്റെ ആശ്രയകേന്ദ്രമായിരുന്നു. രൂക്ഷമായ വരള്‍ച്ച നേരിടുന്ന ഗോത്രവര്‍ഗ ഗ്രാമത്തിന്റെ വികസനത്തിനായി അവര്‍ തന്റെ ജീവിതം ചിലവഴിച്ചു.
ഭുവനേശ്വറില്‍ നിന്ന് 280 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമമാണ് അലിഗന്‍ഡ്. ഇവിടെയുള്ളവര്‍ക്കായി നിരവധി സഹായ പ്രവര്‍ത്തനങ്ങള്‍ ഐന്‍ദീന കോസ്റ്റിയ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കായി ആരംഭിച്ച സ്കൂളുകളും ഡിസ്പെന്‍സറിയും ഇവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ്. എന്നാല്‍, ഇക്കഴിഞ്ഞമാസം പൊടുന്നനെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുറത്തുവരുന്നത്. ഐന്‍ദീനയുടെ വിസ നീട്ടിക്കൊടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല.
അഞ്ച് പതിറ്റാണ്ടോളമായി ഐന്‍ദീന തന്റെ ജീവിതം ചിലവഴിച്ചത് ഈ പ്രദേശത്താണ്. ക്ഷയരോഗ ചികിത്സയില്‍ വിദഗ്‌ധയായതിനാലാണ് ഈ പ്രദേശം ഇവര്‍ തിരഞ്ഞെടുത്തതെന്നു കരുതുന്നു. മാഡ്രിഡ് മെഡിക്കല്‍ കോളേജില്‍ നിന്നായിരുന്നു സിസ്റ്റര്‍ മെഡിക്കല്‍ ബിരുദമെടുത്തത്. ഐന്‍ദീന ഇവിടെയെത്തിയത് ഭാഗ്യമായി കരുതുന്നവരാണ് ഇവിടെത്തുകാര്‍ . കുട്ടികളും സ്ത്രീകളും രോഗികളും സിസ്റ്ററിനെ അവരുടെ ആശ്രയമായാണ് കരുതിയിരുന്നത്.